ഫോളോ ചെയ്യാം

Saturday, 8 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 141 دروس الحديث - അല്ലാഹു ഇഷ്ടപ്പെട്ടവരെ അല്ലാഹു പരീക്ഷിക്കും

 



അല്ലാഹു ഇഷ്ടപ്പെട്ടവരെ  

അല്ലാഹു പരീക്ഷിക്കും

عَنْ أَنَسِ بْنِ مَالِكٍ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنَّهُ قَالَ: «عِظَمُ الْجَزَاءِ مَعَ عِظَمِ الْبَلَاءِ، وَإِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ، فَمَنْ رَضِيَ فَلَهُ الرِّضَا، وَمَنْ سَخِطَ فَلَهُ السُّخْطُ»- رواه ابن ماجه حسن 

അനസ് رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: പരീക്ഷണങ്ങളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രതിഫലത്തിന്‍റെ വലിപ്പം. നിശ്ചയം അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവരെ പരീക്ഷിക്കും. (അവയില്‍) ആരെങ്കിലും തൃപ്തിപ്പെട്ടാല്‍ അവന് (അല്ലാഹുവിന്‍റെ) തൃപ്തിയുണ്ട്, ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അവന് (അല്ലാഹുവിന്‍റെ) കോപമുണ്ട്. (ഇബ്നുമാജ)

വിവരണം

 അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവന്‍ അവനെ പരീക്ഷിക്കും എന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. അപ്പോള്‍ പരീക്ഷണങ്ങള്‍ വരുമ്പോള്‍ ദുഖിച്ച് കാലം കഴിക്കുകയല്ല വേണ്ടത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും നന്‍മകള്‍ അധികരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

 പരീക്ഷണങ്ങളും പ്രയാസങ്ങളും നമ്മുടെ ജീവിതത്തില്‍ വരുന്ന തെറ്റു കുറ്റങ്ങള്‍ മായ്ക്കുന്നവയാണ്. അല്ലാഹുവിന് ഇഷ്ടമുള്ളവരെ പരീക്ഷിക്കുന്നതില്‍ അല്ലാഹുവിന് കൃത്യമായ ഹിക്മത്ത് ഉണ്ട്.

 ക്ഷീണമോ, തളര്‍ച്ചയോ, മനഃപ്രയാസമോ, ദുഖമോ, രോഗമോ തുടങ്ങി ഒരു മുള്ള് തറച്ചാല്‍ പോലും അതില്‍ വിശ്വാസിക്ക് ഗുണമുണ്ട്. അതിലൂടെ അവന്‍റെ പാപങ്ങള്‍ കൊഴിഞ്ഞ് പോകുമെന്നാണ് നബി صلى الله عليه وسلم അറിയിച്ചിട്ടുള്ളത്.

 ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് പ്രവാചകന്‍മാര്‍ക്കാണ്. പിന്നെ അവരെപ്പോലെയുള്ളവര്‍ക്ക്, പിന്നെ അവരെപ്പോലെയുള്ളവര്‍ക്ക് എന്ന് നബി صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.

 സ്നേഹം എന്ന വിശേഷണം അല്ലാഹുവിനുണ്ട് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. അത് അല്ലാഹുവിന്‍റെ മഹത്വത്തിന് യോജിച്ച വിധമായിരിക്കും.

 വിശ്വാസിക്ക് പരീക്ഷണങ്ങള്‍ ഉണ്ടാവുക എന്നത് അവന്‍റെ വിശ്വാസത്തിന്‍റെ അടയാളമാണ്.

 അല്ലാഹുവിന്‍റെ വിധിയില്‍ തൃപ്തിയുണ്ടാവണം. അതിനോട് ദേഷ്യമുള്ളവരാവാന്‍ പാടില്ല.

 പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ ക്ഷമിക്കുകയാണ് വേണ്ടത് എന്ന് ഹദീസ് പഠിപ്പിക്കുന്നു.

 മനുഷ്യന്‍ വെറുക്കുന്നതായ ചില കാര്യങ്ങള്‍ അവന് നന്‍മയായി ഭവിക്കും.

 അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ നല്ലതിലും ദോഷമായതിലും ഉണ്ടായേക്കാം. അവയെ അതിന്‍റേതായ രൂപത്തില്‍ മനസ്സിലാക്കാന്‍ കഴിയണം. അല്ലാഹു പറയുന്നു:

(كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ) الأنبياء: ٣٥

ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

  ഓരോ പ്രയാസങ്ങളിലൂടെയും അല്ലാഹു അടിമകളെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷമായി പ്രയാസം അനുഭവപ്പെട്ടാലും അതിലൂടെ സംഭവിക്കുന്നത് ഗുണങ്ങളാണ്. ഇത് വിശ്വാസിക്ക് മാത്രം വ്യക്തമാകുന്ന കാര്യവുമാണ്.

   ജീവിതം തന്നെ പരീക്ഷണത്തിന് വേണ്ടിയാണെന്ന് ക്വുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. വിവിധ രൂപങ്ങളില്‍ അല്ലഹുവിന്‍റെ പരീക്ഷണങ്ങളെ മനുഷ്യന്‍ നേരിടേണ്ടി വരും . അല്ലാഹു പറയുന്നു:

(إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا) الإنسان: ٢

 കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

 ഏതൊരു പരീക്ഷണത്തിലും ക്ഷമിക്കാന്‍ കഴിയണം. അത്തരക്കാര്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളും കാരുണ്യങ്ങളും ഉണ്ടാകും. ക്ഷമയാണ് പരീക്ഷണങ്ങളില്‍ വിശ്വാസി സ്വീകരിക്കേണ്ട നിലപാട്. അല്ലാഹു പറയുന്നു:

(وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ * الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ * أُولَئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ ) البقرة: ١٥٥ - ١٥٧

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. * തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും * അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.

 പരീക്ഷണങ്ങളിലൂടെ വിശ്വാസിയുടെ പാപങ്ങള്‍ പൊറുക്കപ്പെടുകയും, പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. മനുഷ്യന്‍ അല്ലാഹുവിന് നിറവേറ്റേണ്ടതില്‍ വരുത്തിയ കുറവുകളെ കുറിച്ച് ബോധമുണ്ടാക്കുകയും, അല്ലാഹുവിലേക്ക് തൗബകളും ഇസ്തിഗ് ഫാറുകളും വര്‍ദ്ധിപ്പിക്കാനും അത് കാരണമാവുകയും ചെയ്യും. അല്ലാഹുവുമായിട്ടുള്ള ബന്ധം അത് ശക്തിപ്പെടുത്തും. അല്ലാഹുവിന്‍റെ ക്വദ്വാഅ് ക്വദറുകളിലുള്ള വിശ്വാസം ദൃഢമാവാന്‍ പരീക്ഷണങ്ങള്‍ കാരണമാവുകയും ചെയ്യും.

 പരീക്ഷണങ്ങളെ അക്ഷമയോടെയും കുറ്റപ്പെടുത്തലുകളോടെയും സമീപിക്കുന്നവരും, ക്ഷമയോടെയും അല്ലാഹുവില്‍ നല്ല വിചാരം വെച്ച് പുലര്‍ത്തിയും അവയെ നേരിടുന്നവരും, അല്ലാഹുവിന്‍റെ പരീക്ഷണങ്ങളില്‍ തൃപ്തിപ്പെട്ട് ക്ഷമയോടെയും നന്ദിയോടെയും സമീപിക്കുന്നവരും ഉണ്ടാകും.

 പരീക്ഷണങ്ങള്‍ സംജാതമായാല്‍ അത് ലഘൂകരിക്കന്ന അഞ്ച് കാര്യങ്ങള്‍

1- പ്രാര്‍ത്ഥന

2- നമസ്കാരം

3- ദാനധര്‍മങ്ങള്‍

4- ക്വുര്‍ ആന്‍ പാരായണം

5- إنا لله وإنا إليه راجعون എന്ന് പറയല്‍


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...