ഫോളോ ചെയ്യാം

Monday, 3 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 136 دروس الحديث - അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍

 


അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍

عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ مِنْ أَشْرَاطِ السَّاعَةِ: أَنْ يُرْفَعَ العِلْمُ وَيَثْبُتَ الجَهْلُ، وَيُشْرَبَ الخَمْرُ، وَيَظْهَرَ الزِّنَا "-رواه البخاري  

അനസ് رضي الله عنه പറഞ്ഞു. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു: നിശ്ചയം അറിവ് ഉയര്‍ത്തപ്പെടലും, അജ്ഞത സ്ഥിരപ്പെടലും, മദ്യം കുടിക്കുപ്പെടലും, വ്യഭിചാരം വ്യാപകമാകലും അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ്. (ബുഖാരി)

 

വിവരണം

  •  അന്ത്യദിനം എപ്പോള്‍ സംഭവിക്കും എന്ന് നമുക്കാര്‍ക്കും അറിയില്ല. എന്നാല്‍ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ നമുക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ പെട്ട നാല് കാര്യങ്ങളെ കുറിച്ച് ഈ ഹദീസ് അറിയിക്കുന്നു.

  അറിവ് ഉയര്‍ത്തപ്പെടല്‍

  •  അറിവുള്ളവരേയും പണ്ഡിതന്‍മാരേയും മരിപ്പിച്ച് കൊണ്ടാണ് ഇത് സംഭവിക്കുക. വലിയ പണ്ഡിതന്‍മാരുടെ വിയോഗങ്ങളിലൂടെ അറിവിനെ ഉയര്‍ത്തപ്പെടുന്നു. അനന്തരം അറിവില്ലാത്തവരെ ആളുകള്‍ സമീപിക്കുകയും അവര്‍ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.

  •  വിജ്ഞാനം ഉയര്‍ത്തപ്പെടും എന്നാല്‍ വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും അനുസരിച്ചുള്ള വിജ്ഞാനമാണ്. അത് പഠിച്ചവരുടെ കുറവ് സമൂഹത്തില്‍ സംജാതമാകും.

  •  അറിവിന് വലിയ സ്ഥാനമാണ് ഇസ്ലാം നല്‍കുന്നത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കാലത്ത് സ്വഹാബികളും അവര്‍ക്ക് ശേഷം താബിഉകളും ഈ കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അതില്‍ വലിയ വിടവുകള്‍ ഉണ്ടായി. അറിവ് അന്വേഷിക്കുന്നവര്‍ കുറവാകുകയും വിജ്ഞാനമില്ലാത്ത ഒരു സമൂഹമായി ആളുകള്‍ മാറുകയും ചെയ്തു.
  •  ഒരു മനുഷ്യന്‍ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാത്തവരായി ഇന്ന് ആളുകള്‍ മാറിയിരിക്കുന്നു.

  •  അറിവ് അന്വേഷിക്കുന്നവര്‍ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയോഗിക്കുന്ന സാഹചര്യം കൂടിക്കൊണ്ടിരിക്കുന്നു. ആളുകളോട് തര്‍ക്കിക്കാനും പണ്ഡിതന്‍മാരോട് ചേര്‍ന്ന് നില്‍ക്കാനും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും അറിവ് അന്വേഷിക്കുന്നവര്‍ ചെയ്യുന്നത് വലിയ തെറ്റാണ്. അവര്‍ നരകത്തിലായിരിക്കും എന്ന് റസൂല്‍  صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.


  •  അറിവ് നേടല്‍ തന്‍റെ കടമയാണെന്ന് മനസ്സിലാക്കി അല്ലാഹുവിനെ കൂടുതല്‍ ഭയപ്പെടാന്‍ സാഹചര്യമൊരുങ്ങുന്ന വിധമാകണം അറിവ് സമ്പാദനം.



അറിവില്ലായ്മ സ്ഥിരപ്പെടല്‍


  •  അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണിത്. അറിവ് ഉയര്‍ത്തപ്പെടുന്നതോടെ അറിവില്ലായ്മ സമൂഹത്തില്‍ വ്യാപിക്കും.

  •  ക്വുര്‍ആനും സുന്നത്തും അനുസരിച്ചുള്ള വിജ്ഞാനങ്ങള്‍ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായി കെട്ടുകഥകളും അത്തരത്തിലുള്ള വാര്‍ത്തകളും അനുസരിച്ചുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടും.
  •  ബിദ്അത്തുകളും അന്ധവിശ്വാസങ്ങളും പ്രചരിക്കുകയും അതിലേക്ക് ആളുകളെ ക്ഷണിക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും.
  •  മത വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുമ്പോള്‍ അറിവില്ലായ്മ നിമിത്തം മതപരമായ നിലപാടുകളെടുക്കുന്നതില്‍ ആളുകള്‍ക്ക് പ്രയാസങ്ങളുണ്ടാകും. മാത്രമല്ല ആ അഭിപ്രായ വ്യത്യാസങ്ങള്‍ യഥാര്‍ത്ഥ വിജ്ഞാനമനുസരിച്ച് തീര്‍പ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്യും.
  •   അജ്ഞത കൊണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട ഒരു ജനതയായി ഉമ്മത്ത് മാറും.


മദ്യപാനം വര്‍ദ്ധിക്കും


  •   അവസാന കാലത്ത് മദ്യപാനം വര്‍ദ്ധിക്കും. പല പേരുകളില്‍ ഇത് അറിയപ്പെടുകയും ആളുകള്‍ ഇത് കുടിക്കുന്നത് സാര്‍വ്വത്രികമാവുകയും ചെയ്യും.

  •   മദ്യപാനം ഹറാം ആണ്. അല്ലാഹു പറയുന്നു:

ﱡﭐ ﲿ المائدة: ٩٠

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.


  •  കള്ളിനേയും കള്ള് കുടിക്കുന്നവനേയും അത് കുടിപ്പിക്കുന്നവനേയും അത് വില്‍ക്കുന്നവനേയും വാങ്ങുന്നവനേയും അത് പിഴിഞ്ഞെടുക്കുന്നവനേയും പിഴിയിപ്പിക്കുന്നവനേയും അത് വഹിക്കുന്നവനേയും അത് ആരിലേക്ക് വഹിക്കപ്പെടുന്നവോ അവനേയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)


  •  എന്‍റെ ഉമ്മത്തില്‍ നിന്ന് കള്ള് കുടിക്കുന്നവന്‍റെ നാല്‍പത് ദിവസത്തെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല എന്നും റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട് (സില്‍സില സ്വഹീഹ: 709)

  •  ലഹരി ഉണ്ടാക്കുന്നതായ എല്ലാം മദ്യമാണ്, മദ്യം നിഷിദ്ധവുമാണ്.


വ്യഭിചാരം പ്രകടമാകം

  •  വ്യഭിചാരം നിഷിദ്ധമാണ്, വലിയ പാപമാണ്. അതിലേക്ക് അടുക്കുന്ന ഒന്നും തന്നെ ചെയ്യരുത് എന്ന് ക്വുര്‍ആന്‍ അറിയിക്കുന്നു.

ﱡﭐ ﱼﱽ ﱿ   الإسراء: ٣٢

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.


  •  വ്യക്തിക്കും സമൂഹത്തിനും ഗുണകരം എന്ന നിലക്കാണ് വ്യഭിചാരത്തെ നിഷിദ്ധമാക്കിയിരിക്കുന്നത്. എന്നാല്‍ അന്ത്യ ദിനത്തിന്‍റെ മുന്നോടിയായി വിവിധ രൂപങ്ങളില്‍ ഇത് പ്രകടമാകും. വ്യഭിചാരത്തിന്‍റെ വ്യത്യസ്ഥ ഇനങ്ങള്‍ ആളുകളില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും.
  •  അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക് നോക്കാന്‍ പോലും പാടില്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത്തരം കാര്യങ്ങളില്‍ നിന്ന് ദൃഷ്ടികളെ താഴ്ത്താന്‍ അല്ലാഹു നിര്‍ദേശിച്ചത് നാം മനസ്സിലാക്കിയിട്ടുണ്ട്.
  •  അന്യസ്ത്രീകളെ നോക്കല്‍ പൈശാചികമായ കാര്യമാണ്. അതിലൂടെ പല തിന്‍മകള്‍ സംഭവിക്കാന്‍ കാരണമാകും.


വ്യഭിചാരത്തിന്‍റെ അനന്തര ഫലങ്ങള്‍

1- യഥാര്‍ത്ഥ മുഅ്മിന്‍ ആയിക്കൊണ്ട് ഒരാള്‍ക്ക് വ്യഭിചരിക്കാന്‍ സാധിക്കുകയില്ല.

2- അല്ലാഹുവിനോടുള്ള ഭയം അവന്‍റെ മനസ്സില്‍ നിന്ന് ഇല്ലാതാകും

3- മുഖപ്രസന്നത നഷ്ടമാകും

4- നല്ല സ്വഭാവ വിശേഷണങ്ങള്‍ നഷ്ടമാവുകയും ദുഷിച്ചവ പകരം ലഭിക്കുകയും ചെയ്യും

5- ജീവിതത്തില്‍ വന്യത അനഭവപ്പെടും

6- വ്യഭിചരിക്കുന്നവരെ സംശയ ദൃഷ്ടിയോടെ ആളുകള്‍ നോക്കും.

7- ഹൃദയ വിശാലത നഷ്ടപ്പെടും

8- വ്യഭിചാരത്തിലൂടെ മറ്റു തിന്‍മകള്‍ ചെയ്യാന്‍ കാരണമാകും

9- നിന്ദ്യമായ ശിക്ഷാവിധികള്‍ ചുമത്തപ്പെടും

10- സമൂഹത്തില്‍ ശത്രുതക്ക് കാരണമാകും

11- ശാരീരികമായും മാനസികമായും ബലക്ഷയങ്ങള്‍ രൂപപ്പെടും

12- ഇത് പരസ്യമായി ചെയ്യപ്പെട്ടാല്‍ പ്ലേഗ് പോലെയുള്ള വേദനാജനകമായ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...