അസൂയ അപകടമാണ്
عَنْ ضَمُرَةَ بْنِ ثَعْلَبَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لاَ يَزَالُ النَّاسُ بِخَيْرٍ مَا لَمْ يَتَحَاسَدُوا. - المعجم الكبير للطبراني: 8157- صحيح
ളമുറത്തു ബ്നു ഥഅ്ലബ رضي اللَّهُ عنه നിവേദനം, റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ജനങ്ങള്‍ പരസ്പരം അസൂയ കാണിക്കാത്തിടത്തോളം അവര്‍ നന്‍മയിലായിരിക്കും.
വിവരണം
അസൂയയുടെ അനന്തര ഫലത്തേയും അതില്ലാതിരുന്നാലുള്ള നേട്ടത്തേയും അറിയിക്കുന്ന ഹദീസ് ആണ് ഇത്.
സൃഷ്ടികളില്‍ ഒന്നാമതായി സംഭവിച്ച പാപമാണ് അസൂയ. ഇബ്ലീസ് ആദം عليه السلام യുടെ കാര്യത്തില്‍ അസൂയ കാണിച്ചു. അതിന്‍റെ അനന്തര ഫലം കടുത്തതായിരുന്നു. പിന്നെ ആദം عليه السلام യുടെ മകന്‍ ക്വാബീല്‍ ഹാബീലിന്‍റെ വിഷയത്തില്‍ അസൂയ കാണിച്ചു, അത് കൊലപാതകത്തിലേക്ക് വരെ എത്തി എന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നു.
നന്‍മയുടേയും, അനുഗ്രഹത്തിന്‍റേയും പേരിലാണ് അസൂയ സംഭവിക്കുക. ഒരാള്‍ക്ക് ഉണ്ടാകുന്ന അനുഗ്രഹത്തില്‍ വേറൊരാള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും അത് നീങ്ങിപ്പോകാന്‍ വേണ്ടി ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത് രണ്ടാള്‍ക്കും ദ്രോഹമായി ഭവിക്കുന്ന കാര്യമാണ്.
ഇനി ഒരാള്‍ക്ക് ഉണ്ടാകുന്ന അനുഗ്രഹം പോലെയുളളത് എനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരാള്‍ ഇഷ്ടപ്പെട്ടാല്‍ അതിന് കുഴപ്പമില്ല. അനുഗ്രഹം കിട്ടിയവനില്‍ നിന്ന് അത് നഷ്ടപ്പെടട്ടെ എന്ന ചിന്ത ഉണ്ടാകാതിരുന്നാല്‍ മതി.
തനിക്ക് കിട്ടിയില്ലെങ്കിലും അവനില്‍ നിന്ന് പോകണം എന്ന് ചിന്തിക്കുന്ന അവസ്ഥയും അസൂയാലുവില്‍ ഉണ്ടാവാറുണ്ട്. വളരെ ദുഷിച്ച സ്വഭാവമാണിത്.
അവന്‍റേത് നഷ്ടപ്പെടണമെന്ന് ആഗ്രഹിച്ചാല്‍ അത് ആക്ഷേപകരവും അവന്‍ ചെയ്യുന്നത് അക്രമവുമാണ്.
പരസ്പരം അസൂയ കാണിക്കരുത് എന്ന് വിവിധ ശൈലിയില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചത് ഹദീസുകളില്‍ കാണാം.
അസൂയക്കാരന്‍റെ ദ്രോഹത്തില്‍ നിന്നും രക്ഷ ചോദിക്കാന്‍ വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു കല്‍പ്പിക്കുന്നത് അത് ദ്രോഹം ഉണ്ടാക്കും എന്നതിനാലാണ്.
ഈമാനും അസൂയയും ഒരാളുടെ ഹൃദയത്തില്‍ സംഗമിക്കുകയില്ല.
അസൂയയുടെ ഘട്ടങ്ങള്‍
1- മറ്റുള്ളവരില്‍ നിന്ന് അനുഗ്രഹം നീങ്ങിപ്പോകാന്‍ ആഗ്രഹിക്കല്‍.
2- മറ്റുള്ളവരില്‍ നിന്ന് അനുഗ്രഹം നീങ്ങിപ്പോകാന്‍ ആഗ്രഹിക്കലും അസൂയക്കാരന് അത് കിട്ടാന്‍ വഴിയില്ലെങ്കിലും അവനത് മോഹിക്കലും.
3- മറ്റുള്ളവന് ലഭിച്ച അനുഗ്രഹം തനിക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കല്‍, അവന്‍റെ അനുഗ്രഹം നീങ്ങിപ്പോകാന്‍ അയാള്‍ കൊതിക്കുന്നില്ല. ഇത് കൊണ്ട് കുഴപ്പമില്ല.
അസൂയയിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍
1- പകയും വിദ്വേഷവും ശത്രുതയും.
2- അധികാരവും പ്രശ്സ്തിയും ആഗ്രഹിക്കല്‍.
3- മറ്റുള്ളവര്‍ക്ക് അനുഗ്രഹങ്ങളും മറ്റും വന്ന് ചേരല്‍.
4- ദുന്‍യാവിനോടുള്ള അമിതമായ ഇഷ്ടം.
5- അഹങ്കാരം.
തുടങ്ങിയ കാര്യങ്ങള്‍ അസൂയയിലേക്കെത്തിക്കുന്നവയാണ്.
അസൂയയുടെ അനന്തര ഫലങ്ങള്‍
1- അത് നന്‍മകളെ ഇല്ലാതാക്കുന്നു.
2- പരിപൂര്‍ണ്ണ വിശ്വാസത്തെ അത് ഇല്ലാതാക്കുന്നു.
3- അല്ലാഹുവിന്‍റെ കോപവും തിന്‍മകള്‍ കൈവരിക്കലും സംഭവിക്കുന്നു.
4- ആളുകള്‍ അസൂയക്കാരനോട് ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.
5- ആളുകള്‍ക്കിടയില്‍ ശത്രുത ഉണ്ടാകുന്നു.
6- അസൂയക്കാരന്‍ കളവുകളും, ഏഷണിയും പരദൂഷണങ്ങളും പറയുകയും രഹസ്യങ്ങള്‍ പരസ്യമാക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
മറ്റുള്ളവര്‍ തന്നോട് അസൂയ കാണിക്കുന്നു എന്ന് തോന്നിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍
1- തൗബയും ഇസ്തിഗ്ഫാറും ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങല്‍.
2- അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍.
3- ദിക്റുകളും പ്രാര്‍ത്ഥനകളും കൊണ്ട് അല്ലാഹുവിനോട് സഹായം ചോദിക്കല്‍.
4- അസൂയക്കാരനില്‍ നിന്ന് രക്ഷ കിട്ടാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കല്‍.
5- അസൂയക്കാരോട് നീതിയുക്തം ഇടപെടല്‍, അവരോട് അത് പോലെ പ്രതികാരം ചെയ്യാതിരിക്കല്‍.
6- അസൂയക്കാര്‍ക്ക് നല്ലത് ചെയ്ത് കൊടുക്കല്‍. ഇത് മുഖേന അവര്‍ അസൂയ ഉപേക്ഷിക്കാന്‍ ഇടവരും.
7- അസൂയക്കാരോട് തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ പറയാതിരിക്കല്‍.
8- വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ട പ്രാര്‍ത്ഥനകളും ദിക്റുകളും പതിവാക്കല്‍.
അസൂയ കാണിക്കുന്നവര്‍ അവര്‍ ചെയ്യുന്ന വിപത്തിനെ കുറിച്ച് ഓര്‍ക്കുകയും അതിന്‍റെ അനന്തര ഫലങ്ങളെ കുറിച്ച് ബോധമുള്ളവരാവുകയും വേണം. അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ഇസ്ലാമിക മര്യാദകള്‍ പാലിച്ച് മാത്രം മറ്റുള്ളവരോട് ഇടപെടുകയും വേണം. അസൂയ ഒരിക്കലും നന്‍മ കൊണ്ട് വരില്ല എന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കണം.

No comments:
Post a Comment