عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
കച്ചവടത്തില്‍ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്
كتابُ البيوعِ
കച്ചവടത്തിന്‍റെ അധ്യായം
259 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما عَنْ
رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ: (إذَا تَبَايَعَ
الرَّجُلانِ، فَكُلُّ وَاحِدٍ مِنْهُمَا بِالْخِيَارِ مَا لَمْ يَتَفَرَّقَا
وَكَانَا جَمِيعاً، أَوْ يُخَيِّرُ أَحَدُهُمَا الآخَرَ. فَتَبَايَعَا عَلَى
ذَلِكَ. فَقَدْ وَجَبَ الْبَيْعُ)) . وَمَا فِي مَعْنَاهُ مِنْ حَدِيثِ
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما നിവേദനം ചെയ്യുന്നു: റസൂൽ صلى الله عليه وسلم പറഞ്ഞു: രണ്ടുപേർ തമ്മിൽ കച്ചവടം നടത്തിയാൽ, അവർ പരസ്പരം പിരിയുന്നതുവരെയോ അല്ലെങ്കിൽ അവർ ഒരുമിച്ചായിരിക്കുന്നതുവരെയോ അവരിൽ ഓരോരുത്തർക്കും (കച്ചവടം സ്ഥിരപ്പെടുത്താനോ വേണ്ടെന്ന് വെക്കാനോ ഉള്ള) തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. ഇനി അവരിൽ ഒരാൾ മറ്റൊരാൾക്ക് ആ അധികാരം നൽകുകയും, അതിന്‍റെ അടിസ്ഥാനത്തിൽ അവർ കച്ചവടം പൂർത്തിയാക്കുകയും ചെയ്താൽ ആ കച്ചവടം നിർബന്ധമായിക്കഴിഞ്ഞു (സ്ഥിരപ്പെട്ടു).
ഇതേ അർത്ഥത്തിലുള്ള (മറ്റ്) ഹദീസുകളും ഇതിൽ ഉൾപ്പെടുന്നു.
വിവരണം
കച്ചവടവും വാങ്ങലും ജീവിതത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. ഇവയുടെ നിബന്ധനകൾ ശറഇയ്യായി അല്ലാഹുവും അവന്‍റെ റസൂൽ صلى الله عليه وسلم യും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. കച്ചവടം പ്രാബല്യത്തിൽ വരാൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇരുവിഭാഗത്തിന്‍റെയും തൃപ്തി (പരസ്പര സമ്മതം).
വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിൽ ഒരു ഇടപാട് നടന്നാൽ അവർ ഓരോരുത്തർക്കും തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്, അതായത് ആ കച്ചവടം ഉറപ്പിക്കാനോ അതല്ലെങ്കിൽ അതിൽ നിന്ന് പിന്മാറാനോ ഉള്ള അവകാശം അവർക്കുണ്ട്. കച്ചവടം നടന്ന ആ മജ്‌ലിസിൽ (സ്ഥലത്ത്) നിന്ന് അവർ ശരീരം കൊണ്ട് വേർപിരിയുന്നതുവരെ ഈ അധികാരം നിലനിൽക്കും. അല്ലെങ്കിൽ അവരിൽ ഒരാൾ മറ്റൊരാൾക്ക് നിശ്ചിത സമയത്തിനുള്ളില്‍ തിരഞ്ഞെടുക്കാനുള്ള അധികാരം നൽകിയാലും കച്ചവടം പൂര്‍ത്തിയാകും. അഥവാ കച്ചവടം റദ്ദാക്കാനോ പൂർത്തിയാക്കാനോ ഉള്ള അധികാരം അവർ പരസ്പരം നൽകുകയും, അതിന്‍റെ അടിസ്ഥാനത്തിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്താൽ ആ കച്ചവടം സ്ഥിരപ്പെട്ടു. ഇതിന് ശേഷം ഒരാൾക്കും അതിൽ നിന്ന് പിന്മാറാൻ അവകാശമില്ല.
"അവർ പിരിയുകയും ആരും കച്ചവടം ഉപേക്ഷിക്കാതിരിക്കുകയും ചെയ്താൽ" എന്നാല്‍ കച്ചവടം നടന്ന സ്ഥലത്ത് നിന്ന് ആരും ഇടപാട് റദ്ദാക്കാതെ പിരിഞ്ഞുപോയാലും കച്ചവടം സ്ഥിരപ്പെട്ടതായി കണക്കാക്കും.
ഇവിടെ കച്ചവടം ഉറപ്പിക്കുന്നതിന് ഇത്തരം നിബന്ധനകൾ വെച്ചിരിക്കുന്നത് വിൽക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള പൂർണ്ണമായ തൃപ്തി ഉറപ്പുവരുത്താനാണ്. ഇബ്നു മാജ റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം വന്നിട്ടുണ്ട്: "തീർച്ചയായും കച്ചവടം പരസ്പര തൃപ്തിയോടെ മാത്രമാണ്"
കച്ചവടത്തിലെ തിരഞ്ഞെടുക്കാനുള്ള അധികാരം (ഖിയാർ) പല വിധമുണ്ട്:
അതിലൊന്നാണ് ഖിയാറുൽ മജ്‌ലിസ് (കച്ചവട സ്ഥലത്തെ അധികാരം). ഇബ്നു ഉമർ رضي الله عنهما നിവേദനം ചെയ്ത ഹദീസിലെ സൂചന ഇതിലേക്കാണ്. "രണ്ടുപേർ തമ്മിൽ കച്ചവടം നടത്തിയാൽ": അതായത് അവർക്കിടയിൽ ഒരു കച്ചവട കരാർ ഉണ്ടായാൽ. ഇവിടെ 'രണ്ടു പുരുഷന്മാർ' എന്നത് പൊതുവായ ഒരു പ്രയോഗം മാത്രമാണ്; ഈ നിയമം സ്ത്രീകൾക്കും ബാധകമാണ്. "അവർ ഓരോരുത്തർക്കും തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്": വിൽക്കുന്നവനും വാങ്ങുന്നവനും കച്ചവടം ഉറപ്പിക്കാനോ റദ്ദാക്കാനോ അവകാശമുണ്ട്. "അവർ പിരിയുന്നതുവരെ": എന്തിൽ നിന്നാണ് പിരിയുന്നത്? കച്ചവടം നടന്ന സ്ഥലത്തുനിന്ന് പിരിയുന്നതുവരെ എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. ചിലർ ഇത് 'കരാറിൽ നിന്ന് പിരിയുക' എന്ന് പറയുന്നുണ്ടെങ്കിലും അത് ഭാഷാപരമായും അർത്ഥപരമായും ശരിയല്ല. ശാരീരികമായി ആ സ്ഥലത്തുനിന്ന് പിരിയുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. "അവർ ഒരുമിച്ചായിരിക്കുക" എന്ന വാചകം ഇതിന് തെളിവാണ്.
യാത്രയിലെ ഉദാഹരണം: വിമാനത്തിൽ വെച്ചാണ് കച്ചവടം നടത്തുന്നതെങ്കിൽ, പത്തു മണിക്കൂർ യാത്രയുണ്ടെങ്കിൽ ആ പത്തു മണിക്കൂറും അവർക്ക് തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്. ഉറങ്ങുന്നതിന് മുൻപ് കച്ചവടം നടത്തുകയും എന്നാൽ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്താൽ, ഉണർന്ന ശേഷവും അവർക്ക് പിന്മാറാൻ അധികാരമുണ്ട്; കാരണം അവർ ആ സ്ഥലത്തുനിന്ന് ശാരീരികമായി വേർപിരിഞ്ഞിട്ടില്ല.
"അല്ലെങ്കിൽ അവരിൽ ഒരാൾ മറ്റൊരാൾക്ക് അധികാരം നൽകിയാൽ": അതായത് തന്‍റെ അധികാരം ഒരാൾ വേണ്ടെന്ന് വെക്കുകയോ അല്ലെങ്കിൽ "നിനക്ക് മാത്രമാണ് അധികാരം" എന്ന് പറയുകയോ ചെയ്താൽ, അത് ഒഴിവാക്കിയവന് പിന്നീട് അധികാരമുണ്ടാകില്ല. രണ്ടുപേരും അധികാരം വേണ്ടെന്ന് വെച്ചാൽ കച്ചവടം ഉടൻ തന്നെ സ്ഥിരപ്പെടും.
കച്ചവടം സ്ഥിരപ്പെടുന്ന (ഒഴിവാക്കാൻ പറ്റാത്ത) രണ്ട് സന്ദർഭങ്ങൾ:
ഒരാൾ മറ്റൊരാൾക്ക് തെരഞ്ഞെടുക്കാനുള്ള അധികാരം നൽകുകയോ അല്ലെങ്കിൽ രണ്ടുപേരും അധികാരം വേണ്ടെന്ന് വെക്കുകയോ ചെയ്യുക.
അവർ കച്ചവട സ്ഥലത്തുനിന്ന് വേർപിരിയുക. ഈ വേർപിരിയലിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഓരോ നാട്ടിലെയും നടപ്പുരീതി അനുസരിച്ചാണ് അത് കണക്കാക്കുക.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- കച്ചവടം നടന്ന മജ്‌ലിസില്‍ നിന്ന് (സ്ഥലം) വേർപിരിയുന്നതിന് മുൻപായി, ആ കച്ചവടം പൂർത്തിയാക്കണോ അതോ അതിൽ നിന്ന് പിന്തിരിയണോ എന്ന കാര്യത്തിൽ കച്ചവടത്തിലേർപ്പെട്ട ഇരുവിഭാഗവും കൃത്യമായി ഉറപ്പുവരുത്തേണ്ടതിന്‍റെ അനിവാര്യത.
2- കച്ചവടത്തിലും വാങ്ങലിലും പരസ്പര തൃപ്തി (സമ്മതം) ഉണ്ടായിരിക്കണമെന്ന പ്രേരണയും ഈ ഹദീസിലുണ്ട്.
3- ഇസ്‌ലാമിലെ ഇടപാടുകളിലെ സുതാര്യതയെ ഈ ഹദീസ് അറിയിക്കുന്നു.
4- വാങ്ങുന്ന ആള്‍ക്കും വില്‍ക്കുന്ന ആള്‍ക്കും ഇടപാടില്‍ ഒരു പോലെ തെരെഞ്ഞെടുക്കലിനുള്ള അവസരമുണ്ട്. ഇനി അവര്‍ രണ്ടില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് അതിനുള്ള അധികാരം നല്‍കാനും അനുവാദമുണ്ട്.

No comments:
Post a Comment