عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
വ്യഭിചാരവും തൗറാത്തും
357 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي
الله عنهما أَنَّهُ قَالَ: (إنَّ الْيَهُودَ جَاءُوا إلَى رَسُولِ اللَّهِ صلى
الله عليه وسلم فَذَكَرُوا لَهُ: أَنَّ امْرَأَةً مِنْهُمْ وَرَجُلاً زَنَيَا.
فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم: مَا تَجِدُونَ
فِي التَّوْرَاةِ، فِي شَأْنِ الرَّجْمِ؟ فَقَالُوا: نَفْضَحُهُمْ وَيُجْلَدُونَ.
قَالَ عَبْدُ اللَّهِ بْنُ سَلامٍ: كَذَبْتُمْ، فِيهَا آيَةُ الرَّجْمِ،
فَأَتَوْا بِالتَّوْرَاةِ فَنَشَرُوهَا، فَوَضَعَ أَحَدُهُمْ يَدَهُ عَلَى آيَةِ
الرَّجْمِ فَقَرَأَ مَا قَبْلَهَا وَمَا بَعْدَهَا. فَقَالَ لَهُ عَبْدُ اللَّهِ
بْنُ سَلامٍ: ارْفَعْ يَدَك. فَرَفَعَ يَدَهُ، فَإِذَا فِيهَا آيَةُ الرَّجْمِ،
فَقَالَ: صَدَقَ يَا مُحَمَّدُ، فَأَمَرَ بِهِمَا النَّبِيُّ صلى الله عليه
وسلم فَرُجِمَا. قَالَ: فَرَأَيْت الرَّجُلَ: يَجْنَأُ عَلَى الْمَرْأَةِ
يَقِيهَا الْحِجَارَةَ) .
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: യഹൂദന്മാർ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ വന്ന്, തങ്ങളിൽപെട്ട ഒരു സ്ത്രീയും പുരുഷനും വ്യഭിചരിച്ച കാര്യം പറഞ്ഞു. അപ്പോൾ റസൂൽ صلى الله عليه وسلم അവരോട് ചോദിച്ചു: "എറിഞ്ഞുകൊല്ലുന്നതുമായി ബന്ധപ്പെട്ട് തൗറാത്തില്‍ നിങ്ങൾ എന്താണ് കാണുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അവരെ അപമാനിക്കുകയും അവർക്ക് ചാട്ടവാറടി നൽകുകയുമാണ് ചെയ്യാറ്." അപ്പോൾ അബ്ദുല്ലാഹിബ്നു സലാം رضي الله عنه പറഞ്ഞു: "നിങ്ങൾ കള്ളം പറയുകയാണ്, തീർച്ചയായും അതിൽ എറിഞ്ഞുകൊല്ലാനുള്ള സൂക്തമുണ്ട്."
തുടർന്ന് അവർ തൗറാത്ത് കൊണ്ടുവരികയും അത് നിവർത്തിവെക്കുകയും ചെയ്തു. അപ്പോൾ അവരിലൊരാൾ തന്‍റെ കൈ എറിഞ്ഞു കൊല്ലാനുള്ള സൂക്തത്തിന് മുകളിൽ വെച്ചുകൊണ്ട്, അതിന് മുമ്പുള്ളതും ശേഷമുള്ളതുമായ ഭാഗങ്ങൾ വായിച്ചു. ഇത് കണ്ട അബ്ദുല്ലാഹിബ്നു സലാം رضي الله عنه അവനോട് പറഞ്ഞു: "നിന്‍റെ കൈ ഉയർത്തൂ." അവൻ കൈ ഉയർത്തിയപ്പോൾ അവിടെ റജ്മിന്റെ (എറിഞ്ഞു കൊല്ലാന്‍ അറിയിക്കുന്ന) സൂക്തം ഉണ്ടായിരുന്നു. അപ്പോൾ അവർ പറഞ്ഞു: "മുഹമ്മദേ, അദ്ദേഹം (അബ്ദുല്ലാഹി ബ്നു സലാം) പറഞ്ഞത് സത്യമാണ്." തുടർന്ന് നബി صلى الله عليه وسلم ഉത്തരവിടുകയും അവർ രണ്ടുപേരും എറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു. (നിവേദകൻ) പറഞ്ഞു: "ആ പുരുഷൻ കല്ലുകളിൽ നിന്ന് സംരക്ഷിക്കാനായി ആ സ്ത്രീയുടെ മേൽ ചരിഞ്ഞു വീഴുന്നത് ഞാൻ കാണുകയുണ്ടായി."
(റജ്മിന്‍റെ സൂക്തത്തിന് മുകളിൽ കൈവെച്ച വ്യക്തി അബ്ദുല്ലാഹിബ്നു സ്വൂരിയ ആയിരുന്നു.)
- يَجْنَأُ عَلَى الْمَرْأَةِ: കല്ലേറിൽ നിന്ന് അവളെ രക്ഷിക്കാൻ അവളുടെ മേലേക്ക് ചരിഞ്ഞ് ആവരണം തീർക്കുക എന്നാണ് അർത്ഥം.)
ജൂതന്മാരും ക്രിസ്ത്യാനികളുമായ വേദക്കാർ (അഹ്ലുൽ കിതാബ്) തങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അവർ അതിൽ നിന്ന് പലതും നീക്കം ചെയ്യുകയും, മാറ്റുകയും, അതിലില്ലാത്തവ കൂട്ടിച്ചേർക്കുകയും ചെയ്തു. ഇനി അതിൽ അവശേഷിച്ചവയാകട്ടെ, അവർ പ്രാവർത്തികമാക്കിയതുമില്ല. മറിച്ച് കാര്യങ്ങൾ വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെ അവരത് മറച്ചുവെക്കുകയും ഒളിപ്പിക്കുകയും ചെയ്തു.
അല്ലാഹു തങ്ങൾക്ക് തൗറാത്തുകളിൽ അവതരിപ്പിച്ചു നൽകിയ കാര്യങ്ങളെ ജൂതന്മാർ നിഷേധിച്ചതിനും മറച്ചുവെച്ചതിനുമുള്ള ഒരു ഉദാഹരണമാണ് ഈ ഹദീസിലുള്ളത്. അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: ഖൈബറിലെ ജൂതന്മാരിൽ പെട്ട ഒരു സംഘം ആളുകൾ, വ്യഭിചാരത്തിൽ ഏർപ്പെട്ട തങ്ങളിൽ നിന്നുള്ള ഒരു പുരുഷനെയും സ്ത്രീയെയും കൂട്ടി നബി صلى الله عليه وسلم യുടെ അടുക്കൽ വന്നു. അപ്പോൾ നബി صلى الله عليه وسلم അവരോട് ചോദിച്ചു: "നിങ്ങളിൽ പെട്ട ആരെങ്കിലും വ്യഭിചരിച്ചാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്?" അവർ പറഞ്ഞു: "ഞങ്ങൾ അവരുടെ മുഖത്ത് കരി പുരട്ടുകയും അവരെ അടിക്കുകയുമാണ് ചെയ്യാറ്."
അപ്പോൾ നബി صلى الله عليه وسلم അവരോട് റജ്മിനെക്കുറിച്ച് (വിവാഹിതരായവർ വ്യഭിചരിച്ചാൽ എറിഞ്ഞുകൊല്ലുന്ന ശിക്ഷയെക്കുറിച്ച്) ചോദിച്ചു: "വിവാഹിതനായ ഒരാൾ വ്യഭിചരിച്ചാൽ അവനെ എറിഞ്ഞുകൊല്ലണമെന്ന് നിങ്ങളുടെ തൗറാത്തുകളിൽ എഴുതപ്പെട്ടിട്ടില്ലേ?" അവർ പറഞ്ഞു: "അതിൽ അങ്ങനെയൊന്നും ഞങ്ങൾ കാണുന്നില്ല." നബി صلى الله عليه وسلم അവരോട് ഇത് ചോദിച്ചത്, അവരുടെ നിയമങ്ങൾ അനുകരിക്കാനോ അവരിൽ നിന്ന് വിധി പഠിക്കാനോ വേണ്ടിയായിരുന്നില്ല; മറിച്ച് ഇസ്‌ലാമിലെ വിധിക്ക് അനുയോജ്യമായ രീതിയിൽ അവരുടെ സ്വന്തം ഗ്രന്ഥത്തിൽ തന്നെയുള്ള കാര്യങ്ങൾ കാണിച്ച് അവർക്കെതിരെ തെളിവ് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു.
മുമ്പ് ജൂത പണ്ഡിതനായിരിക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത അബ്ദുല്ലാഹിബ്നു സലാം رضي الله عنه അവരുടെ ഈ വാദത്തെ എതിർത്തു കൊണ്ട് പറഞ്ഞു: "നിങ്ങൾ കള്ളം പറയുകയാണ്. നിങ്ങൾ സത്യവാന്മാരാണെങ്കിൽ തൗറാത്ത് കൊണ്ടുവന്ന് അത് ഓതിക്കേൾപ്പിക്കൂ; തീർച്ചയായും മാറ്റം വരുത്തപ്പെടാത്ത രീതിയിൽ ആ വിധി അതിലുണ്ട്."
അങ്ങനെ അവർ തൗറാത്ത് കൊണ്ടുവരികയും അത് നിവർത്തിവെക്കുകയും ചെയ്തു. അപ്പോൾ തൗറാത്ത് പഠിപ്പിക്കുന്ന അവരുടെ പണ്ഡിതൻ (അക്കാലത്ത് ജീവിച്ചിരുന്ന ജൂത പണ്ഡിതന്മാരിൽ ഏറ്റവും വലിയ അറിവുള്ളവനായ അബ്ദുല്ലാഹിബ്നു സ്വൂരിയ) റജ്മിന്‍റെ സൂക്തമുള്ള ഭാഗത്തിന് മുകളിൽ തന്‍റെ കൈപ്പത്തി വെച്ചു. എന്നിട്ട് അവൻ ആ സൂക്തത്തിന് തൊട്ടുമുമ്പുള്ളതും ശേഷമുള്ളതുമായ ഭാഗങ്ങൾ വായിക്കാൻ തുടങ്ങി, റജ്മിന്‍റെ സൂക്തം മാത്രം വായിച്ചതുമില്ല. ഇത് കണ്ട അബ്ദുല്ലാഹിബ്നു സലാം رضي الله عنه റജ്മിന്‍റെ സൂക്തത്തിന് മുകളിൽ നിന്ന് അവന്‍റെ കൈ മാറ്റിക്കൊണ്ട് ചോദിച്ചു: "ഇതെന്താണ്?!"
ഇത് കണ്ടപ്പോൾ ജൂതന്മാർ പറഞ്ഞു: "ഇത് റജ്മിന്‍റെ സൂക്തം തന്നെയാണ്." തുടർന്ന് നബി صلى الله عليه وسلم ഉത്തരവിടുകയും, മസ്ജിദുന്നബവിക്ക് സമീപമുള്ള ഒരു സ്ഥലത്തു വെച്ച് ആ പുരുഷനും സ്ത്രീയും എറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു.
ജനങ്ങൾ കല്ലെറിയാൻ തുടങ്ങിയപ്പോൾ, വ്യഭിചരിച്ച ആ പുരുഷൻ കല്ലുകളിൽ നിന്ന് ആ സ്ത്രീയെ സംരക്ഷിക്കാനായി അവളുടെ മേലേക്ക് ചരിഞ്ഞ് ആവരണം തീർക്കുന്നത് (തന്‍റെ ശരീരം കൊണ്ട് അവളെ മൂടുന്നത്) താൻ കണ്ടതായി അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما വ്യക്തമാക്കുന്നു.

No comments:
Post a Comment