ഫോളോ ചെയ്യാം

Monday, 23 March 2026

517 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 257 دروس الحديث - ഇഹ്‌റാമിലല്ലാത്തവന്‍ വേട്ടയാടിയ മാംസത്തിന്‍റെ വിധി

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 

ഇഹ്‌റാമിലല്ലാത്തവന്‍ വേട്ടയാടിയ മാംസത്തിന്‍റെ വിധി

بابُ المُحْرِمِ يأْكلُ من صيدِ الحلالِ

"ഇഹ്‌റാമിലിരിക്കുന്നയാൾ ഹലാലായ വ്യക്തി (ഇഹ്‌റാമിലല്ലാത്തവനന്‍) വേട്ടയാടിയ മാംസം കഴിക്കൽ"

257 - عَنْ أَبِي قَتَادَةَ الأَنْصَارِيِّ: ((أَنَّ رَسُولَ اللَّهِ صلى الله عليه وسلم خَرَجَ حَاجَّاً. فَخَرَجُوا مَعَهُ. فَصَرَفَ طَائِفَةً مِنْهُمْ - فِيهِمْ أَبُو قَتَادَةَ - وَقَالَ: خُذُوا سَاحِلَ الْبَحْرِ، حَتَّى نَلْتَقِيَ. فَأَخَذُوا سَاحِلَ الْبَحْرِ فَلَمَّا انْصَرَفُوا أَحْرَمُوا كُلُّهُمْ، إلاَّ أَبَا قَتَادَةَ، فَلَمْ يُحْرِمْ. فَبَيْنَمَا هُمْ يَسِيرُونَ إذْ رَأَوْا حُمُرَ وَحْشٍ. فَحَمَلَ أَبُو قَتَادَةَ عَلَى الْحُمُرِ. فَعَقَرَ مِنْهَا أَتَانَاً. فَنَزَلْنَا فَأَكَلْنَا مِنْ لَحْمِهَا. ثُمَّ قُلْنَا: أَنَأْكُلُ لَحْمَ صَيْدٍ، وَنَحْنُ مُحْرِمُونَ؟ فَحَمَلْنَا مَا بَقِيَ مِنْ لَحْمِهَا فَأَدْرَكْنَا رَسُولَ اللَّهِ صلى الله عليه وسلم. فَسَأَلْنَاهُ عَنْ ذَلِكَ؟ فَقَالَ: مِنْكُمْ أَحَدٌ أَمَرَهُ أَنْ يَحْمِلَ عَلَيْهَا، أَوْ أَشَارَ إلَيْهَا؟ قَالُوا: لا. قَالَ: فَكُلُوا مَا بَقِيَ مِنْ لَحْمِهَا)) .
وَفِي رِوَايَةٍ: ((قَالَ: هَلْ مَعَكُمْ مِنْهُ شَيْءٌ؟ فَقُلْت: نَعَمْ. فَنَاوَلْتُهُ الْعَضُدَ، فَأَكَلَ مِنْهَا)) .

അബൂ ഖതാദ അൽ-അൻസാരി رضي الله عنه വിൽ നിന്ന് നിവേദനം: "അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഉംറ നിർവ്വഹിക്കാനായി  പുറപ്പെട്ടു. റസൂൽ صلى الله عليه وسلم യോടൊപ്പം സ്വഹാബികളും പുറപ്പെട്ടു. അവരിൽ ഒരു വിഭാഗത്തെ (അബൂ ഖതാദ رضي الله عنه ഉൾപ്പെടെയുള്ളവരെ) നബി صلى الله عليه وسلم മറ്റൊരു വഴിക്ക് നിയോഗിച്ചു കൊണ്ട് പറഞ്ഞു: 'നമ്മൾ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ കടൽതീരം വഴിയുള്ള പാത സ്വീകരിക്കുക'. അവർ ആ വഴിക്ക് നീങ്ങി. യാത്രക്കിടയിൽ അബൂ ഖതാദ رضي الله عنه ഒഴികെ ബാക്കിയുള്ളവരെല്ലാം ഇഹ്‌റാമിൽ പ്രവേശിച്ചു (അബൂ ഖതാദ رضي الله عنه ഇഹ്‌റാമിലായിരുന്നില്ല).

    അവർ സഞ്ചരിച്ചുകൊണ്ടിരിക്കെ കുറച്ച് കാട്ടുകഴുതകളെ കണ്ടു. ഉടനെ അബൂ ഖതാദ رضي الله عنه അവയെ വേട്ടയാടുകയും അതിലൊരു പെൺ കഴുതയെ പിടിക്കുകയും ചെയ്തു. ഞങ്ങൾ ഇറങ്ങി അതിന്‍റെ മാംസം ഭക്ഷിച്ചു. എന്നാൽ പിന്നീട് ഞങ്ങൾ ചിന്തിച്ചു: 'നമ്മൾ ഇഹ്‌റാമിലിരിക്കെ വേട്ടയാടിയ മാംസം കഴിക്കാമോ?'. ശേഷം ബാക്കിയുള്ള മാംസവും എടുത്തുകൊണ്ട് ഞങ്ങൾ റസൂൽ صلى الله عليه وسلم യുടെ അടുത്തെത്തി വിവരം ചോദിച്ചു.

    അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: 'നിങ്ങളിൽ ആരെങ്കിലും അത് വേട്ടയാടാൻ അദ്ദേഹത്തോട് കൽപ്പിക്കുകയോ അല്ലെങ്കിൽ അതിലേക്ക് ആംഗ്യം കാണിച്ചു കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?'. 'ഇല്ല' എന്ന് അവർ മറുപടി നൽകി. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'എങ്കിൽ ബാക്കിയുള്ള മാംസം കൂടി നിങ്ങൾ ഭക്ഷിച്ചുകൊള്ളുക'."

    മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കൂടിയുണ്ട്: "നിങ്ങളുടെ കൈവശം അതിൽ നിന്ന് വല്ലതും ബാക്കിയുണ്ടോ?" എന്ന് നബി صلى الله عليه وسلم ചോദിച്ചു. 'ഉണ്ട്' എന്ന് പറഞ്ഞ് ഞാൻ അതിന്‍റെ ഒരു മുൻകാൽ (മുകൾഭാഗം) നബി صلى الله عليه وسلم ന് നൽകി. നബി صلى الله عليه وسلم അത് ഭക്ഷിക്കുകയും ചെയ്തു.

  • (خَرَجَ حَاجَّاً): ഇവിടെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഹുദൈബിയ്യ വർഷത്തിലെ ഉംറക്ക് പുറപ്പെട്ടു എന്നാണ്.

  • (حُمُرَ وَحْشٍ): കാട്ടുകഴുതകൾ.

  • (الأَتان): പെൺ കഴുത.

വിവരണം

    ഹുദൈബിയ്യ വർഷത്തിൽ ഉംറ നിർവ്വഹിക്കാനായി നബി صلى الله عليه وسلم പുറപ്പെട്ടു. മദീനയുടെ അടുത്തുള്ള മീഖാത്തായ "ദുൽ ഹുലൈഫ" എത്തുന്നതിന് മുൻപ്, ശത്രുക്കൾ കടൽതീരം വഴി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം അദ്ദേഹത്തിന് ലഭിച്ചു. ഉടനെ നബി صلى الله عليه وسلم അബൂ ഖതാദ رضي الله عنه ഉൾപ്പെടെയുള്ള ഒരു സംഘം സ്വഹാബികളോട് കടൽതീരം വഴിയുള്ള പാതയിലൂടെ പോയി ശത്രുക്കളെ പ്രതിരോധിക്കാൻ കൽപ്പിച്ചു.

   നിശ്ചയിച്ച സ്ഥലത്ത് വെച്ച് നബി صلى الله عليه وسلم യെ വീണ്ടും കണ്ടുമുട്ടാന്‍   അവർ ആ വഴിക്ക് നീങ്ങി.  അബൂ ഖതാദ رضي الله عنه ഒഴികെ ബാക്കിയുള്ളവരെല്ലാം ഇഹ്‌റാമിൽ പ്രവേശിച്ചു. യാത്രക്കിടയിൽ അവർ ചില കാട്ടുകഴുതകളെ കണ്ടു. അബൂ ഖതാദ ضي الله عنه ഇഹ്‌റാമിലല്ലാത്തതിനാൽ (ഹലാൽ ആയ വ്യക്തി) അദ്ദേഹം അവയെ വേട്ടയാടുകയും അതില്‍ ഒരു പെൺകഴുതയെ പിടിക്കുകയും ചെയ്തു. തുടർന്ന് അവരൊന്നിച്ച് അതിന്‍റെ മാംസം ഭക്ഷിച്ചു.

    എന്നാൽ ഇഹ്‌റാമിലിരിക്കെ വേട്ടയാടിയ മാംസം കഴിച്ചത് ശരിയാണോ എന്ന സംശയം അവർക്കുണ്ടായി. അതിനാൽ ബാക്കിയുള്ള മാംസവും എടുത്തുകൊണ്ട് അവർ നബി صلى الله عليه وسلم യുടെ അടുത്തെത്തി. നബി صلى الله عليه وسلم അവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു: "നിങ്ങളിൽ ആരെങ്കിലും അദ്ദേഹത്തോട് അത് വേട്ടയാടാൻ കൽപ്പിക്കുകയോ, ആംഗ്യം കാണിക്കുകയോ, വഴി കാട്ടിക്കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?". ഇല്ല എന്ന് അവർ മറുപടി നൽകിയപ്പോൾ അത് അനുവദനീയമാണെന്ന് പറഞ്ഞ് നബി صلى الله عليه وسلم അവരുടെ ആശങ്കയകറ്റി. ബാക്കിയുള്ള മാംസം കഴിക്കാൻ അവരോട് കൽപ്പിക്കുകയും, അവരുടെ മനസ്സിന് സന്തോഷം നൽകാനായി നബി صلى الله عليه وسلم കൂടി അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ആളുകളുടെ മനസ്സ് സന്തോഷിപ്പിക്കുന്നതിനായി നബി صلى الله عليه وسلم സമ്മാനങ്ങൾ സ്വീകരിച്ചിരുന്നു.

2- ഇഹ്‌റാമിലല്ലാത്ത ഒരാൾ (ഹലാൽ ആയ വ്യക്തി) വേട്ടയാടിയതാണെങ്കിൽ പോലും, അത് ഇഹ്‌റാമിലുള്ളവർക്ക് (മുഹ്‌രിം) വേണ്ടിയാണ് വേട്ടയാടിയതെങ്കിൽ അത് കഴിക്കൽ നിഷിദ്ധമാണ്.

3- ഉംറ എന്നത് ഒരു 'ഹജ്ജ്' തന്നെയാണ്. ഇതിനെ 'ചെറിയ ഹജ്ജ്' (الحج الأصغر) എന്ന് വിളിക്കപ്പെടുന്നു.

4- ശത്രുക്കളിൽ നിന്ന് മുൻകരുതൽ എടുക്കുന്നതും ജാഗ്രത പാലിക്കുന്നതും സുന്നത്താണ്. ഇത് അല്ലാഹുവിൽ ഭരമേല്പിക്കുന്നതിന് (തവക്കുൽ) വിരുദ്ധമല്ല.

5- കാട്ടുകഴുതകൾ വേട്ടമൃഗങ്ങളുടെ വിഭാഗത്തിൽ പെട്ടതാണെന്നും അവ ഭക്ഷിക്കൽ അനുവദനീയമാണെന്നും (ഹലാൽ) ഇതിൽ നിന്ന് മനസ്സിലാക്കാം.

6- വേട്ടയാടുന്ന സമയത്ത് മൃഗത്തിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും ഏൽക്കുന്ന മുറിവ് മൂലം അത് ചത്താലും (അറുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ) അത് ഹലാലാണ്. 

7- ഹലാൽ ആണോ എന്ന് സംശയമുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്  നല്ല കാര്യമാണ്.

8- സ്വഹാബികളുടെ അങ്ങേയറ്റത്തെ സൂക്ഷ്മത ഇതിൽ ദൃശ്യമാണ്. മാംസത്തിന്‍റെ കാര്യത്തിൽ സംശയം തോന്നിയപ്പോൾ അവർ അത് അമിതമായി കഴിക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ ചെയ്തില്ല, പകരം നബി صلى الله عليه وسلم യോട് ചോദിക്കാനായി കാത്തുവെച്ചു.

9- നബി صلى الله عليه وسلم യുടെ ഉത്തമമായ അധ്യാപന രീതിയും തന്‍റെ ഉമ്മത്തിനോടുള്ള കാരുണ്യവും ഇതിൽ വെളിവാകുന്നു.

10- നബി صلى الله عليه وسلم യുടെ കാലഘട്ടത്തിൽ തന്നെ, നബി صلى الله عليه وسلم യുടെ അസാന്നിധ്യത്തില്‍ കാര്യങ്ങൾ സ്വയം ചിന്തിച്ച് തീരുമാനമെടുക്കുന്നത് (ഇജ്തിഹാദ്) അനുവദനീയമായിരുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...