ഫോളോ ചെയ്യാം

Saturday, 14 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 239 دروس الحديث - റസൂല്‍ صلى الله عليه وسلم യുടെ വസ്വിയ്യത്തുകള്‍

 

الأربعون النووية-حديث: 28


റസൂല്‍ صلى الله عليه وسلم യുടെ വസിയ്യത്തുകള്‍

عَنْ أَبِي نَجِيحٍ الْعِرْبَاضِ بْنِ سَارِيَةَ رضي الله عنه  قَالَ: "وَعَظَنَا رَسُولُ اللَّهِ صلى الله عليه وسلم مَوْعِظَةً وَجِلَتْ مِنْهَا الْقُلُوبُ، وَذَرَفَتْ مِنْهَا الْعُيُونُ، فَقُلْنَا: يَا رَسُولَ اللَّهِ! كَأَنَّهَا مَوْعِظَةُ مُوَدِّعٍ فَأَوْصِنَا، قَالَ: أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ". 

رَوَاهُ أَبُو دَاوُدَ [رقم:4607]، وَاَلتِّرْمِذِيُّ [رقم:266] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ. 


അബൂ നജീഹ് അല്‍ഇര്‍ബാദു ബ്നു സാരിയ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഞങ്ങളെ ഉപദേശിച്ചു, അതില്‍ ഹൃദയങ്ങള്‍ വിറകൊള്ളുകയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. ഇത് യാത്ര പോകുന്ന ആളുടെ ഉപദേശം പോലുണ്ടല്ലോ... ആയതിനാല്‍ ഞങ്ങളെ ഉപദേശിച്ചാലും. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കാനും, നിങ്ങളെ ഭരിക്കുന്നത് ഒരു അടിമയാണെങ്കില്‍ പോലും കേള്‍ക്കാനും അനുസരിക്കാനും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. (പില്‍ക്കാലത്ത്) നിങ്ങളില്‍ നിന്ന് ജീവിക്കുന്നവന്‍ നിശ്ചയമായും ധാരാളം ഭിന്നതകള്‍ കാണും. അപ്പോള്‍ നിങ്ങള്‍ എന്‍റെ ചര്യയേയും  മാര്‍ഗ്ഗ ദര്‍ശികളും സച്ഛരിതരുമായ  പിന്‍ഗാമികളുടെ ചര്യയേയും മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് നിങ്ങള്‍ അതിനെ മുറുകെ പിടിക്കുക. (മതത്തില്‍) പുതുതായുണ്ടാകുന്ന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക, നിശ്ചയം എല്ലാ ബിദ്അത്തും (പുത്തനാചാരവും) വഴികേടാണ്. 

വിവരണം
 
വളരെ പ്രധാനപ്പെട്ട ഒരു ഹദീസ് ആണിത്. റസൂല്‍ صلى الله عليه وسلم യുടെ സാരവത്തായ ഉപദേശമാണ് ഈ ഹദീസിലുള്ളത്. നബി صلى الله عليه وسلم യുടെ ഉപദേശങ്ങളില്‍ ഭയപ്പെടുത്തുന്നവയും മനസിന് ആഗ്രഹം ജനിപ്പിക്കുന്നതുമായ കാര്യങ്ങളും ഉണ്ടായിരുന്നു. ഈ ഒരു ഉപദേശം സ്വഹാബികള്‍ക്ക് നടുക്കമുണ്ടാക്കുകയും അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും ചെയ്തു എന്നാണ് ഹദീസില്‍ ഉള്ളത്. 
റസൂല്‍ صلى الله عليه وسلم യുടെ അന്തിമോപദേശമായിരിക്കാം ഇത് എന്ന് സ്വഹാബികള്‍ മനസ്സിലാക്കിയത് കൊണ്ടായിരിക്കാം റസൂലേ... ഇത് യാത്ര പോകുന്ന ആളുടെ ഉപദേശം പോലുണ്ടല്ലോ എന്ന് അവര്‍ പറഞ്ഞത്. 
റസൂല്‍ صلى الله عليه وسلم യുടെ വസിയ്യത്തുകള്‍
റസൂല്‍ صلى الله عليه وسلم യുടെ ഈ വസ്വിയ്യത്തില്‍ അറിയിച്ച കാര്യങ്ങള്‍
1- അല്ലാഹുവിനെ സൂക്ഷിക്കല്‍
2- ഇസ്‌ലാമിക ഭരണാധികാരികളെ അനുസരിക്കല്‍
3- ഭിന്നിപ്പുകള്‍ ഉണ്ടാകുമ്പോള്‍ റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തും നാല് ഖലീഫമാരുടെ ചര്യകളും മുറുകെ പിടിക്കല്‍
4- മതത്തില്‍ പുതുതായുണ്ടാകുന്നവയെ സൂക്ഷിക്കല്‍
5- മതത്തില്‍ പുതുതായുണ്ടാകുന്ന കാര്യങ്ങള്‍ വഴികേടാണ്. 

അല്ലാഹുവിനെ സൂക്ഷിക്കല്‍
റസൂല്‍ صلى الله عليه وسلم ഇടക്കിടക്ക് നല്‍കുന്ന ഉപദേശമാണ് തഖ്‌വ കൊണ്ടുള്ള ഉപദേശം. അല്ലാഹുവിനെ സൂക്ഷിക്കുക എന്ന് പറഞ്ഞാല്‍ എല്ലാ തിന്മകളില്‍ നിന്നും മുക്തരായി നന്മകള്‍ അധികരിപ്പിക്കുക എന്നാണ് അതിന്‍റെ സാരം. അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്നുള്ള സുരക്ഷ കൈവരിക്കല്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നതില്‍ പെട്ടതാണ്. നന്മകള്‍ ചെയ്ത് കൊണ്ടും തിന്മകളില്‍ നിന്ന് വിട്ടുനിന്നുകൊണ്ടുമാണ് ഇത് സാധ്യമാകുക. മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള അല്ലാഹുവിന്‍റെ ഉപദേശം കൂടിയാണ് അല്ലാഹുവിനെ സൂക്ഷിക്കണം എന്നുള്ളത്. അല്ലാഹു പറഞ്ഞു:  

(يَاأَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا) -النساء: 1

മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ. ഏതൊരു അല്ലാഹുവിന്‍റെ പേരിൽ നിങ്ങൾ അനേ്യാന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക.) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

ഇസ്‌ലാമിക ഭരണാധികാരികളെ അനുസരിക്കല്‍
ഇസ്‌ലാമിക വിഷയങ്ങളില്‍ അധികാരത്തിലുള്ള ഭരണ കര്‍ത്താക്കളെ അനുസരിക്കല്‍ മുസ്‌ലീംകള്‍ക്ക് നിര്‍ബന്ധമാണ്‌. ഭരണം നടത്തുന്നത് ഒരു അടിമയാണെങ്കിലും ശരി. അല്ലാഹുവിനെ ധിക്കരിക്കുന്ന വിഷയത്തില്‍ ഒരു സൃഷ്ടിയും അനുസരിക്കാവതല്ല. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും അനുസരിക്കുന്നതോടൊപ്പം ഇസ്‌ലാമിക ഭരണകര്‍ത്താക്കളെയും അനുസരിക്കാന്‍ അല്ലാഹു അറിയിക്കുന്നു: 

يَاأَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ- النساء:59

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക.

ഭിന്നിപ്പുകള്‍ ഉണ്ടാകുമ്പോള്‍ റസൂല്‍  യുടെ  സുന്നത്തും നാല് ഖലീഫമാരുടെ ചര്യകളും മുറുകെ പിടിക്കല്‍

പില്‍ക്കാലത്ത് ഇസ്‌ലാമിന്‍റെ പേരില്‍ ധാരാളം ഭിന്നിപ്പുകള്‍ ഉണ്ടാകും എന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. ഭിന്നിപ്പുകള്‍ കാണുമ്പോള്‍ നാം ചെയ്യേണ്ടാതെന്ത് എന്നും റസൂല്‍ صلى الله عليه وسلم വ്യക്തമാക്കിയിരിക്കുന്നു. 
മതത്തിന്‍റെ പേരില്‍ ഏത് ഭിന്നിപ്പ് ഉണ്ടായാലും നാം റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ മുറുകെ പിടിക്കണം. അതനുസരിച്ച് മാത്രം ജീവിക്കണം എന്നാണത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം നാല് ഖലീഫമാരുടെ -അബൂബക്കര്‍ رضي الله عنه- ഉമര്‍ رضي الله عنه - ഉസ്മാന്‍ رضي الله عنه- അലി رضي الله عنه എന്നിവരുടെ - ചര്യകളെയും പിന്‍പറ്റണം എന്നും റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നു. ആ ചര്യകളില്‍ മുറുകെ പിടിക്കണം എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞു. അത് എങ്ങനെയാവണം എന്ന് നബി صلى الله عليه وسلم വിശദീകരിച്ചിരിക്കുന്നു. അതിന്മേല്‍ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം എന്നാണ് അറിയിച്ചത്. അഥവാ വായിലെ മുഴുവന്‍ പല്ലുകള്‍ കൊണ്ടും ആവുന്ന വിധമാണ് അത്. അത്രമാത്രം ശ്രദ്ധയോടെയും ഉറപ്പോടെയും റസൂല്‍ صلى الله عليه وسلم യുടെ ചര്യകളെ മുറുകെ പിടിക്കണമെന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 

മതത്തില്‍ പുതുതായുണ്ടാകുന്നവയെ സൂക്ഷിക്കല്‍
    ബിദ്അത്തുകളെ സൂക്ഷിക്കണം. കാരണം ബിഅത്തുകള്‍ എല്ലാം വഴികേടാണ്. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനമില്ലാത്ത എല്ലാ കാര്യങ്ങളും ഇതില്‍ പെടും. അഥവാ മതാചാരാമായി കൊണ്ട് നടക്കുന്ന എല്ലാ കാര്യങ്ങളിലും ഈ കാര്യം ശ്രദ്ധിക്കണം. മതത്തില്‍ പഠിപ്പിക്കപ്പെടാത്തവ ഒഴിവാക്കുകയും അവയെ സൂക്ഷിക്കുകയും വേണം. 
    ബിദ്അത്തുകളെ സൂക്ഷിക്കണം എന്ന് പറഞ്ഞതില്‍ നിന്ന് അതിന്‍റെ ഗൗരവം വ്യക്തമാണ്. ബിദ്അത്തുകള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലമല്ല ലഭിക്കുക, മറിച്ച് അല്ലാഹുവിന്‍റെ ശിക്ഷയും കോപവും ആയിരിക്കും. ബിദ്അത്തില്‍ നിന്നും ബിദ്അത്ത് ചെയ്യുന്നവരില്‍ നിന്നും വിട്ടകന്ന് നില്‍ക്കാനാണ് ഇസ്‌ലാമിന്‍റെ കല്‍പന. 
    ബിദ്അത്തുകാരെ കുറിച്ച് സലഫുകളും ആധുനികരുമായ പണ്ഡിതന്മാരുടെ വാക്കുകള്‍ ധാരാളമാണ്. 
    നമുക്ക് ചുറ്റും ധാരാളം ബിദ്അത്തുകള്‍ പ്രച്ചരിച്ചതായി നമുക്ക് അറിയാം. അവയില്‍ നിന്നൊക്കെ വിട്ട് നില്‍ക്കാനും അത് ചെയ്യുന്നവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാനും പരിശ്രമിക്കണം. 

മതത്തില്‍ പുതുതായുണ്ടാകുന്ന കാര്യങ്ങള്‍ വഴികേടാണ്.
    ബിദ്അത്തുകള്‍ പുണ്യമല്ല, അവയെല്ലാം വഴികെടുകളാണ്. കാരണം റസൂല്‍ صلى الله عليه وسلم മതത്തിന്‍റെ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ട്. റസൂല്‍ صلى الله عليه وسلم യെ പിന്‍പറ്റലാണ് നമുക്ക് ബാധ്യതയായിട്ടുള്ളത്. ബിദ്അത്തുകള്‍ ചെയ്യുന്നവര്‍ നബി صلى الله عليه وسلم യെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. റസൂല്‍ കല്‍പിക്കാത്തതായ ഒരു കാര്യം ആരെങ്കിലും മതത്തിന്‍റെ പേരില്‍ ചെയ്‌താല്‍ അത് തള്ളപ്പെടുന്നതാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. അത് ഒരിക്കലും സ്വീകരിക്കുകയില്ല. എല്ലാ ബിദ്അത്തും വഴികേടും എല്ലാ വഴികേടും നരകത്തിലുമാണ്. 


 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...