ഫോളോ ചെയ്യാം

Sunday, 30 November 2025

407 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 147- دروس الحديث - വെള്ളിയാഴ്ച ഫജ്ര്‍ നമസ്കാരത്തില്‍ പാരായണം ചെയ്യേണ്ടത്

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

വെള്ളിയാഴ്ച ഫജ്ര്‍ നമസ്കാരത്തില്‍ പാരായണം ചെയ്യേണ്ടത്


147 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: ((كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ: الم تَنْزِيلُ السَّجْدَةَ وَ: هَلْ أَتَى عَلَى الإِنْسَانِ)) .

അബൂ ഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم വെള്ളിയാഴ്ചത്തെ സുബ്ഹി നമസ്കാരത്തിൽ الم تَنْزِيلُ السَّجْدَةَ (സൂറത്തുസ്സജ്ദ), هَلْ أَتَى عَلَى الإِنْسَانِ (സൂറത്തുൽ ഇൻസാൻ) എന്നിവ പാരായണം ചെയ്യാറുണ്ടായിരുന്നു.

വിവരണം

    പ്രവാചകൻ മുഹമ്മദ് നബി صلى الله عليه وسلم തൻ്റെ മിക്ക ദിവസങ്ങളിലും ചില പ്രത്യേക നമസ്കാരങ്ങളിൽ, ചില നിശ്ചിത അധ്യായങ്ങൾ (സൂറത്തുകൾ) ഓതുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇതിന് പലതരം യുക്തികളുണ്ടായിരുന്നു, ഓതപ്പെടുന്ന സമയത്തിന് അനുയോജ്യമായ വിഷയങ്ങൾ ആ സൂറത്തുകളിൽ ഉണ്ടായിരുന്നത് ഒരു കാരണമാകാം.

    ഈ ഹദീസിൽ, അബൂ ഹുറൈറ رضي الله عنه പറയുന്നു: നബി صلى الله عليه وسلم വെള്ളിയാഴ്ചത്തെ സുബ്ഹി നമസ്കാരത്തിൽ, ഒന്നാം റക്അത്തിൽ സൂറത്തുസ്സജ്ദയും, രണ്ടാം റക്അത്തിൽ സൂറത്തുൽ ഇൻസാനും ഓതാറുണ്ടായിരുന്നു. മിക്കപ്പോഴും നബി صلى الله عليه وسلم ഇതാണ് പതിവാക്കിയിരുന്നത്.

 കാരണം: ഈ രണ്ട് സൂറത്തുകളിലും, മനുഷ്യ സൃഷ്ടിപ്പിന്‍റെ ആരംഭത്തെയും അന്ത്യത്തെയും (പരലോകത്തെയും) കുറിച്ച് വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന്:

  • ആദം നബി عليه السلام നെ സൃഷ്ടിച്ചതിനെക്കുറിച്ചും,

  • സൃഷ്ടികളെ ഒരുമിച്ചുകൂട്ടുന്നതിനെക്കുറിച്ചും,

  • ഖബറുകളിൽ നിന്ന് അവരെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ഉയർത്തെഴുന്നേൽപ്പിക്കുന്നതും,

  • അന്ത്യനാളിൻ്റെ അവസ്ഥകളും എന്നിവയുമുണ്ട്.

  • അന്ത്യനാൾ സംഭവിക്കുന്നത് വെള്ളിയാഴ്ച ആയിരിക്കും എന്നതും ഇതിന് ഒരു കാരണമാണ്.

    വെള്ളിയാഴ്ചത്തെ സ്വുബ്ഹി നമസ്കാരത്തിൽ ഈ രണ്ട് സൂറത്തുകൾ ഓതുന്നത് റസൂല്‍ صلى الله عليه وسلم യെ പിൻപറ്റുന്നതിൻ്റെ ഭാഗമാണ്.

    അതുപോലെ, ചിലപ്പോൾ മറ്റ് സൂറത്തുകൾ ഓതേണ്ടതാണെന്ന് ചില പണ്ഡിതർ പറയുന്നുണ്ട്. കാരണം, ഇത് രണ്ടും മാത്രമേ ഓതാൻ പാടുള്ളൂ എന്ന് ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് അത്. 

    ഈ രണ്ട് സൂറത്തുകള്‍ ഫജ്ര്‍ നമസ്കാരത്തില്‍ പാരായണം ചെയ്യുമ്പോള്‍, ഒന്നാം റക്അത്തിൽ സൂറത്തുസ്സജ്ദയും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇൻസാനും പാരായണം ചെയ്യുക. ഇത് ഒരിടത്തും മുറിക്കരുത് (ഭാഗികമായി പാരായണം ചെയ്ത് നിർത്തരുത്). നബി صلى الله عليه وسلم ചെയ്തതുപോലെ, ഈ രണ്ട് സൂറത്തുകളും മുഴുവനായി പാരായണം ചെയ്യണം. ഇതാണ് സുന്നത്ത്

    നമസ്കരിക്കുന്നയാൾ എല്ലാ വെള്ളിയാഴ്ചത്തെയും സ്വുബ്ഹി നമസ്കാരത്തിൽ ഈ രണ്ട് സൂറത്തുകൾ (സൂറത്തുസ്സജ്ദയും സൂറത്തുൽ ഇൻസാനും) മാത്രം സ്ഥിരമായി ഓതാതിരിക്കേണ്ടതാണ്. കാരണം, ഇതിലെ സുജൂദിൻ്റെ ആയത്ത് (സൂറത്തുസ്സജ്ദയിലെ) നിർബന്ധമാണെന്നും, അത് ഉപേക്ഷിച്ചാൽ ഫജ്ര്‍ നമസ്കാരം ശരിയാവില്ലെന്നും സാധാരണക്കാർക്കിടയിൽ പൊതുവായ തെറ്റിദ്ധാരണ പരക്കാനുള്ള സാധ്യതയുണ്ട്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വെള്ളിയാഴ്ച ഫജ്ര്‍ നമസ്കാരത്തില്‍ പാരായണം ചെയ്യേണ്ട സൂറത്തുകള്‍ ഏതൊക്കെയാണെന്ന് ഇതില്‍ വിവരിക്കുന്നു. 

2- സൂറത്തുല്‍ ഇന്‍സാന്‍, സൂറത്തു സ്സജ്ദ എന്നീ സൂറത്തുകളുടെ പ്രാധാന്യം ഇത് അറിയിക്കുന്നു.

3- ആരാധനാ കാര്യങ്ങളില്‍ നബി صلى الله عليه وسلم യെ പിന്തുടരേണ്ടതിന്‍റെ ആവശ്യകത ഈ ഹദീസ് അറിയിക്കുന്നു. 




Saturday, 29 November 2025

406 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 146- دروس الحديث -ജുമുഅയുടെ സമയം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജുമുഅയുടെ സമയം


146 - عَنْ سَلَمَةَ بْنِ الأَكْوَعِ - وَكَانَ مِنْ أَصْحَابِ الشَّجَرَةِ - رضي الله عنه قَالَ: ((كُنَّا نُصَلِّي مَعَ رَسُولِ اللَّهِ صلى الله عليه وسلم الْجُمُعَةَ ، ثُمَّ نَنْصَرِفُ. وَلَيْسَ لِلْحِيطَانِ ظِلٌّ نَسْتَظِلُّ بِهِ)) . 
وَفِي لَفْظٍ: ((كُنَّا نُجَمِّعُ مَعَ رَسُولِ اللَّهِ صلى الله عليه وسلم إذَا زَالَتْ الشَّمْسُ، ثُمَّ نَرْجِعُ فَنَتَتَبَّعُ الْفَيْءَ )) .

സലമത്ത് ബ്നുൽ അക്‌വഅ' رضي الله عنه (അദ്ദേഹം വൃക്ഷത്തിന്‍റെ അനുചരന്മാരിൽ (بيعة الرضوان) ഒരാളായിരുന്നു) നിന്ന് നിവേദനം. അദ്ദേഹം  പറഞ്ഞു: ((ഞങ്ങൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോടൊപ്പം ജുമുഅ നമസ്കരിക്കും, എന്നിട്ട് ഞങ്ങൾ പിരിഞ്ഞുപോകും. അപ്പോൾ മതിലുകൾക്ക് നമുക്ക് തണലെടുക്കാൻ തക്കതായ നിഴൽ ഉണ്ടായിരുന്നിരുന്നില്ല.))

 മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: ((സൂര്യൻ മധ്യത്തിൽ നിന്ന് മാറിയാൽ ഞങ്ങൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യോടൊപ്പം ജുമുഅ നിർവ്വഹിക്കും, എന്നിട്ട് ഞങ്ങൾ മടങ്ങുകയും തണൽ തേടി നടക്കുകയും ചെയ്യും.))

أَصْحَابُ الشَّجَرَةِ : ബൈഅത്തുർരിദ്‌വാൻ നടന്ന മരം. മക്കയിലെ ഹുദൈബിയ എന്ന സ്ഥലത്ത് വെച്ച് മുഹമ്മദ് നബി صلى الله عليه وسلم യും അവിടുത്തെ സ്വഹാബികളും എടുത്ത ഒരു സുപ്രധാന പ്രതിജ്ഞാ ഉടമ്പടിയാണ് ബൈഅത്തുർരിദ്‌വാൻഇബ്നു കസീർ, رحمه الله പറഞ്ഞു: "ഈ പ്രതിജ്ഞയാണ് 'ബൈഅത്തുർരിദ്‌വാൻ'. അത് ഹുദൈബിയയിൽ ഉണ്ടായിരുന്ന ഒരു 'സമർ' മരത്തിൻ്റെ ചുവട്ടിൽ വെച്ചായിരുന്നു. അന്നേ ദിവസം അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യുമായി പ്രതിജ്ഞ ചെയ്ത സ്വഹാബിമാരുടെ എണ്ണം ചിലർ: ആയിരത്തി മുന്നൂറ് (1300) എന്ന് പറഞ്ഞു. മറ്റു ചിലർ: ആയിരത്തി നാനൂറ് (1400) എന്നും, മറ്റു ചിലർ: ആയിരത്തി അഞ്ഞൂറ് (1500) എന്നും അഭിപ്രായപ്പെട്ടു. ഇതിൽ മധ്യമ നിലയിലുള്ള (1400) എന്ന അഭിപ്രായമാണ് കൂടുതൽ ശരിയായത്."

الْفَيْء: സൂര്യൻ മധ്യത്തിൽ നിന്ന് മാറിയതിന് (ഉച്ചയ്ക്ക് ശേഷം) ശേഷമുള്ള നിഴൽ, ആ സമയത്തിന് മാത്രം പ്രത്യേകമായതാണ്. എല്ലാ നിഴലും 'ഫയ്അ്'  അല്ല.

വിവരണം

    മാർഗ്ഗദർശനങ്ങളിൽ ഏറ്റവും ഉത്തമം നബി صلى الله عليه وسلم യുടെ മാർഗ്ഗദർശനമാണ്. നബി صلى الله عليه وسلم തൻ്റെ സമുദായത്തിന് മതപരമായ എല്ലാ കാര്യങ്ങളും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. അതിൽ പെട്ടതാണ് നമസ്കാരവും അതിൻ്റെ സമയങ്ങളും രൂപങ്ങളും. പ്രത്യേകിച്ച് ജുമുഅ നമസ്കാരത്തിന് ശരീഅത്തിൽ (മതനിയമത്തിൽ) പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്.

    ഈ ഹദീഥിൽ, സ്വഹാബി സലമത്ത് ബ്നുൽ അക്‌വഅ്  رضي الله عنه നിവേദനം ചെയ്യുന്നു:

  ബൈഅത്തു രിദ്‌വാനിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു അദ്ദേഹം, അതിന് 'ബൈഅത്തുശ്ശജറ' എന്നും പറയപ്പെടുന്നു. കാരണം, അവരെക്കുറിച്ച് അല്ലാഹു  ഇപ്രകാരം പറയുന്നു:

{لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ}- الفتح : 18

{ആ മരത്തിന്‍റെ ചുവടെ വെച്ച് നിന്നോട് പ്രതിജ്ഞ ചെയ്ത സത്യവിശ്വാസികളെ തീർച്ചയായും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു} [അൽ-ഫത്ഹ്: 18]  

    അവർ നബി صلى الله عليه وسلم യോടൊപ്പം ജുമുഅ നമസ്കാരം നിർവ്വഹിക്കുമായിരുന്നു, എന്നിട്ട് നമസ്കാരം അവസാനിപ്പിച്ച് പിരിഞ്ഞുപോകും. അപ്പോൾ മതിലുകളുടെ നിഴൽ ഒരാൾക്ക് തണലെടുക്കാൻ തക്കവിധം ഉണ്ടായിരുന്നില്ല.

    ഇത് നബി صلى الله عليه وسلم നമസ്കാരം ജുമുഅയുടെ ആദ്യ സമയത്ത് തന്നെ വേഗത്തിൽ നിർവ്വഹിച്ചിരുന്നു എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, നബി صلى الله عليه وسلم സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നതിന് (ഉച്ചയ്ക്ക്) മുമ്പ് ജുമുഅ നമസ്കരിച്ചിരുന്നു എന്നും ഇതിന് സാധ്യതയുണ്ട്; കാരണം സൂര്യൻ മാറിയതിന് ശേഷമാണല്ലോ നിഴൽ ഉണ്ടാകുന്നത്.

ജുമുയുടെ സമയം

പണ്ഡിതന്മാരുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച് ജുമുഅ നമസ്കാരത്തിന്‍റെ സമയം ളുഹ്ർ നമസ്കാരത്തിന്‍റെ സമയമാണ്. അതിനാൽ 'സവാൽ' (സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നത്) ന് മുമ്പ് അത് അനുവദനീയമല്ല. എന്നാൽ അഹ്മദിൽ നിന്നും ഇസ്ഹാഖിൽ നിന്നും അത് സവാലിന് മുമ്പ് അനുവദനീയമാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഈ ഹദീസ് അതിനായി അവർ ഒരു തെളിവായി ഉപയോഗിക്കാറുണ്ട്.

    കാരണം, സവാലിന് ശേഷം ഖുത്ബകളും നമസ്കാരവും നടക്കുന്നുണ്ടെങ്കിലും, {നബി صلى الله عليه وسلم അതിൽ സൂറത്തുൽ ജുമുഅയും സൂറത്തുൽ മുനാഫിഖൂനും ഓതാറുണ്ടായിരുന്നു} എന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് കാരണം നിഴൽ നീണ്ടുപോകാന്‍ സാധ്യതയുണ്ട്. എന്നാൽ അവർ നമസ്കാരത്തിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ മതിലുകൾക്ക് തണലെടുക്കാൻ തക്കതായ 'ഫയ്അ്' (നിഴൽ) ഉണ്ടായിരുന്നില്ല. അതിനാൽ, നമസ്കാരം സവാലിന് മുമ്പായിരുന്നു, അല്ലെങ്കിൽ അതിൻ്റെ രണ്ട് ഖുത്ബകളോ അതിൻ്റെ ചില ഭാഗങ്ങളോ സവാലിന് മുമ്പായിരുന്നു എന്ന് അത് അറിയിക്കുന്നു.

രണ്ടാമത്തെ അഭിപ്രായം: (അതായത്, 'ഞങ്ങൾ സൂര്യൻ മാറിയാൽ ജുമുഅ നിർവ്വഹിക്കും...') എന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജുമുഅ സൂര്യന്‍ മധ്യത്തില്‍ നിന്ന് മാറിയതിന് ശേഷമായിരുന്നു എന്ന് വ്യക്തമാക്കുന്നു.

"നമുക്ക് തണലെടുക്കാൻ മതിലുകൾക്ക് നിഴലില്ലായിരുന്നു" എന്ന പ്രയോഗം നിഴലിന്‍റെ അടിസ്ഥാനപരമായ അസ്തിത്വത്തെ നിഷേധിക്കുന്നില്ല, മറിച്ച് അവർക്ക് തണലെടുക്കാൻ കഴിയുന്ന നിഴലിനെയാണ് നിഷേധിക്കുന്നത് എന്ന് മനസ്സിലാക്കാം. പ്രത്യേകമായ ഒന്നിനെ നിഷേധിക്കുന്നതിലൂടെ പൊതുവായ ഒന്നിനെ നിഷേധിക്കേണ്ടതില്ല. നബി صلى الله عليه وسلم എപ്പോഴും സൂറത്തുൽ ജുമുഅയും മുനാഫിഖൂനും ഓതാറുണ്ടായിരുന്നു എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. 

    അതുകൊണ്ട്, ഉദ്ദേശിക്കപ്പെടുന്നത്, തണലെടുക്കാൻ അവരുടെ ശരീരങ്ങൾക്ക് പര്യാപ്തമായ നിഴലാണ്. നമസ്കാരമോ അതിൻ്റെ ഖുത്ബകളോ സവാലിന് മുമ്പ് സംഭവിക്കണമെന്ന് ഇതിന് നിർബന്ധമില്ല.

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: 

    تجوز صلاة الجمعة قبل زوال الشمس، ولكن الأفضل بعد الزوال خروجًا من خلاف العلماء؛ لأن أكثر العلماء يقولون: لا بد أن تكون صلاة الجمعة بعد الزوال، وهذا هو قول الأكثرين، وذهب قوم من أهل العلم إلى جوازها قبل الزوال في الساعة السادسة وفيه أحاديث وآثار-تدل على ذلك- صحيحة فإذا صلى قبل الزوال بقليل فصلاته صحيحة، ولكن ينبغي ألا تفعل إلا بعد الزوال عملاً بالأحاديث كلها، وخروجًا من خلاف العلماء، وتيسيرًا على الناس حتى يحضروا جميعًا، وحتى تكون الصلاة في وقت واحد، هذا هو الأولى والأحوط- (مجموع فتاوى ومقالات الشيخ ابن باز 12/ 391)

സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നതിന് മുമ്പ് ജുമുഅ നമസ്കാരം അനുവദനീയമാണ്. എങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് ഒഴിവാകുന്നതിനായി, സവാലിന് ശേഷം നമസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം; കാരണം ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത് ജുമുഅ നമസ്കാരം സവാലിന് ശേഷം ആയിരിക്കണം എന്നാണ്. ഇതാണ് അധിക പണ്ഡിതന്മാരുടെയും അഭിപ്രായം.

    എന്നാൽ ചില പണ്ഡിതന്മാർ, ആറാം മണിക്കൂറിൽ (സവാലിന് മുമ്പ്) ജുമുഅ അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. ഇതിന് സാധുത നൽകുന്ന സ്വഹീഹായ ഹദീസുകളും നിവേദനങ്ങളും ഉണ്ട്. അതിനാൽ, സവാലിന് തൊട്ടുമുമ്പ് നമസ്കരിച്ചാൽ അത് സ്വഹീഹാണ് (ശരിയായതാണ്). എങ്കിലും, എല്ലാ ഹദീസുകൾക്കൊണ്ടും പ്രവർത്തിക്കുന്നതിനും, പണ്ഡിതന്മാരുടെ അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് ഒഴിവാകുന്നതിനും, ആളുകൾക്കെല്ലാം ഒരുമിച്ച് പങ്കെടുക്കാൻ സൗകര്യപ്പെടുന്നതിനും, നമസ്കാരം ഒരേ സമയത്ത് ആകുന്നതിനും വേണ്ടി സവാലിന് ശേഷം അല്ലാതെ അത് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഇതാണ് കൂടുതൽ ഉചിതവും മുൻകരുതലെടുക്കുന്നതും. (മജ്മൂഉല്‍ ഫതാവ : 12/391)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സലമത്ത് ബ്നുൽ അക്‌വഅ് رضي الله عنه വിന്‍റെ മഹത്വം.

2-ജുമുഅ എല്ലാ കാലത്തും (ശൈത്യകാലത്തും വേനൽക്കാലത്തും) നേരത്തേ നിർവ്വഹിക്കുന്നത് മതപരമായി അനുവദനീയമാണ്. 'ഇബ്‌റാദ്' (ചൂട് കുറയും വരെ കാത്തിരിക്കുക) എന്ന നിർദ്ദേശം ദ്വുഹ്ർ നമസ്കാരത്തിന് മാത്രമുള്ളതാണ്.

3- നമസ്കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുമ്പോൾ തണൽ എടുക്കാൻ മതിലുകൾക്ക് നിഴൽ ഉണ്ടാകാതിരുന്നതിനാൽ, ജുമുഅ സൂര്യൻ മധ്യത്തിൽ നിന്ന് മാറുന്നതിന് തൊട്ടുമുമ്പ് നമസ്കരിക്കുന്നത് അനുവദനീയമാണെന്ന് ഹദീസിൻ്റെ പ്രത്യക്ഷ സൂചന.

4- ചൂടിൽ നിന്നും തണുപ്പിൽ നിന്നും തന്നെ വേദനിപ്പിക്കുന്നതിനെയും ഉപദ്രവിക്കുന്നതിനെയും ഒരു വ്യക്തി ഒഴിവാക്കുന്നത്, നിഷിദ്ധമായി കണക്കാക്കപ്പെടുന്നില്ല.

5- ജുമുഅ നമസ്കാരം 'സവാൽ' (സൂര്യൻ മധ്യത്തിൽ നിന്ന് മാറിയതിന്) ശേഷമുള്ള ആദ്യ സമയത്ത് നിന്ന് വൈകിക്കുന്നത് വെറുക്കപ്പെട്ടതാണ് (കറാഹത്ത്).

6- ഖുത്ബ അധികം ദീർഘമാക്കാതിരിക്കുന്നത് അഭികാമ്യമാണ്.

7- ജുമുഅ നമസ്കാരം ശരിയാവാനുള്ള നിബന്ധനകളിൽ ഒന്നാണ് അത് സംഘടിതമായി നിര്‍വ്വഹിക്കല്‍.


Friday, 28 November 2025

405 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 145- دروس الحديث - ജുമുഅക്ക് നേരത്തെ പുറപ്പെടല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജുമുഅക്ക് നേരത്തെ പുറപ്പെടല്‍


145 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((مَنْ اغْتَسَلَ يَوْمَ الْجُمُعَةِ، ثُمَّ رَاحَ في الساعَةِ الأُولى فَكَأَنَّمَا قَرَّبَ بَدَنَةً. وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً. وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ. وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً. وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً. فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلائِكَةُ يَسْمَعُونَ الذِّكْرَ)) .

അബൂഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, എന്നിട്ട് (ജുമുഅക്ക് വേണ്ടി അതിന്‍റെ) ആദ്യ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം (ബലി) നൽകിയതുപോലെയാണ്. ആരെങ്കിലും രണ്ടാം (അടുത്ത) സമയത്ത് ആണ് പോകുന്നതെങ്കിൽ ഒരു പശുവിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും മൂന്നാം സമയത്താണ് പോകുന്നതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും നാലാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു കോഴിയെ ദാനം നൽകിയതുപോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ സമയത്താണ് പോകുന്നതെങ്കിൽ ഒരു മുട്ട ദാനം നൽകിയതുപോലെയാണ്. ഇമാം (ഖുതുബക്കായി) പുറപ്പെട്ടാൽ മലക്കുകൾ ആ ഉൽബോധനം കേൾക്കാനായി ഹാജരാകുന്നതാണ്."

അർത്ഥം:

  • (البدنة): ഒട്ടകം (ആണായാലും പെണ്ണായാലും ഒട്ടകത്തിന് മാത്രമേ ഈ പദം ഉപയോഗിക്കൂ).

വിവരണം

   സൽക്കർമ്മങ്ങളിൽ മത്സരിച്ച് മുന്നേറാൻ അല്ലാഹു തൻ്റെ വിശ്വാസികളായ അടിമകളോട് കൽപ്പിച്ചിരിക്കുന്നു. അത് ചെയ്യുന്നവരെ അവൻ പ്രശംസിക്കുകയും ചെയ്തു. അവൻ പറഞ്ഞു: {തീർച്ചയായും അവർ നന്മകളിൽ മത്സരിച്ച് മുന്നേറുന്നവരായിരുന്നു} [അൽ-അമ്പിയാഅ്:90]. നമസ്കാരത്തിന് നേരത്തെ പോകുന്നത് ഒരു സൽക്കർമ്മമാണ്, പ്രത്യേകിച്ചും ജുമുഅ നമസ്കാരത്തിന്. അതിനാൽ അതിലേക്ക് നേരത്തെ എത്തുന്നവർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്.

 ഈ ഹദീസിൽ നബി صلى الله عليه وسلم ജുമുഅക്ക് നേരത്തെ പോകുന്നതിൻ്റെ മഹത്വത്തെക്കുറിച്ചാണ് പറയുന്നത്. ഇതില്‍ കുളിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആരെങ്കിലും വലിയ അശുദ്ധിയിൽ (ജനാബത്ത്) നിന്ന് കുളിക്കുന്നത് പോലെ പൂർണ്ണമായി കുളിക്കുകയും, ശേഷം പകലിൻ്റെ ആദ്യത്തിൽ തന്നെ ജുമുഅക്ക് പോവുകയും ചെയ്താൽ, അവൻ അല്ലാഹുവിലേക്ക് അടുക്കാൻ വേണ്ടി ഒരു 'ബദന'യെ ദാനം നൽകിയതുപോലെയാണ്. 'ബദന' എന്നാൽ ഒട്ടകം എന്നാണർത്ഥം.

 ആരെങ്കിലും അടുത്ത സമയത്താണ് പോകുന്നതെങ്കിൽ അല്ലാഹുവിന് വേണ്ടി ഒരു പശുവിനെ ദാനം ചെയ്തത് പോലെയാണ്. മൂന്നാം സമയത്താണ് പോകുന്നതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ദാനം നൽകിയതുപോലെയാണ് (കൊമ്പുള്ളത് എന്ന് പറഞ്ഞത് അതിൻ്റെ ഭംഗിയും പൂർണ്ണതയും അറിയിക്കാനാണ്). നാലാം സമയത്താണ് പോകുന്നതെങ്കിൽ ഒരു കോഴിയെ ദാനം നൽകിയതുപോലെയും, അഞ്ചാം സമയത്താണ് പോകുന്നതെങ്കിൽ ഒരു മുട്ട ദാനം നൽകിയതുപോലെയുമാണ്.

   ജുമുഅയുടെ ആദ്യ സമയം സൂര്യോദയം മുതൽ ആരംഭിക്കുന്നു. സൂര്യോദയം മുതൽ (ഇമാം ഖുതുബക്ക് വരുന്ന) രണ്ടാം ബാങ്ക് വരെയുള്ള സമയത്തെ അഞ്ച് ഭാഗങ്ങളായി തിരിക്കുന്നു. ഇതിൽ ഓരോ ഭാഗവുമാണ് ഹദീസിൽ ഉദ്ദേശിക്കപ്പെട്ട സമയങ്ങള്‍.

  പിന്നീട് ഇമാം പുറപ്പെടുകയും ഖുതുബക്കായി മിമ്പറില്‍ കയറുകയും ചെയ്താൽ മലക്കുകൾ (പള്ളിയിലേക്ക്) പ്രവേശിക്കുകയും പിന്നീട് വരുന്നവരുടെ പേരുകൾ എഴുതുന്നത് അവസാനിപ്പിക്കുകയും ചെയ്യും. അവർ ഖുതുബയും അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കേൾക്കാൻ ഇരിക്കും. അതിനാൽ, അതിനുശേഷം വരുന്നവർക്ക് നേരത്തെ വന്നതിൻ്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നു (ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടുന്നില്ല).

 ജുമുയുടെ തുടക്കത്തിൻ്റെ കാര്യത്തില്‍, അത് സ്വുബ്ഹി നമസ്കാരത്തിന് ശേഷമാണെന്ന് പറയപ്പെടുന്നു. അതല്ല, സൂര്യോദയം മുതലാണെന്നും പറയപ്പെടുന്നു. റസൂൽ صلى الله عليه وسلم അതിൻ്റെ തുടക്കം വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ ഇതിന് രണ്ടിനും സാധ്യതയുണ്ട്. "ആരെങ്കിലും പോയാൽ", "ആരെങ്കിലും നേരത്തെ പുറപ്പെട്ടാൽ" എന്നിങ്ങനെയാണ് പ്രവാചകൻ صلى الله عليه وسلم പറഞ്ഞത്. തുടക്ക സമയം വ്യക്തമാക്കിയിട്ടില്ല.

    സൂര്യോദയം മുതലാണ് (സമയം തുടങ്ങുന്നത്) എന്നതാണ് കൂടുതൽ ശരിയായി തോന്നുന്നത്. കാരണം (സ്വുബ്ഹിക്ക് ശേഷമുള്ള) ആ സമയം അതിന് മുമ്പുള്ള കര്‍മങ്ങളുടെ തുടർച്ചയാണ്. അത് പള്ളിയിൽ ഇരിക്കാനും, ആരാധനകൾക്കും, ദിക്റിനും, പാപമോചനത്തിനും, ഖുർആൻ പാരായണത്തിനും ഉള്ള നല്ല സമയമാണ്. ആയതിനാല്‍ സൂര്യൻ ഉദിച്ചുയർന്നതിന് ശേഷമാണ് (സമയം തുടങ്ങുന്നത്) എന്നതാണ് കൂടുതൽ യോജിച്ച അഭിപ്രായം. എങ്കിലേ പള്ളിയിൽ പോയാൽ നമസ്കരിക്കാനും ആരാധനകൾക്കും സാധിക്കുകയുള്ളൂ. ഇതാണ് കൂടുതൽ വ്യക്തവും യുക്തവുമായി തോന്നുന്നത്. അതായത്, സൂര്യൻ ഉദിച്ചുയർന്ന്, ഒരു മുസ്‌ലിമിന് പള്ളിയിലായാലും വീട്ടിലായാലും നമസ്കാരം അനുവദനീയമാകുന്ന സമയം മുതലാണ് 'ജുമുയുടെ ഒന്നാം സമയം' ആരംഭിക്കുന്നത്. ഇതാണ് ഏറ്റവും ശരിയായ അഭിപ്രായം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ജുമുഅക്ക് നേരത്തെ വരുന്നതിൻ്റെ മഹത്വം.

2- ജുമുഅക്ക് വേണ്ടി കുളിക്കാനുള്ള പ്രേരണ.

3- പകലിന്‍റെ ആദ്യ സമയത്ത് തന്നെ ജുമുഅ നമസ്കാരത്തിന് പോകുന്നതിനെ മഹത്വം.

4- സൽക്കർമ്മങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നു.

5- മലക്കുകൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കുകയും ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നു.

6- മലക്കുകൾ പള്ളിയുടെ വാതിലുകളിൽ നിലയുറപ്പിക്കുകയും, ജുമുഅക്ക് വരുന്നവരെ ആദ്യം വരുന്നവർ, പിന്നെ വരുന്നവർ എന്ന ക്രമത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.

7- ഇബ്നു റജബ് رحمه الله പറയുന്നു: "'ആരെങ്കിലും വെള്ളിയാഴ്ച കുളിക്കുകയും, ശേഷം (പള്ളിയിലേക്ക്) പോവുകയും ചെയ്താൽ' എന്ന നബിവചനം സൂചിപ്പിക്കുന്നത്, ജുമുഅക്ക് വേണ്ടിയുള്ള സുന്നത്തായ കുളിയുടെ സമയം ഫജ്‌ർ (സുബഹി) ഉദിക്കുന്നത് മുതൽ ജുമുഅക്ക് പുറപ്പെടുന്നത് വരെയാണെന്നാണ്."


Thursday, 27 November 2025

404 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 144- دروس الحديث - മിമ്പറില്‍ വെച്ചുള്ള നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മിമ്പറില്‍ വെച്ചുള്ള നമസ്കാരം


144 - عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ قَالَ: ((رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم قَامَ فَكَبَّرَ وَكَبَّرَ النَّاسُ وَرَاءَهُ، وَهُوَ عَلَى الْمِنْبَرِ. ثُمَّ رَفَعَ فَنَزَلَ الْقَهْقَرَى، حَتَّى سَجَدَ فِي أَصْلِ الْمِنْبَرِ، ثُمَّ عَادَ حَتَّى فَرَغَ مِنْ آخِرِ صَلاتِهِ. ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ: أَيُّهَا النَّاسُ، إنَّمَا صَنَعْتُ هَذَا لِتَأْتَمُّوا بِي، وَلِتَعْلَمُوا صَلاتِي - وَفِي لَفْظٍ - صَلَّى عَلَيْهَا. ثُمَّ كَبَّرَ عَلَيْهَا. ثُمَّ رَكَعَ وَهُوَ عَلَيْهَا، فَنَزَلَ الْقَهْقَرَى)) .

സഹ്ല്‍ ബിന്‍ സഅദ് അസ്സാഇദി رضي الله عنه വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:"അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم മിമ്പറിന്മേൽ നിന്നുകൊണ്ട് തക്ബീർ ചൊല്ലുന്നതായി ഞാൻ കണ്ടു. ജനങ്ങളും അദ്ദേഹത്തിന് പിന്നിലായി തക്ബീർ ചൊല്ലി. ശേഷം അദ്ദേഹം (റുകൂഇൽ നിന്ന്) ഉയരുകയും, പിന്നോട്ട് നടന്നിറങ്ങി മിമ്പറിൻ്റെ ചുവട്ടിൽ (താഴെ) സുജൂദ് ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും (മിമ്പറിലേക്ക്) മടങ്ങി; അങ്ങനെ തൻ്റെ നമസ്കാരം പൂർത്തിയാകുന്നത് വരെ (ഇത് തുടർന്നു). ശേഷം അദ്ദേഹം ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരുവാനും എൻ്റെ നമസ്കാരം പഠിക്കുവാനും വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്'."

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അദ്ദേഹം അതിന്മേൽ (മിമ്പറിൽ) വെച്ച് നമസ്കരിച്ചു. അതിന്മേൽ വെച്ച് തക്ബീർ ചൊല്ലി. അതിന്മേൽ വെച്ച് തന്നെ റുകൂഉം ചെയ്തു. ശേഷം പിന്നോട്ട് ഇറങ്ങി."

അര്‍ഥം:

  • القهقرى  പിന്നോട്ട് മടങ്ങുക.

വിവരണം

    താബിഈയായ അബൂ ഹാസിം സലമതു ബിന്‍ ദീനാര്‍ رحمه الله നിവേദനം ചെയ്യുന്നു: ജനങ്ങൾ ചെറിയ (പ്രായത്തിൽ കുറഞ്ഞ) സ്വഹാബിയായ സഹ്ല്‍ ബിന്‍ സഅദ് അസ്സാഇദി رضي الله عنه വിൻ്റെ അടുക്കല്‍ വരികയുണ്ടായി. മിമ്പര്‍ ഏത് തടി കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത് എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കവും അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നു. (ഖുത്ബ പറയുന്ന ആള്‍ക്ക് കയറി നില്‍ക്കാനുള്ള പടികളാണ് മിമ്പര്‍, അത് ഏത് മരം കൊണ്ടാണ് ഉണ്ടാക്കിയത് എന്നതായിരുന്നു അവരുടെ സംശയം). അങ്ങനെ അവർ അതേക്കുറിച്ച് സഹ്ല്‍ رضي الله عنه വിനോട് ചോദിച്ചു.

  അപ്പോള്‍ സഹ്ല്‍ رضي الله عنه പറഞ്ഞു: "അല്ലാഹുവാണെ സത്യം, അത് എന്താണെന്നും ഏത് വസ്തു കൊണ്ടാണ് അത് ഉണ്ടാക്കിയതെന്നും എനിക്ക് നന്നായി അറിയാം. അത് ആദ്യമായി വെക്കപ്പെട്ട ദിവസവും, അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم അതില്‍ ആദ്യമായി ഇരുന്ന ദിവസവും ഞാന്‍ കണ്ടിട്ടുണ്ട്. റസൂല്‍ صلى الله عليه وسلم അന്‍സാരികളിലെ ഒരു സ്ത്രീയുടെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു. എന്നിട്ട് അവരോട് ഇപ്രകാരം പറയാന്‍ കല്‍പ്പിച്ചു: 'ജനങ്ങളോട് സംസാരിക്കുമ്പോള്‍ എനിക്ക് ഇരിക്കുവാൻ പാകത്തിൽ മരത്തടികൾ (പലകകൾ) കൊണ്ട് ഒരു ഇരിപ്പിടം നിർമ്മിച്ചുതരാൻ താങ്കളുടെ ആശാരിയായ ഭൃത്യനോട് കല്‍പ്പിക്കുക'."

 (ജനങ്ങളോട് സംസാരിക്കുമ്പോഴും ഖുത്ബ നിര്‍വ്വഹിക്കുമ്പോഴും ഇരിക്കാന്‍ കഴിയുന്ന രൂപത്തില്‍ തടികള്‍ ശേഖരിച്ച് ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്). അങ്ങനെ ആ സ്ത്രീ ഭൃത്യനോട് കല്‍പ്പിക്കുകയും, കാട്ടിലെ ചില മരങ്ങള്‍ കൊണ്ട് അയാള്‍ അത് നിര്‍മ്മിക്കുകയും ചെയ്തു. ശേഷം അയാള്‍ അതുമായി വന്നു. ആ സ്ത്രീ അത് നബി صلى الله عليه وسلم യുടെ അടുത്തേക്ക് കൊടുത്തുവിട്ടു. നബി صلى الله عليه وسلم കല്‍പ്പിച്ചപ്രകാരം അത് (മിമ്പര്‍) ഇവിടെ വെക്കപ്പെട്ടു. (സഹ്ല്‍ رضي الله عنه ഈ ഹദീസ് പറയുമ്പോള്‍ ആ മിമ്പര്‍ എവിടെയാണോ ഉണ്ടായിരുന്നത്, ആ സ്ഥലത്താണ് അത് വെക്കപ്പെട്ടത് എന്നാണ് ഉദ്ദേശിക്കുന്നത്).

    "പിന്നീട് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അതിന്മേൽ (മിമ്പറിൽ) വെച്ച് നമസ്കരിക്കുന്നത് ഞാൻ കണ്ടു. റസൂൽ صلى الله عليه وسلم അതിന്മേൽ വെച്ച് തക്ബീർ (തക്ബീറതുൽ ഇഹ്റാം) ചൊല്ലി. അതിന്മേൽ വെച്ച് തന്നെ റുകൂഉം ചെയ്തു. ശേഷം പിന്നോട്ടടിവെച്ച് ഇറങ്ങി (അതായത് മിമ്പറിൽ നിന്നും പിന്തിരിഞ്ഞു കൊണ്ട് പിന്നോട്ട് നടന്നിറങ്ങി). അങ്ങനെ മിമ്പറിൻ്റെ ചുവട്ടിൽ -താഴത്തെ പടിയോട് ചേർന്നുള്ള തറയിൽ- റസൂൽ صلى الله عليه وسلم സുജൂദ് ചെയ്തു. പിന്നീട് മടങ്ങി (രണ്ടാമത്തെ സുജൂദിൽ നിന്ന് എഴുന്നേറ്റ ശേഷം വീണ്ടും മിമ്പറിൻ്റെ പടികളിലേക്ക് മടങ്ങി). ആ നമസ്കാരം അവസാനിക്കുന്നത് വരെ റസൂല്‍ صلى الله عليه وسلم ഇപ്രകാരം ചെയ്തു".

  ജനങ്ങൾക്ക് തൻ്റെ നമസ്കാരത്തിൻ്റെ രൂപം കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയായിരുന്നു റസൂല്‍ صلى الله عليه وسلم ഇപ്രകാരം ചെയ്തത്. നിര്‍ത്തവും റുകൂഉം എല്ലാം മിമ്പറിന്മേൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളായതുകൊണ്ട് അവിടെ വെച്ച് ചെയ്തു. സുജൂദും ഇരുത്തവും മിമ്പറിന്മേൽ വെച്ച് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അത് തറയിൽ വെച്ചും ചെയ്തു. ഇപ്രകാരം (നമസ്കാരത്തിൽ) കയറുന്നതും ഇറങ്ങുന്നതും ചെറിയൊരു പ്രവർത്തിയാണ്; അത് നമസ്കാരത്തിൻ്റെ ലക്ഷ്യത്തെയോ രൂപത്തെയോ ബാധിക്കുകയില്ല. അത്യാവശ്യമായ ചെറിയ പ്രവർത്തികൾ നമസ്കാരത്തെ ബാധില്ലാക്കാത്തതാണ്. നമസ്കാരത്തിൻ്റെ രൂപം പഠിപ്പിക്കാനും, ഇങ്ങനെയൊക്കെ ചെയ്യാമെന്ന് കാണിക്കാനുമാണ് നബി صلى الله عليه وسلم അത് ചെയ്തത്. അതിനാൽ അതിൽ അവ്യക്തതയില്ല.

    അങ്ങനെ നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ റസൂല്‍ صلى الله عليه وسلم ജനങ്ങൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: "ജനങ്ങളേ, നിങ്ങൾ എന്നെ പിന്തുടരുവാനും എൻ്റെ നമസ്കാരം പഠിക്കുവാനും വേണ്ടിയാണ് ഞാൻ ഇപ്രകാരം ചെയ്തത്". മിമ്പറില്‍ വെച്ച് നമസ്കരിച്ചെങ്കില്‍ മാത്രമേ എല്ലാവർക്കും നബി صلى الله عليه وسلم യുടെ പ്രവർത്തികൾ കാണാൻ സാധിക്കുകയുള്ളൂ. തറയിൽ നിന്നാണ് നമസ്കരിക്കുന്നതെങ്കിൽ അടുത്തുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കൂ. ആവശ്യത്തിന് വേണ്ടി മഅ്മൂമിന് ഇമാമിനെ നോക്കാം എന്നതും ഇതിൽ നിന്നും മനസ്സിലാക്കാം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മിമ്പര്‍ ഉപയോഗിക്കുന്നതും, ഖുത്ബ പറയുന്നയാൾ മിമ്പറോ അതുപോലെയുള്ളതോ ആയ ഉയർന്ന സ്ഥലങ്ങളിൽ കയറി നിൽക്കുന്നതും പുണ്യകരമാണ് (മുസ്തഹബ്ബ്). കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും അവരെ കേൾപ്പിക്കുവാനും അത് ഉപകരിക്കും എന്നതാണ് അതിന്‍റെ പ്രയോജനം.

2- മിമ്പറിന്മേൽ വെച്ച് നമസ്കരിക്കുന്നത് അനുവദനീയമാണ്. താൻ അതിന്മേൽ വെച്ച് നമസ്കരിച്ചതിന്‍റെയും മഅ്മൂമുകളെക്കാൾ (പിന്നിൽ നിൽക്കുന്നവരെക്കാൾ) ഉയരത്തിൽ നിന്നതിന്‍റെയും കാരണം, ജനങ്ങൾ തന്നെ പിന്തുടരുവാനും (നമസ്കാരം) പഠിക്കുവാനും വേണ്ടിയാണെന്ന് നബി صلى الله عليه وسلم വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുപോലെയുള്ള ആവശ്യങ്ങളൊന്നുമില്ലാതെ ഇമാം മഅ്മൂമിനേക്കാൾ ഉയരത്തിൽ നിൽക്കുന്നത് കറാഹത്താണ്.

3- ഇമാമും മഅ്മൂമും നിൽക്കുന്ന സ്ഥലങ്ങളുടെ ഉയരത്തിലും താഴ്ചയിലും വ്യത്യാസമുണ്ടായാലും നമസ്കാരം ശരിയാകുന്നതാണ് (സ്വഹീഹാകും).

4- നമസ്കാരത്തിൽ ചെറിയ പ്രവർത്തികൾ ചെയ്യുന്നത് അനുവദനീയമാണ്. (ഒന്നോ രണ്ടോ) ചുവടുകൾ വെക്കുന്നത് കൊണ്ട് നമസ്കാരം ബാത്വിലാവുകയില്ല. എങ്കിലും ആവശ്യമില്ലെങ്കിൽ അത് ഉപേക്ഷിക്കലാണ് ഏറ്റവും നല്ലത്. എന്നാൽ ആവശ്യമുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ കറാഹത്തില്ല.

5- തടിക്ക് (മരപ്പലക) മീതെ നിന്ന് നമസ്കരിക്കുന്നത് അനുവദനീയമാണ്.

6- പ്രവൃത്തിയിലൂടെ മഅ്മൂമുകൾക്ക് നമസ്കാരത്തിലെ കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നത് അനുവദനീയമാണ്. 

7- പതിവിന് വിപരീതമായ വല്ല കാര്യവും ചെയ്താൽ, അതിൻ്റെ കാരണം (യുക്തി) ആളുകള്‍ക്ക് വിവരിച്ച് കൊടുക്കല്‍ നബി صلى الله عليه وسلم യുടെ മാതൃകയില്‍ പെട്ടതാണ്.

8- നമസ്കാരത്തിൽ മഅ്മൂമിന് പഠിക്കാൻ വേണ്ടി ഇമാമിനെ നോക്കാവുന്നതാണ്. അത് ഖുശൂഇന് (നമസ്കാരത്തിലെ ഭക്തിക്കും ഏകാഗ്രതക്കും) എതിരാവുകയില്ല.

9- നബി صلى الله عليه وسلم യുടെ കാലത്ത് മിമ്പറിന് 3 പടികളാണ് ഉണ്ടായിരുന്നത്. 


Wednesday, 26 November 2025

403 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 143- دروس الحديث - ഖുത്ബയുടെ വേളയില്‍ സംസാരിക്കല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഖുത്ബയുടെ വേളയില്‍ സംസാരിക്കല്‍


143 - عَنْ أَبِي هُرَيْرَةَ رضي الله عنه: أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((إذَا قُلْتَ لِصَاحِبِكَ: أَنْصِتْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ - فَقَدْ لَغَوْتَ)) .

അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "വെള്ളിയാഴ്ച ഇമാം ഖുതുബ നിർവ്വഹിച്ചു കൊണ്ടിരിക്കെ നിൻ്റെ കൂടെയുള്ളവനോട്  'മിണ്ടാതിരിക്കൂ' എന്ന് നീ പറഞ്ഞാൽ, നീ അനാവശ്യം പ്രവർത്തിച്ചു."

لَغَوْتَ - അനാവശ്യം പ്രവർത്തിച്ചു): അതായത്, ഉപകാരമില്ലാത്ത മോശമായ സംസാരം നീ സംസാരിച്ചു.

വിവരണം

    ജുമുഅക്ക് ഒരു മുസ്‌ലിം പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഈ മര്യാദകളിൽ പെട്ടതാണ്: ഖത്വീബ് ഖുത്ബ നിർവ്വഹിക്കുമ്പോൾ നിശബ്ദനായി ശ്രദ്ധിക്കുക എന്നത്. ഈ ഹദീസിൽ നബി صلى الله عليه وسلم ആ കാര്യം ഉണർത്തിയിട്ടുണ്ട്.

  അവിടുന്ന് പറഞ്ഞു: "വെള്ളിയാഴ്ച ഇമാം ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ, ഖുത്ബ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് നിന്‍റെ കൂട്ടുകാരനോട് 'നീ മിണ്ടാതിരിക്കൂ' (ശ്രദ്ധിക്കൂ) എന്ന് പറഞ്ഞാൽ, നീയും അനാവശ്യം (لَغْو) പ്രവർത്തിച്ചു."

    അവനെ 'സ്വാഹിബ്' (കൂട്ടുകാരൻ) എന്ന് വിളിക്കാൻ കാരണം, ഖുത്ബയുടെ വേളയില്‍  അവൻ ഇയാളോട് കൂട്ടുചേർന്നു ഇരിക്കുന്നത് കൊണ്ടാണ്.

    'لَغْو' എന്നാൽ അസാധുവായ, നിലവാരമില്ലാത്ത സംസാരമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത്: നീ ഖുത്ബ സമയത്ത് അനാവശ്യമായ കാര്യമാണ് പ്രവർത്തിച്ചത് എന്നാണ്.

  ഖുത്ബയുടെ സമയത്തുള്ള എല്ലാത്തരം സംസാരങ്ങളെയും ഇതിൽ വിരോധിച്ചിരിക്കുന്നു. അത് മറ്റുള്ളവർക്ക് ഉപദേശം നൽകുന്നതാണെങ്കിൽ പോലും, അല്ലെങ്കിൽ കുറഞ്ഞ സംസാരമാണെങ്കിൽ പോലും (അത് പാടില്ല).

    "മിണ്ടാതിരിക്കൂ" എന്ന പദം പ്രത്യേകം എടുത്തുപറയാൻ കാരണം, അതൊരു വലിയ സംസാരമല്ല എന്നതുകൊണ്ടും, അതിൽ 'നന്മ കൽപ്പിക്കൽ' ഉണ്ട് എന്നതുകൊണ്ടുമാണ്. അത് അനുവദിച്ചിട്ടില്ലെങ്കിൽ, അതിനേക്കാൾ കൂടുതൽ സംസാരിക്കുന്നതും, നന്മ കൽപ്പിക്കലില്ലാത്തതുമായ മറ്റ് സംസാരങ്ങൾ അനുവദിക്കപ്പെടില്ല എന്നത് തീർച്ചയാണല്ലോ.

  എന്നാൽ ആളുകൾ സംസാരിക്കുകയും അവരെ മിണ്ടാതിരുത്താതെ ഖുത്ബ കേൾക്കാൻ സാധിക്കാത്ത അവസ്ഥയുമാണെങ്കിൽ, അവര്‍ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുത്തുള്ളവന് ആംഗ്യം കാണിക്കാവുന്നതാണ്. ആംഗ്യം കൊണ്ട് അവർ നിർത്തിയില്ലെങ്കിൽ, വളരെ ചുരുങ്ങിയ വാക്കുകളിൽ അവരോട് സംസാരിക്കാവുന്നതാണ്. കാരണം "മിണ്ടാതിരിക്കൂ" എന്ന് പറയുന്നത് വിരോധിച്ചതിന്‍റെ യുക്തി തന്നെ, ജനങ്ങൾ ഖുതുബ കേൾക്കണം എന്നതാണല്ലോ (സംസാരം കാരണം കേൾക്കാൻ പറ്റുന്നില്ലെങ്കിൽ അത് തടയണം). 

    ലജ്നത്തുദ്ദാഇമയുടെ  ഫത്'വകളിൽ (8/242) ഇപ്രകാരം വന്നിരിക്കുന്നു:

    "പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ വെച്ച് ശരിയായത് അനുസരിച്ച്, ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ തുമ്മിയവന് മറുപടി പറയലോ, സലാം മടക്കലോ അനുവദനീയമല്ല. കാരണം അത് രണ്ടും 'സംസാരം' ആണ്. ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ സംസാരിക്കുന്നത്, ഹദീസിലെ പൊതുവായ വിധി പ്രകാരം നിഷിദ്ധമാണ്."

അതുപോലെ അതിൽ (8/243) ഇപ്രകാരം വന്നിരിക്കുന്നു:

    "വെള്ളിയാഴ്ച ഇമാം ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിൽ പ്രവേശിക്കുകയും, അയാൾക്ക് ഖുത്ബ കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ (ഖുത്ബ നടന്നു കൊണ്ടിരിക്കേ), പള്ളിയിലുള്ളവരോട് സലാം പറയാൻ തുടങ്ങുന്നത് അനുവദനീയമല്ല. അതുപോലെ, ഇമാം ഖുത്ബ നടത്തി കൊണ്ടിരിക്കെ പള്ളിയിലുള്ളവർക്ക് അത് മടക്കാനും പാടുള്ളതല്ല."

അതുപോലെ അതിൽ (8/244) ഇപ്രകാരം വന്നിരിക്കുന്നു:

 "ജുമുഅ ഖുത്ബ നിർവ്വഹിച്ചുകൊണ്ടിരിക്കെ സംസാരിക്കുന്നത് അനുവദനീയമല്ല; അത്യാവശ്യ കാര്യത്തിന് ഖത്വീബിനോട് സംസാരിക്കുന്നവർക്ക് ഒഴികെ."

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:

  "ജുമുഅ ഖുത്ബയുടെ സമയത്ത് സലാം പറയുന്നത് ഹറാമാണ് (നിഷിദ്ധമാണ്). അതിനാൽ, ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിൽ പ്രവേശിച്ചാൽ അയാൾ സലാം പറയാൻ പാടില്ല. അത് മടക്കുന്നതും ഹറാമാണ്." (ഫതാവ ഇബ്നു ഉസൈമീൻ 16/100).

    'ലഗ്‌വ്' (അനാവശ്യ കാര്യം) എന്നത് സംസാരം കൊണ്ടും പ്രവൃത്തി കൊണ്ടും ഉണ്ടാകാം. സ്വഹീഹ് മുസ്‌ലിമിൽ അബൂ ഹുറൈറ رضي الله عنه വിൽ നിന്നുള്ള ഹദീസിൽ, നബി صلى الله عليه وسلم പറഞ്ഞു:

    "ആരെങ്കിലും വുളൂഅ് ചെയ്യുകയും അത് നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുത്ബ) കേൾക്കുകയും മൗനം പാലിക്കുകയും ചെയ്താൽ, അവനും അടുത്ത ജുമുഅക്കും ഇടയിലുള്ളതും കൂടാതെ മൂന്ന് ദിവസത്തെയും (പാപങ്ങൾ) അവന് പൊറുക്കപ്പെടും. ആരെങ്കിലും (തറയിലെ) ചരൽക്കല്ലുകൾ തൊട്ടാൽ (അതില്‍ അനാവശ്യമായി കളിച്ചാൽ) അവൻ 'ലഗ്‌വ്' പ്രവർത്തിച്ചു." (മുസ്‌ലിം).

  അതുകൊണ്ട് ചരൽക്കല്ലുകൾ കൊണ്ടോ, തസ്ബീഹ് മാല കൊണ്ടോ, താക്കോലുകൾ കൊണ്ടോ മറ്റോ കളിക്കുന്നത് 'ലഗ്‌വ്' ആയി പരിഗണിക്കപ്പെടുന്ന അനാവശ്യ പ്രവർത്തിയാണ്.

  ചരൽക്കല്ലുകൾ അല്ലാത്ത മറ്റ് ഏത് വസ്തുക്കൾ കൊണ്ട് കളിക്കുന്നതും ഇതിന്‍റെ അർത്ഥത്തിൽ തന്നെയാണ് വരുന്നത്. ഉദാഹരണത്തിന് വാച്ച്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾ കൊണ്ട് കളിക്കുക, അല്ലെങ്കിൽ സിവാക്ക് (പല്ല് തേക്കുന്ന കമ്പ്) കൊണ്ട് കളിക്കുക തുടങ്ങിയവയെല്ലാം. ഇവയെല്ലാം ലഗ്‌വിന്‍റെ അർത്ഥത്തിൽ വരുന്ന അനാവശ്യ പ്രവര്‍ത്തനങ്ങളാണ്.

    വെള്ളിയാഴ്ച ജനങ്ങളുടെ തോളുകൾ ചാടിക്കടന്ന് പോകുന്നതും അവരെ ഉപദ്രവിക്കുന്നതും 'ലഗ്‌വ്' ആയിട്ടാണ് പരിഗണിക്കപ്പെടുന്നത്. നബി صلى الله عليه وسلم യുടെ വചനം അതിന് തെളിവാണ്: "ആരെങ്കിലും ലഗ്‌വ് പ്രവർത്തിക്കുകയും ജനങ്ങളുടെ തോളുകൾ ചാടിക്കടക്കുകയും ചെയ്താൽ, അത് അവന് ളുഹ്‌ർ (നമസ്കാരം) ആയിട്ടേ ഉണ്ടാവുകയുള്ളൂ (ജുമുഅയുടെ പ്രതിഫലം ലഭിക്കില്ല)." (അബൂ ദാവൂദ്) അൽബാനി ഈ ഹദീസിനെ 'ഹസൻ' എന്ന് വിശേഷിപ്പിച്ചു.

    ഇമാം ഖുത്ബ നിർവ്വഹിക്കുമ്പോൾ ചരൽക്കല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതും, കൈവിരലുകൾ ഞൊട്ടൊടിക്കുന്നതും ഇക്'രിമ  വിരോധിക്കാറുണ്ടായിരുന്നു. (അബ്ദുറസാഖ്).

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഈ ഹദീസില്‍ ഖുത്ബ ശ്രദ്ധിക്കാതിരിക്കുന്നതിനും, മറ്റുകാര്യങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള താക്കീതുണ്ട്. 

2- ജുമുഅ ഖുത്ബയുടെ സമയത്ത് മൗനം പാലിക്കുന്നതിന്‍റെയും ഇമാമിനെ ശ്രദ്ധിക്കുന്നതിന്‍റെയും ശ്രേഷ്ഠത ഇത് വ്യക്തമാക്കുന്നു.

3- ഖുത്ബ കേൾക്കുന്ന സമയത്ത് സംസാരിക്കുന്നത് നിഷിദ്ധമാണ് (ഹറാമാണ്). അത് തിന്മ വിരോധിക്കാനോ, സലാം മടക്കാനോ, തുമ്മിയവന് മറുപടി പറയാനോ (യർഹമുക്കല്ലാഹ് എന്ന് പറയാൻ) ആണെങ്കിൽ പോലും (സംസാരിക്കാൻ പാടില്ല).

4-ഇമാമിനോട് സംസാരിക്കുന്നവരെയും, അല്ലെങ്കിൽ ഇമാം അങ്ങോട്ട് സംസാരിക്കുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു (അവർക്ക് സംസാരിക്കാം).

5- ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കെ നബി صلى الله عليه وسلم യുടെ പേര് പരാമർശിച്ചാൽ, താങ്കൾ രഹസ്യമായി (ശബ്ദമുയർത്താതെ) സ്വലാത്തും സലാമും ചൊല്ലണം. അതുപോലെത്തന്നെയാണ് ദുആക്ക് ആമീൻ പറയുന്നതും (അതും രഹസ്യമായിരിക്കണം).



Tuesday, 25 November 2025

402 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 142- دروس الحديث - തഹിയ്യത്ത് നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

തഹിയ്യത്ത് നമസ്കാരം


142 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: ((جَاءَ رَجُلٌ وَالنَّبِيُّ صلى الله عليه وسلم يَخْطُبُ النَّاسَ يَوْمَ الْجُمُعَةِ. فَقَالَ: صَلَّيْتَ يَا فُلانُ؟ قَالَ: لا. قَالَ: قُمْ فَارْكَعْ رَكْعَتَيْنِ. وَفِي رِوَايَةٍ فَصَلِّ رَكْعَتَيْنِ)) .

ജാബിർ ബിൻ അബ്ദുല്ല رضي الله عنهما വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم വെള്ളിയാഴ്ച ജനങ്ങളോട് ഖുത്ബ (പ്രസംഗം) നിർവഹിച്ചുകൊണ്ടിരിക്കെ ഒരാൾ പള്ളിയിലേക്ക് കടന്നുവന്നു. അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: 'ഹേ മനുഷ്യാ, നീ നമസ്കരിച്ചുവോ?' അയാൾ പറഞ്ഞു: 'ഇല്ല.' അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'എങ്കിൽ എഴുന്നേറ്റ് രണ്ട് റകഅത്ത് നമസ്കരിക്കുക.'(മറ്റൊരു നിവേദനത്തിൽ 'നീ രണ്ട് റകഅത്ത് നമസ്കരിക്കുക' എന്നാണ് വന്നിട്ടുള്ളത്).

വിവരണം

  'തഹിയ്യത്തുൽ മസ്ജിദ്' നമസ്കാരം നബി صلى الله عليه وسلم കൽപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സുന്നത്തുകളിൽ പെട്ടതാണ്. ജുമുഅ ഖുത്ബക്കിടയിൽ ഇമാം മിമ്പറിലായിരിക്കുമ്പോൾ പോലും ഇത് നിർവ്വഹിക്കാൻ കല്‍പിച്ചിരിക്കുന്നു.

    ഈ ഹദീസിൽ ഉള്ളതുപോലെ, ജാബിർ ബ്നു അബ്ദില്ല رضي الله عنهما നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم വെള്ളിയാഴ്ച ഖുത്ബ നിർവ്വഹിക്കുകയായിരുന്നു. നബി صلى الله عليه وسلم യുടെ ഖുത്ബക്കിടയിൽ ഒരാൾ പള്ളിയിലേക്ക് പ്രവേശിച്ചു. എന്നിട്ട് നമസ്കരിക്കാതെ ഇരുന്നു. അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു: "ഹേ, മനുഷ്യാ, നീ നമസ്കരിച്ചോ?". അപ്പോൾ ആ മനുഷ്യൻ 'ഇല്ല' എന്ന് മറുപടി പറഞ്ഞു.

  സുലൈക് അൽ-ഗത്വഫാനി رضي الله عنه  ആണ് ഖുത്ബ നടന്നു കൊണ്ടിരിക്കേ മസ്ജിദുന്നബവിയിൽ പ്രവേശിച്ചത്. തഹിയ്യത്ത് നമസ്കരിക്കാതെ അദ്ദേഹം ഖുത്ബ കേൾക്കാനായി ഇരുന്നത്  ഒന്നുകിൽ അതിൻ്റെ വിധി അറിയാത്തതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ ഖുത്ബ കേൾക്കുന്നതാണ് കൂടുതൽ പ്രധാനമെന്ന് അദ്ദേഹം ധരിച്ചതുകൊണ്ടായിരിക്കാം.

    അപ്പോൾ എഴുന്നേൽക്കാനും, തഹിയ്യത്തുൽ മസ്ജിദായി രണ്ട് റക്അത്ത് നമസ്കരിക്കാനും നബി صلى الله عليه وسلم അദ്ദേഹത്തോട് കൽപ്പിച്ചു. ബുഖാരിയിലും മുസ്‌ലിമിലും (സ്വഹീഹൈനി) അബൂ ഖതാദ അൽ-അൻസാരി رضي الله عنه വിൽ നിന്ന് വന്നിട്ടുണ്ട്: അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നിങ്ങളിൽ ഒരാൾ പള്ളിയിൽ വന്നാൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നത് വരെ ഇരിക്കരുത്."

    ആ രണ്ട് റക്അത്തുകൾ ലഘൂകരിക്കുക (ചുരുക്കുക) എന്നതാണ് സുന്നത്ത്. സ്വഹീഹ് മുസ്‌ലിമിൽ വന്നതുപോലെ: "നീ രണ്ട് റക്അത്ത് നമസ്കരിക്കുക, അവ രണ്ടിലും ചുരുക്കുക (വേഗത്തിലാക്കുക)." അവ രണ്ടും ലഘുവായി നമസ്കരിക്കാനാണ് അവിടുന്ന് അറിയിച്ചത്. അങ്ങനെ (പെട്ടെന്ന്) അതിൽ നിന്ന് വിരമിക്കാനും ഖുത്ബ ശ്രദ്ധിക്കാനും വേണ്ടിയാണത്. ഈ രണ്ട് റക്അത്തുകളുടെയും പ്രാധാന്യത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

  ആവശ്യസമയത്ത് ആ മനുഷ്യനെ പഠിപ്പിക്കുന്നതിനും, അവിടെ സന്നിഹിതരായ എല്ലാവർക്കും ആ അറിവ് പകർന്നുനൽകുന്നതിനും വേണ്ടി, നിറഞ്ഞ ആ സദസ്സിൽ വെച്ചാണ് നബി صلى الله عليه وسلم അത് പറഞ്ഞത്. തഹിയ്യത്തിന്‍റെ ആവശ്യകതയും പ്രാധാന്യവും വലിയതാണ് എന്ന് ഇത് സൂചിപ്പിക്കുന്നു.

 അതുകൊണ്ട്, ഖത്വീബ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ, അവന്‍ വേഗം രണ്ട് റക്അത്ത് നമസ്കരിച്ചതിന് ശേഷം ഇരിക്കണം. ജുമുഅയിലും അല്ലാത്തപ്പോഴുമെല്ലാം ഈ സുന്നത്ത് നിര്‍വ്വഹിക്കണം. ഇത് വാജിബ് ആണെന്ന് ചില പണ്ഡിതന്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

    ഏത് സമയത്ത് പള്ളിയില്‍ പ്രവേശിച്ചാലും രണ്ട് റക്അത്ത് നമസ്കരിക്കണം. നമസ്കാരം വിലക്കപ്പെട്ട സമയത്താണെങ്കിലും ശരി. ഈ സന്ദർഭത്തിൽ തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കാനുള്ള കൽപന, അത് നിർബന്ധമാണ് (വാജിബ്) എന്നതിനുള്ള തെളിവുകളിൽ പെട്ടതാണ് എന്ന അഭിപ്രായം പണ്ഡിതന്മാര്‍ക്ക് ഉണ്ട്. കാരണം അതൊരു സുന്നത്ത് (ഐച്ഛികം) മാത്രമായിരുന്നെങ്കിൽ, ഈയൊരു സന്ദർഭത്തിൽ നബി صلى الله عليه وسلم അതിന് കൽപ്പിക്കുമായിരുന്നില്ല. അത് നിർബന്ധമാണെന്നതിനുള്ള തെളിവ് താഴെ പറയുന്നവയിൽ നിന്ന് ലഭിക്കുന്നു:

1) നബി صلى الله عليه وسلم തന്‍റെ ഖുത്ബ (പ്രസംഗം) നിർത്തിവെക്കുകയും, ആ വിഷയത്തിൽ ആ മനുഷ്യനോട് സംസാരിക്കുകയും ചെയ്തു.

2) ഖുത്ബ ശ്രദ്ധിക്കുന്നത് ഒഴിവാക്കി നമസ്കാരത്തിൽ ഏർപ്പെട്ടു. ഖുത്ബ ശ്രദ്ധിക്കുക എന്നത് നിർബന്ധമാണ് (വാജിബ്). ഒരു നിർബന്ധ കാര്യത്തെ (ഒഴിവാക്കാൻ), അതിന് തുല്യമോ അതിനേക്കാൾ ശക്തമോ ആയ മറ്റൊരു നിർബന്ധ കാര്യം കൊണ്ടല്ലാതെ സാധിക്കില്ല (അതുകൊണ്ട് ഈ നമസ്കാരവും നിർബന്ധമാണ്).

3) ഒന്നിലധികം ഹദീസുകളിൽ അതിനെക്കുറിച്ച് വന്ന കൽപനകൾ. അതിൽ പെട്ടതാണ് നബി صلى الله عليه وسلم യുടെ വചനം: "നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നമസ്കരിക്കുന്നത് വരെ അവൻ ഇരിക്കരുത്." (ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തത്).

    ഇമാം മുസ്‌ലിമിന്‍റെ ഒരു നിവേദനത്തിൽ, റസൂല്‍ صلى الله عليه وسلم യുടെ സ്വഹാബിയായ അബൂ ഖതാദ رضي الله عنه പറഞ്ഞു: "ഞാൻ പള്ളിയിൽ പ്രവേശിച്ചു. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ഞാനും ഇരുന്നു. ഉടനെ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ചോദിച്ചു: 'ഇരിക്കുന്നതിന് മുമ്പ് രണ്ട് റക്അത്ത് നമസ്കരിക്കുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്താണ്?' അദ്ദേഹം (അബൂ ഖതാദ) പറഞ്ഞു: "ഞാൻ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് ഇരിക്കുന്നതായും ജനങ്ങൾ ഇരിക്കുന്നതായും ഞാൻ കണ്ടു (അതുകൊണ്ടാണ് ഞാനും ഇരുന്നത്).' അപ്പോൾ രസൂല്‍ صلى الله عليه وسلم പറഞ്ഞു: 'നിങ്ങളിലൊരാൾ പള്ളിയിൽ പ്രവേശിച്ചാൽ രണ്ട് റക്അത്ത് നമസ്കരിക്കുന്നത് വരെ അവൻ ഇരിക്കരുത്.'"

  ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ رحمه الله പറഞ്ഞു: "'തഹിയ്യത്തുൽ മസ്ജിദ്' നിർബന്ധമാണ് (വാജിബ്) എന്ന അഭിപ്രായം ശക്തമായ ഒരു അഭിപ്രായമാണ്. എങ്കിലും, അത് 'ശക്തമായ സുന്നത്ത്' (സുന്നത്തു മുഅക്കദ) ആണെന്ന അഭിപ്രായമാണ് (സത്യത്തോട്) ഏറ്റവും അടുത്തത്. (യഥാർത്ഥ) അറിവ് അല്ലാഹുവിൻ്റെ പക്കലാണ്." (മജ്മൂഉൽ ഫതാവ: 14/354)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- 'തഹിയ്യത്തുൽ മസ്ജിദ്' നമസ്കാരത്തിൻ്റെ പ്രാധാന്യം. നബി صلى الله عليه وسلم തൻ്റെ ഖുത്ബ നിർത്തിവെക്കുകയും അത് നമസ്കരിക്കാൻ കൽപ്പിക്കുകയും ചെയ്തതില്‍ നിന്ന് അതിന്‍റെ മഹത്വം മനസ്സിലാക്കാം. നമസ്കരിക്കുന്നയാൾക്ക് (ആ സമയം) ഖുത്ബ കേൾക്കാൻ സാധിക്കില്ലെങ്കിൽ കൂടി (അത് നിർവ്വഹിക്കാൻ കൽപ്പിച്ചു).

2- ഖുത്ബ സമയത്ത് ഖത്വീബിനും (പ്രസംഗകൻ), അദ്ദേഹം സംസാരിക്കുന്ന വ്യക്തിക്കും ആവശ്യത്തിനും നന്മയ്ക്കും (മസ്'ലഹത്തിനും) വേണ്ടി സംസാരിക്കാം.

3- നബി صلى الله عليه وسلم ഒരു തെറ്റ് കണ്ടാൽ, അത് ഏത് അവസ്ഥയിലാണെങ്കിലും മൗനം പാലിക്കില്ല (അത് തിരുത്തും).

4- പള്ളിയില്‍ കയറി തഹിയ്യത്ത് നമസ്കരിക്കാതെ അല്പസമയം ഇരിക്കുന്നത് ആ നമസ്കാരത്തിൻ്റെ സമയത്തെയും സുന്നത്തിനെയും ഇല്ലാതാക്കുന്നില്ല. കാരണം ആ മനുഷ്യൻ ഇരുന്നു, എന്നിട്ടും നബി صلى الله عليه وسلم അദ്ദേഹത്തോട് എഴുന്നേറ്റ് നമസ്കരിക്കാൻ കൽപ്പിച്ചു. എങ്കിലും, ഇരിക്കുന്നതിന് മുമ്പ് അത് നിർവ്വഹിക്കല്‍ ആണ് വേണ്ടത്, ഇരുന്നതിന് ശേഷം നിർവ്വഹിക്കുന്നത് അത് 'ഖളാഅ്' (വീട്ടൽ) ആയും പരിഗണിക്കപ്പെടും.

5- തഹിയ്യത്തുൽ മസ്ജിദ് നിയമമാണെന്നും, അത് ശക്തമായ സുന്നത്താണെന്നും, അത് രണ്ട് റക്അത്താണെന്നും (ഇതിലുണ്ട്).

6- തഹിയ്യത്ത് നമസ്കാരം രണ്ട് റക്അത്താണ്.  രണ്ട് റക്അത്തിൽ കൂടുതൽ വർദ്ധിപ്പിക്കാൻ പാടില്ല. 



ജനങ്ങളോട് അടുത്ത് പെരുമാറുക... നസ്വീഹത്ത് കൈവിടാതിരിക്കുക

ജനങ്ങളോട് അടുത്ത് പെരുമാറുക... നസ്വീഹത്ത് കൈവിടാതിരിക്കുക

ബഹുമാനപ്പെട്ട ശൈഖ് റബീഅ് ബിൻ ഹാദി അൽ-മദ്ഖലി (റഹിമഹുല്ലാഹ്) ചോദിക്കപ്പെട്ടു:

"ബിദ്അത്തുകാരെ (പുത്തൻ ആശയക്കാരെ) പിന്തുടരുന്നവരോടും, ബിദ്അത്തുകാരോടെന്ന പോലെ അകൽച്ച (ഹജ്ർ) പാലിക്കേണ്ടതുണ്ടോ?"

അദ്ദേഹം (അല്ലാഹു അദ്ദേഹത്തിന് കരുണയും പാപമോചനവും നൽകുമാറാകട്ടെ) മറുപടി പറഞ്ഞു:

"സഹോദരങ്ങളെ, അവരിൽ വഞ്ചിതരായവരെ പഠിപ്പിക്കുകയാണ് വേണ്ടത്. നിങ്ങൾ തിടുക്കം കാണിക്കരുത്. അവർക്ക് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും വ്യക്തമാക്കി കൊടുക്കുകയും ചെയ്യുക. കാരണം, അവരിൽ പലരും നന്മ ആഗ്രഹിക്കുന്നവരാണ്. ഈ സൂഫികളിൽ പെട്ടവർ പോലും! അല്ലാഹുവാണെ സത്യം, സലഫീ പ്രബോധന പ്രവർത്തനങ്ങൾ സജീവമാണെങ്കിൽ അവർ കൂട്ടമായും ഒറ്റയായും സലഫി വഴിയിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് കാണാം.

അതിനാൽ, നിങ്ങളുടെയടുക്കൽ എപ്പോഴും 'ഹജ്ർ'  'ഹജ്ർ', 'ഹജ്ർ' (ഹജ്ർ: അകൽച്ച പാലിക്കുക/ ബഹിഷ്കരിക്കുക), എന്നത് മാത്രമാകരുത് അടിസ്ഥാന നിയമം!!

ജനങ്ങൾക്ക് സന്മാർഗം കാണിച്ചു കൊടുക്കലും അവരെ നന്മയിലേക്ക് പ്രവേശിപ്പിക്കലുമാണ് അടിസ്ഥാനം. ഈ 'ഹജ്ർ' ചിലപ്പോൾ തെറ്റായി മനസ്സിലാക്കപ്പെട്ടേക്കാം; നിങ്ങൾ ജനങ്ങളെയെല്ലാം വെടിഞ്ഞാൽ/അകറ്റി നിർത്തിയാൽ പിന്നെ ആരാണ് സുന്നത്തിലേക്ക് കടന്നുവരിക??!!!"

(അവലംബം: 'ഇന്നല്ലാഹ യർളാ ലകും സലാസൻ വ യസ്ഖതു ലകും സലാസൻ' എന്ന തലക്കെട്ടിലുള്ള പ്രഭാഷണം, പേജ് 38)

Monday, 24 November 2025

401 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 141- دروس الحديث - ജുമുഅ ഖുത്ബയും അവക്കിടയിലെ ഇരുത്തവും

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജുമുഅ ഖുത്ബയും അവക്കിടയിലെ ഇരുത്തവും


141 - عَنْ جَابِرٍ رضي الله عنه قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْطُبُ خُطْبَتَيْنِ وَهُوَ قَائِمٌ، يَفْصِلُ بَيْنَهُمَا بِجُلُوسٍ)) .

 ജാബിർ رضي الله عنه വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم നിന്നുകൊണ്ട് രണ്ട് ഖുത്ബകൾ നിർവ്വഹിക്കാറുണ്ടായിരുന്നു. അവിടുന്ന് അവ രണ്ടിനുമിടയിൽ ഇരുന്നുകൊണ്ട്  വേർതിരിക്കുമായിരുന്നു."

വിവരണം

 ജുമുഅ നമസ്കാരവും അതിലെ ഖുത്ബയും  ഇസ്‌ലാമിലെ സവിശേഷമായ ചിഹ്നങ്ങളില്‍ പെട്ടതാണ്. അതിലൂടെ ഒരു മുസ്‌ലിമിന് സദുപദേശവും, ഉദ്ബോധനങ്ങളും ലഭിക്കുന്നു.

    അൽ-ഖുത്ബ (الْخُطْبَة) ജുമുഅ ഖുത്ബ (പ്രസംഗം) എന്നാണ് അർത്ഥം. എന്നാല്‍ അൽ-ഖിത്ബ (الْخِطْبَة) വിവാഹാലോചന എന്നാണ് അർത്ഥം.

    ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ ഖുത്ബയുടെ രൂപത്തെക്കുറിച്ചാണ് അറിയിക്കുന്നത്.  റസൂൽ صلى الله عليه وسلم രണ്ട് ഖുത്ബകളും നിന്നുകൊണ്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. ആ രണ്ട് ഖുത്ബകളിലൂടെയും നബി صلى الله عليه وسلم ജനങ്ങൾക്ക് നന്മയിലേക്ക് വഴികാണിക്കുകയും, തിന്മയിൽ നിന്ന് അവരെ തടയുകയും ചെയ്തിരുന്നു. നബി صلى الله عليه وسلم പള്ളിയിൽ ഒരു ഈത്തപ്പന കുറ്റിയിലാണ് നിന്നിരുന്നത് എന്നും, പിന്നീട് മിമ്പര്‍ (പ്രസംഗ പീഠം) നിർമ്മിക്കപ്പെട്ടപ്പോൾ ഖുത്ബക്കായി അതിന്മേൽ നിന്നു എന്നും (ഹദീസുകളിൽ) സ്ഥിരപ്പെട്ടിട്ടുണ്ട്.

    "നബി صلى الله عليه وسلم അവ രണ്ടിനുമിടയിൽ ഇരുന്നുകൊണ്ട് വേർതിരിക്കാറുണ്ടായിരുന്നു." അതായത്, രണ്ട് ഖുത്ബകൾക്കിടയിൽ ലഘുവായി അല്പസമയം ഇരിക്കും. ആ ഇരിക്കുന്ന സമയത്ത് സംസാരം ഒഴിവാക്കുകയും ചെയ്യും.

   ഖുത്ബയിൽ നിൽക്കുന്നതിൻ്റെ യുക്തി: ജനങ്ങളെ പഠിപ്പിക്കുന്നതിനും അവർക്ക് ഉപദേശം നൽകുന്നതിനും അത് ഏറ്റവും ഉചിതമായതുകൊണ്ടാണ്. 

    ഇബ്നു ഹജർ رحمه الله പറഞ്ഞു: "നസാഈക്കും ദാറ ഖുത്നിക്കും ഈ വഴിയായി (സനദിലൂടെ) ഇങ്ങനെ വന്നിട്ടുണ്ട്: 'അവിടുന്ന് നിന്നുകൊണ്ട് രണ്ട് ഖുത്ബകൾ നിർവ്വഹിക്കാറുണ്ടായിരുന്നു. അവ രണ്ടിനുമിടയിൽ ഇരുന്നുകൊണ്ട് വേർതിരിക്കുമായിരുന്നു.' എന്നാൽ 'അൽ-ഉംദ'യുടെ രചയിതാവ് (ഇമാം അബ്ദുൽ ഗനി അൽ-മഖ്ദിസി رحمه الله) അശ്രദ്ധമായിക്കൊണ്ട് ഈ പദപ്രയോഗം 'സ്വഹീഹുൽ ബുഖാരി, മുസ്‌ലിം' (സ്വഹീഹൈനി) യിലേക്ക് ചേർത്തു പറഞ്ഞു. (യഥാർത്ഥത്തിൽ ഇത് ബുഖാരിയിലോ മുസ്‌ലിമിലോ ഈ രൂപത്തില്‍ വന്നിട്ടില്ല).

  ഇമാം അബൂ ദാവൂദ് رحمه الله ഇത് നിവേദനം ചെയ്തത് ഈ വാചകത്തിലാണ്: 'അവിടുന്ന് രണ്ട് ഖുത്ബകൾ നിർവ്വഹിക്കാറുണ്ടായിരുന്നു. അവിടുന്ന് മിമ്പറിൽ കയറിയാൽ മുഅദ്ദിൻ (ബാങ്ക്) പൂർത്തിയാക്കുന്നത് വരെ ഇരിക്കും. ശേഷം എഴുന്നേറ്റ് ഖുത്ബ നിർവ്വഹിക്കും. ശേഷം ഇരിക്കും, അപ്പോൾ ഒന്നും സംസാരിക്കില്ല. ശേഷം എഴുന്നേറ്റ് (രണ്ടാമത്തെ) ഖുത്ബ നിർവ്വഹിക്കും.'" (ഫത്ഹുല്‍ ബാരി 2/406)

    രണ്ട് ഖുത്ബകൾക്കിടയിൽ ഇരിക്കേണ്ട ദൈര്‍ഘ്യം: ഇതിൽ നാല് അഭിപ്രായങ്ങളുണ്ട്:

  1. 'സൂറത്തുൽ ഇഖ്‌ലാസ്' പാരായണം ചെയ്യുന്ന സമയം.

  2. മൂന്ന് ആയത്തുകൾ പാരായണം ചെയ്യുന്ന സമയം.

  3. ഖത്വീബ് താൻ ഇരിക്കുന്ന സ്ഥാനത്ത് ഉറച്ചിരിക്കുകയും, ശരീരത്തിലെ ഓരോ അവയവവും അതതിന്‍റെ സ്ഥാനത്ത് അടങ്ങുകയും ചെയ്യുന്നത് വരെ.

  4. രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുന്ന സമയം.

  • ഇബ്നു അബ്ദുൽ ബർ പറഞ്ഞു رحمه الله: "അവ രണ്ടിനുമിടയിൽ 'قل هو الله أحد' ഓതാനുള്ള അത്രയും സമയം ലഘുവായി ഇരിക്കുക."

  • ഇമാം ബാജി رحمه الله പറഞ്ഞു: "രണ്ട് ഖുത്ബകൾക്കിടയിൽ ഇരിക്കേണ്ട സമയം രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുന്ന സമയമാണ്. ഇത് യഹ്‌യ ബിൻ യഹ്‌യ ഇബ്നുൽ ഖാസിമിൽ നിന്ന് നിവേദനം ചെയ്തിരിക്കുന്നു; കാരണം രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം പോലെ സമാനമായ രണ്ട് കാര്യങ്ങളെ വേർതിരിക്കലാണത്."

  • ഇബ്നു ഖുദാമ رحمه الله പറഞ്ഞു: "രണ്ട് ഖുത്ബകൾക്കിടയിൽ ലഘുവായി ഇരിക്കൽ മുസ്തഹബ്ബ് ആണ്."

  • ഇമാം നവവി رحمه الله ഈ ഇരുത്തത്തെക്കുറിച്ച് പറഞ്ഞു: "അതിൽ അടങ്ങിയിരിക്കൽ (ത്വുമഅ്‌നീനത്ത്) നിർബന്ധമാണ്.. ഞങ്ങളുടെ അനുചരന്മാർ (ശാഫിഈ പണ്ഡിതന്മാർ) പറഞ്ഞു: ഈ ഇരുത്തം വളരെ ലഘുവായിരിക്കണം, ഏകദേശം സൂറത്തുൽ ഇഖ്‌ലാസ് ഓതാനുള്ള സമയം. അതിൽ നിർബന്ധമായിട്ടുള്ളത് അടങ്ങിയിരിക്കാനുള്ള സമയം മാത്രമാണ്. ഇതാണ് ശരിയായതും പ്രശസ്തവുമായ അഭിപ്രായം. ഇമാം ശാഫിഈ ഇത് വ്യക്തമായി പ്രസ്താവിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്."

ഖുത്ബയുടെ നിബന്ധനകൾ (ശർത്വുകൾ): ഇമാം നവവി رحمه الله പറഞ്ഞു: ഖുത്ബയുടെ നിബന്ധനകൾ ഏഴെണ്ണമാണ്: 

1- ദുഹ്‌റിന്‍റെ സമയം, 

2- നമസ്കാരത്തിന് മുമ്പായിരിക്കൽ, 

3- (ഖുത്ബകൾക്ക്) നിൽക്കലും അവക്കിടയിൽ ഇരിക്കലും, 

4- വലിയ അശുദ്ധിയിൽ നിന്നും ചെറിയ അശുദ്ധിയിൽ നിന്നും, 

5- നജസിൽ നിന്നും ശുദ്ധിയാകൽ, 

6- ഔറത്ത് മറക്കൽ (ഇവ രണ്ടും രണ്ട് ഖുത്ബകളിലും വേണമെന്നതാണ് ശരിയായ അഭിപ്രായം). 

7- പൂർണ്ണരായ (എല്ലാ നിബന്ധനകളും ഒത്ത) 40 പേർ കേൾക്കുന്ന രൂപത്തിൽ ശബ്ദമുയർത്തൽ.

 ഇബ്നു ഖുദാമ رحمه الله പറഞ്ഞു: "ശുദ്ധിയുള്ളവനായി (വുളൂഅ് ഉള്ളവനായി) ഖുത്ബ നിർവ്വഹിക്കലാണ് സുന്നത്ത്." അദ്ദേഹം അത് നിബന്ധനയായി (ശർത്വായി) പരിഗണിച്ചില്ല. മജ്ദുദ്ദീൻ ഇബ്നു തൈമിയ്യ (ശൈഖുൽ ഇസ്‌ലാമിന്‍റെ പിതാമഹൻ) യും അങ്ങനെത്തന്നെ പറഞ്ഞു.

    ഖുത്ബ നിർവ്വഹിച്ചയാൾ തന്നെ ഇമാമത്ത് (നമസ്കാരത്തിന് നേതൃത്വം) നിൽക്കണമെന്നത് നിർബന്ധമില്ല. ഇബ്നു ഖുദാമ رحمه الله പറഞ്ഞു: "നമസ്കാരത്തിന് നേതൃത്വം നൽകുന്നയാൾ തന്നെ ഖുത്ബ നിർവ്വഹിക്കലാണ് സുന്നത്ത്. കാരണം നബി صلى الله عليه وسلم രണ്ടും സ്വയം നിർവ്വഹിച്ചിരുന്നു. അപ്രകാരം തന്നെയായിരുന്നു അവിടുത്തേക്ക് ശേഷമുള്ള ഖലീഫമാരും."

    ഖുത്ബയുടെ റുക്നുകൾ (ഘടകങ്ങൾ): ഇമാം നവവി رحمه الله പറഞ്ഞു: ഖുത്ബയുടെ ഫർളുകൾ അഞ്ചെണ്ണമാണ്. മൂന്നെണ്ണം ഏകോപിച്ചതും രണ്ടെണ്ണം അഭിപ്രായ വ്യത്യാസമുള്ളതുമാണ്:

  1. അല്ലാഹുവിനെ സ്തുതിക്കൽ (ഹംദ്). 'ഹംദ്' എന്ന പദം തന്നെ ഉപയോഗിക്കൽ നിർബന്ധമാണ്. അതിന്‍റെ അർത്ഥം വരുന്ന പദങ്ങൾ മതിയാകില്ല എന്നത് പണ്ഡിത ഏകോപനമാണ്. അതിന്‍റെ ഏറ്റവും ചുരുങ്ങിയ രൂപം 'അൽഹംദുലില്ലാഹ്' എന്നതാണ്.

  2. റസൂൽ صلى الله عليه وسلم യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ. ഇതിനും 'സ്വലാത്ത്' എന്ന പദം തന്നെ ഉപയോഗിക്കൽ നിർബന്ധമാണ്.

  3. അല്ലാഹുവിനെ സൂക്ഷിക്കാൻ (തഖ്‌വ കൊണ്ട്) വസിയ്യത്ത് ചെയ്യൽ (ഉപദേശിക്കൽ).

  4. ഖുർആൻ പാരായണം ചെയ്യൽ.

  5. സത്യവിശ്വാസികൾക്ക് വേണ്ടി ദുആ (പ്രാർത്ഥന) ചെയ്യൽ.

  • ഇബ്നു ദഖീഖുൽ ഈദ് رحمه الله പറഞ്ഞു: "ചില കർമ്മശാസ്ത്ര പണ്ഡിതന്മാർ ഖുത്ബയുടെ നിർബന്ധ ഘടകങ്ങളിൽ ഒന്നായി 'അല്ലാഹുവിനെ സൂക്ഷിക്കാൻ കൽപ്പിക്കുക' എന്നതിനെ എണ്ണിയപ്പോൾ, അറബികൾ 'ഖുത്ബ' (പ്രസംഗം) എന്ന് വിളിക്കുന്നതെന്താണോ അതാണ് നിർബന്ധം എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു."

 ഖുത്ബ ഹ്രസ്വവും (ചുരുങ്ങിയതും) ആശയഗൗരവമുള്ളതും ആയിരിക്കണം. നബി صلى الله عليه وسلم യുടെ വചനം ഇതിന് തെളിവാണ്: "ഒരാളുടെ നമസ്കാരം നീളുന്നതും ഖുത്ബ കുറയുന്നതും അയാളുടെ പാണ്ഡിത്യത്തിന്‍റെ (ഫിഖ്ഹിന്‍റെ) അടയാളമാണ്. അതിനാൽ നിങ്ങൾ നമസ്കാരം നീട്ടുകയും ഖുത്ബ ചുരുക്കുകയും ചെയ്യുക. തീർച്ചയായും ചില വിവരണങ്ങളിൽ (സംസാരങ്ങളിൽ) ആകർഷണീയതയുണ്ട് (മാസ്മരികതയുണ്ട്)." (മുസ്‌ലിം).

  ജുമുഅ ഖുത്ബകളിൽ ഖലീഫമാരെയോ ഭരണാധികാരികളെയോ (പേരെടുത്തു) പരാമർശിക്കുന്നതും, ഖുനൂത്തിലെ ദുആക്ക് സമാനമായ ദുആ നിർവ്വഹിക്കുന്നതും സുന്നത്തിൽ പെട്ടതല്ല.

   എല്ലാ ഖുത്ബകളിലും  (إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ) എന്ന ആയത്ത് ഓതൽ പതിവാക്കുന്നത് സുന്നത്തിൽ പെട്ടതല്ല. കാരണം അത് നബി صلى الله عليه سلم യുടെ ചര്യയിലോ സ്വഹാബികളുടെ പ്രവർത്തിയിലോ ഉണ്ടായിരുന്നില്ല.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • ജുമുഅക്ക് രണ്ട് ഖുത്ബകൾ നിയമമാക്കപ്പെട്ടിരിക്കുന്നു.

  • ഖുത്ബയുടെ സമയത്ത് നിൽക്കൽ നിയമമാക്കപ്പെട്ട കാര്യമാണ്. ഖുത്ബ നടത്തുന്നതിനിടയില്‍ ഇരിക്കാൻ പാടില്ല.

  • രണ്ട് ഖുത്ബകൾക്കിടയിൽ ഇരിക്കലും നിയമമാണ്. ഒരൊറ്റ നിൽപ്പിൽ അവ രണ്ടു ഖുത്ബകളും  യോജിപ്പിക്കാൻ പാടില്ല.



623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...