ഫോളോ ചെയ്യാം

Saturday, 1 November 2025

378 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 118- دروس الحديث - അതി കഠിന ചൂടുള്ളപ്പോഴുള്ള നമസ്കാരം

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

അതി കഠിന ചൂടുള്ളപ്പോഴുള്ള നമസ്കാരം

118 - عَنْ عَبْدِ اللَّهِ بْنِ عُمَرَ وَأَبِي هُرَيْرَةَ رضي الله عنهم عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ: ((إذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاةِ. فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ)) .

അബ്ദുല്ലാഹി ബ്നു ഉമർ رضي الله عنه, അബൂ ഹുറൈറ رضي الله عنه എന്നിവരിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ചൂട് കഠിനമാകുമ്പോൾ നിങ്ങൾ നമസ്കാരം വൈകിച്ച് (തണുത്ത സമയത്ത്) നിർവഹിക്കുക. നിശ്ചയമായും, ചൂടിന്‍റെ കാഠിന്യം നരകത്തിന്‍റെ  ശ്വാസോച്ഛ്വാസത്തിൽ (അതി കാഠിന്യത്തില്‍) നിന്നുള്ളതാണ്."

വിവരണം

    ഇസ്‌ലാമിക ശരീഅത്തിൽ (നിയമസംഹിതയിൽ) വിട്ടുവീഴ്ചയുടെയും എളുപ്പത്തിന്‍റെയും മാതൃകകള്‍ നിരവധിയാണ്. പ്രയാസവും ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി നമസ്കാരം വൈകിക്കുന്നതിലുള്ള എളുപ്പം അതിൽപ്പെട്ടതാണ്. ഈ ഹദീസിൽ വ്യക്തമാക്കിയത് പോലെ; നബി صلى الله عليه وسلم പറയുന്നു: "അതി കഠിനമായ ചൂട് ഉള്ളപ്പോള്‍ നിങ്ങൾ നമസ്കാരം തണുപ്പിക്കുക (തണുപ്പുള്ള സമയത്തേക്ക് മാറ്റുക)."  അതായത്, ചൂട് അനുഭവപ്പെടുകയും അത് കഠിനമാവുകയും ചെയ്താൽ, നിങ്ങൾ നമസ്കാരം ചൂട് കുറയുന്ന സമയത്തേക്ക് മാറ്റി വെക്കുക. 

    ഇവിടെ ഉദ്ദേശിക്കപ്പെടുന്ന നമസ്കാരം ദുഹ്ർ നമസ്കാരമാണ്; കാരണം അതിന്‍റെ ആദ്യ സമയത്താണ് ചൂട് കഠിനമാകുന്നത്.

  നട്ടുച്ച നേരത്തെ (الهاجرة) കഠിനമായ ചൂട് മാറുന്നത് വരെ ദുഹ്ര്‍ നമസ്കാരം അതിന്‍റെ ആദ്യസമയത്തിൽ നിന്ന് അല്പം വൈകിപ്പിക്കുക. ദുഹ്ര്‍ നമസ്കാരത്തിന്‍റെ സമയത്തിൽ വിശാലതയുണ്ട്, ആ അസമയത്ത് തന്നെ അത് നിര്‍വ്വഹിക്കണം. അല്ലാതെ, പകലിന്‍റെ അവസാനത്തെ തണുപ്പുള്ള സമയം വരെ അതിനെ വൈകിപ്പിക്കണം എന്നല്ല. ദുഹ്ര്‍ നമസ്കാരത്തിന്‍റെ സമയത്ത് തന്നെ ചൂട് കുറഞ്ഞ സന്ദര്‍ഭം നോക്കി അത് നിര്‍വ്വഹിക്കണം.

    ഈ കൽപ്പനയുടെ കാരണം (യുക്തി) "നിശ്ചയമായും, ചൂടിന്‍റെ കാഠിന്യം നരകത്തിന്‍റെ (ജഹന്നമിന്‍റെ) ശ്വാസോച്ഛ്വാസത്തിൽ നിന്നുള്ളതാണ്" എന്ന പ്രവാചക വചനത്തിൽ നിന്ന് വ്യക്തമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് നീക്കുക എന്നതാണ് ഇതിലെ യുക്തി (الحِكمة). കാരണം, കഠിനമായ ചൂട് (നമസ്കാരത്തിലെ) ഭയഭക്തിയെ (الخُشوع) ഇല്ലാതാക്കിയേക്കാം.

    "ഫയ്ഹു ജഹന്നം" (فَيْحِ جهنَّمَ) എന്നാൽ: നരകത്തിന്‍റെ ചൂടിന്‍റെ കാഠിന്യം, അതിന്‍റെ വ്യാപനത്തിന്‍റെ വ്യാപ്തി, അതിന്‍റെ ശ്വാസോച്ഛ്വാസം എന്നൊക്കെയാണ്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- കഠിനമായ ചൂടുള്ളപ്പോൾ, സമയം തണുക്കുകയും ചൂടിന്‍റെ കാഠിന്യം കുറയുകയും ചെയ്യുന്നത് വരെ ദുഹ്ർ നമസ്കാരം വൈകിക്കുന്നത് സുന്നത്താണ്.
2- ഇതിലെ യുക്തി (ഹിക്മത്ത്) നമസ്കരിക്കുന്ന വ്യക്തിക്ക് ആശ്വാസം  ഉണ്ടാവുക എന്നതാണ്. അങ്ങനെ, അവന്‍റെ ഹൃദയത്തിന് (നമസ്കാരത്തിൽ) കൂടുതൽ സാന്നിധ്യം ഉണ്ടാകാനും, ചൂടിന്‍റെ പ്രയാസങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും അവനെ അകറ്റാനും സാധിക്കും.

3- ഒരു വിധി അതിന്‍റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഒരു നാട്ടിൽ എപ്പോൾ ചൂട് കാണപ്പെടുന്നുവോ, അപ്പോൾ (നമസ്കാരം) വൈകിക്കുക എന്ന നിയമവും ഇതിലുണ്ട്. തണുപ്പുള്ള നാടുകളിൽ - ഈ കാരണം (ചൂട്) ഇല്ലാത്തതുകൊണ്ട് - അവിടെ നമസ്കാരം വൈകിക്കുന്നത് അഭികാമ്യമല്ല.

4- ഹദീസിന്‍റെ പ്രത്യക്ഷമായ അർത്ഥത്തിൽ നിന്നും, ഈ വൈകിക്കലിന്‍റെ യുക്തിയില്‍ നിന്നും മനസ്സിലാകുന്നത്, ഈ വിധി പൊതുവായതാണ് എന്നാണ്. അതായത്, പള്ളിയിൽ ജമാഅത്തായി നമസ്കരിക്കുന്നവന്‍റെ കാര്യത്തിലും, വീട്ടിൽ ഒറ്റയ്ക്ക് നമസ്കരിക്കുന്നവന്‍റെ കാര്യത്തിലും ഇത് ഒരുപോലെ ബാധകമാണ്. കാരണം, ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതയിൽ ഇരുവരും പങ്കുചേരുന്നു.

5- നമസ്കരിക്കുന്ന വ്യക്തി, അതിൽ (നമസ്കാരത്തിൽ) നിന്ന് ശ്രദ്ധ തിരിക്കുന്നതും അലസതയുണ്ടാക്കുന്നതുമായ എല്ലാ കാര്യങ്ങളിൽ നിന്നും അകന്ന് നമസ്കാരം നിർവഹിക്കണമെന്ന് നിയമമാക്കപ്പെട്ടിരിക്കുന്നു.

6- നമസ്കാരത്തിന്‍റെ ആദ്യ സമയത്തിന് പരിഗണന നൽകുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ആരാധന പരിപൂർണ്ണമാക്കുന്നതിന് പരിഗണന നൽകുന്നതിനാണ്.

7- ഇസ്‌ലാമിക ശരീഅത്തിന്‍റെ എളുപ്പവും ലാളിത്യവും (ഇതിൽനിന്ന് വ്യക്തമാകുന്നു).

8- നരകം (അന്നാർ) ഇപ്പോൾ നിലവിലുള്ളതാണ്. "നരകം അന്ത്യദിനത്തിലല്ലാതെ സൃഷ്ടിക്കപ്പെടുകയില്ല എന്ന മുഅ്തസില വിഭാഗത്തിന്‍റെ വാദത്തിനുള്ള മറുപടി ഇതിലുണ്ട്."

9- നബി صلى الله عليه وسلم യുടെ അദ്ധ്യാപന രീതിയുടെ സൗന്ദര്യം (ഇതിൽ കാണാം); അവിടുന്ന് ഒരു വിധി (ഹുക്മ്) പറയുമ്പോൾ അതിന്‍റെ പിന്നിലെ യുക്തി കൂടി വ്യക്തമാക്കുന്നു.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...