ഫോളോ ചെയ്യാം

Thursday, 5 March 2026

500 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 240 دروس الحديث - ബലി മൃഗത്തിന് അടയാളമിടല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ബലി മൃഗത്തിന് അടയാളമിടല്‍ 

بابُ الهَدْي

ബലി മൃഗം


240 - عَنْ عَائِشَةَ رضي الله عنها قَالَتْ: ((فَتَلْتُ قَلائِدَ هَدْيِ رَسُولِ اللَّهِ  صلى الله عليه وسلم ثُمَّ أَشْعَرْتُهَا وَقَلَّدَهَا - أَوْ قَلَّدْتُهَا - ثُمَّ بَعَثَ بِهَا إلَى الْبَيْتِ. وَأَقَامَ بِالْمَدِينَةِ، فَمَا حَرُمَ عَلَيْهِ شَيْءٌ كَانَ لَهُ حِلاًّ)) .

ആഇശ  رضي الله عنها നിവേദനം ചെയ്യുന്നു: "അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ ബലിമൃഗങ്ങൾക്കുള്ള മാലകൾ (തിരിച്ചറിയാന്‍ തൂക്കിയിടുന്നത്) ഞാൻ പിരിച്ചുണ്ടാക്കി. ശേഷം ഞാൻ അവയെ അടയാളപ്പെടുത്തുകയും  അദ്ദേഹം അവയെ മാല ധരിപ്പിക്കുകയും ചെയ്തു -അല്ലെങ്കിൽ ഞാൻ തന്നെ മാല ധരിപ്പിച്ചു. പിന്നീട് അദ്ദേഹം ആ മൃഗങ്ങളെ കഅ്ബാലയത്തിലേക്ക് (മക്കയിലേക്ക്) അയച്ചു. അദ്ദേഹം മദീനയിൽ തന്നെ താമസിച്ചു. അപ്പോൾ (ഇഹ്‌റാമിലെന്നപോലെ) അദ്ദേഹത്തിന് അനുവദനീയമായ യാതൊരു കാര്യവും നിഷിദ്ധമായിത്തീർന്നില്ല."

  • الهديُ:  മക്ക ഹറമിലേക്ക് ബലിയായി നൽകുന്ന ഒട്ടകം, പശു, ആട് തുടങ്ങിയ മൃഗങ്ങൾ.
  • قلائد: 'ഖിലാദ' എന്നതിന്‍റെ ബഹുവചനമാണിത്. ഒരു മൃഗം ബലിമൃഗമാണെന്ന് തിരിച്ചറിയാനും അതിനെ ബഹുമാനിക്കാനും വേണ്ടി അതിന്‍റെ കഴുത്തിൽ കെട്ടുന്ന വസ്തുക്കള്‍.

  • أَشعرتها: 'ഇശ്ആർ' എന്നാൽ ഒട്ടകത്തിന്‍റെയോ പശുവിന്‍റെയോ കൂനിന്‍റെ ഒരു വശത്ത് രക്തം പൊടിയുന്ന രീതിയിൽ ചെറിയൊരു മുറിവുണ്ടാക്കുന്നതാണ്. ഇത് ഹറമിലേക്ക് സമർപ്പിക്കപ്പെട്ട മൃഗമാണെന്ന് ആളുകൾക്ക് മനസ്സിലാക്കാനും, അവയെ ആരും തടയുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

വിവരണം

    നബി  صلى الله عليه وسلم ക്ക് നേരിട്ട് ഹറമിലേക്ക് എത്താൻ സാധിക്കാത്ത ഘട്ടങ്ങളിൽ കഅ്ബയോടുള്ള ആദരസൂചകമായും അവിടത്തെ പാവപ്പെട്ടവർക്ക് ഭക്ഷണമായും നബി صلى الله عليه وسلم ബലിമൃഗങ്ങളെ (ഹദ്‌യ്) മക്കയിലേക്ക് അയക്കുന്നത് ഒരു ചര്യയാക്കിയിരുന്നു.

  വിശ്വാസികളുടെ മാതാവ് ആയിശ رضي الله عنها വിവരിക്കുന്നത് പ്രകാരം, നബി  صلى الله عليه وسلم യുടെ ബലിമൃഗങ്ങളുടെ കഴുത്തിൽ ഇടാനുള്ള അടയാളമാലകൾ (ഖലാഇദ്) അവർ തന്നെയാണ് നൂലുകൾ പിരിച്ചുണ്ടാക്കിയിരുന്നത്. ആടുകളുടെയും ഒട്ടകങ്ങളുടെയും  കഴുത്തിൽ നബി صلى الله عليه وسلم ഈ മാലകൾ ധരിപ്പിക്കുകയും അവയെ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ആ മൃഗങ്ങൾ ഹറമിലേക്ക് സമർപ്പിക്കപ്പെട്ട ബലിമൃഗങ്ങളാണെന്ന് ആളുകൾക്ക് തിരിച്ചറിയാനും, അവയോട് ആദരവോടെ പെരുമാറാനും, ആരും അവയെ ഉപദ്രവിക്കാതിരിക്കാനും വേണ്ടിയാണ്.

    മൃഗങ്ങളെ ഇപ്രകാരം മക്കയിലേക്ക് അയച്ച ശേഷവും നബി صلى الله عليه وسلم മദീനയിൽ തന്‍റെ വീട്ടുകാർക്കൊപ്പം തന്നെ താമസിച്ചു. ബലിമൃഗങ്ങളെ അയച്ചു എന്നത് കൊണ്ട് മാത്രം ഇഹ്‌റാമിലെന്ന പോലെ സുഗന്ധം ഉപയോഗിക്കുന്നതോ, ഭാര്യയുമായുള്ള ബന്ധമോ, തുന്നിയ വസ്ത്രം ധരിക്കുന്നതോ തുടങ്ങി സാധാരണ നിലയിൽ അനുവദനീയമായ യാതൊന്നും അദ്ദേഹത്തിന് നിഷിദ്ധമായിത്തീർന്നില്ല. ഒരാൾ ഹറമിലേക്ക് ബലിമൃഗത്തെ അയച്ചാലും അയാൾക്ക് ഇഹ്‌റാം നിർബന്ധമില്ലെന്നും അയാൾ തന്‍റെ നാട്ടിൽ സാധാരണ നിലയിൽ തന്നെ തുടരാമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

ഇബ്‌നു ദഖീഖുൽ ഈദ് رحمه الله ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "തന്നോടൊപ്പം ബലിമൃഗത്തെ (ഹദ്‌യ്) യാത്രയിൽ കൊണ്ടുപോകാൻ സാധിക്കാത്തവർ തന്‍റെ നാട്ടിൽ നിന്ന് തന്നെ അതിനെ ഹറമിലേക്ക് അയക്കുന്നത് പുണ്യകരമായ കാര്യമാണെന്നതിന് ഈ ഹദീസ് തെളിവാണ്. മൃഗത്തിന്‍റെ കഴുത്തിൽ മാലയിട്ട് അടയാളപ്പെടുത്തുന്നതും, കൂനിൽ (ചെറിയ) മുറിവേൽപ്പിച്ച് അടയാളപ്പെടുത്തുന്നതും (ഇശ്ആർ) സ്വന്തം നാട്ടിൽ വെച്ച് തന്നെ ചെയ്യുന്നത് സുന്നത്താണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ മൃഗത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാൾ ഇഹ്‌റാം ചെയ്യുന്ന സമയം വരെ അത് വൈകിപ്പിക്കുകയാണ് വേണ്ടത്.

  ഇശ്ആർ ചെയ്യുന്നത് (അടയാളപ്പെടുത്തൽ) സുന്നത്താണെന്നതിന് ഇത് തെളിവാണ്. അതിനെ എതിർത്തവർക്കുള്ള മറുപടി കൂടിയാണിത്. ഒട്ടകത്തിന്‍റെ കൂനിന്‍റെ വശത്ത് നീളത്തിൽ ഒരു കീറൽ ഉണ്ടാക്കലാണ്  അത്,  അതിൽ നിന്ന് രക്തം ഒഴുകും. ഇത് മൃഗത്തിന്‍റെ വലതുവശത്താണോ അതോ ഇടതുവശത്താണോ ചെയ്യേണ്ടതെന്ന കാര്യത്തിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മൃഗത്തെ വികൃതമാക്കലാണെന്ന് പറഞ്ഞ് ഇതിനെ എതിർത്തവരുണ്ട്. എന്നാൽ പ്രവാചക ചര്യ (സുന്നത്ത്) പിന്തുടരുന്നതാണ് ഏറ്റവും ഉത്തമം.

    ബലിമൃഗത്തെ ഹറമിലേക്ക് അയച്ച ഒരാൾക്ക് ഇഹ്‌റാമിലെ നിരോധനങ്ങൾ (സുഗന്ധം ഉപയോഗിക്കൽ, തുന്നിയ വസ്ത്രം ധരിക്കൽ തുടങ്ങിയവ) ബാധകമല്ല എന്നതിനും ഈ ഹദീസ് തെളിവാണ്. മുൻഗാമികളായ ചില പണ്ഡിതന്മാർ ഇതിൽ വിയോജിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് പ്രസിദ്ധമായി റിപ്പോർട്ട് ചെയ്യപ്പെട്ട അഭിപ്രായവും വിയോജിപ്പുള്ളതാണ് (ബലിമൃഗത്തെ അയച്ചവർ ഇഹ്‌റാമിലെന്നപോലെ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം). കൂടാതെ, ബലിമൃഗങ്ങൾക്കുള്ള അടയാളമാലകൾ സ്വന്തമായി പിരിച്ചുണ്ടാക്കുന്നത് സുന്നത്താണെന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം." (إحكام الأحكام شرح عمدة الأحكام: 1/ 323)

    ഇബ്‌നു ഹജർ رحمه الله ഇപ്രകാരം പറഞ്ഞു: "ഇശ്ആർ എന്നാൽ ഒട്ടകത്തിന്‍റെ ചർമ്മം രക്തം പൊടിയുന്നത് വരെ ഒരൽപ്പം ചീകി മുറിപ്പെടുത്തുകയും ശേഷം ആ രക്തം തുടച്ചുനീക്കുകയും ചെയ്യുന്നതാണ്. ഇത് ആ മൃഗം ബലിമൃഗമാണെന്നതിനായുള്ള അടയാളമായിത്തീരുന്നു. മുൻഗാമികളിലും (സലഫ്) പിൻഗാമികളിലും (ഖലഫ്) പെട്ട ഭൂരിഭാഗം പണ്ഡിതന്മാരുടെയും (ജുംഹൂർ) അഭിപ്രായം ഇതാണ്."

 ഇമാം ഖത്താബി رحمه الله ഇപ്രകാരം പറഞ്ഞു: "ഇശ്ആർ (അടയാളപ്പെടുത്തൽ) എന്നത് നിരോധിക്കപ്പെട്ട വികൃതമാക്കലിന്‍റെയോ അംഗഭംഗം വരുത്തുന്നതിന്‍റെയോ പരിധിയിൽ വരുന്നതല്ല. മൃഗത്തെ പീഡിപ്പിക്കാനായി അതിന്‍റെ ഏതെങ്കിലും അവയവം മുറിച്ചുമാറ്റുന്നതിനോ, അല്ലെങ്കിൽ പണ്ട് ചെയ്തിരുന്നതുപോലെ ജീവനുള്ള മൃഗത്തിന്‍റെ കൂനോ ആടിന്‍റെ വാലിലെ കൊഴുപ്പോ ഭക്ഷണത്തിനായി മുറിച്ചെടുക്കുന്നതിനോ ആണ് വികൃതമാക്കല്‍ (مثلة) എന്ന് പറയുന്നത്. ഇത് മൃഗത്തെ പീഡിപ്പിക്കലാണ്. എന്നാൽ ഇശ്ആർ എന്നത് മൃഗങ്ങളിൽ അനുവദനീയമായ ചൂടുവെച്ച് അടയാളപ്പെടുത്തുന്നതിനോ (الكي), രക്തം ഒഴുക്കി ചികിത്സിക്കുന്നതിനോ തുല്യമാണ്. മനുഷ്യരിൽ സുന്നത്ത് കർമ്മം (ഖിതാൻ), രക്തം കുത്തിയെടുക്കൽ (ഹിജാമ) എന്നിവ അനുവദനീയമായതുപോലെയാണിത്. ഉടമസ്ഥാവകാശം തിരിച്ചറിയാൻ മൃഗങ്ങളിൽ ചൂടുവെച്ച് അടയാളപ്പെടുത്തുന്നത് അനുവദനീയമാണെങ്കിൽ, ഒരു മൃഗം ആരാധനാകർമ്മത്തിനുള്ളതാണെന്ന് തിരിച്ചറിയാനും മറ്റ് മൃഗങ്ങളിൽ നിന്ന് അതിനെ വേർതിരിക്കാനും വേണ്ടി ഇശ്ആർ ചെയ്യുന്നതും അനുവദനീയമാണ്. ഇത് ആ മൃഗത്തിന് സംരക്ഷണം നൽകുന്നു. ബലിസ്ഥലത്ത് എത്തുന്നത് വരെ ആരും അതിനെ ഉപദ്രവിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. അംഗഭംഗം വരുത്തുന്നതിനെ നബി صلى الله عليه وسلم കർശനമായി വിലക്കിയിട്ടുണ്ട്. എന്നാൽ തന്‍റെ അവസാന ഹജ്ജ് വേളയിൽ നബി صلى الله عليه وسلم ബലിമൃഗങ്ങളെ ഇശ്ആർ ചെയ്തിട്ടുമുണ്ട്. അതിനാൽ ഇശ്ആർ എന്നത് വികൃതമാക്കലായി കണക്കാക്കാൻ പാടില്ല."

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ബലിമൃഗങ്ങളെ തിരിച്ചറിയാനും ജനങ്ങൾ അവയെ ആദരിക്കാനും വേണ്ടി അവയെ മാല ധരിപ്പിക്കുന്നതും  അവയെ അടയാളപ്പെടുത്തുന്നതും (ഇശ്ആർ) അനുവദനീയമാണ്.

2- ഒരാൾക്ക് നേരിട്ട് പോകാൻ സാധിച്ചില്ലെങ്കിലും ദൂരദേശങ്ങളിൽ നിന്ന് ബലിമൃഗങ്ങളെ ഹറമിലേക്ക് അയക്കുന്നത് സുന്നത്താണ്. ഇത് ഹറമിലെ പാവങ്ങൾക്കുള്ള ധർമ്മവും, കഅ്ബാലയത്തോടുള്ള ആദരവും, ബലിമൃഗത്തിന്‍റെ രക്തം ഒഴുക്കി അല്ലാഹുവിലേക്ക് അടുക്കാനുള്ള വഴിയുമാണ്.

3- ബലിമൃഗത്തെ അയച്ചു എന്നത് കൊണ്ട് മാത്രം അയച്ചയാൾ ഇഹ്‌റാമിലാകുന്നില്ല. കാരണം ഇഹ്‌റാം എന്നത് ഹജ്ജിനോ ഉംറക്കോ വേണ്ടിയുള്ള നിയ്യത്താണ്.

4- ബലിമൃഗത്തെ അയച്ച വ്യക്തിക്ക് ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ (സുഗന്ധം, തുന്നിയ വസ്ത്രം തുടങ്ങിയവ) നിഷിദ്ധമാകില്ല. മൃഗത്തിന് ബലി മൃഗം എന്ന അടയാളം ഇട്ടത് കൊണ്ട് മാത്രം അയാൾക്ക് നിയന്ത്രണങ്ങളൊന്നും ബാധകമാകുന്നില്ല.

5- ഭാര്യയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പതിവ് രീതിയനുസരിച്ചോ ഭർത്താവിന് ഭാര്യയുടെ സഹായം തേടാവുന്നതാണ്.

6- ബലിമൃഗങ്ങളെ പുറപ്പെടുന്ന സ്ഥലത്ത് വെച്ച് തന്നെ അടയാളപ്പെടുത്തുന്നതാണ് ഉത്തമം. എങ്കിലേ യാത്രയിലുടനീളം അവക്ക് ആദരവ് ലഭിക്കുകയുള്ളൂ. ഇത് പുണ്യകർമ്മങ്ങളിൽ മത്സരിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു.

7- വലിയൊരു നന്മക്ക് (മസ്‌ലഹത്ത്) വേണ്ടി മൃഗങ്ങൾക്ക് ചെറിയ വേദനയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് അനുവദനീയമാണ്.

8- വലിയൊരു ഗുണം ലഭിക്കാൻ ചെറിയൊരു പ്രയാസം സഹിക്കാമെന്നതാണ് ഇസ്‌ലാമിക തത്വം. ഇശ്ആർ ചെയ്യുമ്പോൾ ഒട്ടകത്തിനും പശുവിനും ചെറിയ വേദനയുണ്ടാകുമെങ്കിലും അല്ലാഹുവിനോടുള്ള അനുസരണം പ്രകടിപ്പിക്കുക എന്ന വലിയ ഗുണം അതിലുണ്ട്. എന്നാൽ ആടുകൾക്ക് ഇത് താങ്ങാൻ കഴിയില്ല എന്നതിനാൽ അവയ്ക്ക് ഇശ്ആർ നിയമമാക്കപ്പെട്ടിട്ടില്ല. അവക്ക് മാല പോലെയുള്ള അടയാളം നല്‍കിയാല്‍ മതി. 

9- മൃഗങ്ങളെ ഹറമിലേക്ക് കൊണ്ടുപോകാനും അവിടെ അറുക്കാനും മാംസം വിതരണം ചെയ്യാനും മറ്റൊരാളെ ഏൽപ്പിക്കുന്നത് അനുവദനീയമാണ്.

10- നബി صلى الله عليه وسلم  യുടെ പരിപൂർണ്ണമായ ഉദാരതയും അല്ലാഹുവിന്‍റെ ചിഹ്നങ്ങളോടുള്ള (ശആഇർ) അദ്ദേഹത്തിന്‍റെ ബഹുമാനവും ഇതിൽ നിന്ന് വ്യക്തമാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...