ഫോളോ ചെയ്യാം

Thursday, 12 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 237 دروس الحديث - ശരീരത്തിന്‍റെ ധര്‍മ്മങ്ങള്‍

 

الأربعون النووية-حديث: 26


ശരീരത്തിന്‍റെ ധര്‍മ്മങ്ങള്‍

عَنْ أَبِي هُرَيْرَةَ رضي الله عنه  قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم:  "كُلُّ سُلَامَى مِنْ النَّاسِ عَلَيْهِ صَدَقَةٌ، كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ. تَعْدِلُ بَيْنَ اثْنَيْنِ صَدَقَةٌ، وَتُعِينُ الرَّجُلَ فِي دَابَّتِهِ فَتَحْمِلُهُ عَلَيْهَا أَوْ تَرْفَعُ لَهُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَبِكُلِّ خُطْوَةٍ تَمْشِيهَا إلَى الصَّلَاةِ صَدَقَةٌ، وَتُمِيطُ الْأَذَى عَنْ الطَّرِيقِ صَدَقَةٌ".

رَوَاهُ الْبُخَارِيُّ [رقم:2989]، وَمُسْلِمٌ [رقم:1009].  

അബൂ ഹുറൈറ رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: സൂര്യനുദിക്കുന്ന എല്ലാ ദിനത്തിലും ജനങ്ങളുടെ (ശരീരത്തിലെ) എല്ലാ സന്ധികള്‍ക്കും (ശരീരാവയവങ്ങള്‍ക്കും) സ്വദഖ (ധര്‍മ്മം) ഉണ്ട്. രണ്ടാളുകള്‍ക്കിടയില്‍ നീതി നടപ്പിലാക്കുന്നത് ധര്‍മ്മമാണ്, ഒരാള്‍ മറ്റൊരാളെ അയാളുടെ മൃഗത്തിന്‍റെ പുറത്ത് (വാഹനത്തില്‍) കയറാനോ അല്ലെങ്കില്‍ അയാളുടെ സാധനങ്ങള്‍ അതിലേക്ക് എടുത്തു വെക്കാനോ സഹായിക്കുന്നത് ധര്‍മ്മമാണ്, നല്ല വാക്ക് ധര്‍മ്മമാണ്, നമസ്കാരത്തിലേക്ക് നടന്ന് പോകുന്ന ഓരോ കാലടിയും ധര്‍മ്മമാണ്, വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യല്‍ ധര്‍മ്മമാണ്. 

വിവരണം
    സ്വദഖ (ദാനം അല്ലെങ്കില്‍ ധര്‍മ്മം) എന്ന സവിശേഷ കാര്യത്തെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ധര്‍മ്മം എന്നത് മഹത്വമേറിയ കാര്യമാണ്. എല്ലാ മനുഷ്യര്‍ക്കും അത് ചെയ്യാന്‍ സാധിക്കും. അതിനുള്ള വഴികളാണ് ഈ ഹദീസിലൂടെ അറിയിക്കുന്നത്. 
    സമ്പത്ത് കൊണ്ടുള്ള ദാനത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയുന്നതാണ്. അത് പ്രധാനപ്പെട്ടതും അടിമക്ക് ധാരാളം ഫലങ്ങള്‍ നേടിത്തരുന്നതുമാണ്. പക്ഷെ സമ്പത്ത് ഉള്ളവര്‍ക്കേ അതില്‍ മുന്നേറാന്‍ സാധിക്കൂ. എന്നാല്‍ ഈ ഹദീസില്‍ പഠിപ്പിക്കപ്പെടുന്ന സ്വദഖ എല്ലാവര്‍ക്കും ഒരു പോലെ ചെയ്യാന്‍ സാധിക്കുന്നതാണ്. 
    ഈ ധര്‍മം ചെയ്യാന്‍ പ്രത്യേകം സമയമൊന്നുമില്ല. എല്ലാ ദിവസങ്ങളിലും ഇത് നടപ്പിലാക്കാവുന്നതാണ്. അതാണ്‌ സൂര്യനുദിക്കുന്ന എല്ലാ ദിവസങ്ങളിലും ഈ കാര്യങ്ങള്‍ ഉണ്ട് എന്ന് ഹദീസില്‍ പറഞ്ഞിരിക്കുന്നത്.
  سُلَامَى  എന്നാല്‍ ശരീരത്തിലെ സന്ധികള്‍ എന്നാണ് അര്‍ത്ഥം. ശരീരത്തിലെ മുഴുവന്‍ ഭാഗങ്ങള്‍ കൊണ്ടും പ്രതിഫലാര്‍ഹാമായ ധര്‍മം നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് ഇതിന്‍റെ വിവക്ഷ. 
 എല്ലാ സല്‍ക്കര്‍മങ്ങള്‍ ചെയ്യുമ്പോഴും ഈ പ്രതിഫലം ആഗ്രഹിച്ച് ചെയ്യണം, അപ്പോള്‍ ഈ ധര്‍മം നടപ്പിലാകുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും. 
    സ്വദഖയായിട്ടുള്ള ചില കാര്യങ്ങള്‍ ഈ ഹദീസില്‍ ഉദാഹരണമായി പറഞ്ഞിരിക്കുന്നു. അവ: 
1- രണ്ടാള്‍ക്കിടയില്‍ നീതി നടപ്പിലാക്കല്‍ 
2- ഒരാളെ വാഹനത്തില്‍ കയറാനോ അയാളുടെ സാധനങ്ങള്‍ വാഹനത്തിലേക്ക് എടുത്തു വെക്കാനോ സഹായിക്കല്‍
3- നല്ല വാക്ക് പറയല്‍ 
4- പള്ളിയിലേക്ക് നടന്ന് പോകല്‍ 
5- വഴിയില്‍ നിന്നും ഉപദ്രവങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യല്‍ 

    ഈ കാര്യങ്ങള്‍ എല്ലാ ദിവസവും മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്നവയാണ്, അല്ലെങ്കില്‍ സംഭവിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളിലൂടെ മനുഷ്യ ശരീരത്തിന്‍റെ ധര്‍മം നിറവേറ്റപ്പെടുകയാണ് ചെയ്യുന്നത് എന്ന് ഹദീസിന്‍റെ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാം. 
    ഇഹലോക ജീവിതത്തിലും പരലോക ജീവിതത്തിലും ഈ ധര്‍മങ്ങള്‍ നമുക്ക് ഗുണമായിരിക്കും.  

ആളുകള്‍ക്കിടയില്‍ നീതി കാണിക്കല്‍ 
    ആളുകള്‍ക്കിടയില്‍ നീതി കാണിക്കല്‍ നമുക്ക് നിര്‍ബന്ധമായിട്ടുള്ള കാര്യമാണ്. രണ്ടാളുകള്‍ തമ്മില്‍ പ്രശ്നത്തിലായാല്‍ അവര്‍ക്കിടയില്‍ സന്ധിയുണ്ടാക്കുകയും നീതി നടപ്പിലാക്കുകയും ചെയ്യണം. ഇതിന് വലിയ പ്രത്യേകതയുണ്ട്. ഒരാള്‍ ചെയ്യുന്ന വലിയ ധര്‍മ്മമാണ് അത്. അത് പോലെ മറ്റുള്ളവരോട് നീതിപൂര്‍വ്വമായി തന്നെ പെരുമാറുകയും വേണം. സ്വന്തം മക്കള്‍ക്കിടയില്‍ പോലും നീതി നടപ്പിലാക്കണം എന്നാണ് ഇസ്‌ലാമിന്‍റെ കല്‍പന. 

മറ്റുള്ളവരെ സഹായിക്കല്‍ 
    സാമൂഹ്യ ജീവിയായ മനുഷ്യന് തനിച്ച് ജീവിക്കാന്‍ ഒരിക്കലും സാധിക്കില്ല. പരസ്പര സഹകരണവും സഹായങ്ങളും അവന് അത്യാവശ്യമാണ്. അതിനാല്‍ തന്നെ ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നതും ധര്‍മ്മമാണ്. ഒരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നത് ധര്‍മ്മമാണ്. അത് പോലെ ഒരാളുടെ സാധനങ്ങള്‍ അയാളുടെ വാഹനത്തിലെക്കോ മറ്റോ എടുത്ത് വെക്കുന്നത് വരെ പ്രതിഫലാര്‍ഹാമായ കാര്യമാണ് എന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും ഈ സഹായം ഉണ്ടാകണം. 

നല്ല വാക്ക് പറയല്‍
    ഒരു വിശ്വാസി തന്‍റെ നാവിനെ സൂക്ഷിക്കുന്നവനാകണം. നല്ലത് മാത്രമേ അവന്‍ പറയാവൂ. നല്ലത് പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടത് എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. 
    നാവ് കാരണം ധാരാളം അപകടങ്ങള്‍ സംഭവിക്കും. അതിനാല്‍ തന്നെ നാവിനെ നന്നായി സൂക്ഷിക്കണം. നല്ലത് മാത്രം പറയാന്‍ ശീലിക്കുകയും വേണം. നല്ലത് പറയല്‍ പുണ്യമുള്ള കാര്യമായാണ് മതം പഠിപ്പിക്കുന്നത്. 
    നാം പറയുമ്പോഴും എഴുതുമ്പോഴുമെല്ലാം ഈ കാര്യം ശ്രദ്ധിക്കണം. കാരണം ഈ കാലത്ത് സോഷ്യല്‍ മീഡിയ പോലെയുള്ളവയുടെ വ്യാപക ഉപയോഗം ഉള്ളത് നമുക്ക് അറിയാം. അവിടെയും എല്ലായിടത്തും നല്ലത് മാത്രമേ നമ്മില്‍ നിന്ന് വരാന്‍ പാടുള്ളൂ. 
    ദിക്റുകള്‍, പ്രാര്‍ഥനകള്‍, സലാം മടക്കല്‍, ഉപദേശങ്ങള്‍ തുടങ്ങി ആളുകള്‍ക്ക് വിഷമമില്ലാത്ത നല്ല ഏത് സംസാരങ്ങള്‍ ആയാലും ഈ പ്രതിഫലത്തിന് അര്‍ഹാരാകും. 

പള്ളിയിലേക്ക് നടന്ന് പോകല്‍ 
    നമസ്കാരം ശ്രേഷ്ടമായ ആരാധനയാണ്. അത് പള്ളിയില്‍ വെച്ച് ജമാഅത്തായി നിര്‍വ്വഹിക്കപ്പെടണം.
    പള്ളിയിലേക്ക് നടക്കുന്നതിന് വരെ പുണ്യമുണ്ട് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുള്ളത്. ഓരോ കാലടി വെക്കുമ്പോഴും നന്മകള്‍ കൂടുകയും തിന്മകള്‍ കുറയുകയും ചെയ്യും. ഓരോ കാലടിയും ധര്‍മ്മവുമാണ്. 

വഴിയില്‍ നിന്നും ഉപദ്രവങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യല്‍
 വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായി റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം ധാരാളം പുണ്യം നേടാന്‍ സാധിക്കുന്ന കാര്യമാണ് ഇത്. 
    വഴിയില്‍ ആളുകള്‍ക്ക് ദ്രോഹമുള്ള ഏതൊരു വസ്തുവുണ്ടെങ്കിലും അത് അവിടെ നിന്ന് നീക്കം ചെയ്യണം. വെള്ളമോ, കല്ലോ, മരക്കഷ്ണമോ തുടങ്ങിബുദ്ധിമുട്ടുണ്ടാക്കുന്ന ഏത് കാര്യം നീക്കം ചെയ്യലും ഇതില്‍ പെടും. വഴികളില്‍ നാം മുഖേന ഒരു തടസ്സവും ഉണ്ടാക്കാനും പാടില്ല. വാഹനം നിര്‍ത്തുമ്പോഴും വാഹനമോടിക്കുമ്പോഴുമെല്ലാം നാം ശ്രദ്ധിക്കണം. വഴിയില്‍ ജാഥയൊ മറ്റോ കൊണ്ട് തടസ്സമുണ്ടാക്കുന്നതും ഒഴിവാക്കേണ്ടത് തന്നെയാണ്.  

    സമ്പത്തിന് ദാനമുള്ളത് പോലെ ശരീരത്തിനും ദാനമുണ്ട് എന്നാണ് ഈ ഹദീസിന്‍റെ രത്നച്ചുരുക്കം. അത് നാം മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...