الأربعون النووية-حديث: 18
തഖ്‌വ, നന്‍മ ചെയ്യല്‍, സല്‍സ്വഭാവം
عَنْ أَبِي ذَرٍّ جُنْدَبِ بْنِ
جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ
عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: "اتَّقِ اللَّهَ حَيْثُمَا
كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ
بِخُلُقٍ حَسَنٍ" .
رَوَاهُ التِّرْمِذِيُّ [رقم:1987] وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ.
അബൂദര്‍ ജുന്‍ദുബ് ബ്നു ജനാദ, അബൂ അബ്ദിറഹ്മാന്‍ മുആദു ബ്നു ജബല്‍
വിവരണം
ജീവിതത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, തിന്‍മ ചെയ്‌താല്‍ അതിന് പിന്നാലെ നന്മകള്‍ ചെയ്യുക, നല്ല സ്വഭാവത്തില്‍ പെരുമാറുക എന്നീ സുപ്രധാന കാര്യങ്ങളാണ് ഈ ഹദീസ് അറിയിക്കുന്നത്
അല്ലാഹുവിനെ സൂക്ഷിക്കല്‍
അല്ലാഹുവിനെ എല്ലായ്പ്പോഴും നാം സൂക്ഷിക്കണം. ജനങ്ങള്‍ക്കിടയില്‍ വെച്ച് നാം അല്ലാഹുവിനെ സൂക്ഷിക്കുന്ന പോലെ തനിച്ചിരിക്കുമ്പോഴും അല്ലാഹുവിനെ സൂക്ഷിക്കണം.
എല്ലാ സ്ഥലത്തും എല്ലാ സമയത്തും അല്ലാഹുവിനെ സൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് വലിയ അനുഗ്രഹമാണ്. ഒരു അടിമയുടെ എല്ലാ അവസ്ഥയിലും അല്ലാഹു അവനെ കണ്ടുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ ജീവിതാന്ത്യം വരെ തക്വ്'വയിലായി ജീവിക്കാന്‍ നമുക്ക് കഴിയണം.
തക്വ്'വ എന്നാല്‍ നന്മകള്‍ ചെയ്യലും തിന്മകള്‍ ഒഴിവാക്കലുമാണ്. ഹറാമുകളില്‍ നിന്ന് വിട്ട് നില്‍ക്കലും നിര്‍ബന്ധ കാര്യങ്ങള്‍ കൃത്യമായി ചെയ്യലുമാണ് തഖ്‌വ എന്ന് ഉമര്‍ رضي الله عنه പറഞ്ഞതായി കാണാം.
ത്വല്‍ക്വ് ബ്നു ഹബീബ് رحمه الله പറഞ്ഞു: 'തഖ്‌വ എന്നാല്‍, നീ അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ച് നല്ല കാര്യങ്ങള്‍ ചെയ്യലാണ്, അത് പോലെ അല്ലാഹുവിന്‍റെ ശിക്ഷയെ ഭയന്ന് അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ച് നീ തിന്മകള്‍ ഒഴിവാക്കലുമാണ്' അത്. (ജാമിഉല്‍ ഉലൂം വാല്‍ഹികം 1/307)
ജീവിതത്തില്‍ തക്വ്'വ കാത്തു സൂക്ഷിക്കുന്നവര്‍ക്ക് ധാരാളം പ്രത്യേകതകളും മഹത്വങ്ങളും ഉണ്ട് എന്ന് ക്വുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടുണ്ട്.
തിന്മക്ക് ശേഷം നന്‍മ ചെയ്യല്‍
നീ തിന്മകള്‍ ചെയ്താല്‍ അതിനെ തുടര്‍ന്ന് നന്മകള്‍ ചെയ്യുക എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. അത് മുഖേന ആ തിന്‍മ മാഞ്ഞു പോകും എന്നും റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നു. ഇത് വലിയൊരു അനുഗ്രഹമാണ്. നാം ചെയ്ത തിന്മകള്‍ക്കുള്ള പരിഹാരമാണിത്. ഈ ഒരു കാര്യം ജീവിതത്തില്‍ നടപ്പിലാക്കുമ്പോള്‍ തിന്മകള്‍ മാഞ്ഞു പോവുകയും തിന്‍മ ചെയ്യാനുള്ള അവസരങ്ങള്‍ കുറയുകയും നന്മകള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിക്കുകയും ചെയ്യും.
തിന്മകള്‍ക്ക് ധാരാളം അനന്തര ഫലങ്ങളുണ്ട്. മനപ്രയാസവും, ദുഖവും, വിദ്വേഷവും, ശാരീരിക രോഗങ്ങള്‍ വരെയും അത് മുഖേനയുണ്ടാവാം. നന്മകള്‍ ചെയ്യുന്നതിലൂടെ അത്തരം അനന്തര ഫലങ്ങളും ജീവിതത്തില്‍ നിന്ന് തുടച്ച് മാറ്റപ്പെടും.
തിന്മയുടെ ഗൗരവവും നന്മയുടെ മഹത്വവും ഈ ഹദീസ് നമ്മെ അറിയിക്കുന്നു. തിന്മകള്‍ എല്ലാം അപകടകാരികളാണ്.
ചെറുതും വലുതുമായ എല്ലാ തിന്‍മകളും നാം ഒഴിവാക്കണം. നമ്മുടെ ജീവിതത്തിലെ ഏത് തിന്‍മ കൊണ്ടാണ് നാം ശിക്ഷിക്കപ്പെടുക എന്ന് നമുക്കാര്‍ക്കുമറിയില്ല. ആയതിനാല്‍ എല്ലാ തിന്‍മകളെയും നാം തിരിച്ചറിയുകയും അവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. അത് കൊണ്ടുള്ള ഗുണം നമുക്കാണ്.
നന്‍മ മനുഷ്യ ജീവിതത്തിന് അനിവാര്യമാണ്. അവന് സമാധാനത്തോടെ ജീവിക്കാന്‍ നന്‍മ അത്യാവശ്യമാണ്. തിന്മ സമാധാനം നഷ്ടപ്പെടുത്തുമെങ്കില്‍ നന്‍മ സമാധാനമുണ്ടാക്കുന്നതാണ്.
വലുതും ചെറുതുമായ എല്ലാ തിന്മകളില്‍ നിന്നും മുക്തരായി മരണം വരിക്കാന്‍ കഴിയണമെങ്കില്‍ സൂക്ഷ്മതാ ബോധവും നമകള്‍ അധികരിപ്പിക്കലും നാം ചര്യയാക്കണം.
നന്‍മ തിന്‍മയെ മായ്ക്കും
നന്മകള്‍ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ വന്ന് പോയ ചെറിയ ചെറിയ തിന്മകള്‍ എല്ലാം ഇല്ലാതായിപ്പോകും.
നമസ്കാരം, നോമ്പ് പോലെയുള്ള സല്‍ക്കര്‍മങ്ങള്‍ തിന്‍മയെ ഇല്ലാതാക്കുമെന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. തിന്മകളെ മായ്ക്കുന്ന ധാരാളം വാക്കുകളും പ്രവര്‍ത്തനങ്ങളുമുണ്ട്. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അവ വന്നിട്ടുണ്ട്.
വലിയ തിന്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നാം തൗബ ചെയ്യണം. അത് അനിവാര്യമാണ്. എങ്കിലേ ആ തിന്മകള്‍ ഇല്ലാതായിപ്പോവുകയുള്ളൂ. ചെറിയ തിന്മകള്‍ മാത്രമേ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ഇല്ലാതാവുകയുള്ളൂ.
ജനങ്ങളോട് നല്ല നിലക്ക് പെരുമാറല്‍
ജനങ്ങളോട് നല്ല സ്വഭാവത്തില്‍ പെരുമാറണം. നല്ല സ്വഭാവം സ്വര്‍ഗ്ഗത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ഏറ്റവും നല്ല സ്വഭാവങ്ങള്‍ക്കുടമകളാകുവാന്‍ നമുക്ക് കഴിയണം. എങ്കില്‍ നമ്മുടെ ജീവിതത്തില്‍ ധാരാളം നന്മകള്‍ ഉണ്ടാകാന്‍ സാധ്യതയേറും.
ഏറ്റവും അധികം ഈമാന്‍ പൂര്‍ത്തിയായവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്.
റസൂല്‍ صلى الله عليه وسلم ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നമ്മലുമായി ഇടപെടുന്ന എല്ലാവരോടും നാം നല്ല സ്വഭാവത്തില്‍ പെരുമാറണം. സ്നേഹവും, ബഹുമാനവും, ദയയും, കാരുണ്യവും തുടങ്ങി എല്ലാ സ്വഭാവ ഗുണങ്ങളെയും ശിരസ്സാവഹിക്കുന്നവരാകാന്‍ നാം പരിശ്രമിക്കണം.
No comments:
Post a Comment