عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാര ശേഷം ചൊല്ലേണ്ടവ
136 - عَنْ سُمَيٍّ مَوْلَى أَبِي بَكْرِ
بْنِ عَبْدِ الرَّحْمَنِ بْنِ الْحَارِثِ بْنِ هِشَامٍ عَنْ أَبِي صَالِحٍ
السَّمَّانِ عَنْ أَبِي هُرَيْرَةَ رضي الله عنه: ((أَنَّ فُقَرَاءَ
الْمُسْلِمِينَ أَتَوْا رَسُولَ اللَّهِ صلى الله عليه وسلم فَقَالُوا: يَا
رَسُولَ اللَّهِ، قَدْ ذَهَبَ أَهْلُ الدُّثُورِ بِالدَّرَجَاتِ الْعُلَى
وَالنَّعِيمِ الْمُقِيمِ. قَالَ: وَمَا ذَاكَ؟ قَالُوا: يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ وَلا نَتَصَدَّقُ. وَيُعْتِقُونَ
وَلا نُعْتِقُ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: أَفَلا
أُعَلِّمُكُمْ شَيْئًا تُدْرِكُونَ بِهِ مَنْ سَبَقَكُمْ، وَتَسْبِقُونَ مَنْ
بَعْدَكُمْ. وَلا يَكُونُ أَحَدٌ أَفْضَلَ مِنْكُمْ، إلاَّ مَنْ صَنَعَ مِثْلَ
مَا صَنَعْتُمْ؟ قَالُوا: بَلَى، يَا رَسُولَ اللَّهِ. قَالَ: تُسَبِّحُونَ
وَتُكَبِّرُونَ وَتَحْمَدُونَ دُبُرَ كُلِّ صَلاةٍ: ثَلاثاً وَثَلاثِينَ مَرَّةً.
قَالَ أَبُو صَالِحٍ: فَرَجَعَ فُقَرَاءُ الْمُهَاجِرِينَ، فَقَالُوا: سَمِعَ
إخْوَانُنَا أَهْلُ الأَمْوَالِ بِمَا فَعَلْنَا، فَفَعَلُوا مِثْلَهُ. فَقَالَ
رَسُولُ اللَّهِ صلى الله عليه وسلم ذَلِكَ فَضْلُ اللَّهِ يُؤْتِيهِ
مَنْ يَشَاءُ)) .
അബൂബക്കർ ബിൻ അബ്ദുറഹ്മാൻ ബിൻ അൽ-ഹാരിസ് ബിൻ ഹിശാമിൻ്റെ മൗലയായ (മോചിപ്പിക്കപ്പെട്ട അടിമ) സുമയ്യിൽ നിന്ന്, അബൂ സാലിഹ് അസ്സമ്മാനിൽ നിന്ന്, അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം: മുസ്‌ലിംകളിലെ ദരിദ്രർ അല്ലാഹുവിൻ്റെ റസൂല്‍ صلى الله عليه وسلم യുടെ അടുക്കൽ വന്ന് പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂലേ, സമ്പന്നരായ ആളുകൾ (അഹ്ലുദ്ദുഥൂർ) ഉന്നതമായ പദവികളും ശാശ്വതമായ അനുഗ്രഹങ്ങളുമായി (നമുക്ക് മുമ്പേ) കടന്നുപോയിരിക്കുന്നു.'
അവിടുന്ന് ചോദിച്ചു: 'അതെന്താണ്?'
അവർ പറഞ്ഞു: 'ഞങ്ങൾ നമസ്കരിക്കുന്നത് പോലെ അവരും നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവരും നോമ്പെടുക്കുന്നു. എന്നാൽ അവർ ദാനം ചെയ്യുന്നു, ഞങ്ങൾ ദാനം ചെയ്യുന്നില്ല. അവർ അടിമകളെ മോചിപ്പിക്കുന്നു, ഞങ്ങൾ അടിമകളെ മോചിപ്പിക്കുന്നില്ല.'
അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم ചോദിച്ചു: 'നിങ്ങളെ മുൻകടന്നവരെ നിങ്ങൾക്ക് ഒപ്പമെത്താനും, നിങ്ങൾക്ക് ശേഷം വരുന്നവരെ മുൻകടക്കാനും സാധിക്കുന്ന, -നിങ്ങൾ പ്രവർത്തിച്ചത് പോലെ പ്രവർത്തിച്ചവനല്ലാതെ- നിങ്ങളെക്കാൾ ശ്രേഷ്ഠനായി മറ്റൊരാളും വരാത്ത ഒരു കാര്യം ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?'
അവർ പറഞ്ഞു: 'അതെ, അല്ലാഹുവിൻ്റെ റസൂലേ (പഠിപ്പിച്ചുതന്നാലും).'
അവിടുന്ന് പറഞ്ഞു: 'ഓരോ (നിർബന്ധ) നമസ്കാരത്തിന് ശേഷവും നിങ്ങൾ മുപ്പത്തിമൂന്ന് തവണ തസ്ബീഹും (സുബ്ഹാനല്ലാഹ്), തക്ബീറും (അല്ലാഹു അക്ബർ), തഹ്മീദും (അൽഹംദുലില്ലാഹ്) ചൊല്ലുക.'
അബൂ സാലിഹ് പറഞ്ഞു: 'അങ്ങനെ മുഹാജിറുകളിലെ ദരിദ്രർ മടങ്ങിവന്ന് (വീണ്ടും) പറഞ്ഞു: ഞങ്ങൾ പ്രവർത്തിച്ചത് ഞങ്ങളുടെ സഹോദരന്മാരായ സമ്പന്നർ കേട്ടു, അങ്ങനെ അവരും അതുപോലെ പ്രവർത്തിച്ചു.'
അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: 'അത് അല്ലാഹുവിൻ്റെ അനുഗ്രഹമാണ്; അവൻ ഉദ്ദേശിക്കുന്നവർക്ക് അത് നൽകുന്നു.'
അദ്ദുഥൂർ (الدُّثور): ധാരാളം സമ്പത്ത്.
വിവരണം
സൽകർമ്മങ്ങൾ ചെയ്യുന്നതിലും, അതിൻ്റെ പ്രതിഫലം നേടുന്നതിലും, തങ്ങളുടെ പദവികൾ ഉയർത്തുന്ന കാര്യത്തിലും, അല്ലാഹുവിന്‍റെ പ്രീതി കരസ്ഥമാക്കുന്നതിലും ജനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ആവേശവും താല്പര്യവും ഉണ്ടായിരുന്നത് സ്വഹാബികൾക്കായിരുന്നു. ഈ ആവേശത്തിൻ്റെ ഒരു ഉദാഹരണമാണ് ഈ ഹദീസിലുള്ളത്.
അബൂ ഹുറൈറ رضي الله عنه പറയുന്നു: മുസ്ലിംകളിലെ ദരിദ്രർ നബി صلى الله عليه وسلم യുടെ അടുക്കൽ വന്നു പറഞ്ഞു: "ധാരാളം സമ്പത്തുള്ളവർ ഉന്നതമായ പദവികളും ശാശ്വതമായ അനുഗ്രഹങ്ങളും കൊണ്ട് (ഞങ്ങളെ) മുൻകടന്നിരിക്കുന്നു. കാരണം, ഞങ്ങൾ (ഫർളും സുന്നത്തും) നമസ്കരിക്കുന്നത് പോലെ അവരും നമസ്കരിക്കുന്നു. ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവരും നോമ്പെടുക്കുന്നു. അതിനാൽ അവരുടെ നമസ്കാരവും നോമ്പും ഞങ്ങളുടേത് പോലെത്തന്നെയാണ് (അതിൽ ഞങ്ങൾ തുല്യരാണ്). എന്നാൽ അവർക്ക് സമ്പത്തിന്‍റെ ശ്രേഷ്ഠത അധികമായി ലഭിച്ചിട്ടുണ്ട്. അതുപയോഗിച്ച് അവർ ഹജ്ജ് ചെയ്യുകയും, ഉംറ ചെയ്യുകയും, ജിഹാദ് ചെയ്യുകയും, ദാനം നൽകുകയും, അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്നു (ഞങ്ങൾക്ക് അതിന് കഴിയുന്നില്ല)."
അപ്പോൾ ഈ കുറവ് പരിഹരിക്കാനുള്ള മാർഗ്ഗം നബി صلى الله عليه وسلم അവർക്ക് പറഞ്ഞു കൊടുത്തു. അവിടുന്ന് ചോദിച്ചു: "ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? അത് നിങ്ങൾ പ്രവർത്തിച്ചാൽ ഉന്നത പദവികളിലേക്ക് നിങ്ങളെ മുൻകടന്നവർക്കൊപ്പം നിങ്ങൾക്ക് എത്താം. നിങ്ങൾക്ക് ശേഷം വരുന്നവരാരും -ഈ പ്രവർത്തനം ചെയ്യാത്ത പക്ഷം- നിങ്ങളുടെ ഒപ്പമെത്തുകയുമില്ല. നിങ്ങളെപ്പോലെ പ്രവർത്തിച്ചവരൊഴികെ (അവർ ചിലപ്പോൾ നിങ്ങളെക്കാൾ ഉത്തമരോ തുല്യരോ ആയേക്കാം)?"
(ഇവിടെ ദരിദ്രർ ഉന്നത പദവികളും ശാശ്വത അനുഗ്രഹങ്ങളും ലഭിക്കുക എന്നതായിരുന്നു ലക്ഷ്യമാക്കിയത്, അല്ലാതെ സമ്പന്നർക്ക് അധികമായി ലഭിക്കുന്നത് ഇല്ലാതാക്കുക എന്നതായിരുന്നില്ല. അസൂയയോടെയുള്ള ആവലാതിയായിരുന്നില്ല അവരുടേത്.
അവര്‍ക്ക് പദവികളില്‍ മുന്‍പന്തിയില്‍ എത്താനുള്ള വഴി നബി صلى الله عليه وسلم അവരോട് പറഞ്ഞു: "ഓരോ നിർബന്ധ നമസ്കാരത്തിന് ശേഷവും 33 തവണ തസ്ബീഹും (സുബ്ഹാനല്ലാഹ്), തഹ്മീദും (അൽഹംദുലില്ലാഹ്), തക്ബീറും (അല്ലാഹു അക്ബർ) ചൊല്ലുക എന്നതായിരുന്നു അത്."
പാവപ്പെട്ട മുഹാജിറുകൾ നബി صلى الله عليه وسلم യുടെ അടുക്കൽ വന്ന് പരാതി പറയുന്നത് ഭൗതികമായ കാര്യങ്ങളെക്കുറിച്ചല്ല (വീടോ, വാഹനമോ, ഭക്ഷണമോ ഇല്ല എന്നല്ല). മറിച്ച്, സമ്പന്നരായ വിശ്വാസികൾ തങ്ങളെക്കാൾ കൂടുതൽ സ്വർഗ്ഗത്തിലെ പദവികൾ കരസ്ഥമാക്കുന്നു എന്നതായിരുന്നു അവരുടെ സങ്കടം.
ശാരീരിക ആരാധനകൾ: നമസ്കാരം, നോമ്പ് തുടങ്ങിയ കാര്യങ്ങളിൽ പാവപ്പെട്ടവരും സമ്പന്നരും തുല്യമാണ്.
സാമ്പത്തിക ആരാധനകൾ: എന്നാൽ സമ്പത്ത് ഉള്ളതുകൊണ്ട് ധനികർക്ക് ഹജ്ജ്, ഉംറ, ജിഹാദ്, അടിമമോചനം, ദാനധർമ്മങ്ങൾ എന്നിവ ചെയ്യാൻ സാധിക്കുന്നു. പാവപ്പെട്ടവർക്ക് ഇതിന് കഴിയുന്നില്ല. അതിനാൽ ധനികർ പുണ്യങ്ങളിൽ തങ്ങളെ മുൻകടക്കുന്നു എന്നതായിരുന്നു അവരുടെ വിഷമം.
ഇത് 'ഹസദ്' (അസൂയ - മറ്റുള്ളവർക്ക് ലഭിച്ചത് നശിച്ചുപോകാനുള്ള ആഗ്രഹം) ആയിരുന്നില്ല. മറിച്ച് 'ഗിബ്ത്വ' (മറ്റുള്ളവർക്ക് ലഭിച്ചത് പോലെ തനിക്കും ലഭിക്കണം എന്ന ആഗ്രഹം / പുണ്യങ്ങളിലുള്ള മത്സരം) ആയിരുന്നു.
പാവപ്പെട്ടവരുടെ സങ്കടം മാറ്റാൻ നബി صلى الله عليه وسلم അവർക്ക് പണത്തിന് പകരമായി ചെയ്യാൻ കഴിയുന്ന ഒരു എളുപ്പവഴി (ദിക്ർ) പഠിപ്പിച്ചു കൊടുത്തു.
എല്ലാ ഫർള് നമസ്കാരങ്ങൾക്ക് ശേഷവും 33 തവണ സുബ്ഹാനല്ലാഹ്, 33 തവണ അൽഹംദുലില്ലാഹ്, 33 തവണ അല്ലാഹു അക്ബർ എന്നിവ ചൊല്ലുക.
ഇത് പതിവാക്കിയാൽ, സമ്പത്ത് ചെലവഴിച്ച് പുണ്യം നേടുന്നവർക്ക് ഒപ്പമെത്താനും, ഈ ദിക്ർ ചൊല്ലാത്തവരെ മുൻകടക്കാനും സാധിക്കുമെന്ന് നബി صلى الله عليه وسلم ഉറപ്പുനൽകി. ദിക്റിന്‍റെ മഹത്വം സമ്പത്തിനേക്കാൾ വലുതാണെന്ന് ഇത് തെളിയിക്കുന്നു.
ഈ അറിവ് പാവപ്പെട്ടവർക്ക് മാത്രം രഹസ്യമായി ലഭിച്ച ഒന്നായിരുന്നില്ല. അത് പ്രചരിക്കുകയും സമ്പന്നരായ സ്വഹാബികൾ അത് അറിയുകയും ചെയ്തു. അവർ സമ്പത്ത് ചെലവഴിക്കുന്നതിനോടൊപ്പം ഈ ദിക്റുകളും ചൊല്ലാൻ തുടങ്ങി.
അതോടെ പാവപ്പെട്ടവർ വീണ്ടും നബി صلى الله عليه وسلم യുടെ അടുത്തെത്തി. "ഞങ്ങൾ ചെയ്യുന്ന ദിക്റുകൾ ഇപ്പോൾ സമ്പന്നരും ചെയ്യുന്നുണ്ട്. അപ്പോൾ അവർക്ക് സാമ്പത്തികമായ പുണ്യവും ദിക്റിന്‍റെ പുണ്യവും ലഭിക്കുന്നു. ഞങ്ങൾ വീണ്ടും പിന്നിലായിപ്പോയി" എന്നതായിരുന്നു അവരുടെ വാദം.
നബി صلى الله عليه وسلم അവസാനം നൽകിയ മറുപടി വളരെ ശ്രദ്ധേയമാണ്: "അത് അല്ലാഹുവിന്‍റെ ഔദാര്യമാണ് (ഫള്ൽ), അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു."
ഇതിന്‍റെ അർത്ഥം:
സമ്പത്തും നന്മകളില്‍ മത്സരിക്കലും അല്ലാഹുവിന്‍റെ ഔദാര്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അവ നല്‍കുന്നു. സമ്പന്നർക്ക് അവരുടെ സമ്പത്ത് കൊണ്ടും ദിക്ർ കൊണ്ടും ലഭിക്കുന്ന പ്രതിഫലം അല്ലാഹുവിന്‍റെ തീരുമാനമാണ്. അതിൽ നമുക്ക് ഇടപെടാന്‍ അവകാശമില്ല.
നബി صلى الله عليه وسلم ദരിദ്രർക്കായി നന്മയുടെയും സ്വദഖയുടെയും (ദാനധർമ്മം) ധാരാളം വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ട്. സ്വദഖയുടെ ആശയം നബി صلى الله عليه وسلم വിശാലമാക്കുകയും സാർവത്രികമാക്കുകയും ചെയ്തു. എത്രത്തോളമെന്നാൽ, ആത്മാർത്ഥമായ നിയ്യത്തോടുകൂടി ചെയ്യുന്ന (നിത്യജീവിതത്തിലെ) ശീലങ്ങളെപ്പോലും അത് ഉൾക്കൊണ്ടു. അതിനാൽ സ്വദഖ എന്നത് സമ്പത്തിൽ മാത്രം പരിമിതമല്ല; മറിച്ച് എല്ലാത്തരം നന്മകളെയും നല്ല കാര്യങ്ങളെയും അത് ഉൾക്കൊള്ളുന്നു.
സ്വദഖയുടെ വിശേഷണം ലഭിച്ച മറ്റ് പല കർമ്മങ്ങളും ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്.
അവയിൽ പെട്ടതാണ്:
മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കൽ.
ജനങ്ങളുടെ വഴിയിൽ നിന്ന് ഉപദ്രവവും മുള്ളും നീക്കം ചെയ്യൽ.
വെള്ളം കുടിപ്പിക്കൽ.
അന്ധന് വഴികാട്ടിക്കൊടുക്കൽ.
സഹായമഭ്യർത്ഥിക്കുന്നവനെ (വിഷമിക്കുന്നവനെ) സഹായിക്കൽ.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കൽ.
നല്ല നിലക്കുള്ള കടം നൽകൽ.
മുസ്‌ലിംകളുടെ പ്രയാസങ്ങൾ നീക്കിക്കൊടുക്കൽ.
ഒരാൾ തന്‍റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നത്.
എന്നുമാത്രമല്ല, "മഅ്റൂഫ്" (നന്മ) എന്ന പദത്തിൽ ഉൾപ്പെടുന്നതെല്ലാം സ്വദഖകളിൽ പെട്ട ഒരു സ്വദഖയായിട്ടാണ് പരിഗണിക്കപ്പെടുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
സ്വഹാബികൾ ദുന്‍യാവിനേക്കാൾ പരലോകത്തിന് പ്രാധാന്യം നൽകി.
പണം ചെലവഴിക്കാൻ കഴിയാത്തവർക്ക് അതിനു തുല്യമായ പ്രതിഫലം നേടാൻ ദിക്റിലൂടെ സാധിക്കും.
നന്മകൾ ചെയ്യുന്നതിൽ വിശ്വാസികൾ പരസ്പരം മത്സരിക്കണം.
33 തവണ വീതമുള്ള തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവയുടെ പ്രാധാന്യം. (ഇത് 100 തികയ്ക്കാൻ "ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു..." എന്ന് ചൊല്ലുന്ന മറ്റൊരു രിവായത്തും ഉണ്ട്).
അല്ലാഹുവിന്‍റെ വഴിയിൽ ചെലവഴിക്കുകയാണെങ്കിൽ സമ്പത്ത് വലിയൊരു അനുഗ്രഹമാണ് (നിഅ്മത്ത്).
ആർക്ക് എന്ത് നൽകണം എന്നത് അല്ലാഹുവിന്‍റെ തീരുമാനമാണ്. അതിൽ നമ്മൾ തൃപ്തിപ്പെടണം.
തസ്ബീഹിന്‍റെയും മറ്റ് ദിക്റുകളുടെയും ശ്രേഷ്ഠത (പ്രത്യേകിച്ചും നമസ്കാരത്തിന് ശേഷം).
ദാനധർമ്മത്തിന്‍റെ ശ്രേഷ്ഠതയും അതിന്‍റെ പ്രതിഫലത്തിന്‍റെ വലുപ്പവും.
നന്മകളിലേക്ക് മുൻകടക്കാനുള്ള സ്വഹാബികളുടെ അതിയായ ആഗ്രഹം.
സ്വദഖ (ദാനം) എന്നത് സമ്പത്തിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് ദിക്ർ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ തുടങ്ങിയവ പോലെ സമ്പത്തല്ലാത്ത കാര്യങ്ങൾ ചിലപ്പോൾ അതിനേക്കാൾ (സമ്പത്തിനേക്കാൾ) ഉത്തമമായേക്കാം.
മതകാര്യങ്ങളിൽ തന്നേക്കാൾ ഉന്നതരായവരിലേക്കും, ഭൗതിക കാര്യങ്ങളിൽ തന്നേക്കാൾ താഴെയുള്ളവരിലേക്കും നോക്കുക. കാരണം, മതകാര്യങ്ങളിൽ തന്നേക്കാൾ ഉന്നതരായവരിലേക്ക് നോക്കുന്നത്, ഉയർന്ന ലക്ഷ്യബോധം ഉണ്ടാകുവാനും നന്മകളിൽ മത്സരിക്കുവാനും അവനെ പ്രേരിപ്പിക്കും. ഭൗതിക കാര്യങ്ങളിൽ തന്നേക്കാൾ താഴെയുള്ളവരിലേക്ക് നോക്കുന്നത്, (ലഭിച്ച) അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും.

No comments:
Post a Comment