ഫോളോ ചെയ്യാം

Sunday, 23 November 2025

400 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 140- دروس الحديث - ജുമുഅക്ക് വേണ്ടി കുളിക്കല്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ജുമുഅക്ക് വേണ്ടി കുളിക്കല്‍


ജുമുഅ

بابُ الجُمُعةِ

140 - عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ((مَنْ جَاءَ مِنْكُمْ الْجُمُعَةَ فَلْيَغْتَسِلْ))

അബ്ദുല്ലാഹ് ഇബ്നു ഉമർ رضي الله عنهما യില്‍ നിന്ന് നിവേദനം, അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ജുമുഅക്ക് വന്നാൽ (വരുമ്പോള്‍) അവൻ കുളിച്ചുകൊള്ളട്ടെ."

വിവരണം

  വൃത്തിയും നല്ല ഗന്ധവും സൂക്ഷിക്കുക എന്നത് മുസ്‌ലിമിൻ്റെ സ്വഭാവഗുണങ്ങളിലും, അവൻ തൻ്റെ ഉദാത്തമായ മതത്തിൽ നിന്ന് പഠിച്ച മര്യാദകളിലും പെട്ടതാണ്. ജനങ്ങളെ കണ്ടുമുട്ടുമ്പോഴും അവരോടൊപ്പം ഇരിക്കുമ്പോഴും, പ്രത്യേകിച്ച് ജുമുഅകളിലും ജമാഅത്തുകളിലും (സംഘടിത നമസ്കാരങ്ങളിലും) ഈ കാര്യം കൂടുതൽ ശക്തമാകുന്നു.

    ഈ ഹദീസിൽ, അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم വെള്ളിയാഴ്ച കുളിക്കാൻ കൽപ്പിക്കുന്നു. ഒരു മുസ്ലിം ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ ഉദ്ദേശിച്ചാൽ, ജനാബത്തിൽ (വലിയ അശുദ്ധി) നിന്ന് കുളിക്കുന്നതുപോലെത്തന്നെ അവൻ പൂർണ്ണമായി കുളിച്ചു കൊള്ളണം.

    മോശമായ ഗന്ധം നീക്കം ചെയ്യലും വൃത്തിയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്; അവിടെ ഹാജറുള്ള മറ്റുള്ളവർക്ക് അതുകൊണ്ട് ഉപദ്രവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണത്. പള്ളികളിലേക്കും ജമാഅത്തുകളിലേക്കും വരുമ്പോൾ പാലിക്കേണ്ട മര്യാദകളിൽ പെട്ടതുമാണിത്. 

ജുമുഅ ദിവസത്തെ കുളിയുടെ വിധി

    വെള്ളിയാഴ്ച കുളിക്കുക എന്നത് 'സുന്നത്തു മുഅക്കദ' (പ്രബലമായ സുന്നത്ത്) ആണ്. കാരണം നബി صلى الله عليه وسلم പറഞ്ഞു: "വെള്ളിയാഴ്ചയിലെ കുളി പ്രായപൂർത്തിയായ (സ്വപ്ന സ്ഖലനമാകുന്ന) എല്ലാവർക്കും നിർബന്ധമാണ്. അവൻ ദന്തശുദ്ധി വരുത്തുകയും സുഗന്ധം ഉപയോഗിക്കുകയും ചെയ്യട്ടെ."

    മറ്റൊരു ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു: "ആരെങ്കിലും ജുമുഅക്ക് പോയാൽ അവൻ കുളിക്കട്ടെ." ഇതുപോലെ ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.

  ഇത് ഉപേക്ഷിച്ചാൽ കുറ്റക്കാരനാകുന്ന രൂപത്തിലുള്ള നിർബന്ധമല്ല (വാജിബല്ല). മറിച്ച് അത് 'പ്രബലമായ സുന്നത്ത്' ആണെന്ന അർത്ഥത്തിലുള്ള 'വാജിബ്' ആണ്. സ്വഹീഹായ ഈ ഹദീസ് അതിന് തെളിവാണ്; നബി صلى الله عليه وسلم പറഞ്ഞു: "ഒരാൾ വെള്ളിയാഴ്ച വുളൂഅ് എടുത്ത് പള്ളിയിൽ വരികയും, തനിക്ക് വിധിക്കപ്പെട്ടത് (സുന്നത്ത്) നമസ്കരിക്കുകയും, ഇമാം ഖുതുബയിൽ നിന്ന് വിരമിക്കുന്നത് വരെ നിശബ്ദനായിരിക്കുകയും ചെയ്താൽ, അവനും അടുത്ത ജുമുഅക്കും ഇടയിലുള്ള (പാപങ്ങൾ) അവന് പൊറുക്കപ്പെടും; കൂടാതെ മൂന്ന് ദിവസത്തെ പുണ്യം അധികമായും ലഭിക്കും."

    നബി صلى الله عليه وسلم യുടെ മറ്റൊരു വചനം: "ആരെങ്കിലും വെള്ളിയാഴ്ച വുളൂഅ് ചെയ്താൽ അത് നല്ല കാര്യമാണ് (അതുമതി). ആരെങ്കിലും കുളിച്ചാൽ, കുളിയാണ് ഏറ്റവും ഉത്തമം."

    ഇതിൽ നിന്നും നബി صلى الله عليه وسلم 'വാജിബ്' (നിർബന്ധം) എന്ന് പറഞ്ഞതിന്‍റെ അർത്ഥം അത് 'ഫർള്' ആണെന്നല്ല, മറിച്ച് 'പ്രബലമായ സുന്നത്ത്' ആണെന്ന് മനസ്സിലാക്കാം. ഈ വിഷയത്തിൽ വന്ന ഹദീസുകളെ യോജിപ്പിക്കുമ്പോൾ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത്. 

    ആരെങ്കിലും വെള്ളിയാഴ്ച ജനാബത്തിന്‍റെ (വലിയ അശുദ്ധിയുടെ) കുളി കുളിച്ചാൽ, ജുമുഅയുടെ കുളിക്ക് പകരം അത് മതിയാകുന്നതാണ്. എന്നാൽ കുളിക്കുമ്പോൾ അവ രണ്ടിനെയും (ജനാബത്തിനെയും ജുമുഅയെയും) കരുതുന്നതാണ് ഏറ്റവും ഉത്തമം.

   പ്രഭാതം (ഫജ്ർ) വെളിവായതിന് ശേഷം കുളിച്ചാൽ മാത്രമേ വെള്ളിയാഴ്ചത്തെ സുന്നത്തായ കുളി ലഭിക്കുകയുള്ളൂ.

    ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്ന സമയത്ത് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം അതാണ് ഉന്മേഷത്തിനും വൃത്തിക്കും ഏറ്റവും പൂർണ്ണമായത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വെള്ളിയാഴ്ച കുളിക്കുന്നതിന്‍റെ ഗൗരവവും (പ്രാധാന്യവും), അത് വിശ്വാസിക്ക് വെള്ളിയാഴ്ച സുന്നത്താണെന്നും, (ആ കുളി) നമസ്കാരത്തിന് പോകുന്ന സമയത്തായിരിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നും (ഇത് വ്യക്തമാക്കുന്നു).

2- വൃത്തിയും നല്ല ഗന്ധവും സൂക്ഷിക്കുക എന്നത് മുസ്ലിമിന്‍റെ സ്വഭാവഗുണങ്ങളിലും മര്യാദകളിലും പെട്ടതാണ്. ജനങ്ങളെ കണ്ടുമുട്ടുമ്പോഴും അവരോടൊപ്പം ഇരിക്കുമ്പോഴും, പ്രത്യേകിച്ചും ജുമുഅകളിലും ജമാഅത്തുകളിലും (സംഘടിത നമസ്കാരങ്ങളിലും) ഈ കാര്യം കൂടുതൽ പ്രാധാന്യമുള്ളതാകുന്നു.

3- ഈ ഹദീസിലെ കൽപന (അഭിസംബോധന) ജുമുഅ നിർബന്ധമായവർക്ക് വേണ്ടിയുള്ളതാണ്; കാരണം അവരാണല്ലോ ജുമുഅക്ക് വരുന്നത്.

4- ജുമുഅക്ക് വരുന്നയാൾ വൃത്തിയുള്ളവനായിരിക്കൽ അഭികാമ്യമാണ് (മുസ്തഹബ്ബ്). ശരീരത്തിൽ നിന്ന് (മോശമായ) ഗന്ധങ്ങൾ നീങ്ങുന്നത് വരെ കുളിക്കുകയും, സുഗന്ധം പൂശുകയും ചെയ്യണം. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...