ഫോളോ ചെയ്യാം

Monday, 30 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 255 دروس الحديث - മുലകുടിബന്ധം രക്ത ബന്ധം പോലെയാണ്

 

الأربعون النووية-حديث: 44

മുലകുടിബന്ധം 

രക്ത ബന്ധം പോലെയാണ്

عَنْ عَائِشَةَ رَضِيَ اللَّهُ عَنْها عَنْ النَّبِيِّ صلى الله عليه وسلم  قَالَ: " الرَّضَاعَةُ تُحَرِّمُ مَا تُحَرِّمُ الْوِلَادَةُ".

رواه البخاري [رقم:2646]، ومسلم [رقم:1444].

ആഇശ رَضِيَ اللَّهُ عَنْهُا നിവേദനം. നബി  صلى الله عليه وسلم പറഞ്ഞു: പ്രസവം കൊണ്ട് (രക്തബന്ധം കൊണ്ട്) നിഷിദ്ധമാക്കുന്നതെല്ലാം മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും. 

വിവരണം

    മുലകുടി ബന്ധത്തെ ഇസ്‌ലാം രക്തബന്ധം പോലെ ആക്കിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഹദീസ് ആണിത്. രക്ത ബന്ധത്തില്‍ നിഷിദ്ധമായവയെല്ലാം മുലകുടി ബന്ധത്തിലും നിഷിദ്ധമാകും, അഥവാ രക്ത ബന്ധത്തില്‍ വിവാഹം നിഷിദ്ധമായവരെ പോലെയാണ് മുലകുടി ബന്ധത്തിലുള്ളവരും. 
    ഒരു സ്ത്രീക്ക് രക്തബന്ധത്തില്‍ ഉള്ള സഹോദരനെ പോലെയാണ് മുലകുടി ബന്ധത്തിലുള്ള സഹോദരന്‍. അവന്‍ അവള്‍ക്ക് മഹ്റം ആയിരിക്കും. 
    മുലകുടി ബന്ധത്തിലൂടെ മഹ്റം ആയ ആളുമായി തനിച്ചിരിക്കാനും, കാണാനും, യാത്ര ചെയ്യാനുമെല്ലാം ഒരു സ്ത്രീക്ക് അനുവാദമുണ്ട് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ രക്ത ബന്ധത്തിലെ പോലെ അനന്തരാവകാശം, ചിലവിന് നല്‍കല്‍ പോലെയുള്ളവ ഇതിലൂടെ നിര്‍ബന്ധമാകില്ല.
    ഒരു സ്ത്രീ തന്‍റെതല്ലാത്ത ഒരു കുഞ്ഞിന് മുലപ്പാലൂട്ടിയാല്‍ ആ കുഞ്ഞ് അവളുടെ കുഞ്ഞിനെ പോലെ ആയിരിക്കും എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. അപ്പോള്‍ ആ സ്ത്രീയുടെ മക്കള്‍ ഈ മുലയൂട്ടപ്പെട്ട കുഞ്ഞിന്‍റെ സഹോദരങ്ങളാകും. അത് പോലെ അവളുടെ ഭര്‍ത്താവ് ഈ കുഞ്ഞിന്‍റെ പിതാവിനെ പോലെയും അയാളുടെ മക്കള്‍ ഈ കുഞ്ഞിന്‍റെ സഹോദരങ്ങളെ പോലെയും ആയിരിക്കും. ഇമാം നവവി رحمه الله ഈ കാര്യം ശര്‍ഹു മുസലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

രക്തബന്ധം കൊണ്ടും മുലകുടി ബന്ധം കൊണ്ടും വിവാഹ ബന്ധം നിഷിദ്ധമായവര്‍ ആരൊക്കെയാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 

وَلَا تَنْكِحُوا مَا نَكَحَ آبَاؤُكُمْ مِنَ النِّسَاءِ إِلَّا مَا قَدْ سَلَفَ إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاءَ سَبِيلًا (22) حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالَاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلَا جُنَاحَ عَلَيْكُمْ وَحَلَائِلُ أَبْنَائِكُمُ الَّذِينَ مِنْ أَصْلَابِكُمْ وَأَنْ تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ إِنَّ اللَّهَ كَانَ غَفُورًا رَحِيمًا- النساء 22-23

നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീർച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു. * നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപെട്ടിട്ടില്ലെങ്കിൽ (അവരുടെ മക്കളെ വേൾക്കുന്നതിൽ) നിങ്ങൾക്കു കുറ്റമില്ല. നിങ്ങളുടെ മുതുകിൽ നിന്ന് പിറന്ന പുത്രൻമാരുടെ ഭാര്യമാരും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടു സഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.- നിസാഅ': 22-23

Sunday, 29 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 254 دروس الحديث - അനന്തരാവകാശം അതിന്‍റെ അവകാശികള്‍ക്ക് നല്‍കുക

 

الأربعون النووية-حديث: 43


അനന്തരാവകാശം അതിന്‍റെ അവകാശികള്‍ക്ക് നല്‍കുക

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم  قَالَ: "أَلْحِقُوا الْفَرَائِضَ بِأَهْلِهَا، فَمَا أَبْقَتَ الْفَرَائِضُ فَلِأَوْلَى رَجُلٍ ذَكَرٍ" . 

رواه البخاري [رقم: 6732]، ومسلم [رقم: 1615].

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു:  അനന്തരാവകാശങ്ങള്‍ അതിന്‍റെ അവകാശികള്‍ക്ക് നിങ്ങള്‍ നല്‍കുക. അതില്‍ അവശേഷിക്കുന്നത് (മയ്യിത്തിനോട്) ഏറ്റവും അര്‍ഹനായ പുരുഷനുള്ളതാണ്. 

വിവരണം

അനന്തരാവകാശവുമായി ബന്ധപ്പെട്ട ഹദീസ് ആണിത്. ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത ആളുകള്‍ക്ക് നല്‍കണം. അനന്താവകാശികള്‍ക്ക് ഒരോരുത്തര്‍ക്കും കൃത്യമായ തോതില്‍ അത് നല്‍കണം എന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്. 
അനന്തരാവകാശികള്‍ ആരാണെന്നും അവര്‍ക്ക് എത്ര നല്‍കണമെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 
﴿ يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ فَإِنْ كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِنْهُمَا السُّدُسُ مِمَّا تَرَكَ إِنْ كَانَ لَهُ وَلَدٌ فَإِنْ لَمْ يَكُنْ لَهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ فَإِنْ كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ مِنْ بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا فَرِيضَةً مِنَ اللَّهِ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا * وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ فَإِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْ بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِنْ بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ وَإِنْ كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِنْهُمَا السُّدُسُ فَإِنْ كَانُوا أَكْثَرَ مِنْ ذَلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ مِنْ بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ ﴾  [النساء: 11، 12].
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഒാഹരിയാണുള്ളത്. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ (മരിച്ച ആൾ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗമാണ് അവർക്കുള്ളത്. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതിയാണുള്ളത്. മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാൾക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കയു മാണെങ്കിൽ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക് സഹോദരങ്ങളുണ്ടായിരുന്നാൽ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആൾ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കിൽ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവർ ആരാണെന്ന് നിങ്ങൾക്കറിയില്ല. അല്ലാഹുവിന്‍റെ പക്കൽ നിന്നുള്ള (ഓഹരി) നിർണയമാണിത്. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. * നിങ്ങളുടെ ഭാര്യമാർക്ക് സന്താനമില്ലാത്ത പക്ഷം അവർ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങൾക്കാകുന്നു. ഇനി അവർക്ക് സന്താനമുണ്ടായിരുന്നാൽ അവർ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങൾക്കായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്. ഇനി നിങ്ങൾക്ക് സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചു പോയതിൽ നിന്ന് എട്ടിലൊന്നാണ് അവർക്കുള്ളത്. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ (ആ സഹോദര സഹോദരിമാരിൽ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്. ഇനി അവർ അതിലധികം പേരുണ്ടെങ്കിൽ അവർ മൂന്നിലൊന്നിൽ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കിൽ അതൊഴിച്ചാണിത്. അല്ലാഹുവിങ്കൽ നിന്നുള്ള നിർദേശമത്രെ ഇത്. അല്ലാഹു സർവ്വജ്ഞനും സഹനശീലനുമാകുന്നു.(നിസാഅ': 11-12)
അല്ലാഹു പറയുന്നു: 

(يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلَالَةِ إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَا إِنْ لَمْ يَكُنْ لَهَا وَلَدٌ فَإِنْ كَانَتَا اثْنَتَيْنِ فَلَهُمَا الثُّلُثَانِ مِمَّا تَرَكَ وَإِنْ كَانُوا إِخْوَةً رِجَالًا وَنِسَاءً فَلِلذَّكَرِ مِثْلُ حَظِّ الْأُنْثَيَيْنِ يُبَيِّنُ اللَّهُ لَكُمْ أَنْ تَضِلُّوا وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ)-  (النساء : 176) 

(നബിയേ,) അവർ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്‍റെ പ്രശ്നത്തിൽ അല്ലാഹു നിങ്ങൾക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്‍റെ പകുതി അവൾക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവൾക്ക് സന്താനമില്ലാതിരിക്കുക യുമാണെങ്കിൽ സഹോദരൻ അവളുടെ (പൂർണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാ ണുള്ളതെങ്കിൽ, അവൻ (സഹോദരൻ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്. ഇനി സഹോദരൻമാരും സഹോദരിമാരും കൂടിയാണുള്ളതെങ്കിൽ, ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങൾ പിഴച്ച് പോകുമെന്ന് കരുതി അല്ലാഹു നിങ്ങൾക്ക് കാര്യങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

    അനന്തരാവകാശം നല്‍കിക്കഴിഞ്ഞതിനു ശേഷവും സമ്പത്ത് ബാക്കിയായാല്‍ അത് മയ്യിത്തിനോട് രക്തബന്ധത്തിലൂടെ ഏറ്റവും അടുത്ത പുരുഷന് നല്‍കണം. 




Saturday, 28 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 253 دروس الحديث - പാപമോചനത്തിന് തേടുക.. അല്ലാഹു പൊറുത്ത് തരും

 

الأربعون النووية-حديث: 42


പാപമോചനത്തിന് തേടുക.. അല്ലാഹു പൊറുത്ത് തരും

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه  قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: قَالَ اللَّهُ تَعَالَى: "يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتنِي وَرَجَوْتنِي غَفَرْتُ لَك عَلَى مَا كَانَ مِنْك وَلَا أُبَالِي، يَا ابْنَ آدَمَ! لَوْ بَلَغَتْ ذُنُوبُك عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتنِي غَفَرْتُ لَك، يَا ابْنَ آدَمَ! إنَّك لَوْ أتَيْتنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ لَقِيتنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُك بِقُرَابِهَا مَغْفِرَةً" .

رَوَاهُ التِّرْمِذِيُّ [رقم:3540]، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ. 

അനസുബ്നു മാലിക് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിന്‍റെ പുത്രാ... നീ എന്നോട് പ്രാര്‍ഥിക്കുകയോ എന്നില്‍ പ്രതീക്ഷ അര്‍പ്പിക്കുകയൊ ചെയ്‌താല്‍ ഞാന്‍ നിനക്ക് നിന്‍റെ അടുത്തുള്ള (പാപങ്ങള്‍) പൊറുത്ത് തരും, അത് എനിക്ക് ഒരു പ്രയാസവും ഉള്ള കാര്യമല്ല. ആദമിന്‍റെ പുത്രാ... നിന്‍റെ തിന്മകള്‍ ആകാശത്തോളം എത്തുകയും എന്നോട് നീ പാപമോചനം തേടുകയും ചെയ്‌താല്‍ ഞാന്‍ നിനക്ക് പൊറുത്ത് തരും. ആദമിന്‍റെ പുത്രാ.. നീ ഭൂമി നിറയെ തിന്മയുമായി എന്‍റെ അടുത്ത് വന്നാല്‍, പിന്നെ നീ എന്നില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാത്തവനായി  എന്നെ കണ്ടു മുട്ടിയാല്‍ ഞാന്‍ അത് (ഭൂമി) നിറയെ പാപമോചനവുമായി നിന്‍റെയടുത്ത് വരും. 

വിവരണം

അപരിചിത പദങ്ങളുടെ സാരം

 ما دعوتني: നീ എന്നോട് പ്രാര്‍ഥിച്ചാല്‍

◙ رجوتني: എന്‍റെ ശിക്ഷയെ പേടിക്കുകയും പാപമോചനം ആഗ്രഹിക്കുകയും ചെയ്‌താല്‍ 

 عنان:  മേഘം, കണ്ണെത്താ ദൂരം

 بقراب الأرض:ഭൂമി നിറയെ


    ക്വുദ്'സിയ്യായ ഹദീസ് ആണിത്. മുഴുവന്‍ മനുഷ്യരോടുമായി അല്ലാഹു അറിയിക്കുന്ന സുപ്രധാന കാര്യങ്ങള്‍ ഈ ഹദീസില്‍ ഉള്‍ക്കൊള്ളുന്നു. 
    പ്രാര്‍ത്ഥന ആരാധനയാണ്. അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥന പാടുള്ളൂ. ഏത് സമയത്ത് പ്രാര്‍ഥിച്ചാലും അല്ലാഹു നമുക്ക് ഉത്തരം നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ഈ ഹദീസില്‍ അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യത്തെ കുറിച്ചാണ് അറിയിക്കുന്നത്. 
    ഒരു മനുഷ്യന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ അല്ലാഹുവിന്‍റെ ശിക്ഷയെ പേടിക്കുകയോ അവന്‍റെ പാപമോചനം ആഗ്രഹിക്കുകയോ ചെയ്‌താല്‍ അല്ലാഹു അവന് പാപമോചനം നല്‍കുന്നതാണ്.
    മനുഷ്യന്‍ ചെയ്യുന്ന പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരണമെങ്കില്‍ അവന്‍ അതിനുള്ള കാരണം ചെയ്യേണ്ടതാണ്. പാപം പൊറുക്കപ്പെടാനുള്ള കാരണങ്ങളില്‍ പെട്ടതാണ് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനത്തിന് തേടല്‍. 
    ഒരാള്‍ക്ക് എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന വളരെ എളുപ്പമുള്ള കാര്യമാണ് ഇസ്തിഗ്ഫാര്‍. അത് മനസ്സറിഞ്ഞ് പറയാനും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാനും മനുഷ്യന് കഴിഞ്ഞാല്‍ അത് വലിയ സൗഭാഗ്യമാണ്. 
    പാപങ്ങള്‍ എത്രയുണ്ടെങ്കിലും അല്ലാഹു പൊറുക്കും, അത് അല്ലാഹുവിന് വലിയ കാര്യമേയല്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് വളരെ നിസാരമാണ് എന്നര്‍ത്ഥം. 
    ഒരാളുടെ തിന്‍മ ആകാശത്തോളം ഉണ്ടെങ്കിലും അല്ലാഹുവിനോട് പാപമോചനത്തിന് തേടിയാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കും. 
    ഇനി ഒരാള്‍ ഭൂമി നിറയെ തിന്മകള്‍ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുന്നു, അവന്‍ അല്ലാഹുവില്‍ യാതൊന്നിലും പങ്കു ചേര്‍ക്കാത്തവനായാണ് അല്ലാഹുവിനെ കണ്ടുമുട്ടുന്നതെങ്കില്‍ അല്ലാഹു ഭൂമി നിറയെ പാപമോചനം അവന് സമ്മാനിക്കുന്നതാണ്. അവന്‍റെ പാപങ്ങള്‍ എല്ലാം അല്ലാഹു അവന് പൊറുത്ത് കൊടുക്കും. 
    തൗഹീദ് പാപമോചനത്തിന് അത്യാവശ്യമാണ്. അല്ലാഹുവില്‍ ഒരു നിലക്കും ഒരു വസ്തുവിലും പങ്കുചേര്‍ക്കുന്ന അവസ്ഥ മനുഷ്യന് ഉണ്ടാകാന്‍ പാടില്ല. 
    ശരിയായ വിശ്വാസത്തിലായ ഒരാള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി അവന്‍റെ കാര്യങ്ങള്‍ ചോദിച്ചാല്‍ അല്ലാഹു അവന് നല്‍കുക തന്നെ ചെയ്യും. അല്ലാഹു നല്‍കുന്നതില്‍ ഏറ്റവും മഹത്തരമായ കാര്യമാണ് പാപമോചനം. അതിലൂടെ മനുഷ്യന് സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാവുകയും ഉന്നത പദവികളില്‍ എത്തുകയും ചെയ്യുന്നു. 

    അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരുമെന്ന് വിശുദ്ധ ക്വുര്‍അനില്‍ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 
﴿ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾ [الزمر: 53].
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്‍റെ ദാസൻമാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പശ്ചാത്താപവും പാപമോചനത്തിന് തേടലും വളരെ വലിയ കാര്യങ്ങളാണ്. അതിനെ അറിയിക്കുന്ന അടിസ്ഥാന വചനമാണ് ഈ ഹദീസിലുള്ളത്. 
2- ഒരാള്‍ എത്രയധികം പാപങ്ങള്‍ ചെയ്താലും പാപമോചനത്തിന് തേടിയാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്
3- പ്രാര്‍ഥനയുടെയും ഇസ്തിഗ്ഫാറിന്‍റെയും പ്രാധാന്യവും ശ്രേഷ്ടതയും ഈ ഹദീസ് അറിയിക്കുന്നു
4- തൗഹീദിന്‍റെ  മഹത്വത്തെ ഈ ഹദീസ് അറിയിക്കുന്നു. കാരണം തൗഹീദുള്ള ആള്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നാണ് ഇതില്‍ അല്ലാഹു പറയുന്നത്. 
5- ശിര്‍ക്ക് ചെയ്യുന്നവന് അല്ലാഹു പൊറുത്ത് കൊടുകുകയില്ല. അല്ലാഹു പറയുന്നു: 
﴿ إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ ﴾ [النساء: 116].
തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. 
6- മനുഷ്യന്‍റെ ദൗര്‍ബാല്യത്തെയും അല്ലാഹുവിന്‍റെ മഹത്തായ കാരുണ്യത്തെയും ഔദാര്യത്തെയും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു. മനുഷ്യന്‍ തിന്മകള്‍ ചെയ്യുന്നവനും അല്ലാഹു അത് അങ്ങേയറ്റം പൊറുത്ത് കൊടുക്കുന്നവനുമാണ്. 


Thursday, 26 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 252 دروس الحديث - ഇസ്‌ലാമിക നിയമങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമാണ്

 

الأربعون النووية-حديث: 41

ഇസ്‌ലാമിക നിയമങ്ങള്‍ 

പിന്തുടരല്‍ നിര്‍ബന്ധമാണ്

عَنْ أَبِي مُحَمَّدٍ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم  "لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ".

حَدِيثٌ حَسَنٌ صَحِيحٌ، رَوَيْنَاهُ فِي كِتَابِ "الْحُجَّةِ" بِإِسْنَادٍ صَحِيحٍ. 

അബൂ മുഹമ്മദ്‌ അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ്  رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (നിങ്ങളില്‍) ഒരാളുടെ ഇച്ഛ ഞാന്‍ കൊണ്ട് വന്ന കാര്യത്തോട് പിന്തുടരുന്നതാവുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.


വിവരണം

 هواه അവന്‍റെ ഇച്ഛ

 تبعًا പിന്തുടരുന്നത്

 لما جئت به കല്‍പനകളും വിലക്കുകളും


റസൂല്‍ صلى الله عليه وسلم കൊണ്ടുവന്നതായ വിധി വിലക്കുകള്‍ അനുധാവനം ചെയ്യല്‍ അനിവാര്യമാണ് എന്ന് അറിയിക്കുന്ന ഹദീസ് ആണിത്. 
    റസൂല്‍ صلى الله عليه وسلم യെ അല്ലാഹു നമ്മിലേക്ക് അയച്ചത് നാം അവരെ പിന്തുടരാനും അനുസരിക്കാനുമാണ്. റസൂല്‍ صلى الله عليه وسلم യെ അനുസരിക്കുന്നതിലേക്കും പിന്തുടരുന്നതിലേക്കും തന്‍റെ ഇച്ഛയെ തിരിച്ചു വിടുന്നവനാണ് വിശ്വാസി എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അവന്‍ പരിപൂര്‍ണ്ണ വിശ്വാസിയല്ല എന്നാണര്‍ത്ഥം.

    ഒരാളുടെ ജീവിതത്തിലുടനീളം ഈ പിന്തുടരല്‍ അത്യാവശ്യമാണ്. ഇതില്‍ ന്യൂനത വന്നാല്‍ അവന്‍റെ വിശ്വാസത്തിലാണ് ന്യൂനത വരുന്നത്. റസൂല്‍ صلى الله عليه وسلم കൊണ്ട് വന്നതായ ഇസ്‌ലാമിന്‍റെ വിധി വിലക്കുകളെ  അഹങ്കാരത്തോടെയും പുച്ഛത്തോടെയും ആരെങ്കിലും തള്ളിക്കളഞ്ഞാല്‍ അവന്‍റെ ഈമാന്‍ പാടെ തകരുകയും അവന്‍ മതത്തില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. തന്‍റെ ഇച്ഛക്കനുസരിച്ച് മതത്തെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്‌താല്‍ അവന്‍ ചെയ്യുന്നത് ഗുരുതര പാപമാണ്. 

    ഇസ്‌ലാമിക വിധിവിലക്കുകളെ ചോദ്യം ചെയ്യുകയും അത് ന്യൂനതയുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അടുത്തറിഞ്ഞവരൊക്കെയും ഈ ശരീഅത്തിനെ ഏറെ ഇഷ്ടപ്പെടുകയും അതിന്‍റെ പ്രചാരകരാവുകയും ചെയ്ത അവസ്ഥയാണുള്ളത്. 

    ശിര്‍ക്ക് ബിദ്അത്തുകളില്‍ നിന്ന് മുക്തരായി തൗഹീദിലേക്കും സുന്നത്തിലെക്കും മടങ്ങല്‍ ഈ കാര്യം നിറവേറ്റാന്‍ അത്യാവശ്യമാണ്.
    ഒരാളുടെ ഇഷ്ടം ഈ മത നിയമങ്ങളോട് യോജിച്ച് വന്നാല്‍ അവന്‍ ഒരിക്കലും ഈ മതത്തിനോട് എതിരാവുകയില്ല. വാക്ക് കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അതിനോട് എതിരാകുന്ന അവസ്ഥ അവനില്‍ സംജാതമാവുകയില്ല. 

ഈ ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍:

1- ഒരു മുസ്‌ലിമിന് അവന്‍റെ കര്‍മങ്ങള്‍ വിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും യോജിച്ചതാക്കല്‍ അനിവാര്യമാണ്. 
2- ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായി അവന്‍റെ ചിന്തകളെയും ഇച്ഛകളെയും മാറ്റരുത്. 
3- റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ സഹായിക്കല്‍ വിശ്വാസത്തിന്‍റെ അനിവാര്യ കാര്യങ്ങളില്‍ പെട്ടതാണ്. സുന്നത്തിനെ സഹായിക്കല്‍ അത് പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും, മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത് കൊണ്ടാണ്. 
4- ഈമാന്‍ കൂടുകയും കുറയുകയും ചെയ്യും എന്നുള്ളത് അഹ്ലുസുന്ന വാല്‍ജമാഅയുടെ വിശ്വാസങ്ങളില്‍ പെട്ടതാണ്. 
5- വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും റസൂല്‍ صلى الله عليه وسلم കൊണ്ട് വന്നവയാണ്. അവയാണ് ഇസ്‌ലാമിന്‍റെ വിധിവിലക്കുകള്‍ക്ക് ആധാരം. 

ദുറൂസുല്‍ ഹദീസ് - ഭാഗം 251 دروس الحديث - നീ ഭൂമിയില്‍ സ്ഥിരതാമസക്കാരനല്ല

 

الأربعون النووية-حديث: 40


നീ ഭൂമിയില്‍ സ്ഥിരതാമസക്കാരനല്ല

عَنْ ابْن عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: أَخَذَ رَسُولُ اللَّهِ صلى الله عليه وسلم  بِمَنْكِبِي، وَقَالَ: "كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ". 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك.

رَوَاهُ الْبُخَارِيُّ [رقم:6416].  

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم എന്‍റെ തോളില്‍ പിടിച്ചു, എന്നിട്ട് പറഞ്ഞു: നീ ദുന്‍യാവില്‍ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ ഒരു വഴി യാത്രക്കാരനെ പോലെ കഴിയുക. 
    ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്നു: നീ വൈകുന്നേരമായാല്‍ ഒരു പ്രഭാതം പ്രതീക്ഷിക്കരുത്, നീ പ്രഭാതമായാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നീ നിന്‍റെ ആരോഗ്യ കാലത്ത് രോഗ കാലത്തേക്കുള്ളത് ചെയ്യുക, നിന്‍റെ ജീവിത കാലത്ത് മരണത്തിലേക്കുള്ളതും ചെയ്യുക. 

വിവരണം

 أمسك പിടിച്ചു

 بمنكبي എന്‍റെ തോളില്‍

◙ غريب അപരിചിതന്‍

 عابر سبيل യാത്രക്കാരന്‍


    റസൂല്‍ صلى الله عليه وسلم യുടെ സാരവത്തായ ഉപദേശങ്ങളില്‍ പെട്ടതാണ് ഈ വചനം. വളരെ കുറഞ്ഞ വാക്കില്‍ എത്ര ആശയങ്ങളാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്!!. 
    അബ്ദുല്ലാഹി ബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا യുടെ തോളത്ത് കൈ വെച്ചാണ് റസൂല്‍ صلى الله عليه وسلم ഈ ഉപദേശം നല്‍കുന്നത്. ഇത് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا യോട് റസൂല്‍ صلى الله عليه وسلم ക്കുള്ള സ്നേഹത്തെ അറിയിക്കുന്നു. ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا ഉപദേശം നന്നായി ശ്രദ്ധിക്കാനും കൂടി വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. 
    ഉപദേശിക്കുന്നവര്‍ ഇത്തരം ശൈലികള്‍ സ്വീകരിക്കുന്നത് ആളുകള്‍ ഉപദേശത്തിന് കൂടുതല്‍ വില കല്‍പിക്കാന്‍ കാരണമാകും. 
 
   ഈ ലോകത്തെ ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. വളരെ ക്ഷണികമായ കാലയളവാണ് ഈ ജീവിതത്തിനുള്ളത്. ഇവിടെ ആര്‍ക്കും സ്ഥിര താമസം ഇല്ല എന്ന് ഹദീസ് അറിയിക്കുന്നു. അത് കൊണ്ട് തന്നെ ദുന്‍യാവില്‍ ജീവിക്കേണ്ടത് ഒരു അപരിചിതനെ പോലെയോ അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെയോ ആണ്. 
    അപരിചിതനും, വഴിയാത്രക്കാരനും സ്ഥിരം നില്‍ക്കാന്‍ വരുന്നവരല്ല. അവരുടെ ആവശ്യം കഴിഞ്ഞ് തിരിച്ച് പോകുന്നവരാണ്. 
    ഒരു അപരിചിതന്‍ ഒരു നാട്ടിലെത്തിയാല്‍ അവന്‍ അവിടെയുള്ള ആളുകളോട് മത്സരിക്കാനും മറ്റും നില്‍ക്കില്ല. അവന്‍റെ കാര്യങ്ങളില്‍ തികഞ്ഞ ലക്ഷ്യ ബോധം അവനുണ്ടായിരിക്കും. അത് പോലെ ഈ ദുന്‍യാവില്‍ നന്ന് തിരിച്ച് പോകേണ്ടവരാണ് നാം എന്ന ബോധം നമുക്ക് ഉണ്ടായിരിക്കണം. 
    ഭൗതിക വിരക്തിയും, ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹങ്ങള്‍ ചുരുക്കലും ഒരാളുടെ ജീവിതത്തില്‍ ആവശ്യമായതാണ്. പരലോകത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹദീസ് അറിയിക്കുന്നു. 

    റസൂല്‍ صلى الله عليه وسلم യുടെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്ന കാര്യമാണ് ഹദീസിന്‍റെ രണ്ടാം ഭാഗത്തുള്ളത്. അത്: 
    നീ വൈകുന്നേരമായാല്‍ ഒരു പ്രഭാതം പ്രതീക്ഷിക്കരുത്, നീ പ്രഭാതമായാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നീ നിന്‍റെ ആരോഗ്യ കാലത്ത് രോഗ കാലത്തേക്കുള്ളത് ചെയ്യുക, നിന്‍റെ ജീവിത കാലത്ത് മരണത്തിലേക്കുള്ളതും ചെയ്യുക. 

 ഇതിലും നമ്മുടെ ജീവിതത്തിന്‍റെ നൈമിഷികതയെ ബോധ്യപ്പെടുത്തുന്നു. എപ്പോഴും നമ്മുടെ കൂടെ മരണമുണ്ടെന്നും ജീവിതം അവസാനിപ്പിച്ച് ഇവിടെ നിന്ന് യാത്ര പോകേണ്ടവരാണ് എന്ന ചിന്ത കൂടെയുണ്ടാകണമെന്നും ഈ ഉപദേശത്തില്‍ ഉള്‍ക്കൊള്ളുന്നു. 

    ഒരു വൈകുന്നേരമായാല്‍ അടുത്ത പ്രഭാതം നമുക്കുണ്ടെന്ന് നമ്മളാരും കാത്തിരിക്കേണ്ട എന്നും,  പ്രഭാതത്തിനു ശേഷം ഒരു വൈകുന്നേരത്തേയും പ്രതീക്ഷിക്കേണ്ടതില്ല എന്നുമാണ് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയുന്നത്. കുറെ കാലം ജീവിക്കുമെന്ന ധാരണ വേണ്ടെന്നും, നാളേക്കുള്ള ഭൗതികമായ തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ വൃതാവിലാകുമെന്നും ഉള്ള അറിയിപ്പാണത്. 
    ജീവിതത്തില്‍ പരമാവധി നന്മകള്‍ ചെയ്‌താല്‍ അത് ജീവിത യാത്രയില്‍ ഉപയോഗപ്പെടും എന്ന് കൂടി ഈ ഉപദേശത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. 

    അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹമാണ് നമ്മുടെ ആരോഗ്യവും ആരോഗ്യത്തോടെയുള്ള നമ്മുടെ ജീവിതവും. ഇവ രണ്ടും നന്നായി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അവ നന്മയിലാണ് വിനിയോഗിക്കേണ്ടത്. ആരോഗ്യം എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാമെന്നും ജീവിതം പൊടുന്നനെ അവസാനിക്കുമെന്നും ആയതിനാല്‍ ആരോഗ്യ കാലത്ത് ആരോഗ്യമില്ലാത്ത കാലത്തേക്കുള്ളതും ജീവിതത്തില്‍ മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കുള്ളതുമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ വേണമെന്നും ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا അറിയിക്കുന്നു.
  ആരോഗ്യ കാലത്ത് ധാരാളം നന്മകള്‍ ചെയ്യണം. കാരണം രോഗമുള്ളപ്പോള്‍ നന്മകള്‍ ചെയ്യുന്നതിന് പ്രയാസങ്ങളായിരിക്കും. രോഗ കാലത്തെ കര്‍മങ്ങളിലുള്ള കുറവുകള്‍ നികത്തുന്ന വിധം ആരോഗ്യ കാലത്ത് നന്മകളില്‍ മുന്നേറണം എന്ന അറിയിപ്പാണ് ഹദീസില്‍ ഉള്ളത്.
    മരണം വന്നെത്തിയാല്‍ പിന്നെ നമുക്ക് കര്‍മങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ അവസാനിക്കും. മരണ ശേഷം രക്ഷപ്പെടണമെങ്കില്‍ നാം ജീവിതത്തില്‍ ധാരാളം നന്മകള്‍ സമ്പാദിക്കണം. അതിനാണ് മുന്‍‌തൂക്കം നല്‍കേണ്ടത്. ഇതാണ് ഈ ഹദീസിന്‍റെ രത്നച്ചുരുക്കം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
  • ദുന്‍യാവില്‍ വിരക്തിയുണ്ടാകണം എന്ന് ഈ ഹദീസ് അറിയിക്കുന്നു. 
  • ഈ ജീവിതം ശാശ്വതമല്ല എന്നും പരലോകമാണ്‌ ശാശ്വതം എന്നും പഠിപ്പിക്കുന്നു.
  • ജീവിതത്തില്‍ കൈവരുന്ന സന്ദര്‍ഭങ്ങളും അവസരങ്ങളും നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണം എന്ന് ഈ ഉപദേശങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
  • സമയം നന്നായി ഉപയോഗിക്കണം എന്നും അത് പാഴാക്കരുതെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.
  • ഭൗതിക ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ നേടിയെടുക്കുന്നതിനും ഭൗതിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനും എതിരല്ല ഈ ഉപദേശങ്ങള്‍. എന്നാല്‍ ഭൗതിക ജീവിതവും ആതിലെ അലങ്കാരങ്ങളുമാകരുത് നമ്മുടെ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം എന്ന കാര്യമാണ് ഉണര്‍ത്തുന്നത്. 
  • പരലോകം ആഗ്രഹിച്ച് ആരെങ്കിലും ഈ ലോക ജീവിതത്തില്‍ പ്രവര്‍ത്തിച്ചാല്‍ അവന്‍റെ ഹൃദയത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ഭൗതിക സുഖങ്ങള്‍ അവന് വന്നെത്തുകയും ചെയ്യുമെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 


Wednesday, 25 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 250 دروس الحديث - മാപ്പ് നല്‍കപ്പെടുന്ന കാര്യങ്ങള്‍

 

الأربعون النووية-حديث: 39


മാപ്പ് നല്‍കപ്പെടുന്ന കാര്യങ്ങള്‍

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صلى الله عليه وسلم  قَالَ: "إنَّ اللَّهَ تَجَاوَزَ لِي عَنْ أُمَّتِي الْخَطَأَ وَالنِّسْيَانَ وَمَا اسْتُكْرِهُوا عَلَيْهِ" .

حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ [رقم:2045]، وَالْبَيْهَقِيّ ["السنن" 7 ].

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ''നിശ്ചയം അല്ലാഹു എന്‍റെ ജനതയില്‍ നിന്ന് അവര്‍ അബദ്ധമായും, മറന്നും ചെയ്തതും, നിര്‍ബന്ധിപ്പിക്കപ്പെട്ട് ചെയ്യിച്ചതുമായ (കാര്യങ്ങളെ) എനിക്ക് (ഞാന്‍ കാരണം) വിട്ടു (മാപ്പാക്കി) തന്നിരിക്കുന്നു''. 

വിവരണം

 تجاوز: മാപ്പാക്കി, ശിക്ഷ ഒഴിവാക്കി

 لي: ഞാന്‍ മുഖേന

 الخطأ: അബദ്ധമായി ചെയ്തത്

 النسيان: മറന്നവ

 استُكْرِهَ: നിര്‍ബന്ധിക്കപ്പെട്ടു


    അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും മാപ്പ് നല്‍കുന്നവനുമാണ്. അവന്‍റെ അടിമകള്‍ക്ക് അവര്‍ ചെയ്യുന്ന പല കാര്യങ്ങളും അല്ലാഹു പൊറുത്ത് കൊടുക്കും. 

അബദ്ധത്തില്‍ തിന്‍മ ചെയ്യല്‍
    മനപ്പൂര്‍വ്വമല്ലാതെ അബദ്ധത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷയുണ്ടാകില്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. അത് പോലെ മറന്ന് ചെയ്തവയും, മറവി മൂലം ചെയ്യേണ്ടത് ചെയ്യാതിരുന്നവയും ആക്ഷേപാര്‍ഹമല്ല. അവക്കും ശിക്ഷയുണ്ടാകില്ല. 

മറന്ന് തിന്‍മ ചെയ്യല്‍, നന്‍മ ചെയ്യാതിരിക്കല്‍
  മറന്ന് ചെയ്ത തിന്മകള്‍ ഓര്‍മ വന്നാല്‍ ഉടന്‍ അവസാനിപ്പിക്കുകയും അല്ലാഹുവിലേക്ക് ഇസ്തിഗ്ഫാര്‍ ചെയ്യുകയും വേണം. ഉറക്കം മൂലമോ,  മറവി അല്ലെങ്കില്‍  അശ്രദ്ധ കാരണമോ നാം ചെയ്യേണ്ട ഒരു കാര്യം ചെയ്യാതിരുന്നാല്‍ അവ ഓര്‍മ വന്ന ഉടന്‍  ചെയ്യണം.

കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ നിയ്യത്ത് പ്രധാനമാണ്
    അബദ്ധത്തില്‍ ചെയ്തവനും മറന്നവനും മാപ്പ് നൽകിയിരിക്കുന്നു എന്നതിന്‍റെ അര്‍ത്ഥം അവരുടെ പാപം ഒഴിവാക്കി എന്നാണ്. കാരണം പാപം ഉദ്ദേശങ്ങളുടെയും നിയ്യത്തുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുന്നത്. മറന്നവനും തെറ്റിച്ചവനും അബദ്ധം ചെയ്തവനും അത് ചെയ്യാന്‍ ഉദ്ദേശം ഇല്ലാത്തവരാകയാൽ അവർക്കു പാപമില്ല.

തിന്‍മ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടല്‍
    ഒരാള്‍ ഒരു തിന്‍മ നിര്‍ബന്ധിപ്പിക്കപ്പെട്ട് ചെയ്‌താല്‍ അവന് ശിക്ഷയില്ല. അങ്ങനെ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സില്‍ ആ തിന്മയോട്‌ വെറുപ്പുണ്ടാകണം. 
 
    ഈ ഹദീസില്‍ അല്ലാഹു വിട്ട് പൊറുത്ത് കൊടുക്കുന്ന കാര്യങ്ങള്‍ ഈ മൂന്നെണ്ണമാണ്. 
1- അബദ്ധത്തില്‍ ചെയ്തത്
2- മറന്നവ
3- നിര്‍ബന്ധിക്കപ്പെട്ട് ചെയ്തവ

    നിര്‍ബന്ധിക്കപ്പെട്ട് ചെയ്യുന്നവയില്‍ കൊല ഉള്‍പ്പെടില്ല. ഒരാള്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്നത് മറ്റൊരാളെ കൊല്ലാന്‍ ആണെങ്കില്‍ നിര്‍ബന്ധിപ്പിക്കപ്പെട്ടവന്‍ കൊല ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ കൊന്നവനും നിര്‍ബന്ധിച്ചവനും ശിക്ഷാര്‍ഹരാകും. ഒരാളെ അന്യായമായി കൊന്ന് തന്‍റെ ജീവിതം സുരക്ഷിതമാക്കാന്‍ പാടില്ല. 

    ഈ ഹദീസില്‍ നന്നുള്ള പാഠങ്ങള്‍
1- ഈ ഉമ്മത്ത് ഉത്തമ സമുദായമാകുന്നു. ഈ സമുദായത്തിന്‍റെ മഹത്വം ഈ ഹദീസില്‍ നിന്ന് വ്യക്തമാണ്.
2- تجاوز (അല്ലാഹു വിട്ടുകൊടുത്തിരിക്കുന്നു) എന്നതിന്‍റെ ഉദ്ദേശ്യം അതിന്‍റെ വിധി/ശിക്ഷ അല്ലാഹു ഒഴിവാക്കിയിരിക്കുന്നു എന്നാണ് 
3- നബി صلى الله عليه وسلم യുടെ മഹത്വവും ശ്രേഷ്ഠതയും ഈ ഹദീസ് വ്യക്തമാക്കുന്നു. റസൂല്‍ صلى الله عليه وسلم കാരണമാണ് ഈ ഒരു പദവി ഈ ജനതക്ക് ലഭിച്ചത്.
4- ഈ മതം അതിന്‍റെ ആളുകളോട് കാരുണ്യവും വിശാലതയും കാണിക്കുന്നു. 
  
ഈ വിഷയങ്ങളില്‍ വന്ന ചില ആയത്തുകള്‍
قوله تعالى: وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَكِن مَّا تَعَمَّدَتْ قُلُوبُكُمْ {الأحزاب:5}
(അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.).
وقوله تعالى: رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ {البقرة:286}
(ഞങ്ങളുടെ റബ്ബേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ.
وقوله تعالى: إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالإِيمَانِ {النحل:106}  
തങ്ങളുടെ ഹൃദയം വിശ്വാസത്തിൽ സമാധാനം പൂണ്ടതായിരിക്കെ നിർബന്ധിക്കപ്പെട്ടവരല്ല.

Tuesday, 24 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 249 دروس الحديث - കര്‍മങ്ങള്‍ കൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം നേടുക

 

الأربعون النووية-حديث: 38


عَنْ أَبِي هُرَيْرَة رضي الله عنه  قَالَ: قَالَ رَسُول اللَّهِ صلى الله عليه وسلم  إنَّ اللَّهَ تَعَالَى قَالَ: "مَنْ عَادَى لِي وَلِيًّا فَقْد آذَنْتهُ بِالْحَرْبِ، وَمَا تَقَرَّبَ إلَيَّ عَبْدِي بِشَيْءٍ أَحَبَّ إلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، وَلَا يَزَالُ عَبْدِي يَتَقَرَّبُ إلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ كُنْت سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ". 

رَوَاهُ الْبُخَارِيُّ [رقم:6502].  

അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അല്ലാഹു പറഞ്ഞു: എന്‍റെ ഒരു വലിയ്യിനോട് (മിത്രത്തോട്) ആരെങ്കിലും ശത്രുത വെച്ച് പുലര്‍ത്തിയാല്‍ ഞാന്‍ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എന്‍റെ അടിമ ഞാൻ അവന് നിര്‍ബന്ധമാക്കിയതിനേ ക്കാള്‍ എനിക്ക് പ്രിയപ്പെട്ട മറ്റൊന്നും കൊണ്ട് എന്‍റെ സാമീപ്യം നേടില്ല. എന്‍റെ അടിമ ഐച്ഛീകമായ കാര്യങ്ങള്‍ കൊണ്ട് എന്നിലേക്ക് അടുക്കുന്നവനായാല്‍ ഞാന്‍ അവനെ ഇഷ്ടപ്പെടും,  ഞാന്‍ അവനെ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന അവന്‍റെ കേള്‍വിയും (ചെവിയും). അവന്‍ കാണുന്ന അവന്‍റെ കാഴ്ചയും (കണ്ണും) അവന്‍ പിടിക്കുന്ന അവന്‍റെ കയ്യും അവന്‍ നടക്കുന്ന അവന്‍റെ കാലും ഞാന്‍ ആകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ അവന് നല്‍കുക തന്നെ ചെയ്യും, അവന്‍ എന്നോട് അഭയം തേടിയാല്‍ ഞാന്‍ അവന് അഭയം നല്‍കുക തന്നെ ചെയ്യും. 

വിവരണം

അല്ലാഹുവിന്‍റെ വലിയ്യുകളോട് ശത്രുക കാണിക്കാതിരിക്കുക
    ഒരു വിശ്വാസിയെ അന്യായമായി ഉപദ്രവിക്കല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അവനെ ആരെങ്കിലും അന്യായമായി ഉപദ്രവിച്ചാല്‍ അവന് ഇഹലോകത്തും പരലോകത്തും വലിയ ശിക്ഷകള്‍ ഉണ്ടായിരിക്കും എന്ന് അല്ലാഹു താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. ഒരാളും ഒരാളെയും ഉപദ്രവിക്കരുതെന്നാണ് ഇസ്‌ലാം നമ്മോട് കല്‍പിക്കുന്നത്
    ഈ ക്വുദ്സിയ്യായ ഹദീസില്‍ അല്ലാഹു അറിയിക്കുന്നത്: അല്ലാഹുവിന്‍റെ മിത്രമായ അഥവാ ഒരു സത്യവിശ്വാസിയോട് ആരെങ്കിലും ശത്രുതയിലായാല്‍ അല്ലാഹു അവനോട് ശത്രുതയിലാകും എന്നാണ്. വിശ്വാസിയോട് ശത്രുതയും അവന് ഉപദ്രവമേല്‍പിക്കലും ഒരിക്കലും പാടില്ലാത്തതാണ്. 
    ഈ ഹദീസില്‍ പറഞ്ഞ ولي എന്നതിന്‍റെ അര്‍ത്ഥം: അല്ലാഹുവിനെ ശരിക്ക് അറിയുന്ന, സൂക്ഷ്മതയും ഇഖ്‌ലാസ്വും ഉള്ള വിശ്വാസി എന്നാണ്. അങ്ങനെയുള്ള ആളോട് ആരെങ്കിലും ശത്രുത കാണിച്ചാല്‍ അവന് നാശമായിരിക്കും എന്നാണ് അറിയിക്കുന്നത്. 
    അല്ലാഹുവിന്‍റെ വലിയ്യ്‌ എന്നത് വലിയ  പദവിയാണ്‌. അത് എനിക്ക് ഉണ്ട് എന്ന് വാദിക്കുന്നവരല്ല അതിന്‍റെ അവകാശികള്‍. പൊതുജനങ്ങളെ വഞ്ചിക്കാനും അവരുടെ സമ്പത്ത് കവരാനും വേണ്ടി വലിയ്യാണ് എന്നും പറഞ്ഞു വരുന്നവരുണ്ട്. അവര്‍ അല്ലാഹുവിന്‍റെ വലിയ്യ് അല്ല എന്ന് മാത്രമല്ല അവര്‍ അല്ലാഹുവിന്‍റെ ശത്രുക്കളാകുന്നു എന്ന് നാം തിരിച്ചറിയണം.  അവരെ വിശ്വാസി സമൂഹം കരുതിയിരിക്കണം. നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കര്‍മങ്ങളും എല്ലാം ചെയ്ത് അല്ലാഹുവിലേക്ക് കൂടുതല്‍ കൂടുതല്‍ അടുക്കുന്നവരാണ് അവര്‍ എന്ന് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.
    ആരാണ് അല്ലാഹുവിന്‍റെ വലിയ്യ്‌ എന്ന് അല്ലാഹു അറിയിക്കുന്നു: 
(أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ * الَّذِينَ آمَنُوا وَكَانُوا يَتَّقُونَ)
"ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല. * വിശ്വസിക്കു കയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ"

നിര്‍ബന്ധ കര്‍മങ്ങള്‍ അല്ലാഹുവിന് ഇഷ്ടമാണ്, അവ കൃത്യമായി ചെയ്യുക

   അല്ലാഹുവിന് അടിമകള്‍ ചെയ്യുന്ന കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമായ കര്‍മങ്ങള്‍ അവന് നിര്‍ബന്ധമാക്കിയ (ഫര്‍ദ്വ് ആയ) കര്‍മങ്ങളാണ്. അഞ്ച് നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് പോലെയുള്ള നിര്‍ബന്ധ കാര്യങ്ങളാണ് അവ. നിര്‍ബന്ധമായ കാര്യങ്ങളാണ് ഒരു വിശ്വാസിയായ അടിമ അവന്‍റെ ജീവിതത്തില്‍ ഏറ്റവും അധികം ശ്രദ്ധിച്ച് ചെയ്യേണ്ടത്. അതില്‍ വീഴ്ചകള്‍ വരാന്‍ പാടില്ല. 

സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് അല്ലാഹു അടിമകളെ ഇഷ്ടപ്പെടും

    നിര്‍ബന്ധ കാര്യങ്ങളോടൊപ്പം സുന്നത്തായ കാര്യങ്ങളും ചെയ്യല്‍ മഹത്തരമായതാണ്. അങ്ങനെ ചെയ്യുന്നവരെ അല്ലാഹു വളരെയധികം ഇഷ്ടപ്പെടും. അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ കാര്യം തന്നെയാണ്. അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടിയാല്‍ അടിമക്ക് രണ്ട് ലോകത്തിലെയും സൗഭാഗ്യങ്ങള്‍ ലഭിക്കും എന്നത് ഉറപ്പാണ്. 

അല്ലാഹുവിന്‍റെ സ്നേഹം ലഭിച്ചാല്‍....
    ഒരു അടിമക്ക് അല്ലാഹുവിന്‍റെ ഇഷ്ടം കിട്ടിയാല്‍ അവന്‍റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സുന്ദരമാവും. പിന്നെ അവന്‍ കേള്‍ക്കുന്നതും കാണുന്നതും, സ്പര്‍ശിക്കുന്നതും നടക്കുന്നതും എല്ലാം അല്ലാഹുവിന്‍റെ തൃപ്തിയിലുള്ള കാര്യങ്ങളായിരിക്കും. അവന്‍റെ കാര്യങ്ങള്‍ എല്ലാം അതനുസരിച്ച് അല്ലാഹു നേരെ ചോവ്വെയാക്കും..  അപ്പോള്‍ അവന്‍റെ ചെവി കൊണ്ട് അവന്‍ നല്ലതേ കേള്‍ക്കൂ. അവന്‍റെ കണ്ണ് കൊണ്ട് അവന്‍ നല്ലതേ കാണൂ,  അവന്‍റെ കൈ കൊണ്ട് നല്ലതേ പിടിക്കൂ, അവന്‍റെ കാല്‍ കൊണ്ട് നല്ലതിലേക്കേ നടക്കൂ.. 
    തന്‍റെ ശരീര ഭാഗങ്ങള്‍ കൊണ്ട് നല്ലത് ചെയ്യല്‍ എല്ലാവര്‍ക്കും അനിവാര്യമാണ്. അല്ലാഹുവിലേക്ക് നന്മകള്‍ കൊണ്ട് അടുക്കുന്നവര്‍ക്ക് ഇത്തരം ശ്രേഷ്ടതകളും നനമകളും അല്ലാഹു സമ്മാനിച്ചു കൊണ്ടേയിരിക്കും. 

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കപ്പെടും

    അടിമക്ക് അല്ലാഹുവിന്‍റെ ഇഷ്ടം ലഭിച്ചാല്‍  അവന്‍ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അല്ലാഹു നല്‍കും. അവന്‍ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്നവനാകും. നന്മകള്‍ ചെയ്‌താല്‍ പാപങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടുന്ന അവസ്ഥയുണ്ടാകും. എന്നാല്‍ തിന്മകള്‍ ചെയ്‌താല്‍ പാപങ്ങള്‍ക്ക് ഉത്തരം നളകപ്പെടുന്നത് തടയപ്പെടും. 
    അത് പോലെ നല്ല വിശ്വാസി അല്ലാഹുവില്‍ അഭയം തേടിയാല്‍ അല്ലാഹു അവന് അഭയം നല്‍കുന്നതാണ്. ജീവിതത്തിലെ പരീക്ഷണങ്ങളില്‍ നിന്നും, പിശാചില്‍ നിന്നും, നരകത്തില്‍ നിന്നും, ക്വബ്റിലെ ശിക്ഷയില്‍ നിന്നുമെല്ലാം അഭയം തേടുന്നവനായിരിക്കും. അവന് ഭയമുള്ള എന്തൊരു കാര്യത്തില്‍ നിന്ന് അഭയം തേടിയാലും അല്ലാഹു അവന് അഭയം നല്‍കുകയും ചെയ്യും.

    അല്ലാഹുവിന്‍റെ ഇഷ്ടം എന്നത് മഹത്തരമായ കാര്യമാണ്. അത് ലഭിക്കല്‍ എളുപ്പമുള്ള കാര്യവുമാണ്. നിര്‍ബന്ധ കാര്യങ്ങളും ഐച്ഛീക കാര്യങ്ങളും ചെയ്യലാണ് അതിന് നാം ചെയ്യേണ്ടത്. നിര്‍ബന്ധ കാര്യങ്ങള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവയാണ്. ഐച്ഛീക കാര്യങ്ങള്‍ കൊണ്ട് നമുക്ക് അല്ലാഹുവിന്‍റെ ഇഷ്ടവും ലഭിക്കും. 


Monday, 23 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 248 دروس الحديث - നന്‍മ തിന്മകള്‍ ഇസ്‌ലാമില്‍

 

الأربعون النووية-حديث: 37


നന്‍മ തിന്മകള്‍ ഇസ്‌ലാമില്‍

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صلى الله عليه وسلم  فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: "إنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً".

رَوَاهُ الْبُخَارِيُّ [رقم:6491]، وَمُسْلِمٌ [رقم:131]، في "صحيحيهما" بهذه الحروف.  

ഇബ്നു അബ്ബാസ്   رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم തന്‍റെ റബ്ബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നന്‍മകളും തിന്‍മകളും രേഖപ്പെടുത്തി, പിന്നെ അത് വ്യക്തമാക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്‍മ (ചെയ്യാന്‍) വിചാരിക്കുകയും അവന്‍ അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അത് പൂര്‍ണ്ണമായ ഒരു നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ അത് (നന്മ ചെയ്യാന്‍) വിചാരിക്കുകയും  ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അതിനെ പത്ത് മുതല്‍ എഴുനൂറ് വരെ, ധാരാളം ഇരട്ടി നന്‍മകളായി രേഖപ്പെടുത്തും. ഇനി അവന്‍ ഒരു തിന്‍മ (ചെയ്യാന്‍) വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അതിനെ ഒരു പൂര്‍ണ്ണ നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ തിന്‍മ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അത് ഒരു തിന്‍മ (മാത്രമായി) രേഖപ്പെടുത്തും. 

വിവരണം

    നിശ്ചയം അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്താന്‍ മലക്കുകളോട് കല്‍പിച്ചു. അടിമകളുടെ നന്‍മ തിന്മകള്‍ എങ്ങനെയാണ് അല്ലാഹുവിന്‍റെ അടുക്കല്‍ രേഖപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തു. 

    അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യത്തെ ഈ ഹദീസ് അറിയിക്കുന്നുണ്ട്. നന്‍മകള്‍ ഇരട്ടിയായും തിന്മകള്‍ അവ ചെയ്യുന്നതിന്‍റെ തോതനുസരിച്ചുമാണ് അല്ലാഹു രേഖപ്പെടുത്തുന്നത്.

നന്‍മ ചെയ്യാന്‍ വിചാരിച്ചു , പക്ഷെ അത് ചെയ്തില്ല

    ഒരാള്‍ നന്‍മ വിചാരിച്ചാല്‍ തന്നെ അവനത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. അഥവാ ഒരാള്‍ ഒരു നന്മ ചെയ്യാന്‍ വിചാരിക്കുകയും പിന്നീട് അത് ചെയ്യാതിരിക്കുകയോ, ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന് ഒരു പൂര്‍ണ്ണ നന്മയായി അത് രേഖപ്പെടുത്തപ്പെടും. കാരണം അവന്‍ നന്‍മ ചെയ്യാന്‍ വിചാരിച്ചത് തന്നെ നന്‍മയായാണ് അല്ലാഹു സ്വീകരിക്കുന്നത്. 

നന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍

    ഇനി അവന്‍ നന്‍മ ചെയ്യാന്‍  വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അവന് ഇരട്ടി നന്‍മകളായി അത് രേഖപ്പെടുത്തും. ഏറ്റവും ചുരുങ്ങിയത് പത്ത് ഇരട്ടി നന്മകളായി അല്ലാഹു അതിനെ സ്വീകരിക്കും. കര്‍മത്തിന്‍റെ മഹത്വവും അത് ചെയ്ത ആളുടെ മനസ്സിന്‍റെ ഉദ്ദേശവും ആ നന്‍മ ചെയ്തതിന്‍റെ രൂപവും രീതിയുമെല്ലാം അനുസരിച്ച് പത്ത് മുതല്‍ എഴുനൂറ് വരെ ഇരട്ടി നന്മകളായിട്ടായിരിക്കും അത് സ്വീകരിക്കപ്പെടുക. അതിലും ധാരാളം ഇരട്ടി നന്‍മകളായി അതിനെ അല്ലാഹു സ്വീകരിക്കുന്നതാണ്. ഈ ഹദീസില്‍ നിന്ന് നന്മയുടെ പ്രതിഫലം എഴുന്നൂറിലധികം ഇരട്ടികളായി മാറും എന്ന് മനസ്സിലാക്കാം. ഇമാം നവവിയെ പോലെയുള്ള പണ്ഡിതന്മാര്‍ ഈ കാര്യം  അറിയിച്ചിട്ടുണ്ട്.

    ഇസ്‌ലാമിലെ ചില കര്‍മങ്ങളുടെ പ്രതിഫലങ്ങള്‍ റസൂല്‍ صلى الله عليه وسلم നമ്മെ അറിയിച്ചിട്ടുണ്ട്. വളരെ എളുപ്പമുള്ള ചെറിയ കാര്യങ്ങള്‍ക്ക് വരെ വലിയതായ പ്രതിഫലങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്. അല്ലാഹുവിന് അടിമയോടുള്ള ഇഷ്ടവും അവന്‍റെ ഔദാര്യത്തിന്‍റെ വലിപ്പവുമെല്ലാം അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യല്‍

    ഒരാള്‍ ഒരു തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അവന് അത് ചെയ്യാതിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ ശിക്ഷ ഭയന്ന് ആ തിന്‍മ ചെയ്യാതിരുന്നാല്‍ അവന് ഒരു പരിപൂര്‍ണ്ണ നന്മയായിഅത് രേഖപ്പെടുത്തപ്പെടും. അല്ലാതെ ആ തിന്‍മ ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് ഒഴിവാക്കിയാലല്ല. 

തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യല്‍

    ഇനി ഒരാള്‍ ഒരു തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ ഒരു തിന്‍മ മാത്രമായിട്ട്‌ അതിനെ രേഖപ്പെടുത്തും. തിന്മകള്‍ രേഖപ്പെടുത്തപ്പെടുമ്പോള്‍ ഇരട്ടിയായി രേഖപ്പെടുത്തലില്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 

അല്ലാഹു പറയുന്നു:  വല്ലവനും ഒരു നൻമ കൊണ്ടു വന്നാൽ അവന്ന് അതിന്‍റെ പതിൻമടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിൻമകൊണ്ടു വന്നാൽ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നൽകപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (അന്‍ആം 160)

നമ്മുടെ ഓരോ കാര്യവും നിരീക്ഷിക്കപ്പെടുന്നു

    നമ്മുടെ ഓരോ കര്‍മങ്ങളും മനസ്സിന്‍റെ വിചാരങ്ങളുമെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാം. 


നന്‍മ തിന്മകള്‍ സ്വീകരിക്കപ്പെടുന്നത് എങ്ങനെ എന്ന് ചുരുക്കി മനസ്സിലാക്കാം

നന്‍മ ചെയ്യാന്‍ വിചാരിച്ചു , പക്ഷെ ചെയ്തില്ല

നന്മ ചെയ്യാന്‍ വിചാരിക്കുകയും ചെയ്യുകയും ചെയ്തു

തിന്‍മ വിചാരിച്ചു, അത് ചെയ്തില്ല

തിന്‍മ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്തു

ഒരു പൂര്‍ണ്ണമായ നമയായി രേഖപ്പെടുത്തപ്പെടും

പത്ത് മുതല്‍ എഴുന്നൂറും , അനേകം ഇരട്ടി നമകളായും രേഖപ്പെടുത്തപ്പെടും

ഒരു പൂര്‍ണ്ണ നന്മയായി രേഖപ്പെടുത്തപ്പെടും

ഒരു തിന്‍മ മാത്രമായി രേഖപ്പെടുത്തപ്പെടും


Sunday, 22 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 247 دروس الحديث - ഏഴ് പ്രവാചകോപദേശങ്ങള്‍

 

الأربعون النووية-حديث: 36


ഏഴ്  പ്രവാചകോപദേശങ്ങള്‍

عَنْ أَبِي هُرَيْرَةَ رضي الله عنه  عَنْ النَّبِيِّ صلى الله عليه وسلم  قَالَ: "مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاَللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ فِيمَا بَيْنَهُمْ؛ إلَّا نَزَلَتْ عَلَيْهِمْ السَّكِينَةُ، وَغَشِيَتْهُمْ الرَّحْمَةُ، وَذَكَرَهُمْ اللَّهُ فِيمَنْ عِنْدَهُ، وَمَنْ أَبَطْأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ".

رَوَاهُ مُسْلِمٌ [رقم:2699] بهذا اللفظ. 

അബൂ ഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഒരാള്‍ ഒരു മുഅ'മിനില്‍ (വിശ്വാസിയില്‍) നിന്ന് ദുന്‍യാവിലെ (ഇഹലോകത്തിലെ) ഒരു പ്രയാസം അകറ്റിയാല്‍ അന്ത്യദിനത്തിലെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തെ അല്ലാഹു അവനില്‍ നിന്ന് അകറ്റി കൊടുക്കും. കഷ്ടപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും എളുപ്പമാക്കി കൊടുത്താല്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും (കാര്യങ്ങള്‍) എളുപ്പമാക്കി കൊടുക്കും. ആരെങ്കിലും ഒരു വിശ്വാസിയുടെ (ന്യൂനത) മറച്ചു വെച്ചാല്‍ അല്ലാഹു ദുന്‍യാവിലും പരലോകത്തിലും അവന്‍റെ (ന്യൂനതകള്‍) മറച്ചു വെക്കും. ഒരു അടിമ തന്‍റെ സഹോദരനെ സഹായിക്കുന്നതില്‍ (വ്യാപൃതന്‍) ആയിരിക്കുന്നിടത്തോളം അല്ലാഹു (ആ) അടിമക്കുള്ള സഹായത്തില്‍ ആയിരിക്കും. ആരെങ്കിലും അറിവ് അന്വേഷിച്ച് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അത് മുഖേന അല്ലാഹു അവന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കും. ഏതൊരു ജനത അല്ലാഹുവിന്‍റെ ഭാവനങ്ങളില്‍ പെട്ട ഒരു ഭവനത്തില്‍ ഒരുമിച്ച് കൂടി അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവര്‍ക്കിടയില്‍ അവര്‍ അത് പരസ്പരം പഠിക്കുകയും ചെയ്യുന്നു എങ്കില്‍ അവരുടെ മേല്‍ സമാധാനം ഇറങ്ങുകയും, അവരെ കാരുണ്യം പൊതിയുകയും അവരെ കുറിച്ച് അല്ലാഹു അവന്‍റെ അടുക്കലുള്ളവരോട് (മലക്കുകളോട്) പറയുകയും ചെയ്യും. ആരുടെയെങ്കിലും കര്‍മം അവനെ സാവകാശത്തിലാക്കിയാല്‍ അവന്‍റെ തറവാട് അവനെ വേഗത്തിലാക്കുകയില്ല. 

വിവരണം

വിപത്തുകളില്‍ സഹായിക്കല്‍
كربة എന്നാല്‍ കഠിനമായ പ്രയാസം എന്നാണ് അര്‍ത്ഥം. അത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അവന് ലഭിക്കുന്ന പ്രതിഫലം വലിയതാണ്. അന്ത്യ ദിനത്തിന്‍റെ വലിയ പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു അവന് ലഘൂകരണം നല്‍കുന്നതാണ്. 
    ദുന്‍യാവിലെ അതി കഠിന പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകില്ല. പരലോകത്തെ പരീക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇവിടത്തെ ഏത് വിപത്തും വളരെ നിസാരമായിരിക്കും.
    മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും പ്രയാസങ്ങളില്‍ അവരെ സഹായിക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന്‍റെ സഹായം നമുക്ക് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ അല്ലാഹു നമ്മെ പരിഗണിക്കാന്‍ കാരണമാകുന്നതാണ്. വാക്കിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഭൗതിക സഹായങ്ങളിലൂടെയും ഈ കാര്യം നടപ്പിലാക്കാവുന്നതാണ്.
    അന്ത്യദിനത്തില്‍ ധാരാളം പ്രയാസങ്ങളുണ്ട് എന്ന് ഈ ഹദീസ് നമ്മെ അറിയിക്കുന്നു.

പ്രയാസങ്ങളില്‍ എളുപ്പം നല്‍കല്‍

    ഒരു വിശ്വാസിക്ക് അവന്‍റെ പ്രയാസത്തില്‍ ആരെങ്കിലും എളുപ്പമുണ്ടാക്കി കൊടുത്താല്‍ ഇഹലോകത്തിലെയും പരലോകത്തിലെയും പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു അവന് എളുപ്പം നല്‍കുന്നതാണ്. ഭൗതിക ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ നിലക്കുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതാണ്. മറ്റൊരാള്‍ പ്രയാസത്തിലാകുമ്പോള്‍ അവനെ കാണാനും അവന്‍റെ വേദന മനസ്സിലാക്കാനും കഴിയുക എന്നത് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട ഒരു ഗുണമാണ്. അതിലൂടെ ധാരാളം നന്മകള്‍ നമ്മിലേക്കെത്തും എന്ന് മതം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിലെയും പരലോകത്തിലെയും ഞെരുക്കങ്ങളില്‍ അല്ലാഹു ആശ്വാസം നല്‍കും.
    ഒരു വിശ്വാസിക്ക് സംഭവിക്കുന്ന പ്രയാസം ലഘൂകരിച്ച് നല്‍കുകയോ അല്ലെങ്കില്‍ ആ പ്രായാസത്തെ മുഴുവനായും ഇല്ലാതാക്കുകയോ ചെയ്യാം. എത്രമാത്രം ആശ്വാസം നല്‍കാന്‍ സാധിക്കുന്നുവോ അത്രയും നന്മകള്‍ അത് ചെയ്യുന്നവന് ലഭിക്കുന്നതാണ്.
    മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുക എന്നത് നല്ല മനസ്സുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.


ഒരു വിശ്വാസിയുടെ ന്യൂനത മറച്ചു വെക്കല്‍

    ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന വല്ല ന്യൂനതയും ഉണ്ടെങ്കില്‍ അത് മറച്ചു വെക്കല്‍ മറ്റുള്ള വിശ്വാസികള്‍ക്ക് ബാധ്യതയാണ്. അവന്‍റെ അഭിമാനം വിലപ്പെട്ടതാണ്‌ എന്ന പാഠമാണ് ഹദീസ് നല്‍കുന്നത്. അതിനെ മറച്ചു വെക്കുന്നവരുടെ ന്യൂനതകള്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും മറച്ചു വെക്കും. 
    മറ്റുള്ളവരില്‍ നിന്ന് നമ്മുടെ ന്യൂനതകള്‍ മറച്ചു വെക്കാനുള്ള കാരണമായിട്ടാണ് ഈ കാര്യത്തെ അറിയിക്കുന്നത്. നാം മറ്റുള്ളവരുടെ ന്യൂനതകളില്‍ ഇടപെട്ട് അവരെ വഷളാക്കാന്‍ ഇറങ്ങിയാല്‍ നമ്മുടെ ന്യൂനതകളും പരസ്യമാവാന്‍ ഇടയുണ്ട് എന്ന് ഹദീസ് സൂചിപ്പിക്കുന്നു. 
    നമ്മുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോന്നിനുമുള്ള പ്രതിഫലം. നാം മറ്റുള്ളവരുടെ ന്യൂനതകള്‍ പരസ്യപ്പെടുത്തിയാല്‍ നമ്മുടെ ന്യൂനതകള്‍ പരസ്യമാകാനുള്ള സാഹചര്യം അല്ലാഹു ഉണ്ടാക്കും എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
    ആരോപണങ്ങളും കള്ള പ്രചാരണങ്ങളും ഏഷണിയും പരദൂഷണവുമെല്ലാം ഒഴിവാക്കണം. അവയൊക്കെ മറ്റുള്ളവരുടെ കുറവുകള്‍ പരസ്യപ്പെടുത്തുന്ന വഴികളാണ്. മറ്റുള്ളവരുടെ ന്യൂനതകളില്‍ ഇടപെട്ട് അവ പരസ്യമാക്കല്‍ വിനോദമാക്കി നടക്കുന്ന ആളുകളും ഉണ്ട്. അവരൊക്കെയും ഈ പ്രവാചകോപദേശത്തെ മനസ്സിലാക്കണം.

പൂര്‍വികരായ ആളുകള്‍ പറഞ്ഞിട്ടുണ്ട്: 'ഞാന്‍ ന്യൂനതകളില്ലാത്ത കുറെ ആളുകളെ കണ്ടു. പക്ഷെ അവര്‍ ജനങ്ങളുടെ ന്യൂനതകള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ അവരുടെയും ന്യൂനതകള്‍ പറയാന്‍ തുടങ്ങി. അത് പോലെ ഞാന്‍ ന്യൂനതയുള്ള ആളുകളെ കണ്ടു, അവര്‍ ജനങ്ങളുടെ ന്യൂനത മറച്ചു വെച്ചു. അപ്പോള്‍ ജനങ്ങള്‍ അവരുടെ ന്യൂനതകളും മറന്നു'.

തന്‍റെ സ സഹോദരനെ സഹായിക്കല്‍

ഒരാള്‍ തന്‍റെ സഹോദരന് സഹായം നല്‍കിയാല്‍ അല്ലാഹു അവനെ സഹായിക്കും എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ നാം എപ്പോഴും പരിശ്രമിക്കണം. അത് അല്ലാഹുവിന്‍റെ സഹായം നമുക്ക് ലഭിക്കാന്‍ കാരണമാകുന്ന കാര്യമാണ്.


അറിവ് അന്വേഷിക്കല്‍

    ഒരു മുസ്‌ലിം വിജ്ഞാനമുള്ളവനായിരിക്കണം. ഇസ്‌ലാമിന്‍റെ വിശ്വാസ കാര്യങ്ങളും ആചാരാനുഷ്ടാനങ്ങളുമെല്ലാം അവന്‍ അറിഞ്ഞിരിക്കണം. അറിവ് അന്വേഷിക്കല്‍ വളരെ വലിയ പദവിയാണ്‌. അതിലൂടെ ഇഹലോകത്തും പരലോകത്തും സ്ഥാനങ്ങള്‍ ലഭിക്കും. 
    അറിവ് അന്വേഷിച്ച് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ തന്നെ അല്ലാഹു അവന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും. അറിവിന്‌ വേണ്ടി പ്രയത്നിക്കുന്നത് വരെ പ്രതിഫലാര്‍ഹാമായ കാര്യമായിട്ടാണ്‌ റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. പണ്ഡിതന്മാരുടെ ക്ലാസ്സുകളിലും പഠന സദസ്സുകളിലും ഇരിക്കാനും പഠിക്കാനും നമുക്ക് സാധിക്കണം. ജീവിതത്തില്‍ അറിവ് നേടാനുള്ള സമയങ്ങളും സംവിധാനങ്ങളും നാം ഒരുക്കിയാലേ ഈ ശ്രേഷ്ഠതകള്‍ കൈവരിക്കാന്‍ നമുക്കാവൂ..


ക്വുര്‍ആന്‍ പാരായണവും പഠിക്കലും

    വിശുദ്ധ ക്വുര്‍ആന്‍ ആണ് നമുക്ക് അറിവ് നേടാനുള്ള ഒന്നാമത്തെ ഉറവിടം. അത് വായിക്കാനും അതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും നാം പരിശ്രമിക്കണം. അതിലെ ഒരു അക്ഷരം ഒതിയാല്‍ പോലും പ്രതിഫലാര്‍ഹാമാണ്. ധാരാളം ഇരട്ടിയായി ആ പ്രതിഫലങ്ങള്‍ നമ്മുടെ പേരില്‍ രേഖപ്പെടുത്തപ്പെടും. 
    ഒരു വിഭാഗം ആളുകള്‍ അല്ലാഹുവിന്‍റെ ഭവനത്തില്‍ -വേറെ എവിടെയായാലും- ഒരുമിച്ചിരുന്ന് ക്വുര്‍ആന്‍ പാരായണം നടത്തുകയും അത് പരസ്പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌താല്‍ അതിലൂടെ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും.
    അത് റസൂല്‍ صلى الله عليه وسلم വ്യക്തമാക്കിയത് ഹദീസില്‍ കാണാം. അവ:
ഒന്ന്: അവര്‍ക്ക് സമാധാനം ഇറങ്ങും
രണ്ട്: അവരെ കാരുണ്യം പൊതിയും
മൂന്ന്: മലക്കുകള്‍ അവരെ വലയം ചെയ്യും (ഇത് വേറെ റിപ്പോര്‍ട്ടില്‍ ഉണ്ട്)
നാല്:അല്ലാഹു മലക്കുകളോട് അവരെ കുറിച്ച് പറയും.
വിശുദ്ധ ക്വുര്‍ആനുമായി നാം എത്ര സമയം ഇടപെടുന്നുവോ അത്രയും നമുക്ക് നേട്ടമാണ്. 
    ഈ പ്രവാചകോപദേശങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വളരെ അത്യാവശ്യമാണ്. രണ്ട് ലോകത്തും ഗുണങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന വിഷയങ്ങളാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم  നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...