ഫോളോ ചെയ്യാം

Thursday, 6 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 139 دروس الحديث - മഹ്ശരിലെ അവസ്ഥകള്‍ കഠിനമാണ്..

 


മഹ്ശരിലെ അവസ്ഥകള്‍ കഠിനമാണ്..

أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «تُحْشَرُونَ حُفَاةً عُرَاةً غُرْلًا» قَالَتْ عَائِشَةُ: فَقُلْتُ: يَا رَسُولَ اللَّهِ، الرِّجَالُ وَالنِّسَاءُ يَنْظُرُ بَعْضُهُمْ إِلَى بَعْضٍ؟ فَقَالَ: «الأَمْرُ أَشَدُّ مِنْ أَنْ يُهِمَّهُمْ ذَاكِ»- رواه البخاري ومسلم

ആഇശ رضي اللهُ عنها പറഞ്ഞു: റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിരിക്കുന്നു. (പരലോകത്ത്) നിങ്ങള്‍ നഗ്നപാദരായും, നഗ്നരായും, ചേലാകര്‍മം ചെയ്യപ്പെടാത്തവരായും ഒരുമിച്ച് ചേര്‍ക്കപ്പെടും. ആഇശ رضي اللهُ عنها പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. സ്ത്രീകളും പുരുഷന്‍മാരും പരസ്പരം നോക്കില്ലേ..? റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അത് ചിന്തിക്കുന്നതിനേക്കാള്‍ കഠിനമാണ് (അവിടത്തെ) കാര്യം. (ബുഖാരി, മുസ്ലിം)

വിവരണം

  • അന്ത്യദിനം കഠിനവും ഭയാനകവുമാണ്, എല്ലാവരും തങ്ങളുടെ റബ്ബിന്‍റെ മുമ്പില്‍ നില്‍ക്കുന്ന ദിനമാണത്. ഈ ദിനത്തിന്‍റെ വിശേഷണങ്ങളില്‍ ചിലത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. ആ ദിവസത്തിന് വേണ്ടി മനുഷ്യര്‍ തയ്യാറെടുപ്പ് നടത്തുന്നതിന് വേണ്ടിയാണത്.

  •  പരലോകത്തിലെ രംഗങ്ങളില്‍ പെട്ട ഒരു രംഗമാണ് ഈ ഹദീസിലൂടെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ വ്യക്തമാക്കുന്നത്. ആളുകള്‍ ക്വബ്റില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പുറപ്പെടുന്ന കാര്യമാണത്. പിറന്നപടിയായിരിക്കും പരലോകത്ത് മനുഷ്യര്‍ ഒരുമിച്ച് കൂട്ടപ്പെടുക, കയ്യിലും ശരീരത്തിലും ഒന്നുമില്ലാത്തവരായി.

അല്ലാഹു പറയുന്നു:

(كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ ) الأنبياء: ١٠٤

ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.

  • ഇല്ലായ്മയില്‍ നിന്ന് നമ്മെ സൃഷ്ടിച്ച അല്ലാഹുവിന് നമ്മെ വീണ്ടും സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ല.
  • ഈ ഹദീസില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ പ്രവാചകത്വത്തിന് തെളിവുണ്ട്. അത് പോലെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ ഹദീസുകള്‍ വഹ്'യ് ആണെന്നും വ്യക്തമാകുന്നു. കാരണം അദൃശ്യമായ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്. വഹ്'യിന്‍റെ അടിസ്ഥാനത്തിലല്ലാതെ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ സാധ്യമല്ല.

  • വിവസ്ത്രരായി ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ ആളുകള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന അവസ്ഥ അവിടെ ഉണ്ടാവില്ല. കാരണം ആ ദിനത്തിന്‍റെ ഭയാനകത അത്രത്തോളമാണ്. എല്ലാവരും അവനവന്‍റെ കാര്യങ്ങളില്‍ ഭയവിഹ്വലരായി നില്‍ക്കുന്ന സന്ദര്‍ഭമാണത്. അല്ലാഹു പറയുന്നു:

(يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ * وَأُمِّهِ وَأَبِيهِ * وَصَاحِبَتِهِ وَبَنِيهِ * لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ) عبس: ٣٤ - ٣٧

അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. * തന്‍റെ മാതാവിനെയും പിതാവിനെയും. * തന്‍റെ ഭാര്യയെയും മക്കളെയും. * അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
  • മരണ ശേഷമുള്ള ജീവിതത്തെ നിഷേധിക്കുന്നവരുണ്ട്. അവര്‍ വിവരമില്ലാത്ത കാര്യമാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോക സ്രഷ്ടാവായ അല്ലാഹു കാര്യങ്ങള്‍ വ്യക്തമായി തന്നെ മാലോകരെ അറിയിക്കുന്നു. 
അല്ലാഹു പറയുന്നു:

(وَقَالُوا إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ (29) وَلَوْ تَرَى إِذْ وُقِفُوا عَلَى رَبِّهِمْ قَالَ أَلَيْسَ هَذَا بِالْحَقِّ قَالُوا بَلَى وَرَبِّنَا قَالَ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ) الأنعام: ٢٩ - ٣٠ 

അവര്‍ പറഞ്ഞിരുന്നു; ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന്. * അവര്‍ അവരുടെ റബ്ബിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.

  • മഹ്ശറില്‍ എല്ലാവരേയും ഒരുമിച്ച് ചേര്‍ക്കപ്പെടും, ആരും അതില്‍ നിന്ന് വിട്ട് പോവുകയില്ല. അല്ലാഹു പറയുന്നു:

(وَيَوْمَ نُسَيِّرُ الْجِبَالَ وَتَرَى الْأَرْضَ بَارِزَةً وَحَشَرْنَاهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا) الكهف: ٤٧ 

പര്‍വ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ് നിരപ്പായ നിലയില്‍ ഭൂമി നിനക്ക് കാണുമാറാകുകയും, തുടര്‍ന്ന് അവരില്‍ നിന്ന് (മനുഷ്യരില്‍ നിന്ന്) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു.)

അല്ലാഹു പറയുന്നു:

'ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.    തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു., അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ് '.

  • മനുഷ്യരെപ്പോലെ മറ്റു ജീവജാലങ്ങളേയും അല്ലാഹു ഒരുമിച്ച് ചേര്‍ക്കും. അല്ലാഹു പറയുന്നു:

(وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ) الأنعام: ٣٨ 

ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.

  • മനുഷ്യരെല്ലാം വിചാരണ കാത്ത് നില്‍ക്കുന്ന വേദിയാണ് മഹ്ശര്‍. അവിടെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ജീവിതത്തില്‍ കണ്ടെത്താന്‍ അല്ലാഹു നമ്മെ സഹായിക്കുമാറാവട്ടെ..ആമീന്‍


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...