ഫോളോ ചെയ്യാം

Tuesday, 18 November 2025

395 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 135- دروس الحديث - നമസ്കാര ശേഷമുള്ള പ്രധാന ദിക്ര്‍

  


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാര ശേഷമുള്ള 

പ്രധാന ദിക്ര്‍ 


135 - عَنْ وَرَّادٍ مَوْلَى الْمُغِيرَةِ بْنِ شُعْبَةَ قَالَ: أَمْلَى عَلَيَّ الْمُغِيرَةُ بْنُ شُعْبَةَ مِنْ كِتَابٍ إلَى مُعَاوِيَةَ: ((إنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُولُ فِي دُبُرِ كُلِّ صَلاةٍ مَكْتُوبَةٍ: "لا إلَهَ إلاَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٍ. اللَّهُمَّ لا مَانِعَ لِمَا أَعْطَيْتَ وَلا مُعْطِيَ لِمَا مَنَعْتَ، وَلا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ)) . ثُمَّ وَفَدْتُ بَعْدَ ذَلِكَ عَلَى مُعَاوِيَةَ فَسَمِعْتُهُ يَأْمُرُ النَّاسَ بِذَلِكَ.
وَفِي لَفْظٍ: ((كَانَ يَنْهَى عَنْ قِيلَ وَقَالَ، وَإِضَاعَةِ الْمَالِ،  وَكَثْرَةِ السُّؤَالِ وَكَانَ يَنْهَى عَنْ عُقُوقِ الأُمَّهَاتِ، وَوَأْدِ الْبَنَاتِ، وَمَنْعٍ وَهَاتِ)) .

    അൽ-മുഗീറത്ത് ബ്നു ശുഅ്ബ رضي الله عنهയുടെ മൗലയായ (മോചിപ്പിക്കപ്പെട്ട അടിമ) വർറാദിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: മുആവിയ رضي الله عنه വിന് അയച്ച കത്തിൽ മുഗീറത്ത് ബ്നു ശുഅ്ബ എനിക്ക് ഇപ്രകാരം പറഞ്ഞുതന്നു (എഴുതിച്ചു): "നബി صلى الله عليه وسلم ഓരോ നിർബന്ധ നമസ്കാരത്തിന് ശേഷവും ഇപ്രകാരം പറയാറുണ്ടായിരുന്നു: 

لا إلَهَ إلاَّ اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٍ. اللَّهُمَّ لا مَانِعَ لِمَا أَعْطَيْتَ وَلا مُعْطِيَ لِمَا مَنَعْتَ، وَلا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

'അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. അവനാകുന്നു ആധിപത്യം. അവനാകുന്നു സ്തുതി. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ നൽകിയതിനെ തടയുന്നവനായി ആരുമില്ല. നീ തടഞ്ഞതിനെ നൽകുന്നവനായും ആരുമില്ല. ഐശ്വര്യമുള്ളവന് തൻ്റെ ഐശ്വര്യം (നിൻ്റെ ശിക്ഷയിൽ നിന്ന്) ഉപകരിക്കുകയുമില്ല, നിന്നില്‍ നിന്നാണ് സര്‍വ്വ ഐശ്വര്യങ്ങളും (ലഭിക്കുന്നത്)'

    പിന്നീട് അതിനുശേഷം ഞാൻ മുആവിയയുടെ അടുത്തേക്ക് പോയി. അപ്പോൾ അദ്ദേഹം ജനങ്ങളോട് അത് കൽപ്പിക്കുന്നത് ഞാൻ കേട്ടു.

    മറ്റൊരു നിവേദനത്തിൽ (ഇങ്ങനെ വന്നിട്ടുണ്ട്): "നബി صلى الله عليه وسلم 'ഖീല വ ഖാല' (അവർ പറഞ്ഞു, ഇവർ പറഞ്ഞു എന്നുള്ള വർത്തമാനം/അനാവശ്യ സംസാരം), സമ്പത്ത് പാഴാക്കൽ, ചോദ്യങ്ങള്‍ അധികരിപ്പിക്കല്‍ എന്നിവ വിരോധിക്കാറുണ്ടായിരുന്നു. അതുപോലെ മാതാക്കളെ ബുദ്ധിമുട്ടിക്കൽ (അനുസരണക്കേട് കാണിക്കൽ), പെൺമക്കളെ ജീവനോടെ കുഴിച്ചുമൂടൽ, 'മൻഉ വ ഹാത്ത്' (ബാധ്യതകൾ തടഞ്ഞുവെക്കലും അവകാശമില്ലാത്തത് ചോദിക്കലും) എന്നിവയും അവിടുന്ന് വിരോധിക്കാറുണ്ടായിരുന്നു."


  • (دُبُرِ كلِ صلاةٍ): അതായത് നമസ്കാരത്തിന്‍റെ അവസാനം. ഇവിടെ ഉദ്ദേശിക്കുന്നത് സലാം വീട്ടിയതിന് ശേഷമാണ്.

  • (الجَّدُّ): ഐശ്വര്യം (സമ്പത്ത്).

  • (لاينفع ذا الجَّدِّ منك الجَّدُّ): ഭാഗ്യവും ഐശ്വര്യവുമുള്ളവന്, അവൻ്റെ സമ്പത്തോ ഭാഗ്യമോ നിന്‍റെ അടുക്കൽ (നിന്‍റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ) ഉപകരിക്കില്ല.

  • (وأْدُ البنات): പെൺമക്കൾ ജീവനോടെയിരിക്കെ അവരെ കുഴിച്ചുമൂടൽ.

  • (منعٍ وهاتِ): അതായത് അനുവദനീയമായ മാർഗങ്ങളിൽ ചെലവഴിക്കുന്നതിൽ നിന്ന് സമ്പത്തിനെ തടഞ്ഞുവെക്കൽ (പിശുക്ക് കാണിക്കൽ), അത് ശേഖരിക്കുന്നതിൽ കടുത്ത ആർത്തി കാണിക്കൽ.

വിവരണം

    സ്വഹാബികൾ പരസ്പരം ഗുണകാംക്ഷ വെച്ചുപുലർത്തുന്നവരായിരുന്നു. നബിചര്യ (സുന്നത്ത്) പിൻപറ്റുന്നതിനും അതിലെ വിധികൾ നടപ്പിലാക്കുന്നതിനും വേണ്ടി, അവ പഠിപ്പിച്ചുതരാൻ അവരിൽ ചിലർ മറ്റുള്ളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നു.

    ഈ ഹദീസിൽ, മുഗീറത്ത് ബ്നു ശുഅ്ബ رضي الله عنه യുടെ എഴുത്തുകാരനായ വർറാദ് നിവേദനം ചെയ്യുന്നു: ഖലീഫ മുആവിയ ബ്നു അബീ സുഫ്‌യാന്‍ رضي الله عنه, മുഗീറത്ത് ബ്നു ശുഅ്ബക്ക് رضي الله عنه - അദ്ദേഹം അന്ന് മുആവിയക്ക് വേണ്ടി കൂഫയിലെ ഗവർണറായിരുന്നു - നബി صلى الله عليه وسلم യിൽ നിന്ന് കേട്ട ഒരു ഹദീസ് എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി.

    അപ്പോൾ മുഗീറ رضي الله عنه അദ്ദേഹത്തിന് മറുപടിയെഴുതി: അല്ലാഹുവിൻ്റെ പ്രവാചകൻ صلى الله عليه وسلم ഓരോ നിർബന്ധ നമസ്കാരത്തിന് ശേഷവും (സലാം വീട്ടിയ ശേഷം) ഇപ്രകാരം പറയാറുണ്ടായിരുന്നു:

  • «لا إلهَ إلَّا اللهُ» (അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹനായി ആരുമില്ല)

  • «وحْدَه لا شَريكَ له» (അവൻ ഏകനാണ്, അവന് പങ്കുകാരില്ല)

  • «له المُلكُ» (അവനാകുന്നു സര്‍വ്വാധിപത്യം)

  • «وله الحمدُ» (അവനാകുന്നു സര്‍വ്വ സ്തുതിയും)

  • «وهو على كلِّ شَيءٍ قَديرٌ» (അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്)

  • «اللَّهمَّ لا مانعَ لِمَا أعطيْتَ ولا مُعطِيَ لما مَنعْتَ» (അല്ലാഹുവേ, നീ നൽകിയതിനെ തടയുന്നവനായി ആരുമില്ല. നീ തടഞ്ഞതിനെ നൽകുന്നവനായും ആരുമില്ല) 

അതായത്, നീ നിൻ്റെ സൃഷ്ടികളിൽ ആർക്കെങ്കിലും എന്തെങ്കിലും നൽകാൻ ഉദ്ദേശിച്ചാൽ അത് തടയാൻ ആർക്കും കഴിയില്ല. നീ ആർക്കെങ്കിലും (എന്തെങ്കിലും) തടയാൻ ഉദ്ദേശിച്ചാൽ അത് നൽകാൻ ആർക്കും ഉടമസ്ഥതയില്ല. (വിശുദ്ധ ഖുർആനിലെ സൂറ: ഫാത്വിർ: 2 ൽ വന്നതുപോലെ).
  • «ولا يَنفَعُ ذا الجَدِّ منكَ الجَدُّ» (ഐശ്വര്യമുള്ളവന് തൻ്റെ ഐശ്വര്യം (നിൻ്റെ ശിക്ഷയിൽ നിന്ന്) ഉപകരിക്കുകയുമില്ല)

'ജദ്ദ്' എന്നാൽ ഭാഗ്യം, ഐശ്വര്യം (സമ്പത്ത്) എന്നൊക്കെയാണ് അർത്ഥം. അതായത്, ഭാഗ്യമുള്ളവന് അവൻ്റെ ഭാഗ്യമോ, സമ്പന്നന് അവൻ്റെ സമ്പത്തോ (അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ) ഉപകരിക്കില്ല; സൽകർമ്മങ്ങൾ മാത്രമേ ഉപകരിക്കുകയുള്ളൂ.  എല്ലാ ഐശ്വര്യങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണ്. 

    ഈ ദിക്റിൽ അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്), അവന് പങ്കുകാരുണ്ടെന്ന വാദത്തെ നിഷേധിക്കൽ, സമ്പൂർണ്ണ ആധിപത്യം, പരിപൂർണ്ണ സ്തുതി, പൂർണ്ണമായ കഴിവ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. കൈകാര്യകർതൃത്വത്തിലും അധികാരത്തിലും അവൻ ഏകനാണെന്നും, സകല കാര്യങ്ങളും അവൻ്റെ കൈയിലാണെന്നും ഇതിലുണ്ട്. തൗഹീദുൽ ഉലൂഹിയ്യ, റുബൂബിയ്യ, അസ്മാഅ് വസ്സിഫാത്ത് എന്നിവയെല്ലാം ഇതിൽ സമ്മേളിച്ചിരിക്കുന്നു.

    പിന്നീട് മുഗീറ رضي الله عنه മുആവിയയെ رضي الله عنه അറിയിച്ചു: നബി صلى الله عليه وسلم ചില കാര്യങ്ങൾ വിരോധിച്ചിരുന്നു:

  1. «قِيلَ وقالَ» (അവൻ പറഞ്ഞു, ഇവർ പറഞ്ഞു എന്നിങ്ങനെയുള്ള സംസാരം): പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), ആവശ്യമില്ലാത്ത സംസാരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇത്തരം സംസാരങ്ങൾ അധികരിക്കുന്നത് അബദ്ധങ്ങൾ സംഭവിക്കാൻ കാരണമാകും എന്നതാണ് ഇത് വിരോധിക്കാനുള്ള കാരണം. "കേൾക്കുന്നതെല്ലാം പറഞ്ഞു നടക്കുന്നത് തന്നെ ഒരു മനുഷ്യന് പാപമായി മതിയാകും" (മുസ്‌ലിം) എന്ന ഹദീസ് ഇതിനെ ബലപ്പെടുത്തുന്നു.

  2. «كَثْرَةِ السُّؤَالِ» (അധികരിച്ച ചോദിക്കൽ): ആവശ്യമില്ലാത്ത മസ്അലകൾ (വിഷയങ്ങൾ) ചോദിക്കുക, അല്ലെങ്കിൽ ദുനിയാവിലോ പരലോകത്തോ ആവശ്യമില്ലാത്ത അറിവുകളെക്കുറിച്ച് ചോദിക്കുക (ഉദാഹരണത്തിന്, അർത്ഥം വ്യക്തമായ കാര്യങ്ങളിൽ സംശയം ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ), അല്ലെങ്കിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും വിധം അവരുടെ വിശേഷങ്ങൾ ചോദിക്കുക, അതുമല്ലെങ്കിൽ ആവശ്യമില്ലാതെ ജനങ്ങളോട് പണം ചോദിക്കുക എന്നിവയെല്ലാം ഇതിൽ പെടും.

  3. «إضاعةِ المالِ» (സമ്പത്ത് പാഴാക്കൽ): അർഹമല്ലാത്ത വഴികളിലും തെറ്റായ കാര്യങ്ങളിലും പണം ചെലവഴിക്കുക, പാപങ്ങളിൽ ചെലവഴിക്കുക, അല്ലാഹുവിന് തൃപ്തികരമല്ലാത്ത കാര്യങ്ങളിൽ ധൂർത്തടിക്കുക എന്നിവയാണിത്. ചെലവഴിക്കുന്നതിൽ മിതത്വം പാലിക്കലാണ് നീതി; അത് ധൂർത്തിനും പിശുക്കിനും ഇടയിലുള്ള മാർഗമാണ്.

  4. «عُقوقِ الأمَّهاتِ» (മാതാക്കളെ ബുദ്ധിമുട്ടിക്കൽ/അനുസരണക്കേട്): അവരോട് മോശമായി പെരുമാറുക, അവർക്ക് നന്മ ചെയ്യാതിരിക്കുക എന്നിവയാണിത്. പിതാക്കന്മാരോടും ഇത് പാടില്ലാത്തതാണെങ്കിലും, മാതാക്കളുടെ അവകാശം വലുതായത് കൊണ്ടും, പിതാക്കന്മാരെ അപേക്ഷിച്ച് അവർക്ക് നന്മ ചെയ്യുന്നതിന് മുൻഗണന നൽകേണ്ടതുകൊണ്ടും അവരെ പ്രത്യേകം എടുത്തു പറഞ്ഞു.

  5. «وأْدِ البناتِ» (പെൺമക്കളെ ജീവനോടെ കുഴിച്ചുമൂടൽ): അപമാനവും ദാരിദ്ര്യവും ഭയന്ന് ചില അറബികൾ ജാഹിലിയ്യാ (അജ്ഞാന) കാലത്ത് ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അത് ഹറാം (നിഷിദ്ധം) ആക്കി. (വിശുദ്ധ ഖുർആൻ ഇസ്റാഅ്: 31). ഇത് വൻപാപമാണ്; കാരണം അത് അന്യായമായ കൊലപാതകവും കുടുംബബന്ധം മുറിക്കലുമാണ്. പെൺമക്കളെ മാത്രം പറയാൻ കാരണം, ജാഹിലിയ്യാ കാലത്ത് അത് പതിവായിരുന്നു എന്നതുകൊണ്ടാണ്.

  6. «ومنْعٍ وهاتِ» (മൻഉ വ ഹാത്ത്): നൽകാൻ അല്ലാഹു നിർബന്ധമാക്കിയ അവകാശങ്ങൾ (സക്കാത്ത്, കടങ്ങൾ പോലെ) തടഞ്ഞുവെക്കുക, നൽകാൻ പാടില്ലാത്തത് (അന്യന്‍റെ മുതലോ, കൈക്കൂലിയോ പോലെ) ചോദിച്ചു വാങ്ങുക (അല്ലെങ്കിൽ തനിക്ക് അവകാശമില്ലാത്തത് ചോദിക്കുക).


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
  • സുന്നത്തുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കല്‍

  • തൗഹീദിന്‍റെ പദങ്ങള്‍ അടങ്ങിയ സാരവത്തായ ദിക്റുകള്‍ പഠിക്കുന്നതിന്‍റെയും അവ നമസ്കാര ശേഷം ചോല്ലുന്നതിന്‍റെയും പ്രാധാന്യം. 

  • അറിവ് എഴുതി സൂക്ഷിക്കാൻ ആവശ്യപ്പെടുക.

  • കത്തുകൾക്ക് മറുപടി നൽകുക.

  • പരസ്പരം അറിവ് കൈമാറുക.

  • ദാരിദ്ര്യത്തെക്കാളും (ധൂർത്തടിക്കുന്ന) സമ്പത്തിനേക്കാളും ശ്രേഷ്ഠം 'കഫാഫ്' (ആവശ്യത്തിനുള്ളത് മാത്രം ഉണ്ടാവുക) ആണ് എന്നതിനും ഇതിൽ തെളിവുണ്ട്. കാരണം സമ്പത്ത് നശിക്കുന്നത് ദാരിദ്ര്യത്തിൻ്റെ ഫിത്നയിലേക്കും (പരീക്ഷണത്തിലേക്കും) അധികരിച്ച ചോദിക്കലിലേക്കും നയിക്കും. (നിയന്ത്രണമില്ലാത്ത) സമ്പത്ത് ഫിത്നയാകുമെന്നും ഭയപ്പെടുന്നു.

  • ദിക്റിന്‍റെ പ്രാധാന്യം. ഓരോ ഫർള് (നിർബന്ധ) നമസ്കാരത്തിന് ശേഷവും ചൊല്ലേണ്ട മഹത്തായ ഒരു ദിക്റാണിത്. അല്ലാഹുവിന്‍റെ ഏകത്വവും (തൗഹീദ്), പരമാധികാരവും ഇതിൽ പ്രഖ്യാപിക്കുന്നു.

  • അല്ലാഹുവിന്‍റെ വിധി അന്തിമമാണ്: അല്ലാഹു ഒരാൾക്ക് എന്തെങ്കിലും നൽകാൻ തീരുമാനിച്ചാൽ അത് തടയാനോ, അവൻ തടഞ്ഞാൽ അത് നൽകാനോ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ഇത് വിശ്വാസിയുടെ മനസ്സിൽ ഉറപ്പും സമാധാനവും നൽകുന്നു.

  • സമ്പത്തല്ല, കർമ്മമാണ് വലുത്: അല്ലാഹുവിന്‍റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഒരാളുടെ സമ്പത്തോ, തറവാടിത്തമോ, സ്വാധീനമോ (അൽ-ജദ്ദ്) ഉപകരിക്കില്ല. സൽകർമ്മങ്ങൾ മാത്രമാണ് ഉപകരിക്കുക.

  • മാതാവിനുള്ള സ്ഥാനം: മാതാപിതാക്കളെ ഉപദ്രവിക്കുന്നത് വൻപാപമാണ്. ഹദീസിൽ പിതാവിനെ പരാമർശിക്കാതെ 'മാതാക്കളെ ബുദ്ധിമുട്ടിക്കൽ' (ഉഖൂഖുൽ ഉമ്മഹാത്ത്) എന്ന് പ്രത്യേകം എടുത്തുപറഞ്ഞത്, പിതാവിനേക്കാൾ നന്മയും സഹകരണവും ലഭിക്കാൻ അർഹത മാതാവിനാണെന്ന് പഠിപ്പിക്കാനാണ്.

  • സംസാരത്തിലെ സൂക്ഷ്മത: 'അവർ പറഞ്ഞു, ഇവർ പറഞ്ഞു' (ഖീല വ ഖാല) എന്ന് തുടങ്ങിയുള്ള അനാവശ്യ സംസാരങ്ങൾ, പരദൂഷണം, ഉറപ്പില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവ വിശ്വാസിക്ക് ചേർന്നതല്ല.

  • സമ്പത്ത് പാഴാക്കരുത്: അല്ലാഹു നൽകിയ സമ്പത്ത് അനാവശ്യമായി ധൂർത്തടിക്കുന്നതും, ഹറാമായ (നിഷിദ്ധമായ) വഴികളിൽ ചെലവഴിക്കുന്നതും അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമാണ്.

  • അനാവശ്യ ചോദ്യങ്ങളും യാചനയും: ദീനിനോ ദുനിയാവിനോ ഉപകാരമില്ലാത്ത തർക്കങ്ങൾക്കായി ചോദ്യങ്ങൾ ചോദിക്കുന്നതും, അത്യാവശ്യമില്ലാതെ മറ്റുള്ളവരോട് പണം ചോദിക്കുന്നതും (യാചിക്കുന്നതും) ഒഴിവാക്കണം.

  • അവകാശങ്ങൾ പാലിക്കുക: കൊടുക്കാൻ ബാധ്യതയുള്ള കാര്യങ്ങൾ (കടം, സക്കാത്ത്, കുടുംബ ചെലവ് തുടങ്ങിയവ) തടഞ്ഞുവെക്കുന്നതും (മൻഉ), തനിക്ക് അവകാശമില്ലാത്തത് ചോദിച്ചുവാങ്ങുന്നതും നിഷിദ്ധമാണ്.

  • പെൺകുട്ടികളോടുള്ള ക്രൂരത: പെൺമക്കളെ ജീവനോടെ കുഴിച്ചുമൂടുക എന്നത് ജാഹിലിയ്യാ കാലത്തെ കൊടും ക്രൂരതയായിരുന്നു. പെൺകുട്ടികളോട് വിവേചനം കാണിക്കുന്നതും അവരെ വധിക്കുന്നതും ഇസ്‌ലാം കർശനമായി വിലക്കുന്നു.

  • അറിവ് കൈമാറുന്ന മാതൃക: ഭരണാധികാരിയായിരുന്നിട്ടു കൂടി മുആവിയ رضي الله عنه നബിചര്യ അറിയാൻ ആഗ്രഹിക്കുകയും, അത് എഴുതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അറിവ് എഴുതി സൂക്ഷിക്കുന്നതിനും അത് പരസ്പരം കൈമാറുന്നതിനും സ്വഹാബികൾ കാണിച്ച ജാഗ്രത ഇതിൽ കാണാം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...