പരീക്ഷണങ്ങളില്‍ പതറാതെ ക്ഷമിക്കുക
عَنْ أَبِي هُرَيْرَةَ،
قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَا يَزَالُ
البَلَاءُ بِالمُؤْمِنِ وَالمُؤْمِنَةِ فِي نَفْسِهِ وَوَلَدِهِ وَمَالِهِ حَتَّى
يَلْقَى اللَّهَ وَمَا عَلَيْهِ خَطِيئَةٌ»: «هَذَا حَدِيثٌ حَسَنٌ صَحِيحٌ»-رواه
الترمذي 2399- حسن صحيح
അബൂ ഹുറൈറ رضي الله عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു വിശ്വാസിക്കും വിശ്വാസിനിക്കും തന്‍റെ സ്വന്തത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണം ഉണ്ടായിക്കൊണ്ടിരിക്കും. പാപങ്ങളില്ലാത്തവനായി അവന്‍ അല്ലാഹുവിനെ കണ്ടു മുട്ടുന്നത് വരെ (പരീക്ഷണങ്ങളുണ്ടാവും).
വിവരണം
വിശ്വാസിയുടെയും വിശ്വാസിനിയുടേയും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടാകും. ഒന്നിനു പിറകെ മറ്റൊന്നായി അവ വന്ന് കൊണ്ടേയിരിക്കും. പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും അതിലൂടെ ലഭിക്കുന്ന പ്രതിഫലങ്ങളും നേട്ടങ്ങളും മനസ്സിലാക്കി പരീക്ഷണങ്ങളെ നേരിടണമെന്നുമാണ് ഹദീസ് സൂചന നല്‍കുന്നത്.
പരീക്ഷണങ്ങള്‍ നിരവധിയാണ്. സ്വന്തത്തിലും, സന്താനത്തിലും സമ്പത്തിലും ഉണ്ടാകുന്ന പരീക്ഷണങ്ങളെയാണ് ഈ ഹദീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇവ ഒരു വിശ്വാസിക്ക് നേരിടുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും വലിയവയാണ്.
ഒരു മനുഷ്യന്‍റെ സ്വന്തത്തില്‍ മനഃപ്രയാസങ്ങളും, ദുഖങ്ങളും, രോഗങ്ങളും, അഭിമാന ക്ഷതങ്ങളും, പട്ടിണിയും, പോലെയുള്ള പരീക്ഷണങ്ങള്‍ ഉണ്ടാകാം. അത്തരം എല്ലാ പരീക്ഷണങ്ങളിലും ക്ഷമിക്കണം.
സന്താനത്തിലുണ്ടാകുന്ന പരീക്ഷണങ്ങള്‍, മക്കളാല്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്നതായ എല്ലാ കാര്യങ്ങളും അതില്‍ ഉള്‍പ്പെടും. അവ സന്താനങ്ങളുടെ മരണമാകാം, അവരുടെ രോഗമാകാം, അവരുടെ പരാജയങ്ങളാകാം, അവരുടെ മോശം ജീവിതമാകാം. ഈ കാര്യങ്ങള്‍ സംഭവിക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് പാപങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള അവസരം ഉണ്ടാകും.
ബിസിനസ് പരാജയം, മോഷണം, നഷ്ടപ്പെടല്‍, കടം കൊടുത്തത് കിട്ടാതിരിക്കല്‍ പോലെയുള്ള സമ്പത്തിലുള്ള നഷ്ടങ്ങള്‍ ആണ് വിശ്വാസി അഭിമുഖീകരിക്കുന്ന മറ്റൊരു പരീക്ഷണം.
പരീക്ഷണങ്ങളില്‍ ക്ഷമിക്കുക എന്നത് യഥാര്‍ത്ഥ വിശ്വാസികളുടെ മാത്രം ഗുണമാണ്. ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് വിശുദ്ധ ക്വുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് പോലെ ക്ഷമയവലംഭിക്കുന്നവര്‍ക്ക് കണക്കറ്റ പ്രതിഫലങ്ങള്‍ ഉണ്ടായിരിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.
ഒരു വിശ്വാസിക്ക് മുള്ള് തറക്കുന്നത് പോലും നന്‍മയാണ്, അതിലൂടെ വരെ അല്ലാഹു അവന്‍റെ പാപങ്ങള്‍ മായ്ച്ച് കൊടുക്കും.
ജീവിതത്തില്‍ പരീക്ഷണങ്ങള്‍ വരുന്നതിലൂടെ അവ നമ്മെ ശുദ്ധീകരിക്കാനുള്ള സന്ദര്‍ഭങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.
പരീക്ഷണങ്ങളുടെ കാഠിന്യം കൂടുന്തോറും പാപമോചനം സാധ്യമാവുകയും അല്ലാഹുവിന്‍റെ അടുക്കല്‍ പദവികള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
പരീക്ഷണങ്ങള്‍ തുടരെത്തുടരെ അനുഭവിക്കുന്ന സാഹചര്യമുള്ളവന് നാളെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ അവന്‍ പാപരഹിതനായിട്ടുണ്ടാകും എന്നാണ് ഈ ഹദീസിന്‍റെ അവസാനത്തിലുള്ളത്. ഇത് സാധ്യമാകണമെങ്കില്‍ പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും ഇസ്ലാമികമായ അച്ചടക്കങ്ങള്‍ പാലിക്കുകയും ചെയ്യണം.
നബിമാര്‍ക്ക് പോലും കഠിനമായ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും കഠിനമായ പരീക്ഷണം നേരിട്ടത് നബിമാരാണെന്നും പിന്നെ അവരെപ്പോലുള്ളവര്‍ക്കും പിന്നെ അവരെപ്പോലുള്ളവര്‍ക്കുമാണെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്.
അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പരീക്ഷണങ്ങള്‍ കൊണ്ട് പാപ മോചനം നല്‍കുക എന്നത് അല്ലാഹുവിന്‍റെ കാരുണ്യമാണ്. മാത്രമല്ല അവയില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയറിയിക്കാന്‍ അല്ലാഹു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോട് കല്‍പിച്ചിട്ടുമുണ്ട്.

No comments:
Post a Comment