ഫോളോ ചെയ്യാം

Monday, 31 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 164 دروس الحديث - ലജ്ജ നന്മയാണ്



 ലജ്ജ നന്മയാണ്

عن عِمْرَان قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: الْحَيَاءُ خَيْرٌ كُلُّهُ قَالَ: أَوْ قَالَ: الْحَيَاءُ كُلُّهُ خَيْرٌ.- صحيح مسلم

ഇംറാനു ബ്നു ഹുസ്വൈന്‍ رضي اللَّهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലജ്ജ, അത് മുഴുവനും നന്‍മയാണ്. അല്ലെങ്കില്‍ ലജ്ജ മുഴുവനും നന്‍മയാകുന്നു എന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞത്.

വിവരണം

ഈ ഹദീസില്‍ ലജ്ജയെ കുറിച്ചാണ് പഠിപ്പിക്കുന്നത്.


  ലജ്ജ മുഴുവന്‍ നന്‍മയാണ് എന്നാണ് നബി പറഞ്ഞത്. ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഇംറാന്‍ رضي اللَّهُ عنه ഹദീസ് പറയുമ്പോഴുള്ള സൂക്ഷ്മത കാണിച്ചത് ഹദീസില്‍ കാണാം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ കൃത്യമായ പദപ്രയോഗത്തില്‍ സംശയമായപ്പോള്‍ അത് വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്തത്.


  خَيْرٌ كُلُّهُ എന്ന് പറഞ്ഞാലും  كُلُّهُ خَيْرٌ എന്ന് പറഞ്ഞാലും ലജ്ജ മുഴുവന്‍ നന്‍മയാണ് എന്ന ആശയമാണ് ലഭിക്കുന്നത്.


  ഹദീസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ അതേ വാക്ക് തന്നെ പറയലാണ് സ്വഹാബികളുടെ ശൈലി. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞ വാക്കില്‍ സംശയമുണ്ടാകുമ്പോള്‍ ഈ ഹദീസിലുള്ളത് പോലെ അത് വ്യക്തമാക്കുകയും ചെയ്യല്‍ അവരുടെ രീതിയാണ്.


  ഇത്ര കൃത്യവും വ്യക്തവുമായിട്ടാണ് ഹദീസുകള്‍ നിവേദനം ചെയ്യപ്പെടുന്നത് എന്ന പാഠം ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.


  ലജ്ജ വലിയ ഗുണമാണ്. അത് ഒരു മനുഷ്യനില്‍ ഉണ്ടായാല്‍ അവനില്‍ വലിയൊരു നന്‍മയാണ് ഉണ്ടാകുന്നത്.


  ലജ്ജ എല്ലാ നന്‍മയുടേയും താക്കോലാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


  ലജ്ജയും ഈമാനും ഒന്നിച്ച് നില്‍ക്കുന്നവയാണ്, അതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ മറ്റേതും നഷ്ടമാകും. അഥവാ ഈമാനുണ്ടെങ്കിലേ ലജ്ജയുണ്ടാവൂ അത് പോലെ ലജ്ജയുണ്ടെങ്കിലേ ഈമാനുണ്ടാവുകയുള്ളൂ.


  ലജ്ജ മനുഷ്യനില്‍ ഉണ്ടായാല്‍ അത് അവനെ അലങ്കരിക്കും. ഏതൊരു കാര്യത്തില്‍ ലജ്ജയുണ്ടാവുന്നുവോ അത് അതിന് അലങ്കാരവും നന്‍മയുമാണ്. വാക്കിലും പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും ഇടപാടുകളിലുമെല്ലാം ലജ്ജ ഉണ്ടായാല്‍ ആ കാര്യങ്ങളൊക്കെയും നല്ലതാകും.


  ലജ്ജ അല്ലാഹുവിനിഷ്ടമുള്ള സ്വഭാവ ഗുണത്തില്‍ പെട്ടതാണെന്ന് ഹദീസിലുണ്ട്.


  ലജ്ജ ഈമാനില്‍ പെട്ടതാണെന്നും ഈമാന്‍ സ്വര്‍ഗ്ഗത്തിലാണെന്നും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.


  നിനക്ക് ലജ്ജയില്ലെങ്കില്‍ നീ തോന്നിയത് ചെയ്തോ എന്ന് എല്ലാ നബിമാരും തങ്ങളുടെ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടെന്നും നബി  صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിരിക്കുന്നു.


  ഈ കാലത്ത് ലജ്ജയില്ലായ്മ ഒരു അലങ്കാരമായി കാണിക്കപ്പെടുന്ന അവസ്ഥകളാണ് ഉള്ളത്. സ്ത്രീകള്‍ക്ക് പോലും ലജ്ജയില്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുന്നു. എന്തും പറയാനും എന്തും ചെയ്യാനും അവ പ്രചരിപ്പിക്കാനും മടിയില്ലാത്തവരായി സമൂഹത്തിലെ ആളുകള്‍ മാറിയിരിക്കുന്നു. ഇത്തരം നടപടികളിലൂടെ അവര്‍ അകലുത് ഈമാനില്‍ നിന്നും മതം പഠിപ്പിക്കുന്ന നന്‍മകളില്‍ നിന്നുമാണെന്ന് അവര്‍ അറിയണം.


  ഏതൊരു കാര്യം ചെയ്യുമ്പോഴും ലജ്ജ ഉണ്ടായിരിക്കണം എന്നര്‍ത്ഥം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അങ്ങേയറ്റം ലജ്ജയുള്ളവരായിരുന്നെന്ന് ഹദീസുകളില്‍ കാണാം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അനുചിതമല്ലാത്തത് കാണാനിടയായാല്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ മുഖത്ത് നിന്ന് ഞങ്ങള്‍ക്കത് മനസ്സിലാകുമായിരുന്നു എന്ന് സ്വഹാബിമാര്‍ പറഞ്ഞിട്ടുണ്ട്.


  ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡിയയും വ്യാപകമായ ഈ കാലത്ത് വാക്കിലും പ്രവര്‍ത്തനങ്ങളിലും നാം ലജ്ജയുള്ളവരാവുക. അതിലൂടെ നാം പ്രചരിപ്പിക്കുന്ന ലജ്ജയില്ലായ്മകള്‍ നാം മരിച്ചാലും ഇവിടെ ബാക്കിയാകും എന്നും ക്വബ്റില്‍ കിടക്കുമ്പോള്‍ അവയുടെ തിന്‍മയുടെ തോതനുസരിച്ച് അവ നാം അനുഭവിക്കേണ്ടി വരുമെന്നും മനസ്സിലാക്കുക


Sunday, 30 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 163 دروس الحديث - സ്വാര്‍ത്ഥത നല്ലതല്ല



 സ്വാര്‍ത്ഥത നല്ലതല്ല

عَنْ أَنَسٍ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لاَ يُؤْمِنُ أَحَدُكُمْ، حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ»- رواه البخاري

അനസ് رضي اللهُ عنه നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ തനിക്കിഷ്ടമുള്ളത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ അവന്‍ വിശ്വാസിയാവുകയില്ല.

വിവരണം


  സ്വാര്‍ത്ഥത മനുഷ്യന്‍റെ കൂടെ ഉണ്ടാകുന്ന ഒരു ദൂഷ്യ സ്വഭാവമാണ്. ഒരു വിശ്വാസിക്ക് സ്വാര്‍ത്ഥത ഉണ്ടായിക്കൂടാ എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.


   എനിക്ക് ഇഷ്ടമുള്ളത് എന്‍റെ സഹോദരനും കിട്ടണം എന്ന ചിന്തയാണ് വേണ്ടത്. അതാണ് ഹദീസ് പഠിപ്പിക്കുന്നത്. ആ ഒരു നിലവരാത്തില്‍ മുസ്ലിം എത്തുന്നില്ലെങ്കില്‍ അവന്‍ പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ല.


  ഭൗതികവും ആത്മീയവുമായ എല്ലാ നന്‍മകളും മറ്റുള്ളവര്‍ക്കും ലഭിക്കണം എന്ന ചിന്തയാണ് നമുക്ക് വേണ്ടത്. ഈ ഒരു സ്വഭാവ ഗുണം അസൂയ, വിദ്വേഷം പോലെയുള്ള ദുര്‍ഗ്ഗുണങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റും.


  വിശ്വാസികള്‍ തമ്മിലുള്ള സ്നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള പ്രേരണ കൂടി ഈ ഹദീസില്‍ ഉണ്ട്. മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലുള്ള സ്നേഹ ബന്ധങ്ങള്‍ എങ്ങനെയായിരുന്നെന്ന് നമുക്ക് അറിവുള്ള കാര്യമാണ്. അത്തരത്തിലുള്ള സ്നേഹവും ഐക്യവുമാണ് അവരെ നന്‍മകളില്‍ മുന്നിലെത്തിച്ചത് എന്ന് നാം പഠിക്കണം.


  സഹജീവികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. മറ്റുള്ളവര്‍ക്ക് എങ്ങനെയായാലും വേണ്ടിയില്ല എന്‍റെ കാര്യങ്ങള്‍ ഭംഗിയാകണം എന്ന ചിന്ത നമ്മെ നന്‍മകളില്‍ നിന്ന് അകറ്റും.


  ജോലിയിലും യാത്രയിലും സമ്പാദനത്തിലും തുടങ്ങി ജീവിതത്തിന്‍റെ ഓരോരോ മേഖലകളിലേക്ക് വെളിച്ചം വീശുന്ന നബിവചനമാണ് ഇത്. സ്വാര്‍ത്ഥത എവിടെയൊക്കെ നമ്മെ പിടികൂടുന്നവോ അപ്പോഴെല്ലാം ഈ വചനം നമ്മുടെ മനസ്സില്‍ തെളിഞ്ഞ് വരണം.


  ഒരു ഓഫീസില്‍ വരി നില്‍ക്കുകയാണെങ്കില്‍ പോലും നമ്മുടെ അവസ്ഥ എങ്ങനെയാണെന്ന് നാം ആലോചിക്കുക. എന്‍റേത് ആദ്യം ശരിയാകണം, മറ്റുള്ളവരുടേത് എന്തെങ്കിലുമാവട്ടെ എന്ന ചിന്ത കടന്ന് വരാറില്ലേ എന്ന് ചിന്തിക്കുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹം വരുത്തിയോ, അവരുടെ അവസരം നാം തട്ടിയെടുത്തോ ആണെങ്കില്‍ അത് കുറ്റകരവുമാണ്. നമ്മില്‍ നിന്ന് ദ്രോഹങ്ങള്‍ ഏറ്റവര്‍ നമുക്കെതിരെ പ്രാര്‍ത്ഥിക്കുന്ന അവസ്ഥ അത്യന്തം ആപല്‍ക്കരമാണ്. ആ പ്രാര്‍ത്ഥന വേഗം ഉത്തരം ചെയ്യപ്പെടുന്നതാണെന്ന് നാം മറക്കാതിരിക്കണം.


  ഈ ഹദീസ് വിനയത്തിനുള്ള പ്രേരണയാണെന്നാണ് ഇമാം ഇബ്നു ഹജര്‍ رحمه اللهُ  പറഞ്ഞിട്ടുള്ളത്. വിനയവും താഴ്മയും നമ്മില്‍ എപ്പോഴും ഉണ്ടാവേണ്ട ഗുണങ്ങളില്‍ പെട്ടതാണ്.


  എനിക്ക് ഇഷ്ടമുള്ളത് എന്‍റെ സഹോദരനും ഞാന്‍ ഇഷ്ടപ്പെടുന്നത് പോലെ എനിക്ക് ഇഷ്ടമില്ലാത്തതും വെറുപ്പുള്ളതുമായ കാര്യത്തെ അവന് ലഭിക്കുന്നതിനെയും വെറുക്കല്‍ ഈമാനില്‍ പെട്ട കാര്യമാണ്.


  എനിക്കില്ലെങ്കിലും അവനുണ്ടാകട്ടെ എന്ന് ചിന്തിക്കുന്ന അവസ്ഥ വലിയ മനസ്സുകളില്‍ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ ഇഹലോകത്തും പരലോകത്തും ഔന്നത്യം ഉണ്ടാകാനുള്ള കാരണങ്ങളില്‍ പെട്ടതാണ്.


  ഇന്ന് നമ്മില്‍ പലരും നമ്മുടെ ചുറ്റുമുള്ള ദരിദ്രരും സാധുക്കളുമായവരെ ശ്രദ്ധിക്കാതെ പൊങ്ങച്ചത്തിനും പേരിനും വേണ്ടി അനാവശ്യ ധൂര്‍ത്തുകളില്‍ ഇടപെടുന്നവരല്ലേ എന്ന് ചിന്തിക്കുക. ധൂര്‍ത്തിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചാലും പാവങ്ങള്‍ക്കും അശരണര്‍ക്കും അവര്‍ക്കാവശ്യമുള്ള ചെറിയ തുകകള്‍ നല്‍കാന്‍ നമുക്ക് ഭാരമല്ലേ.. ഒരു നേരം നന്നായി ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരും അന്തിയുറങ്ങാന്‍ ഭവനമില്ലാത്തവരുമൊക്കെ നമുക്കിടയിലുണ്ട്.. അല്ലാഹുവില്‍ നിന്നുള്ള ബറകത്തുകള്‍ ലഭിക്കാന്‍ അവന്‍ തന്ന വിഭവങ്ങളില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക തന്നെ വേണം.


  സ്വാര്‍ത്ഥത നമ്മെ ഹറാമുകളിലേക്കും അക്രമങ്ങളിലേക്കുമൊക്കെ എത്തിക്കും. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ പോലും സ്വാര്‍ത്ഥതയാല്‍ അക്രമങ്ങളിലേര്‍പ്പെടുന്ന എത്ര വാര്‍ത്തകാളാണ് നാം കേള്‍ക്കുന്നത്. ഒരല്‍പം വിട്ടുവീഴ്ചയുള്ള സംസാരം കൊണ്ട് പല അനിഷ്ട സംഭവങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ ഞാന്‍, എന്‍റെ കുടുംബം എന്‍റെ പണം എന്നിങ്ങനെയുള്ള സ്വാര്‍ത്ഥ ചിന്തകള്‍ പല നന്‍മകളേയും തകിടം മറിക്കുന്ന അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളായ നാം ജാഗ്രത പുലര്‍ത്തുന്നവരാവുക.


പെരുന്നാളിന്‍റെ വിധി വിലക്കുകള്‍



 Download Pdf File

പെരുന്നാളിന്‍റെ വിധി വിലക്കുകള്‍


Saturday, 29 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 162 دروس الحديث - പ്രാര്‍ത്ഥനയും സലാം പറയലും

 


പ്രാര്‍ത്ഥനയും സലാം പറയലും

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَعْجَزُ النَّاسِ مَنْ عَجَزَ عَنِ الدُّعَاءِ، وَأَبْخَلُ النَّاسِ مَنْ بَخِلَ بِالسَّلَامِ»- أمثال الحديث لأبي الشيخ الأصبهاني  - صحيح الجامع الصغير: 1924

അബൂഹുറൈറ  رضي اللهُ عَنه നിവേദനം, റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: പ്രാര്‍ത്ഥനയെ തൊട്ട് അശക്തനായവന്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും ബലഹീനനും, സലാം പറയുന്നതില്‍ പിശുക്ക് കാണിക്കുന്നവന്‍ ജനങ്ങളില്‍ ഏറ്റവും പിശുക്കനുമാകുന്നു.

വിവരണം

  പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കലും സലാം പറയുന്നതില്‍ പിശുക്ക് കാണിക്കലും വിശ്വാസിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

أعْجَزُ النَّاس എന്നാല്‍ മനുഷ്യരില്‍ ഏറ്റവും ബലഹീനനായവന്‍ എന്നാണര്‍ത്ഥം. ശരീരം കൊണ്ട് ശക്തിയുണ്ടായാല്‍ മാത്രം പോരാ.. മറിച്ച് മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ നല്ലതിലേക്ക് തിരിച്ചു വിടാനുള്ള ശക്തിയാണ് യഥാര്‍ത്ഥ ശക്തി എന്ന് ഹദീസ് പഠിപ്പിക്കുന്നു.


  സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ദൗര്‍ബല്യം ഉള്ളവനില്‍ പ്രാര്‍ത്ഥനക്കും ദൗര്‍ബല്യമുണ്ടാകും.


  അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ. സൃഷ്ടികളോട് പ്രാര്‍ത്ഥിക്കല്‍ കൊടിയ ശിര്‍ക്കും വലിയ അക്രമവുമാണ്.

 നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. (ഗ്വാഫിര്‍:65)


  ജീവിതത്തില്‍ തിന്‍മകള്‍ വരാതെ സൂക്ഷിക്കണം. തിന്‍മകളാണ് പ്രാര്‍ത്ഥനയില്‍ നിന്ന് മനുഷ്യനെ തടയുന്നത്. ചെയ്ത് പോയ പാപങ്ങളില്‍ നിന്ന് തൗബയും ഇസ്തിഗ്ഫാറും ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങാന്‍ കഴിഞ്ഞാല്‍ വിശ്വാസിക്ക് നന്‍മകളില്‍ മുന്നേറാന്‍ സാധിക്കും.


  പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാതിരിക്കാനുളള കാരണങ്ങള്‍ ജീവിതത്തില്‍ വരാതിരിക്കാനും നാം ശ്രദ്ധിക്കണം. ഹറാമുകളില്‍ കഴിയലും മറ്റുള്ളവരോട് മോശം രൂപത്തില്‍ ഇടപെടലുമെല്ലാം പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാതിരിക്കാനുള്ള കാരങ്ങളില്‍ പെട്ടതാണ്.


  നന്‍മയുടെ പ്രത്യേക സന്ദര്‍ഭങ്ങളിലും അല്ലാത്തപ്പോഴുമെല്ലാം മനസ്സിന്‍റെ ഉള്ളില്‍ നിന്ന് പ്രാര്‍ത്ഥനകള്‍ ഉയര്‍ന്ന് വരണം. അത് അടിമക്ക് വിജയത്തിനുള്ള കാരണമായി ഭവിക്കും.

പ്രാര്‍ത്ഥനയുടെ ശ്രേഷ്ടതകള്‍

1- പ്രാര്‍ത്ഥന അല്ലാഹുവിന്‍റെ വസ്വിയ്യത്ത് ആകുന്നു.

2- നബിമാര്‍ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുന്നവരായിരുന്നു.

3- അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ആദരണീയമായ കാര്യമാണ് പ്രാര്‍ത്ഥന.

4-അല്ലാഹുവിനോട് ചോദിക്കാത്തവരോട് അല്ലാഹു കോപിക്കും.

5-ഒരു അടിമ തന്നിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ വെറും കയ്യോടെ മടക്കുന്നത് അല്ലാഹുവിന് ലജ്ജയുള്ള കാര്യമാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

6-ഒരാള്‍ നല്ല കാലത്ത് പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കഷ്ട കാലത്ത് അല്ലാഹു അവന് ഉത്തരം നല്‍കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

7- അല്ലാഹു ഉത്തരം നല്‍കും എന്ന ഉറപ്പോടെ പ്രാര്‍ത്ഥിക്കണം, അശ്രദ്ധമായിട്ടുള്ള പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല.

8- പ്രാര്‍ത്ഥന ആരാധനയാണ്. ആയതിനാല്‍ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ.

തുടങ്ങി ധാരാളം ശ്രേഷ്ടതകളും മഹത്വങ്ങളും പ്രാര്‍ത്ഥനക്കുണ്ട്.


സലാം പറയല്‍

  സലാം പറയല്‍ ഇസ്ലാമിന്‍റെ ഒരു ചിഹ്നവും മഹത്വമേറിയ കാര്യവുമാണ്. എല്ലായിടങ്ങളിലും സലാം വ്യാപിപ്പിക്കാന്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്. അറിയുന്നവരോടും അല്ലാത്തവരോടുമെല്ലാം സലാം പറയണം.

  സലാം പറയല്‍ വിശ്വാസികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകാനുള്ള പ്രധാന കാരണമാണെന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചത്.

  ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ഏറ്റവും പ്രധാനപ്പെട്ട ബാധ്യതകളില്‍ ഒന്നാമത്തേത് കണ്ടുമുട്ടിയാല്‍ സലാം പറയുക എന്നതാണ്.

  സലാം പറയുന്നതിലൂടെ ധാരാളം നന്‍മകള്‍ നേടാന്‍ വിശ്വാസികള്‍ക്കാവും.

  നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുറവ് വരുത്തല്‍ വലിയ പിശുക്ക് ആണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. കാരണം സലാം പറയുന്നതില്‍ കുറവ് വരുത്തുന്നവന്‍ ജനങ്ങളില്‍ ഏറ്റവും പിശുക്കനാണെന്നാണ് അറിയിച്ചിരിക്കുന്നത്. പിശുക്ക് മോശം സ്വഭാവങ്ങളില്‍ പെട്ടതാണെന്ന് നമുക്കറിയാമല്ലോ.

  സലാം പറയല്‍ ഒരു പ്രാര്‍ത്ഥനയാണ്. അല്ലാഹുവില്‍ നിന്നുള്ള രക്ഷയും സമാധാനവും ലഭിക്കട്ടെ എന്നാണ് അതിന്‍റെ അര്‍ത്ഥം. ആയതിനാല്‍ എല്ലായിടങ്ങളിലും നാം സലാം വ്യാപിപ്പിക്കുക. അതിന്‍റെ മര്യാദകളും രീതികളുമെല്ലാം നാം മനസ്സിലാക്കി ഇതിന് ജീവിതത്തില്‍ ഏറ്റവും വലിയ സ്ഥാനം നല്‍കാന്‍ ശ്രമിക്കുക.

Friday, 28 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 161 دروس الحديث - നല്ല മരണത്തിനായി തയ്യാറെടുക്കുക

 




നല്ല മരണത്തിനായി തയ്യാറെടുക്കുക

عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ أَبِيهِ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «المُؤْمِنُ يَمُوتُ بِعَرَقِ الجَبِينِ»- رواه الترمذي:982 صحيح

ബുറൈദത്തു ബ്നുല്‍ ഹസ്വീബ് رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: വിശ്വാസി നെറ്റിത്തടത്തിലെ വിയര്‍പ്പോട് കൂടിയായിരിക്കും മരിക്കുന്നത്.

വിവരണം

നല്ല മരണത്തിന്‍റെ അടയാളങ്ങളില്‍ പെട്ട ഒരു അടയാളമാണ് ഈ ഹദീസില്‍ പഠിപ്പിക്കപ്പെടുന്നത്


  വിശ്വാസിയുടെ മരണ വേളയിലുള്ള അവസ്ഥയാണ് വിവരിക്കുന്നത്. മരണത്തിന്‍റെ കാഠിന്യത്താല്‍ നെറ്റിത്തടത്തില്‍ വിയര്‍പ്പുണ്ടാകും എന്ന് ഈ ഹദീസിനെ വിശദീകരിച്ചവര്‍ പറഞ്ഞിട്ടുണ്ട്. മരണത്തിന്‍റെ വേദനയും കാഠിന്യവും എല്ലാവരും അനുഭവിക്കേണ്ടതാണ്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പോലും അത് അനുഭവിച്ചിട്ടുണ്ട് എന്ന് ഹദീസുകളില്‍ കാണാം.

  നിരന്തരം കര്‍മങ്ങള്‍ ചെയ്യുന്ന ആള്‍ തന്‍റെ നന്‍മയിലുള്ള പരിശ്രമത്തിനിടയില്‍ മരണപ്പെടുമ്പോഴുള്ള വിയര്‍പ്പാണ് ഇതിന്‍റെ ഉദ്ദേശം എന്നും പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. രണ്ടായാലും വിശ്വാസിയുടെ മരണത്തിന്‍റെ അവസ്ഥയെ ഈ ഹദീസ് സൂചിപ്പിക്കുന്നു.


നല്ല മരണത്തിന്‍റെ ലക്ഷണങ്ങള്‍

1- മരിക്കുമ്പോള്‍ ശഹാദത്ത് ചൊല്ലല്‍

2- വെള്ളിയാഴ്ച രാത്രിയിലോ പകലിലോ മരിക്കല്‍

3- അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മ സമരം ചെയ്യുമ്പോള്‍ മരിക്കല്‍

4-ഒരു വിശ്വാസി പ്ലേഗ് മൂലമോ, വയറിലെ രോഗം കാരണമോ, മുങ്ങിയോ, കെട്ടിടമോ മറ്റോ തകര്‍ന്നോ, തീപിടുത്തത്തിലോ മരിച്ചാല്‍

5- ഒരു സ്ത്രീ പ്രസവ സമയത്ത് മരണപ്പെടല്‍

6- അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ട് മരണം വരിക്കല്‍

7- സല്‍ക്കര്‍മത്തിലായിരിക്കെ മരിക്കല്‍ തുടങ്ങിയവ നല്ല മരണത്തിന്‍റെ ലക്ഷണങ്ങളാണ്.


  നല്ല പര്യവസാനത്തിനുള്ള കാരണങ്ങള്‍ വിശ്വാസി ചെയ്തിരിക്കണം. അവന്‍ എല്ലായ്പ്പോഴും അല്ലാഹുവിനെ അനുസരിച്ച് കര്‍മങ്ങള്‍ ചെയ്യുന്ന അവസ്ഥയിലായെങ്കിലേ നല്ല മരണത്തിന് അവസരം ഉണ്ടാവുകയുള്ളൂ.. ദുര്‍നടപ്പുകാരായ ആളുകള്‍ക്ക് മേല്‍പറഞ്ഞ വിധം മരണമുണ്ടായാലും അവര്‍ ഈ ഗണത്തില്‍ പെടുകയില്ല.


  അത് പോലെ നല്ല മരണം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കണം. ഈമാനിലും തക്വ്വയിലുമായി മരിപ്പിക്കാന്‍ അവന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.


  ഒരു വ്യക്തി അവന്‍റെ അകവും പുറവും നന്നാക്കാന്‍ പരിശ്രമിക്കല്‍ നല്ല പര്യവസാനത്തിന് അത്യാവശ്യമാണ്.


  ആരെങ്കിലും മരിക്കുമ്പോള്‍ നല്ല മരണത്തിന്‍റെ അടയാളങ്ങള്‍  കണ്ടാല്‍ അവര്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറയാന്‍ നമുക്ക് പറ്റില്ല. അത് പോലെ മോശം മരണം സംഭവിച്ച ആള്‍ നരകത്തിലാണെന്നും നമുക്ക് പറയാവതല്ല. സ്വര്‍ഗ്ഗവും നരകവും നല്‍കുന്നത് അല്ലാഹുവാണ്. അത് അല്ലാഹുവിന്‍റെ മശീഅത്തില്‍ (ഉദ്ദേശത്തില്‍) പെട്ട കാര്യമാണ് എന്ന് നാം അറിഞ്ഞിരിക്കണം.


നല്ല മരണത്തിന്‍റെ കാരണങ്ങള്‍

1- മതത്തില്‍ നേരേ ചൊവ്വേ നിലകൊള്ളല്‍ (ഇസ്തിക്വാമ).

2- അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരം.

3- സൂക്ഷ്മതാ ബോധം.

4- സത്യസന്ധത.

5- പശ്ചാത്താപം.

6- സല്‍കര്‍മങ്ങള്‍ പതിവാക്കല്‍.

7- മരണത്തെ ഓര്‍ക്കലും ഭൗതിക കാര്യങ്ങളിലെ അമിതമായ ആഗ്രഹങ്ങള്‍ ഒഴിവാക്കലും.

8- ദുര്‍മരണത്തിന്‍റെ കാരണങ്ങളെ ഭയപ്പെടല്‍.



ദുര്‍മരണത്തിന്‍റെ കാരണങ്ങള്‍

1- പിഴച്ച വിശ്വാസങ്ങളുമായി ജീവിക്കല്‍.

2- ദുന്‍യാവിന് അമിതമായ താല്‍പര്യം നല്‍കല്‍.

3- നന്‍മയില്‍ നിന്നും സന്‍മാര്‍ഗ്ഗത്തില്‍ നിന്നും പിന്തിരിഞ്ഞ് നില്‍ക്കല്‍.

4- തിന്‍മകളില്‍ നിന്ന് പിന്‍മാറാതെ ഉറച്ച് നില്‍ക്കല്‍.

5- തൗബയും ഇസ്തിഗ്ഫാറും ഒഴിവാക്കല്‍.

6- മരണത്തെ ഓര്‍ക്കന്നത് ഒഴിവാക്കല്‍


ഇഹലോകത്ത് നിന്ന് വിട പറയുമ്പോള്‍ നല്ല മരണം വരിച്ച് വിടപറയാന്‍ നാം അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിക്കന്നവരും പ്രവര്‍ത്തിക്കുന്നവരുമാകുക.


Thursday, 27 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 160 دروس الحديث - അതിക്രമവും കുടുംബ ബന്ധം മുറിക്കലും

 


അതിക്രമവും 

കുടുംബ ബന്ധം മുറിക്കലും

عَنْ أَبِي بَكْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ تَعَالَى لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا، مَعَ مَا يَدَّخِرُ لَهُ فِي الْآخِرَةِ مِثْلُ الْبَغْيِ وَقَطِيعَةِ الرَّحِمِ» - رواه أبو داود:4902 -صحيح 

അബൂബക്റ رضي اللهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അതിക്രമവും കുടുംബ ബന്ധം വിച്ഛേദിക്കലും പോലെ പരലോകത്തേക്ക് (ശിക്ഷക്ക്) സംഭരിച്ചു വെക്കുന്നതോടൊപ്പം ഇഹലോകത്തില്‍ തന്നെ അല്ലാഹു ശിക്ഷ വേഗത്തിലാക്കുന്ന വിധത്തിലുള്ള തിന്‍മ വേറെയില്ല.

വിവരണം

കര്‍മങ്ങളുടെ അനന്തര ഫലം ഇഹലോകത്തും പരലോകത്തും അനുഭവിക്കേണ്ടി വരും. എന്നാല്‍ ചില കര്‍മങ്ങള്‍ക്കുള്ള അനന്തര ഫലം വേഗത്തില്‍ അനുഭവിക്കേണ്ടി വരും. ഈ ദുന്‍യാവില്‍ വെച്ച് തന്നെ അവ കാണേണ്ടി വരും. അതോടൊപ്പം പരലോകത്തും അതിന്‍റെ ശിക്ഷയുണ്ടാവും. ഈ വിഷയമാണ് ഈ ഹദീസില്‍ പരമാര്‍ശിച്ചിട്ടുള്ളത്. 

അക്രമങ്ങളും കുടുംബ ബന്ധം വിച്ഛേദിക്കലും വലിയ തെറ്റാണ്. അവക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷയുണ്ട്.

ചില തിന്‍മകള്‍ക്കുള്ള ശിക്ഷകള്‍ ഇഹലോകത്ത് അനുഭവിക്കേണ്ടി വരും, എന്നാല്‍ അവക്ക് പരലോകത്ത് ശിക്ഷയുണ്ടാവില്ല എന്നും ഹദീസുകളില്‍ ഉണ്ട്. അല്ലാഹു ഒരു അടിമക്ക് നന്‍മ ഉദ്ദേശിച്ചാല്‍ അവന്‍റെ പാപങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഈ ലോകത്ത് വെച്ച് തന്നെ നല്‍കും. എന്നാല്‍ അല്ലാഹു ഒരു അടിമക്ക് തിന്‍മ ഉദ്ദേശിച്ചാല്‍ അവന്‍റെ പാപത്തെ പരലോകത്തെ പരിപൂര്‍ണ്ണ ശിക്ഷക്കായി മാറ്റി വെക്കുകയും ചെയ്യും.

ദുന്‍യാവിലുള്ള ശിക്ഷകള്‍ പല വിധമായിരിക്കും, അവന്‍റെ സ്വന്തത്തിലോ, സമ്പത്തിലോ, കുടുംബത്തിലോ, സന്താനങ്ങളിലോ ആയിട്ട് അവനത് അനുഭവിക്കേണ്ടി വരും.

രണ്ട് ലോകത്തും ശിക്ഷകള്‍ ലഭിക്കുന്ന പാപങ്ങളായി ഈ ഹദീസില്‍ പറഞ്ഞത് അതിക്രമവും, കുടുംബ ബന്ധം മുറിക്കലുമാണ്. ഇതിന് പുറമേ വഞ്ചനയും, കളവും ഈ ഗണത്തില്‍ പെടുമെന്ന് വേറെ ഹദീസിലുണ്ട്.

കുടുംബ ബന്ധം മുറിച്ചാല്‍ ഈ ലോകത്ത് തന്നെ ശിക്ഷ ലഭിക്കും എന്നത് പോലെ കുടുംബ ബന്ധം ചേര്‍ത്താല്‍ അതിന്‍റെ പ്രതിഫലം ഈ ലോകത്ത് വെച്ചും ലഭിക്കും എന്നും ഹദീസില്‍ വന്നിട്ടുണ്ട്.

അല്ലാഹുവിന്‍റെ ശിക്ഷകള്‍ വിവിധ ഇനങ്ങളുണ്ട്. ഇഹലോകത്ത് വെച്ചുള്ള ശിക്ഷകള്‍, ക്വബ്റില്‍ വെച്ചുള്ള ശിക്ഷകള്‍, പരലോകത്തെ ശിക്ഷകള്‍ എന്നിവയാണ് അവ.

അക്രമങ്ങള്‍
അക്രമം വലിയ തിന്‍മയാണ്. ആരും ആരെയും അക്രമിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അക്രമങ്ങള്‍ അന്ത്യദിനത്തില്‍ അന്ധകാരങ്ങളായിരിക്കും.

ശത്രുതയും അതിക്രമങ്ങളും സമൂഹത്തില്‍ ഭിന്നിപ്പും ഛിദ്രതകളുമാണ് ഉണ്ടാക്കുക.

അന്യായമായ അക്രമങ്ങളെ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഒരാളും ഒരാളോടും അതിക്രമം കാട്ടരുതെന്ന് എനിക്ക് അല്ലാഹു വഹ്'യ് നല്‍കിയിട്ടുണ്ടെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യും അറിയിച്ചിട്ടുണ്ട്.

അതിക്രമങ്ങള്‍ പല വിധമുണ്ട്. ഒരാള്‍ തന്‍റെ സ്വന്തത്തില്‍ ചെയ്യുന്ന അതിക്രമങ്ങളും, മറ്റുള്ളവരോട് ചെയ്യുന്ന അക്രമങ്ങളും അതില്‍ പെടും.

കുടുംബ ബന്ധം ചേര്‍ക്കല്‍
കുടുംബ ബന്ധം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും അത് നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ത്തു കൊളളട്ടെ എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.

മാതാപിതാക്കളോടും, കുടുംബത്തിലെ മറ്റുള്ളവരോടും ഉള്ള ബന്ധങ്ങള്‍ സുദൃഢമായിരിക്കണം. മാതാപിതാക്കളോട് പോലും ബന്ധങ്ങള്‍ ഇല്ലാത്ത അവസ്ഥകള്‍ ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നണ്ട്. ഇതിന്‍റെയെല്ലാം അനന്തര ഫലങ്ങള്‍ കടുത്തതായിരിക്കും

മനുഷ്യനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ എണ്ണിയിട്ടുണ്ട്.

കുടുംബ ബന്ധം ചേര്‍ക്കുന്നവരോട് അല്ലാഹുവും ബന്ധം ഉള്ളവനാകും, അത് മുറിക്കുന്നവരോടുള്ള ബന്ധം അല്ലാഹുവും ഇല്ലാതാക്കും

കുടുംബത്തിലെ ആളുകള്‍ ബന്ധം മുറിച്ചാലും ദ്രോഹിച്ചാലും ബന്ധം നില നിര്‍ത്തണമെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ആയുസില്‍ വര്‍ദ്ധനവും, ഭൗതിക വിഭവങ്ങളില്‍ വിശാലതയും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ത്ത് കൊള്ളട്ടെ എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്.

കുടുംബ ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല എന്നും ഹദീസില്‍ വന്നിട്ടുണ്ട്.

കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികള്‍
1- സന്ദര്‍ശനങ്ങള്‍
2- ആഥിത്യമരുളല്‍
3- കുടുംബാംഗങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കല്‍
4- ദാനം ചെയ്യല്‍
5- അവരിലെ രോഗികളെ സന്ദര്‍ശിക്കല്‍
6-പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സന്ധിയുണ്ടാക്കല്‍
7- അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍
തുടങ്ങിയ കാര്യങ്ങള്‍ മുഖേന ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ സാധിക്കും.

Wednesday, 26 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 159 دروس الحديث - മരണം വരെ അല്ലാഹുവിനെ സ്മരിക്കുക

 


മരണം വരെ 

അല്ലാഹുവിനെ സ്മരിക്കുക

عَنْ عَبْدِ اللهِ بْنِ بُسْرٍ الْمَازِنِيِّ، قَالَ: جَاءَ أَعْرَابِيَّانِ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ أَحَدُهُمَا: يَا رَسُولَ اللهِ، أَيُّ النَّاسِ خَيْرٌ؟ قَالَ: «طُوبَى لِمَنْ طَالَ عُمْرُهُ وَحَسُنَ عَمَلُهُ» وَقَالَ الْآخَرُ: أَيُّ الْعَمَلِ خَيْرٌ؟ قَالَ: «أَنْ تُفَارِقَ الدُّنْيَا وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ» -حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني- إسناده صحيح، رجاله ثقات.

അബ്ദുല്ലാഹി ബ്നു ബുസ്ര്‍ അല്‍മാസിനി رضي اللهُ عنه പറഞ്ഞു: രണ്ടു ഗ്രാമീണര്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കലേക്ക് വന്നു, അവരില്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ജനങ്ങളില്‍ ആരാണ് ഉത്തമന്‍? റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: തന്‍റെ ആയുസ് നീളമുള്ളതും കര്‍മം നന്നാവുകയും ചെയ്തവനാണ് (ജനങ്ങളില്‍ ഉത്തമന്‍). മറ്റേയാള്‍ ചോദിച്ചു: കര്‍മങ്ങളില്‍ ഉത്തമമായത് ഏതാണ്? റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹുവിനോടുള്ള സ്മരണയില്‍ നിന്‍റെ നാവ് നനവുള്ളതായിരിക്കേ നീ ഇഹലോകത്ത് നിന്ന് വിട പറയലാണ് (കര്‍മങ്ങളില്‍ ഉത്തമമായിട്ടുള്ളത്).

വിവരണം

  ആയുസ് നന്‍മയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ദിക്ര്‍ പതിവാക്കുന്നതിനെ കുറിച്ചും അറിയിക്കുന്ന ഹദീസാണിത്.

 أَعْرَابِيّ എന്നാല്‍ മരുഭൂവാസി, ഗ്രാമീണന്‍ എന്നൊക്കെയാണര്‍ത്ഥം.

  അവരില്‍ ഒരാള്‍ ചോദിച്ചത് ജനങ്ങളില്‍ നല്ല ആള്‍ ആരാണ് എന്നതാണ്. ആയുസ് കൂടുതല്‍ കിട്ടുകയും അതില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുകയും ചെയ്യുന്നവന് വിജയം എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചത്.

  طُوبَى എന്നാല്‍ സ്വര്‍ഗ്ഗം, നല്ല പ്രതിഫലം, സ്വര്‍ഗ്ഗത്തിലെ ഒരു വൃക്ഷം എന്നൊക്കെയാണര്‍ത്ഥം. ആയുസ് കുറേ കിട്ടുകയും നന്‍മകള്‍ ധാരാളം വര്‍ധിപ്പിച്ച് ആയുസ്സിനെ ഉപയോഗപ്പെടുത്തുകയും ചെയ്യന്നതിലൂടെ സ്വര്‍ഗ്ഗമെന്ന വിജയം നേടാനും അതിലെ പദവികള്‍ വര്‍ധിപ്പിക്കാനും  സാധിക്കും എന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത്.

  ആയുസ് കൂടുതല്‍ കിട്ടുകയും അതില്‍ നന്‍മകള്‍ പരമാവധി ചെയ്യുകയും ചെയ്താല്‍ അവന്‍റെ നന്‍മകള്‍ കുന്നുകള്‍ കണക്കെ വര്‍ധിക്കും. അത് അവന് സ്വര്‍ഗ്ഗത്തിലെ പദവികള്‍ ലഭിക്കാന്‍ കാരണമാകും.

  ആയുസ് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും നന്‍മകള്‍ക്ക് ഉപയോഗിക്കണം. അതിനുള്ള പ്രതിഫലങ്ങള്‍ അല്ലാഹു കൃത്യമായി നല്‍കുന്നതാണ്. നന്‍മക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹാ സൗഭാഗ്യമാണ്.

  ആയുസ് കുറേ കിട്ടിയിട്ടും, പ്രായമേറെയായിട്ടും ഈ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുള്ളതായി കാണാവുന്നതാണ്. അല്ലാഹു അവര്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കിയിട്ടും അവ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് അവരുടെ ദൗര്‍ഭാഗ്യം കൊണ്ടാണ്.

  നന്‍മകളില്‍ മുന്നേറാന്‍ നല്ല പരിശ്രമം വേണം. നന്‍മകള്‍ ചെയ്താല്‍ അത് ഇഹലോകത്തും പരലോകത്തും ഗുണമാണെന്നും, അവക്ക് വലിയ പ്രതിഫലം അല്ലാഹു നല്‍കുമെന്നും മരണം വന്നാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മനസ്സിലാക്കാന്‍ ഓരോരുത്തരും ശ്രമിക്കണം.

  ആരാണ് ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യുന്നത് എന്ന് പരിശോധിക്കാനാണ് ഈ ജീവിതം അല്ലാഹു നിശ്ചയിച്ചതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഈ പരീക്ഷയില്‍ വിജയിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവേണ്ടതുണ്ട്.

  നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ട് ജീവിതത്തെ ധന്യമാക്കാന്‍ തയ്യാറാവണം. അതിനാവശ്യമായ വിജ്ഞാനങ്ങള്‍ നേടാനും നമുക്ക് കഴിയണം.

  അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിച്ചാല്‍ ജീവിതം അല്ലാഹുവിന് ഇഷ്ടമുള്ള വിധം ആക്കിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കും. കര്‍മങ്ങളില്‍ മുന്നേറിയ സ്വഹാബിമാര്‍ അവരുടെ ജീവിതത്തില്‍ ഈ കാര്യത്തിന് മുന്‍ഗണന നല്‍കിയവരായിരുന്നു എന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

രണ്ടാമത്തെ ആളുടെ ചോദ്യം കര്‍മങ്ങളില്‍ ഉത്തമമായത് ഏതാണ് എന്നായിരുന്നു.

  അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നാവിനെ നനവുള്ളതായ നിലയില്‍ ഈ ലോകം വെടിയലാണ് ഏറ്റവും ഉത്തമമായ കാര്യം.

  ദിക്റിന്‍റെ മഹത്വത്തെ ഈ ഹദീസ് സൂചിപ്പിക്കുന്നു. അത് ജീവിതത്തില്‍ പതിവാക്കാന്‍ കഴിയണം. അല്ലാഹുവിനെ ഓര്‍ക്കാത്ത സന്ദര്‍ഭങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഇത് പതിവാക്കുന്നവര്‍ക്കേ ഈ ഹദീസില്‍ പറഞ്ഞ പോലെ ദിക്റോട് കൂടി നല്ല മരണം വരിക്കാന്‍ സാധിക്കൂ.

  ജീവിതത്തില്‍ പതിവാക്കേണ്ട ധാരാളം ദിക്റുകള്‍ നബി നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. അവ ലളിതവും എന്നാല്‍ വലിയ പ്രതിഫലം ലഭിക്കാന്‍ കാരണമാകുന്നവയുമാണ്.

  ഓരോ സന്ദര്‍ഭത്തില്‍ ചൊല്ലേണ്ട ദിക്റുകള്‍ നാം പഠിക്കുകയും അവ സന്ദര്‍ഭാനുസരണം ഉപയോഗിക്കാന്‍ നമുക്ക് കഴിയുകയും വേണം.

  ദിക്റുകള്‍ പൈശാചികമായ കാര്യങ്ങളില്‍ നിന്ന് നമുക്ക് സുരക്ഷയായി നില്‍ക്കുന്നവയാണ്. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ നിന്നുള്ള ദ്രോഹങ്ങള്‍ തടുക്കാനും മനസ്സ് ശാന്തമാകാനുമെല്ലാം ദിക്ര്‍ അത്യാവശ്യമാണ്.

  ഏറ്റവും നല്ല കര്‍മമായും, അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും സംശുദ്ധമായതും പദവികള്‍ ഏറെ ലഭിക്കുന്നതും സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാളും ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിനേക്കാളും ഉത്തമമായതുമായ കാര്യമായി നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചത് ദിക്റിനെയാണ്. അത്രത്തോളം മഹത്വം അല്ലാഹുവിനെ സ്മരിക്കുന്നതിനുണ്ട് എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നത്.

  ഇബ്നുല്‍ ക്വയ്യിം رحمه اللهُ തന്‍റെ അല്‍ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തില്‍ അറുപതിലധികം ശ്രേഷ്ടതകള്‍ ദിക്റിനുണ്ട് എന്ന് വിശദീകരിച്ചിട്ടുണ്ട്.

  ഏതേത് സമയത്തും അല്ലാഹുവിനെ ഓര്‍ക്കാന്‍ നാം ശ്രമിക്കുക. തസ്ബീഹുകളും, തഹ്ലീലുകളും തക്ബീറുകളും ഹൗക്വലയും ഹംദുകളും ഇസ്തിഗ്ഫാറുകളും കൊണ്ട് മനസ്സും നാവും നനവുള്ളതാവട്ടെ.

 

Tuesday, 25 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 158 دروس الحديث - നിഷിദ്ധസമ്പാദ്യങ്ങളെ സൂക്ഷിക്കുക

 


നിഷിദ്ധസമ്പാദ്യങ്ങളെ സൂക്ഷിക്കുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ، لاَ يُبَالِي المَرْءُ بِمَا أَخَذَ المَالَ، أَمِنْ حَلاَلٍ أَمْ مِنْ حَرَامٍ»- رواه البخاري

അബൂഹുറൈറ رضي اللهُ عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ സമ്പത്ത് സ്വീകരിച്ചത് ഹലാലില്‍ (അനുവദനീയമായതില്‍) നിന്നാണോ അതല്ല ഹറാമില്‍ (നിഷിദ്ധമായതില്‍) നിന്നാണോ എന്നത് ഗൗനിക്കാത്ത ഒരു കാലം ജനങ്ങള്‍ക്ക് വരിക തന്നെ ചെയ്യും.

വിവരണം


  ഹലാലായ സമ്പാദ്യങ്ങള്‍ അന്വേഷിക്കല്‍ എല്ലാ മുസ്ലിമിനും നിര്‍ബന്ധമാണ്. ഹറാമുകളില്‍ സമ്പാദ്യം തേടുന്ന കാര്യത്തിന്‍റെ ഗൗരവം ഈ ഹദീസ് സൂചിപ്പിക്കുന്നു.


  സമ്പാദനത്തിന് കൃത്യമായ നിബന്ധനകളും അതിര്‍ വരമ്പുകളും ഇസ്ലാം നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് പാലിക്കല്‍ ഒരോരുത്തര്‍ക്കും അനിവാര്യമാണ്. പിശാചിന്‍റെ കാലടിപ്പാടുകള്‍ പിന്തുടരരുത് എന്ന് അല്ലാഹു വ്യക്തമായി അറിയിച്ചിട്ടുണ്ട്.


  ഹറാമായ സമ്പാദ്യവും, സമ്പാദനവും ഇസ്ലാം വിരോധിച്ചിട്ടുണ്ട്. അത് അതിന്‍റെ ആളുകള്‍ക്ക് ഫിത്നയും പരീക്ഷണവുമാണ്. ഹൃദയം കടുത്ത് പോകാനും ഈമാനിന്‍റെ വെളിച്ചം നഷ്ടപ്പെടാനും അത് കാരണമാകും. അത് പോലെ അല്ലാഹുവിന്‍റെ കോപം ലഭിക്കാനും പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാതിരിക്കാനും കാരണമാകും.


  നിഷിദ്ധമായ സമ്പാദ്യങ്ങള്‍ സമൂഹത്തിന് തന്നെ ദോഷമായി ഭവിക്കും. ഈ കാര്യം മൂലം മോശമായ സ്വഭാവങ്ങളും ആചാരങ്ങളും സമൂഹത്തില്‍ വ്യാപിക്കും. മോഷണവും കൈക്കൂലിയും കൊള്ളലാഭവും ചൂതാട്ടവും ചതിയും വഞ്ചനയും അളവിലും തൂക്കത്തിലുമുള്ള കൃത്രിമത്വങ്ങളും പൂഴ്ത്തിവെപ്പും അനാഥയുടെ സ്വത്ത് അപഹരിക്കലും പൊതുമുതല്‍ കൈവശപ്പെടുത്തലും പോലെയുള്ളത് ഹറാമായ സമ്പാദനത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ്. ഇത് സമൂഹത്തിലെ ആളുകളെ ഒന്നടങ്കം ബാധിക്കുന്നവയായിത്തീരും.


  അവസാന കാലത്ത് സമ്പാദനത്തിന്‍റെ മാനദണ്ഡങ്ങള്‍ പരിഗണിക്കാത്ത ആളുകള്‍ ഉണ്ടാകും എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു. ഈ കാലത്ത് നമ്മള്‍ ഈ കാര്യങ്ങള്‍ നേരില്‍ കണ്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു.


  ഹറാമും ഹലാലും വ്യക്തമാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. അവക്കിടയില്‍ സംശയമുള്ള (പരസ്പര സാദൃശ്യമുള്ള) ചില കാര്യങ്ങളുണ്ട്, അവയില്‍ സൂക്ഷ്മത പാലിക്കണമെന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ അധ്യാപനമുണ്ട്.


  ഹറാമായ സമ്പാദനത്തിന്‍റെ കാരണം അല്ലാഹുവിനെ ഭയമില്ലാത്തതും ലജ്ജയില്ലായ്മയുമാണ്.


  വേഗത്തില്‍ പണമുണ്ടാക്കണം എന്ന ചിന്ത മനുഷ്യനെ ഹറാമുകളിലെത്തിക്കുന്നു. അപ്പോള്‍ അവന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാവുകയാണ്.


  നാളെ സമ്പത്തിനെ കുറിച്ച് ഏവിടെ നിന്ന് സമ്പാദിച്ചു, എവിടെയെല്ലാം ചിലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടുമെന്ന ഭയമില്ലായ്മ അനര്‍ഹമായ സമ്പാദ്യത്തിലേക്കെത്തിക്കും.


  ഒരു മുസ്ലിം തനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്‍ ആത്മ സംതൃപ്തിയുള്ളവനാവണം. അതില്ലാതിരിക്കുമ്പോഴാണ് ഹറാമുകള്‍ തേടുന്ന അവസ്ഥ വരുന്നത്.


ഹറാമായ സമ്പാദനത്തിന്‍റെ ദോഷങ്ങള്‍


1- ഹൃദയത്തില്‍ അന്ധകാരമുണ്ടാകല്‍.

2- നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അലസത ഉണ്ടാകല്‍.

3- ആയുസ്സിലും ഭൗതിക വിഭവത്തിലും ബറകത്ത് നഷ്ടപ്പെടല്‍.

4- അല്ലാഹുവിന്‍റെ കോപം ഉണ്ടാകല്‍.

5- പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാതിരിക്കല്‍.

6- സല്‍കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാതിരിക്കല്‍.

7- ആ സമ്പാദ്യം നല്ല നിലക്ക് ഉായോഗിക്കാന്‍ സാധിക്കാതിരിക്കല്‍.

8- നരകത്തില്‍ പ്രവേശിപ്പിക്കപ്പെടല്‍.


  ഈ കാര്യങ്ങളെല്ലാം നിഷിദ്ധമായ സമ്പാദനത്തിനാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങളാണെന്ന് മനസ്സിലാക്കി അനര്‍ഹമായതൊന്നും എന്നിലില്ല എന്ന് ഉറപ്പിക്കാന്‍ നമുക്ക് സാധിക്കണം.


ഹറാമില്‍ നിന്ന് ഉണ്ടായ ശരീര ഭാഗത്തിന് നരകമാണ് ഏറ്റവും അര്‍ഹമായത് എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. അതും നമ്മുടെ ഓര്‍മകളില്‍ ഉണ്ടായിരിക്കണം.

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...