ഫോളോ ചെയ്യാം

Thursday, 19 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 244 دروس الحديث - പ്രശ്നങ്ങളില്‍ തെളിവുകളിലേക്ക് മടങ്ങണം

 

الأربعون النووية-حديث: 33

പ്രശ്നങ്ങളില്‍ 

തെളിവുകളിലേക്ക് മടങ്ങണം

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: "لَوْ يُعْطَى النَّاسُ بِدَعْوَاهُمْ لَادَّعَى رِجَالٌ أَمْوَالَ قَوْمٍ وَدِمَاءَهُمْ، لَكِنَّ الْبَيِّنَةَ عَلَى الْمُدَّعِي، وَالْيَمِينَ عَلَى مَنْ أَنْكَرَ" .

حَدِيثٌ حَسَنٌ، رَوَاهُ الْبَيْهَقِيّ [في"السنن" 10/252]، وَغَيْرُهُ هَكَذَا، وَبَعْضُهُ فِي "الصَّحِيحَيْنِ". 

  • دَعْوَى  : അവകാശവാദം
  • الْبَيِّنَة  : വ്യക്തമായ തെളിവ്
  • الْيَمِين :സത്യം ചെയ്യല്‍
  • أَنْكَرَ  : നിഷേധിച്ചു

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങള്‍ക്ക് അവരുടെ  അവകാശവാദങ്ങള്‍ കൊണ്ട് (കാര്യങ്ങള്‍) നല്‍കപ്പെടുകയാണെങ്കില്‍ ആളുകള്‍ മറ്റുള്ളവരുടെ സമ്പത്തുക്കളും രക്തങ്ങളും ആവശ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ വാദിക്കുന്നവന് മേല്‍ (അതിന്‍റെ) വ്യക്തമായ തെളിവും, അത് നിഷേധിക്കുന്നവന്‍റെ മേല്‍ സത്യം ചെയ്യലും നിശ്ചയിച്ചിരിക്കുന്നു. 


വിവരണം:

ജനങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യവും നിഷ്പക്ഷവുമായ വിധി നടപ്പിലാക്കല്‍ അത്യാവശ്യമാണ്. അത് എങ്ങനെയായിരിക്കണം എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 

ആളുകള്‍ക്ക് അവരുടെ കേവലം വാദപ്രകാരം ഓരോന്ന് നല്‍കാന്‍ പാടില്ല. തെളിവുകളും സാക്ഷികളും മുന്‍ നിര്‍ത്തിയാവണം വിധി കല്‍പിക്കല്‍. ഇല്ലെങ്കില്‍ ഓരോരുത്തര്‍ അവരവര്‍ക്ക് വേണ്ട വിധം മറ്റുള്ളവരുടെ സമ്പത്തുകളിലും രക്തങ്ങളിലുമെല്ലാം അവകാശ വാദങ്ങള്‍ ഉന്നയിച്ചേക്കാം എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. മനുഷ്യന്‍റെ പൊതുവായ സ്വഭാവ പ്രകൃതത്തെയാണ്‌ ഈ ഹദീസ് സൂചിപ്പിക്കുന്നത്. ആളുകളില്‍ കൂടുതലും സ്വാര്‍ത്ഥതയും ഭൗതിക കാര്യങ്ങളില്‍ ആര്‍ത്തിയുള്ളവരുമാണ്. അതിനാല്‍ തന്നെ അവരുടെ സമീപനങ്ങള്‍ അതിന് യോജിച്ചവയായിരിക്കും. ആളുകളുടെ സമ്പത്തും രക്തവുമെല്ലാം സംരക്ഷിക്കാന്‍  ഇസ്‌ലാം ചില മാനദണ്ഡങ്ങള്‍ വെക്കുകയാണ്.

ഒരാളുടെ വാദം കൊണ്ടോ അവകാശമുന്നയിക്കല്‍ കൊണ്ടോ ഒരു വസ്തു അവന് ലഭിക്കില്ല. മറിച്ച് തെളിവുകളുടെയും സാക്ഷികളുടെയും ബലത്തിലായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക.

ഇല്ലെങ്കില്‍ ഓരോരുത്തരും അവരവരുടെ ഇച്ഛകള്‍ക്കനുസരിച്ച് മറ്റുള്ളവരുടെ വിഭവങ്ങള്‍ കൈവശപ്പെടുത്തുന്ന അവസ്ഥയുണ്ടാകും. 

വാദിക്കുന്നവന്‍ വ്യക്തമായ തെളിവുകള്‍ നിരത്തുമ്പോള്‍ വാദിക്കപ്പെടുന്നവന് തന്‍റെ ഭാഗം തെളിയിക്കാനുള്ള അവസരവുമുണ്ട്. വാദിക്കുന്നവന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കില്‍ വാദിക്കപ്പെട്ടവന് തന്‍റെ ഭാഗമാണ് ശരി എന്ന് സത്യം ചെയ്ത്  ബോധിപ്പിക്കാവുന്നതാണ്‌.

ഈ ഹദീസ് അറിയിക്കുന്ന പാഠങ്ങള്‍

1- ഇസ്‌ലാമിക ശരീഅത്ത് ജനങ്ങളുടെ സ്വത്തിനും രക്തത്തിനും സുരക്ഷ നല്‍കുന്ന മതമാകുന്നു.  

2- ഒരാള്‍ക്കും അവന്‍റെ അവകാശ വാദം കൊണ്ട് മാത്രം അവന് വാദിക്കുന്നത് നല്‍കപ്പെടില്ല.

3- ഒരു കാര്യത്തില്‍ ആരെങ്കിലും അവകാശവാദമുന്നയിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടതാണ്.

4- ഇസ്ലാമിക നിയമ വ്യവസ്ഥയിൽ "ബയ്യിന" (തെളിവ്) വളരെ പ്രധാനപ്പെട്ടതാണ്. ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ മതിയായ തെളിവ് ഉണ്ടായിരിക്കണം.

5- വാദിക്കപ്പെടുന്നവന് വാദിക്കുന്നവന്‍റെ വാദങ്ങള്‍ക്ക് മേല്‍ നിഷേധം പ്രകടിപ്പിക്കുകയാണെങ്കില്‍ സത്യം ചെയ്ത് അവന്‍റെ കാര്യത്തെ ബലപ്പെടുത്താവുന്നതാണ്. 

6- ഒരു വിധികര്‍ത്താവ് രണ്ടാളുടെയും വാദങ്ങളും നിഷേധങ്ങളും മനസ്സിലാക്കി തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വ്യക്തമായതിലാണ് വിധി നടപ്പാക്കേണ്ടത്.  

7- തെളിവുകള്‍ സമര്‍പ്പിക്കാതെ ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ അവകാശവാദമുന്നയിച്ചാല്‍ അവന്‍റെ വാദം തള്ളപ്പെടുന്നതാണ്. 

  

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...