ഫോളോ ചെയ്യാം

Wednesday, 26 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 159 دروس الحديث - മരണം വരെ അല്ലാഹുവിനെ സ്മരിക്കുക

 


മരണം വരെ 

അല്ലാഹുവിനെ സ്മരിക്കുക

عَنْ عَبْدِ اللهِ بْنِ بُسْرٍ الْمَازِنِيِّ، قَالَ: جَاءَ أَعْرَابِيَّانِ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ أَحَدُهُمَا: يَا رَسُولَ اللهِ، أَيُّ النَّاسِ خَيْرٌ؟ قَالَ: «طُوبَى لِمَنْ طَالَ عُمْرُهُ وَحَسُنَ عَمَلُهُ» وَقَالَ الْآخَرُ: أَيُّ الْعَمَلِ خَيْرٌ؟ قَالَ: «أَنْ تُفَارِقَ الدُّنْيَا وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ» -حلية الأولياء وطبقات الأصفياء لأبي نعيم الأصبهاني- إسناده صحيح، رجاله ثقات.

അബ്ദുല്ലാഹി ബ്നു ബുസ്ര്‍ അല്‍മാസിനി رضي اللهُ عنه പറഞ്ഞു: രണ്ടു ഗ്രാമീണര്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുക്കലേക്ക് വന്നു, അവരില്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ജനങ്ങളില്‍ ആരാണ് ഉത്തമന്‍? റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: തന്‍റെ ആയുസ് നീളമുള്ളതും കര്‍മം നന്നാവുകയും ചെയ്തവനാണ് (ജനങ്ങളില്‍ ഉത്തമന്‍). മറ്റേയാള്‍ ചോദിച്ചു: കര്‍മങ്ങളില്‍ ഉത്തമമായത് ഏതാണ്? റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹുവിനോടുള്ള സ്മരണയില്‍ നിന്‍റെ നാവ് നനവുള്ളതായിരിക്കേ നീ ഇഹലോകത്ത് നിന്ന് വിട പറയലാണ് (കര്‍മങ്ങളില്‍ ഉത്തമമായിട്ടുള്ളത്).

വിവരണം

  ആയുസ് നന്‍മയില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും ദിക്ര്‍ പതിവാക്കുന്നതിനെ കുറിച്ചും അറിയിക്കുന്ന ഹദീസാണിത്.

 أَعْرَابِيّ എന്നാല്‍ മരുഭൂവാസി, ഗ്രാമീണന്‍ എന്നൊക്കെയാണര്‍ത്ഥം.

  അവരില്‍ ഒരാള്‍ ചോദിച്ചത് ജനങ്ങളില്‍ നല്ല ആള്‍ ആരാണ് എന്നതാണ്. ആയുസ് കൂടുതല്‍ കിട്ടുകയും അതില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുകയും ചെയ്യുന്നവന് വിജയം എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചത്.

  طُوبَى എന്നാല്‍ സ്വര്‍ഗ്ഗം, നല്ല പ്രതിഫലം, സ്വര്‍ഗ്ഗത്തിലെ ഒരു വൃക്ഷം എന്നൊക്കെയാണര്‍ത്ഥം. ആയുസ് കുറേ കിട്ടുകയും നന്‍മകള്‍ ധാരാളം വര്‍ധിപ്പിച്ച് ആയുസ്സിനെ ഉപയോഗപ്പെടുത്തുകയും ചെയ്യന്നതിലൂടെ സ്വര്‍ഗ്ഗമെന്ന വിജയം നേടാനും അതിലെ പദവികള്‍ വര്‍ധിപ്പിക്കാനും  സാധിക്കും എന്നാണ് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത്.

  ആയുസ് കൂടുതല്‍ കിട്ടുകയും അതില്‍ നന്‍മകള്‍ പരമാവധി ചെയ്യുകയും ചെയ്താല്‍ അവന്‍റെ നന്‍മകള്‍ കുന്നുകള്‍ കണക്കെ വര്‍ധിക്കും. അത് അവന് സ്വര്‍ഗ്ഗത്തിലെ പദവികള്‍ ലഭിക്കാന്‍ കാരണമാകും.

  ആയുസ് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും നന്‍മകള്‍ക്ക് ഉപയോഗിക്കണം. അതിനുള്ള പ്രതിഫലങ്ങള്‍ അല്ലാഹു കൃത്യമായി നല്‍കുന്നതാണ്. നന്‍മക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹാ സൗഭാഗ്യമാണ്.

  ആയുസ് കുറേ കിട്ടിയിട്ടും, പ്രായമേറെയായിട്ടും ഈ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താത്ത എത്രയോ ആളുകള്‍ നമുക്ക് ചുറ്റുമുള്ളതായി കാണാവുന്നതാണ്. അല്ലാഹു അവര്‍ക്ക് ധാരാളം അവസരങ്ങള്‍ നല്‍കിയിട്ടും അവ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തത് അവരുടെ ദൗര്‍ഭാഗ്യം കൊണ്ടാണ്.

  നന്‍മകളില്‍ മുന്നേറാന്‍ നല്ല പരിശ്രമം വേണം. നന്‍മകള്‍ ചെയ്താല്‍ അത് ഇഹലോകത്തും പരലോകത്തും ഗുണമാണെന്നും, അവക്ക് വലിയ പ്രതിഫലം അല്ലാഹു നല്‍കുമെന്നും മരണം വന്നാല്‍ പിന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മനസ്സിലാക്കാന്‍ ഓരോരുത്തരും ശ്രമിക്കണം.

  ആരാണ് ഏറ്റവും നല്ല കര്‍മങ്ങള്‍ ചെയ്യുന്നത് എന്ന് പരിശോധിക്കാനാണ് ഈ ജീവിതം അല്ലാഹു നിശ്ചയിച്ചതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഈ പരീക്ഷയില്‍ വിജയിക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവേണ്ടതുണ്ട്.

  നിര്‍ബന്ധവും ഐച്ഛികവുമായ എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ട് ജീവിതത്തെ ധന്യമാക്കാന്‍ തയ്യാറാവണം. അതിനാവശ്യമായ വിജ്ഞാനങ്ങള്‍ നേടാനും നമുക്ക് കഴിയണം.

  അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിച്ചാല്‍ ജീവിതം അല്ലാഹുവിന് ഇഷ്ടമുള്ള വിധം ആക്കിത്തീര്‍ക്കാന്‍ നമുക്ക് സാധിക്കും. കര്‍മങ്ങളില്‍ മുന്നേറിയ സ്വഹാബിമാര്‍ അവരുടെ ജീവിതത്തില്‍ ഈ കാര്യത്തിന് മുന്‍ഗണന നല്‍കിയവരായിരുന്നു എന്ന് അവരുടെ ചരിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

രണ്ടാമത്തെ ആളുടെ ചോദ്യം കര്‍മങ്ങളില്‍ ഉത്തമമായത് ഏതാണ് എന്നായിരുന്നു.

  അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നാവിനെ നനവുള്ളതായ നിലയില്‍ ഈ ലോകം വെടിയലാണ് ഏറ്റവും ഉത്തമമായ കാര്യം.

  ദിക്റിന്‍റെ മഹത്വത്തെ ഈ ഹദീസ് സൂചിപ്പിക്കുന്നു. അത് ജീവിതത്തില്‍ പതിവാക്കാന്‍ കഴിയണം. അല്ലാഹുവിനെ ഓര്‍ക്കാത്ത സന്ദര്‍ഭങ്ങള്‍ നമുക്കുണ്ടായിക്കൂടാ. ഇത് പതിവാക്കുന്നവര്‍ക്കേ ഈ ഹദീസില്‍ പറഞ്ഞ പോലെ ദിക്റോട് കൂടി നല്ല മരണം വരിക്കാന്‍ സാധിക്കൂ.

  ജീവിതത്തില്‍ പതിവാക്കേണ്ട ധാരാളം ദിക്റുകള്‍ നബി നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. അവ ലളിതവും എന്നാല്‍ വലിയ പ്രതിഫലം ലഭിക്കാന്‍ കാരണമാകുന്നവയുമാണ്.

  ഓരോ സന്ദര്‍ഭത്തില്‍ ചൊല്ലേണ്ട ദിക്റുകള്‍ നാം പഠിക്കുകയും അവ സന്ദര്‍ഭാനുസരണം ഉപയോഗിക്കാന്‍ നമുക്ക് കഴിയുകയും വേണം.

  ദിക്റുകള്‍ പൈശാചികമായ കാര്യങ്ങളില്‍ നിന്ന് നമുക്ക് സുരക്ഷയായി നില്‍ക്കുന്നവയാണ്. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ നിന്നുള്ള ദ്രോഹങ്ങള്‍ തടുക്കാനും മനസ്സ് ശാന്തമാകാനുമെല്ലാം ദിക്ര്‍ അത്യാവശ്യമാണ്.

  ഏറ്റവും നല്ല കര്‍മമായും, അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും സംശുദ്ധമായതും പദവികള്‍ ഏറെ ലഭിക്കുന്നതും സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാളും ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിനേക്കാളും ഉത്തമമായതുമായ കാര്യമായി നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചത് ദിക്റിനെയാണ്. അത്രത്തോളം മഹത്വം അല്ലാഹുവിനെ സ്മരിക്കുന്നതിനുണ്ട് എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നത്.

  ഇബ്നുല്‍ ക്വയ്യിം رحمه اللهُ തന്‍റെ അല്‍ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തില്‍ അറുപതിലധികം ശ്രേഷ്ടതകള്‍ ദിക്റിനുണ്ട് എന്ന് വിശദീകരിച്ചിട്ടുണ്ട്.

  ഏതേത് സമയത്തും അല്ലാഹുവിനെ ഓര്‍ക്കാന്‍ നാം ശ്രമിക്കുക. തസ്ബീഹുകളും, തഹ്ലീലുകളും തക്ബീറുകളും ഹൗക്വലയും ഹംദുകളും ഇസ്തിഗ്ഫാറുകളും കൊണ്ട് മനസ്സും നാവും നനവുള്ളതാവട്ടെ.

 

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...