ഫോളോ ചെയ്യാം

Monday, 10 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 143 دروس الحديث - നബി صلى الله عليه وسلم ക്ക് നര ബാധിപ്പിച്ച സൂറത്തുകള്‍

 


നബി صلى الله عليه وسلم ക്ക് 

നര ബാധിപ്പിച്ച സൂറത്തുകള്‍

عَنِ ابْنِ عَبَّاسٍ، قَالَ: قَالَ أَبُو بَكْرٍ: يَا رَسُولَ اللهِ قَدْ شِبْتَ، قَالَ: شَيَّبَتْنِي هُودٌ، وَالوَاقِعَةُ، وَالمُرْسَلاَتُ، وَعَمَّ يَتَسَاءَلُونَ، وَ {إِذَا الشَّمْسُ كُوِّرَتْ} رواه الترمذي، صحيح 

ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: അബൂബക്കര്‍ رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ .. നിങ്ങള്‍ക്ക് നര ബാധിച്ചല്ലോ.. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഹൂദ്, അല്‍ വാക്വിഅ, അല്‍ മുര്‍സലാത്ത്, (عَمَّ يَتَسَاءَلُونَ)(إِذَا الشَّمْسُ كُوِّرَتْ) (എന്നീ സൂറത്തുകളാണ്) എന്നെ നരപ്പിച്ചത്. (തിര്‍മിദി)

വിവരണം

  •  വിശുദ്ധ ക്വുര്‍ആന്‍ ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഗ്രന്ഥമാണ്. അതിനെ ആ നിലക്ക് സമീപിക്കാന്‍ വിശ്വാസിക്ക് കഴിയണം.
  •  വിശുദ്ധ ക്വുര്‍ആനിലെ ചില സൂറത്തുകള്‍ക്ക് പ്രത്യേകം ശ്രേഷ്ടതയുണ്ട്. നബി صلى الله عليه وسلم അവ നമുക്ക് വ്യക്തമാക്കി തന്നിട്ടുമുണ്ട്. അവ നമ്മള്‍ അറിയുകയും ആ സൂറത്തുകളെ ജീവിതത്തില്‍ നടപ്പിലാക്കുകയും വേണം.

  •  നബി صلى الله عليه وسلم ക്ക് നര ബാധിച്ചതിനെ കുറിച്ച് അബൂബക്കര്‍ رضي الله عنه ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് ഈ ഹദീസില്‍ ഉള്ളത്. ഈ ഹദീസില്‍ പറയപ്പെട്ട അഞ്ച് സൂറത്തുകള്‍ പാരായണം ചെയ്ത് അവയില്‍ ചിന്തിച്ചതിനാലാണ് നര ബാധിച്ചത് എന്നാണ് നബി صلى الله عليه وسلم  അറിയിച്ചിരിക്കുന്നത്.

  •  ഏകദേശം ഇരുപതോളം നരച്ച മുടികളാണ് നബി صلى الله عليه وسلم യുടെ തലയിലും താടിയിലും ഉണ്ടായിരുന്നത്.
  •  ഹൂദ്, വാക്വിഅ, മുര്‍സലാത്ത്, നബഅ്, തക്വ് വീര്‍ എന്നീ സൂറത്തുകളില്‍ മുന്‍കാല സമുദായങ്ങളുടെ പതനങ്ങളെ കുറിച്ചും, അവര്‍ക്കേറ്റ വിവിധ ശിക്ഷകളെ കുറിച്ചും, അന്ത്യദിനത്തിന്‍റെ ഭീകരതകളെയും അത്ഭുതങ്ങളേയും കുറിച്ചും, അല്ലാഹുവിന്‍റെ ശിക്ഷകള്‍ക്ക് അര്‍ഹരാകുന്നവരുടെ അവസ്ഥകളെ കുറിച്ചും പ്രതിപാദിക്കുന്നതിനാലാണ് ഈ സൂറത്തുകള്‍ വ്യതിരിക്തമാകുന്നത്. ചിന്തിക്കുന്നവര്‍ക്ക് ധാരാളം പാഠങ്ങള്‍ നല്‍കുന്ന അധ്യായങ്ങളാണിവ.


സൂറത്തു ഹൂദില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങള്‍

1- ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് തെളിവ് സഹിതം വ്യക്തമാക്കല്‍.

2- സൃഷ്ടികളുടെ രഹസ്യങ്ങളെല്ലാം അറിയുന്നവനാണ് അല്ലാഹു. സൃഷ്ടികള്‍ക്കുള്ള വിഭവങ്ങള്‍ അല്ലാഹു ഉറപ്പാക്കിയിരിക്കുന്നു എന്നീ കാര്യങ്ങള്‍.

3- ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിച്ചും, പ്രതിഫലം നല്‍കുന്നതിനെ കുറിച്ചും.

4- ക്ഷാമ കാലത്തും ഐശ്വര്യ കാലത്തുമുള്ള ആളുകളുടെ അവസ്ഥകളെ കുറിച്ച്.

5- മുശ്രിക്കുകള്‍ പറയുന്ന കാര്യങ്ങള്‍ക്കെതിരില്‍ നബി صلى الله عليه وسلم യെ സ്ഥിരപ്പെടുത്തല്‍.

6- സത്യനിഷേധികളുടേയും സത്യവിശ്വാസികളുടേയും അവസ്ഥ വിശദീകരിക്കല്‍.

7- മുന്‍കാല നബിമാരുടെയും അവരുടെ സമൂഹങ്ങളുടേയും അവസ്ഥകളും, ചരിത്രങ്ങളും അവയില്‍ നിന്നുള്ള പാഠങ്ങളും വിശദീകരിക്കല്‍

8- സൗഭാഗ്യം ലഭിക്കാന്‍ കാരണമാകുന്ന ഇസ്തിക്വാമത്ത്, നമസ്കാരം, അക്രമികളിലേക്ക് ചായ്വ് പ്രകടിപ്പിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കല്‍

9- കഥകളിലും നബിമാരുടെ ചരിത്രങ്ങളിലുമുള്ള പ്രയോജനങ്ങള്‍ വിവരിക്കല്‍

10- എല്ലാ അവസ്ഥയിലും അല്ലാഹുവില്‍ തവക്കുല്‍ ആക്കാനുള്ള കല്‍പനയോടെയാണ് ഈ സൂറത്ത് അവസാനിക്കുന്നത്.


സൂറത്തുല്‍ വാക്വിഅയില്‍ പറയപ്പെട്ടിട്ടുള്ള പ്രധാന വിഷയങ്ങള്‍

1- അന്ത്യദിനത്തിന്‍റെ അവസ്ഥകളെ കുറിച്ചും ഭീകരതകളെ കുറിച്ചും വ്യക്തമാക്കുന്നു.

2- അന്ത്യദിനത്തോടനുബന്ധിച്ച് ഭൂമിയും പര്‍വ്വതങ്ങളും തകരുന്നതിനെ കുറിച്ച്.

3- മൂന്ന് തരം ആളുകളെ കുറിച്ച് അറിയിക്കുന്നു. 

ഒന്ന്: വലത് പക്ഷക്കാര്‍, 

രണ്ട്: ഇടത് പക്ഷക്കാര്‍, 

മൂന്ന്: മുന്‍ കടന്നവര്‍.

4- മുഴുവന്‍ ജനങ്ങളും അന്ത്യദിനത്തില്‍ ഒരുമിച്ച് ചേര്‍ക്കപ്പെടും. ആ ദിനത്തിലെ അവസ്ഥകള്‍ വിവരിക്കല്‍.

5- സ്രഷ്ടാവ് ഉണ്ടെന്നതിനുള്ള തെളിവ് സ്ഥാപിക്കല്‍.

6- ഉയിര്‍ത്തെഴുന്നേല്‍പ്പ്, ഒരുമിച്ച് കൂട്ടല്‍, വിചാരണ എന്നിവക്കുള്ള തെളിവ് വ്യക്തമാക്കല്‍

7- മരണത്തെ കുറിച്ചുള്ള വിവരണം.

8- സ്വര്‍ഗ്ഗക്കാരുടേയും നരകക്കാരുടേയും അവസ്ഥകള്‍ വിശദീകരിക്കല്‍.



സൂറതുല്‍ മുര്‍സലാത്തില്‍ വിശദീകരിക്കപ്പെട്ട പ്രധാന വിഷയങ്ങള്‍

1- അല്ലാഹുവിന്‍റെ മഹത്വത്തെ കുറിച്ചും കഴിവുകളെ കുറിച്ചുമുള്ള വിവരണം

2- സത്യ നിഷേധികള്‍ക്കുള്ള താക്കീതുകള്‍

3- അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ ചിലതിനെ കുറിച്ചുള്ള വിവരണങ്ങള്‍

4- സത്യനിഷേധികള്‍ക്ക് ഭൂമിയില്‍ സുഖങ്ങള്‍ നല്‍കി അയച്ച് വിടും, പിന്നീട് അവര്‍ക്ക് നാശവും ശിക്ഷകളുമുണ്ടാകുമെന്ന അറിയിപ്പ്.


സൂറത്തുന്നബഇല്‍ വിശദീകരിക്കുന്ന പ്രധാന വിഷയങ്ങള്‍

1- മരണ ശേഷമുള്ള ജീവിതത്തെ കുറിച്ച് ജനങ്ങള്‍ ചോദിക്കുന്ന കാര്യത്തെ കുറിച്ച് തുടങ്ങി മരണ ശേഷം ആളുകളെ ജീവിപ്പിക്കും എന്നതിനുള്ള തെളിവുകള്‍ വ്യക്തമാക്കല്‍.

2- അല്ലാഹു സംവിധാനിച്ച ധാരാളം അനുഗ്രഹങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍.

3- അന്ത്യദിനം വരുമെന്നും സ്വര്‍ഗ്ഗവും നരകവും യാഥാര്‍ത്ഥ്യമാണെന്നുമുള്ള വിവരണം

4- നല്ല ആളുകള്‍ക്ക് വിജയമുണ്ടെന്നും അല്ലാത്തവര്‍ക്ക് ശിക്ഷകളുമുണ്ടെന്നുമുള്ള അറിയിപ്പുകള്‍

5- അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍ അറിയിക്കല്‍

16 അല്ലാഹുവിന്‍റെ ശിക്ഷയെ കുറിച്ചുള്ള താക്കീത്



സൂറതു തക്വ് വീറില്‍ വിവരിക്കുന്ന വിഷയങ്ങള്‍

1- അന്ത്യദിനത്തിന്‍റെ അടയാളങ്ങളെ കുറിച്ച്

2- ഓരോരുത്തരും ജീവിതത്തില്‍ സമ്പാദിച്ചവ അവരവര്‍ അറിയുന്നതിനെ സംബന്ധിച്ച്

3- റസൂല്‍ صلى الله عليه وسلم യുടെ ദൗത്യത്തെ കുറിച്ച്

4- ഉദ്ദേശിക്കുന്നവര്‍ക്ക് ഇസ്തിക്വാമത്തില്‍ ആവാം എന്ന അറിയിപ്പ്.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...