ഫോളോ ചെയ്യാം

Monday, 23 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 248 دروس الحديث - നന്‍മ തിന്മകള്‍ ഇസ്‌ലാമില്‍

 

الأربعون النووية-حديث: 37


നന്‍മ തിന്മകള്‍ ഇസ്‌ലാമില്‍

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ رَسُولِ اللَّهِ صلى الله عليه وسلم  فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعَالَى، قَالَ: "إنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً".

رَوَاهُ الْبُخَارِيُّ [رقم:6491]، وَمُسْلِمٌ [رقم:131]، في "صحيحيهما" بهذه الحروف.  

ഇബ്നു അബ്ബാസ്   رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم തന്‍റെ റബ്ബില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നന്‍മകളും തിന്‍മകളും രേഖപ്പെടുത്തി, പിന്നെ അത് വ്യക്തമാക്കുകയും ചെയ്തു. ആരെങ്കിലും ഒരു നന്‍മ (ചെയ്യാന്‍) വിചാരിക്കുകയും അവന്‍ അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അത് പൂര്‍ണ്ണമായ ഒരു നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ അത് (നന്മ ചെയ്യാന്‍) വിചാരിക്കുകയും  ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അതിനെ പത്ത് മുതല്‍ എഴുനൂറ് വരെ, ധാരാളം ഇരട്ടി നന്‍മകളായി രേഖപ്പെടുത്തും. ഇനി അവന്‍ ഒരു തിന്‍മ (ചെയ്യാന്‍) വിചാരിക്കുകയും അത് ചെയ്യാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു അവന്‍റെ അടുക്കല്‍ അതിനെ ഒരു പൂര്‍ണ്ണ നന്മയായി രേഖപ്പെടുത്തും. ഇനി അവന്‍ തിന്‍മ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അത് ഒരു തിന്‍മ (മാത്രമായി) രേഖപ്പെടുത്തും. 

വിവരണം

    നിശ്ചയം അല്ലാഹു നന്മകളും തിന്മകളും രേഖപ്പെടുത്താന്‍ മലക്കുകളോട് കല്‍പിച്ചു. അടിമകളുടെ നന്‍മ തിന്മകള്‍ എങ്ങനെയാണ് അല്ലാഹുവിന്‍റെ അടുക്കല്‍ രേഖപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തു. 

    അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യത്തെ ഈ ഹദീസ് അറിയിക്കുന്നുണ്ട്. നന്‍മകള്‍ ഇരട്ടിയായും തിന്മകള്‍ അവ ചെയ്യുന്നതിന്‍റെ തോതനുസരിച്ചുമാണ് അല്ലാഹു രേഖപ്പെടുത്തുന്നത്.

നന്‍മ ചെയ്യാന്‍ വിചാരിച്ചു , പക്ഷെ അത് ചെയ്തില്ല

    ഒരാള്‍ നന്‍മ വിചാരിച്ചാല്‍ തന്നെ അവനത് ഒരു നന്മയായി രേഖപ്പെടുത്തപ്പെടും. അഥവാ ഒരാള്‍ ഒരു നന്മ ചെയ്യാന്‍ വിചാരിക്കുകയും പിന്നീട് അത് ചെയ്യാതിരിക്കുകയോ, ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന് ഒരു പൂര്‍ണ്ണ നന്മയായി അത് രേഖപ്പെടുത്തപ്പെടും. കാരണം അവന്‍ നന്‍മ ചെയ്യാന്‍ വിചാരിച്ചത് തന്നെ നന്‍മയായാണ് അല്ലാഹു സ്വീകരിക്കുന്നത്. 

നന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍

    ഇനി അവന്‍ നന്‍മ ചെയ്യാന്‍  വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ അല്ലാഹു അവന് ഇരട്ടി നന്‍മകളായി അത് രേഖപ്പെടുത്തും. ഏറ്റവും ചുരുങ്ങിയത് പത്ത് ഇരട്ടി നന്മകളായി അല്ലാഹു അതിനെ സ്വീകരിക്കും. കര്‍മത്തിന്‍റെ മഹത്വവും അത് ചെയ്ത ആളുടെ മനസ്സിന്‍റെ ഉദ്ദേശവും ആ നന്‍മ ചെയ്തതിന്‍റെ രൂപവും രീതിയുമെല്ലാം അനുസരിച്ച് പത്ത് മുതല്‍ എഴുനൂറ് വരെ ഇരട്ടി നന്മകളായിട്ടായിരിക്കും അത് സ്വീകരിക്കപ്പെടുക. അതിലും ധാരാളം ഇരട്ടി നന്‍മകളായി അതിനെ അല്ലാഹു സ്വീകരിക്കുന്നതാണ്. ഈ ഹദീസില്‍ നിന്ന് നന്മയുടെ പ്രതിഫലം എഴുന്നൂറിലധികം ഇരട്ടികളായി മാറും എന്ന് മനസ്സിലാക്കാം. ഇമാം നവവിയെ പോലെയുള്ള പണ്ഡിതന്മാര്‍ ഈ കാര്യം  അറിയിച്ചിട്ടുണ്ട്.

    ഇസ്‌ലാമിലെ ചില കര്‍മങ്ങളുടെ പ്രതിഫലങ്ങള്‍ റസൂല്‍ صلى الله عليه وسلم നമ്മെ അറിയിച്ചിട്ടുണ്ട്. വളരെ എളുപ്പമുള്ള ചെറിയ കാര്യങ്ങള്‍ക്ക് വരെ വലിയതായ പ്രതിഫലങ്ങള്‍ അല്ലാഹു നല്‍കുന്നതാണ്. അല്ലാഹുവിന് അടിമയോടുള്ള ഇഷ്ടവും അവന്‍റെ ഔദാര്യത്തിന്‍റെ വലിപ്പവുമെല്ലാം അതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും ചെയ്യാതിരിക്കുകയും ചെയ്യല്‍

    ഒരാള്‍ ഒരു തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അവന് അത് ചെയ്യാതിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‍റെ ശിക്ഷ ഭയന്ന് ആ തിന്‍മ ചെയ്യാതിരുന്നാല്‍ അവന് ഒരു പരിപൂര്‍ണ്ണ നന്മയായിഅത് രേഖപ്പെടുത്തപ്പെടും. അല്ലാതെ ആ തിന്‍മ ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തത് കൊണ്ട് ഒഴിവാക്കിയാലല്ല. 

തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്യല്‍

    ഇനി ഒരാള്‍ ഒരു തിന്‍മ ചെയ്യാന്‍ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്‌താല്‍ ഒരു തിന്‍മ മാത്രമായിട്ട്‌ അതിനെ രേഖപ്പെടുത്തും. തിന്മകള്‍ രേഖപ്പെടുത്തപ്പെടുമ്പോള്‍ ഇരട്ടിയായി രേഖപ്പെടുത്തലില്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 

അല്ലാഹു പറയുന്നു:  വല്ലവനും ഒരു നൻമ കൊണ്ടു വന്നാൽ അവന്ന് അതിന്‍റെ പതിൻമടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിൻമകൊണ്ടു വന്നാൽ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നൽകപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല. (അന്‍ആം 160)

നമ്മുടെ ഓരോ കാര്യവും നിരീക്ഷിക്കപ്പെടുന്നു

    നമ്മുടെ ഓരോ കര്‍മങ്ങളും മനസ്സിന്‍റെ വിചാരങ്ങളുമെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഈ ഹദീസിന്‍റെ വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാം. 


നന്‍മ തിന്മകള്‍ സ്വീകരിക്കപ്പെടുന്നത് എങ്ങനെ എന്ന് ചുരുക്കി മനസ്സിലാക്കാം

നന്‍മ ചെയ്യാന്‍ വിചാരിച്ചു , പക്ഷെ ചെയ്തില്ല

നന്മ ചെയ്യാന്‍ വിചാരിക്കുകയും ചെയ്യുകയും ചെയ്തു

തിന്‍മ വിചാരിച്ചു, അത് ചെയ്തില്ല

തിന്‍മ വിചാരിക്കുകയും അത് ചെയ്യുകയും ചെയ്തു

ഒരു പൂര്‍ണ്ണമായ നമയായി രേഖപ്പെടുത്തപ്പെടും

പത്ത് മുതല്‍ എഴുന്നൂറും , അനേകം ഇരട്ടി നമകളായും രേഖപ്പെടുത്തപ്പെടും

ഒരു പൂര്‍ണ്ണ നന്മയായി രേഖപ്പെടുത്തപ്പെടും

ഒരു തിന്‍മ മാത്രമായി രേഖപ്പെടുത്തപ്പെടും


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...