ഫോളോ ചെയ്യാം

Thursday, 26 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 252 دروس الحديث - ഇസ്‌ലാമിക നിയമങ്ങള്‍ പിന്തുടരല്‍ നിര്‍ബന്ധമാണ്

 

الأربعون النووية-حديث: 41

ഇസ്‌ലാമിക നിയമങ്ങള്‍ 

പിന്തുടരല്‍ നിര്‍ബന്ധമാണ്

عَنْ أَبِي مُحَمَّدٍ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم  "لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ".

حَدِيثٌ حَسَنٌ صَحِيحٌ، رَوَيْنَاهُ فِي كِتَابِ "الْحُجَّةِ" بِإِسْنَادٍ صَحِيحٍ. 

അബൂ മുഹമ്മദ്‌ അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്വ്  رَضِيَ اللَّهُ عَنْهُمَا നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: (നിങ്ങളില്‍) ഒരാളുടെ ഇച്ഛ ഞാന്‍ കൊണ്ട് വന്ന കാര്യത്തോട് പിന്തുടരുന്നതാവുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല.


വിവരണം

 هواه അവന്‍റെ ഇച്ഛ

 تبعًا പിന്തുടരുന്നത്

 لما جئت به കല്‍പനകളും വിലക്കുകളും


റസൂല്‍ صلى الله عليه وسلم കൊണ്ടുവന്നതായ വിധി വിലക്കുകള്‍ അനുധാവനം ചെയ്യല്‍ അനിവാര്യമാണ് എന്ന് അറിയിക്കുന്ന ഹദീസ് ആണിത്. 
    റസൂല്‍ صلى الله عليه وسلم യെ അല്ലാഹു നമ്മിലേക്ക് അയച്ചത് നാം അവരെ പിന്തുടരാനും അനുസരിക്കാനുമാണ്. റസൂല്‍ صلى الله عليه وسلم യെ അനുസരിക്കുന്നതിലേക്കും പിന്തുടരുന്നതിലേക്കും തന്‍റെ ഇച്ഛയെ തിരിച്ചു വിടുന്നവനാണ് വിശ്വാസി എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അവന്‍ പരിപൂര്‍ണ്ണ വിശ്വാസിയല്ല എന്നാണര്‍ത്ഥം.

    ഒരാളുടെ ജീവിതത്തിലുടനീളം ഈ പിന്തുടരല്‍ അത്യാവശ്യമാണ്. ഇതില്‍ ന്യൂനത വന്നാല്‍ അവന്‍റെ വിശ്വാസത്തിലാണ് ന്യൂനത വരുന്നത്. റസൂല്‍ صلى الله عليه وسلم കൊണ്ട് വന്നതായ ഇസ്‌ലാമിന്‍റെ വിധി വിലക്കുകളെ  അഹങ്കാരത്തോടെയും പുച്ഛത്തോടെയും ആരെങ്കിലും തള്ളിക്കളഞ്ഞാല്‍ അവന്‍റെ ഈമാന്‍ പാടെ തകരുകയും അവന്‍ മതത്തില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. തന്‍റെ ഇച്ഛക്കനുസരിച്ച് മതത്തെ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്‌താല്‍ അവന്‍ ചെയ്യുന്നത് ഗുരുതര പാപമാണ്. 

    ഇസ്‌ലാമിക വിധിവിലക്കുകളെ ചോദ്യം ചെയ്യുകയും അത് ന്യൂനതയുള്ളതാണെന്ന് വാദിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ ഇസ്‌ലാമിക നിയമങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അടുത്തറിഞ്ഞവരൊക്കെയും ഈ ശരീഅത്തിനെ ഏറെ ഇഷ്ടപ്പെടുകയും അതിന്‍റെ പ്രചാരകരാവുകയും ചെയ്ത അവസ്ഥയാണുള്ളത്. 

    ശിര്‍ക്ക് ബിദ്അത്തുകളില്‍ നിന്ന് മുക്തരായി തൗഹീദിലേക്കും സുന്നത്തിലെക്കും മടങ്ങല്‍ ഈ കാര്യം നിറവേറ്റാന്‍ അത്യാവശ്യമാണ്.
    ഒരാളുടെ ഇഷ്ടം ഈ മത നിയമങ്ങളോട് യോജിച്ച് വന്നാല്‍ അവന്‍ ഒരിക്കലും ഈ മതത്തിനോട് എതിരാവുകയില്ല. വാക്ക് കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അതിനോട് എതിരാകുന്ന അവസ്ഥ അവനില്‍ സംജാതമാവുകയില്ല. 

ഈ ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍:

1- ഒരു മുസ്‌ലിമിന് അവന്‍റെ കര്‍മങ്ങള്‍ വിശുദ്ധ ക്വുര്‍ആനിനും തിരുസുന്നത്തിനും യോജിച്ചതാക്കല്‍ അനിവാര്യമാണ്. 
2- ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായി അവന്‍റെ ചിന്തകളെയും ഇച്ഛകളെയും മാറ്റരുത്. 
3- റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ സഹായിക്കല്‍ വിശ്വാസത്തിന്‍റെ അനിവാര്യ കാര്യങ്ങളില്‍ പെട്ടതാണ്. സുന്നത്തിനെ സഹായിക്കല്‍ അത് പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും, മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്ത് കൊണ്ടാണ്. 
4- ഈമാന്‍ കൂടുകയും കുറയുകയും ചെയ്യും എന്നുള്ളത് അഹ്ലുസുന്ന വാല്‍ജമാഅയുടെ വിശ്വാസങ്ങളില്‍ പെട്ടതാണ്. 
5- വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും റസൂല്‍ صلى الله عليه وسلم കൊണ്ട് വന്നവയാണ്. അവയാണ് ഇസ്‌ലാമിന്‍റെ വിധിവിലക്കുകള്‍ക്ക് ആധാരം. 

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...