ഫോളോ ചെയ്യാം

Thursday, 27 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 160 دروس الحديث - അതിക്രമവും കുടുംബ ബന്ധം മുറിക്കലും

 


അതിക്രമവും 

കുടുംബ ബന്ധം മുറിക്കലും

عَنْ أَبِي بَكْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ تَعَالَى لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا، مَعَ مَا يَدَّخِرُ لَهُ فِي الْآخِرَةِ مِثْلُ الْبَغْيِ وَقَطِيعَةِ الرَّحِمِ» - رواه أبو داود:4902 -صحيح 

അബൂബക്റ رضي اللهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അതിക്രമവും കുടുംബ ബന്ധം വിച്ഛേദിക്കലും പോലെ പരലോകത്തേക്ക് (ശിക്ഷക്ക്) സംഭരിച്ചു വെക്കുന്നതോടൊപ്പം ഇഹലോകത്തില്‍ തന്നെ അല്ലാഹു ശിക്ഷ വേഗത്തിലാക്കുന്ന വിധത്തിലുള്ള തിന്‍മ വേറെയില്ല.

വിവരണം

കര്‍മങ്ങളുടെ അനന്തര ഫലം ഇഹലോകത്തും പരലോകത്തും അനുഭവിക്കേണ്ടി വരും. എന്നാല്‍ ചില കര്‍മങ്ങള്‍ക്കുള്ള അനന്തര ഫലം വേഗത്തില്‍ അനുഭവിക്കേണ്ടി വരും. ഈ ദുന്‍യാവില്‍ വെച്ച് തന്നെ അവ കാണേണ്ടി വരും. അതോടൊപ്പം പരലോകത്തും അതിന്‍റെ ശിക്ഷയുണ്ടാവും. ഈ വിഷയമാണ് ഈ ഹദീസില്‍ പരമാര്‍ശിച്ചിട്ടുള്ളത്. 

അക്രമങ്ങളും കുടുംബ ബന്ധം വിച്ഛേദിക്കലും വലിയ തെറ്റാണ്. അവക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷയുണ്ട്.

ചില തിന്‍മകള്‍ക്കുള്ള ശിക്ഷകള്‍ ഇഹലോകത്ത് അനുഭവിക്കേണ്ടി വരും, എന്നാല്‍ അവക്ക് പരലോകത്ത് ശിക്ഷയുണ്ടാവില്ല എന്നും ഹദീസുകളില്‍ ഉണ്ട്. അല്ലാഹു ഒരു അടിമക്ക് നന്‍മ ഉദ്ദേശിച്ചാല്‍ അവന്‍റെ പാപങ്ങള്‍ക്കുള്ള ശിക്ഷകള്‍ ഈ ലോകത്ത് വെച്ച് തന്നെ നല്‍കും. എന്നാല്‍ അല്ലാഹു ഒരു അടിമക്ക് തിന്‍മ ഉദ്ദേശിച്ചാല്‍ അവന്‍റെ പാപത്തെ പരലോകത്തെ പരിപൂര്‍ണ്ണ ശിക്ഷക്കായി മാറ്റി വെക്കുകയും ചെയ്യും.

ദുന്‍യാവിലുള്ള ശിക്ഷകള്‍ പല വിധമായിരിക്കും, അവന്‍റെ സ്വന്തത്തിലോ, സമ്പത്തിലോ, കുടുംബത്തിലോ, സന്താനങ്ങളിലോ ആയിട്ട് അവനത് അനുഭവിക്കേണ്ടി വരും.

രണ്ട് ലോകത്തും ശിക്ഷകള്‍ ലഭിക്കുന്ന പാപങ്ങളായി ഈ ഹദീസില്‍ പറഞ്ഞത് അതിക്രമവും, കുടുംബ ബന്ധം മുറിക്കലുമാണ്. ഇതിന് പുറമേ വഞ്ചനയും, കളവും ഈ ഗണത്തില്‍ പെടുമെന്ന് വേറെ ഹദീസിലുണ്ട്.

കുടുംബ ബന്ധം മുറിച്ചാല്‍ ഈ ലോകത്ത് തന്നെ ശിക്ഷ ലഭിക്കും എന്നത് പോലെ കുടുംബ ബന്ധം ചേര്‍ത്താല്‍ അതിന്‍റെ പ്രതിഫലം ഈ ലോകത്ത് വെച്ചും ലഭിക്കും എന്നും ഹദീസില്‍ വന്നിട്ടുണ്ട്.

അല്ലാഹുവിന്‍റെ ശിക്ഷകള്‍ വിവിധ ഇനങ്ങളുണ്ട്. ഇഹലോകത്ത് വെച്ചുള്ള ശിക്ഷകള്‍, ക്വബ്റില്‍ വെച്ചുള്ള ശിക്ഷകള്‍, പരലോകത്തെ ശിക്ഷകള്‍ എന്നിവയാണ് അവ.

അക്രമങ്ങള്‍
അക്രമം വലിയ തിന്‍മയാണ്. ആരും ആരെയും അക്രമിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അക്രമങ്ങള്‍ അന്ത്യദിനത്തില്‍ അന്ധകാരങ്ങളായിരിക്കും.

ശത്രുതയും അതിക്രമങ്ങളും സമൂഹത്തില്‍ ഭിന്നിപ്പും ഛിദ്രതകളുമാണ് ഉണ്ടാക്കുക.

അന്യായമായ അക്രമങ്ങളെ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഒരാളും ഒരാളോടും അതിക്രമം കാട്ടരുതെന്ന് എനിക്ക് അല്ലാഹു വഹ്'യ് നല്‍കിയിട്ടുണ്ടെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യും അറിയിച്ചിട്ടുണ്ട്.

അതിക്രമങ്ങള്‍ പല വിധമുണ്ട്. ഒരാള്‍ തന്‍റെ സ്വന്തത്തില്‍ ചെയ്യുന്ന അതിക്രമങ്ങളും, മറ്റുള്ളവരോട് ചെയ്യുന്ന അക്രമങ്ങളും അതില്‍ പെടും.

കുടുംബ ബന്ധം ചേര്‍ക്കല്‍
കുടുംബ ബന്ധം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും അത് നമ്മെ പഠിപ്പിക്കുന്നുണ്ട്. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ത്തു കൊളളട്ടെ എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.

മാതാപിതാക്കളോടും, കുടുംബത്തിലെ മറ്റുള്ളവരോടും ഉള്ള ബന്ധങ്ങള്‍ സുദൃഢമായിരിക്കണം. മാതാപിതാക്കളോട് പോലും ബന്ധങ്ങള്‍ ഇല്ലാത്ത അവസ്ഥകള്‍ ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്നണ്ട്. ഇതിന്‍റെയെല്ലാം അനന്തര ഫലങ്ങള്‍ കടുത്തതായിരിക്കും

മനുഷ്യനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ കുടുംബ ബന്ധം ചേര്‍ക്കുന്നതിനെ എണ്ണിയിട്ടുണ്ട്.

കുടുംബ ബന്ധം ചേര്‍ക്കുന്നവരോട് അല്ലാഹുവും ബന്ധം ഉള്ളവനാകും, അത് മുറിക്കുന്നവരോടുള്ള ബന്ധം അല്ലാഹുവും ഇല്ലാതാക്കും

കുടുംബത്തിലെ ആളുകള്‍ ബന്ധം മുറിച്ചാലും ദ്രോഹിച്ചാലും ബന്ധം നില നിര്‍ത്തണമെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

ആയുസില്‍ വര്‍ദ്ധനവും, ഭൗതിക വിഭവങ്ങളില്‍ വിശാലതയും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ത്ത് കൊള്ളട്ടെ എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്.

കുടുംബ ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല എന്നും ഹദീസില്‍ വന്നിട്ടുണ്ട്.

കുടുംബ ബന്ധം ചേര്‍ക്കാനുള്ള വഴികള്‍
1- സന്ദര്‍ശനങ്ങള്‍
2- ആഥിത്യമരുളല്‍
3- കുടുംബാംഗങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കല്‍
4- ദാനം ചെയ്യല്‍
5- അവരിലെ രോഗികളെ സന്ദര്‍ശിക്കല്‍
6-പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സന്ധിയുണ്ടാക്കല്‍
7- അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കല്‍
തുടങ്ങിയ കാര്യങ്ങള്‍ മുഖേന ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ സാധിക്കും.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...