الأربعون النووية-حديث: 31
അല്ലാഹുവിന്‍റെയും ജനങ്ങളുടെയും
ഇഷ്ടം ലഭിക്കാന്‍
عَنْ أَبِي الْعَبَّاسِ سَهْلِ بْنِ
سَعْدٍ السَّاعِدِيّ رضي الله عنه قَالَ: جَاءَ رَجُلٌ إلَى النَّبِيِّ صلى الله عليه وسلم فَقَالَ: يَا رَسُولَ اللَّهِ .. دُلَّنِي عَلَى عَمَلٍ إذَا عَمِلْتُهُ أَحَبَّنِي
اللَّهُ وَأَحَبَّنِي النَّاسُ؛ فَقَالَ: "ازْهَدْ فِي الدُّنْيَا يُحِبُّك
اللَّهُ، وَازْهَدْ فِيمَا عِنْدَ النَّاسِ يُحِبُّك النَّاسُ" .
حديث
حسن، رَوَاهُ ابْنُ مَاجَهْ [رقم:4102]، وَغَيْرُهُ بِأَسَانِيدَ حَسَنَةٍ.
അബുല്‍ അബ്ബാസ് സഹ്ലു ബ്നു സഅ'ദിസ്സാഇദി رضي الله عنه പറഞ്ഞു: ഒരാള്‍ നബി صلى الله عليه وسلم യുടെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... എനിക്ക് ഒരു ഒരു കര്‍മം അറിയിച്ചു തന്നാലും, ഞാന്‍ അത് ചെയ്‌താല്‍ അല്ലാഹുവും ജനങ്ങളും എന്നെ ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതായിരിക്കണം അത്. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ ദുന്‍യാവില്‍ വിരക്തി കാണിക്കുക, എങ്കില്‍ അല്ലാഹു നിന്നെ ഇഷ്ടപ്പെടും. നീ ജനങ്ങളുടെ പക്കലുള്ളത്തില്‍ വിരക്തി കാണിക്കുക, എങ്കില്‍ ജനങ്ങളും നിന്നെ ഇഷ്ടപ്പെടും.
വിവരണം
അല്ലാഹുവിന്‍റെയും ജനങ്ങളുടെയും ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്ന ഒരു കര്‍മത്തെ കുറിച്ചാണ് സഹ്ല്‍ رضي الله عنه ചോദിച്ചത്. അല്ലാഹുവിന്‍റെ ഇഷ്ടം നമുക്ക് അനിവാര്യമാണ്. എന്നാല്‍ ജനങ്ങളുടെ ഇഷ്ടം ഉണ്ടാകുന്നത് ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നല്ലതാണ്. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങളുടെ ഇഷ്ടം നോക്കി ചെയ്യാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് നമ്മോട് ഇഷ്ടമാണെങ്കില്‍ അത് അല്ലാഹു നല്‍കുന്ന ഔദാര്യമാണ്. അത് പ്രശംസനീയവുമാണ്.
അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കാന്‍
അല്ലാഹുവിന്‍റെയും ജനങ്ങളുടെയും ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്ന കാര്യം ഭൗതിക വിരക്തിയാണ്. ഈ ലോകത്തിലെ സുഖാനുഭൂതികളോട് അടങ്ങാത്ത ആഗ്രഹം ഉണ്ടായാല്‍ ജീവിതത്തില്‍ ശരിയും തെറ്റും അറിയാത്ത അവസ്ഥയുണ്ടാകും. അപ്പോള്‍ അല്ലാഹുവിന്‍റെ ഇഷ്ടം നമുക്കുണ്ടാവില്ല. എന്നാല്‍ ഭൗതിക കാര്യങ്ങളോട് വിരക്തി ഉള്ളവരാണെങ്കില്‍ മത വിഷയങ്ങളോട് കൂടുതല്‍ അടുപ്പമുണ്ടാകാനും അതുവഴി അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കാനും കാരണമാകും.
ഭൗതിക വിരക്തി എന്നാല്‍ പരലോകത്തില്‍ ഉപകാരപ്പെടാത്ത കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കലാണ്. ഇതില്‍ നാല് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു:
ഒന്ന്: നിഷിദ്ധമായ കാര്യങ്ങള്‍
രണ്ട്: മക്റൂഹ് ആയ (ഒഴിവാക്കുന്നത് നന്മയാകുന്ന) കാര്യങ്ങള്‍
മൂന്ന്: ശരിയോ തെറ്റോ എന്ന് സംശയമുള്ള കാര്യങ്ങള്‍.
നാല്: അനുവദനീയമായവ തന്നെ ആവശ്യത്തില്‍ അധികമാവുന്നത്.
ഈ കാര്യങ്ങളില്‍ നിന്നൊക്കെ വിട്ട് നില്‍ക്കാന്‍ കഴിയലാണ് യഥാര്‍തത്തില്‍ ഭൗതിക വിരക്തി എന്ന് പറയുന്നത്. ഈ കാര്യങ്ങള്‍ ചെയ്ത് കൊണ്ട് ഭൗതിക വിരക്തിയുള്ളവനാകാന്‍ ഒരിക്കലും സാധിക്കില്ല.
ജനങ്ങളുടെ ഇഷ്ടം ലഭിക്കാന്‍
ഭൗതിക വിരക്തിയിലൂടെ അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കുമെങ്കില്‍ ജനങ്ങളുടെ ഇഷ്ടം ഉണ്ടാകാനുള്ള കാരണം അവരുടെ പക്കലുള്ള കാര്യങ്ങളില്‍ നാം വിരക്തി കാണിക്കലാണ്. മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ ഭൗതിക വിഭവങ്ങളില്‍ നാം അസൂയപ്പെടുകയോ, അല്ലാഹു എനിക്ക് നല്കിയില്ലല്ലോ എന്ന പരിഭവമോ ഒന്നും നമുക്ക് ഉണ്ടായിക്കൂടാ.. ജനങ്ങള്‍ക്ക് കിട്ടിയതില്‍ അവര്‍ക്ക് സന്തോഷമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. അവരോട് മത്സരിക്കാനോ ശത്രുതക്കോ അസൂയ കാണിക്കാനോ നില്‍ക്കുന്നത് അവര്‍ക്ക് ഇഷ്ടമുണ്ടാകില്ല. അവരുടെ പക്കലുള്ളതില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കി തനിക്ക് കിട്ടിയതില്‍ തൃപ്തിപ്പെടല്‍ അത്യാവശ്യമാണ്. അത് ജനങ്ങളുടെ ഇഷ്ടം ലഭിക്കാന്‍ കാരണമാകുന്നതാണ്.
ജനങ്ങളുടെ കൈകളിലുള്ളതില്‍ നീ മോഹം കാണിക്കാത്തിടത്തോളം അവരുടെ അടുക്കല്‍ നീ ആദരണീയനാകും, അവര്‍ നിന്നെ ബഹുമാനിക്കുകയും ചെയ്യും, പക്ഷേ, നീ അവരുടെ കൈയിലുള്ളതിലേക്ക് മോഹം കാണിച്ചാൽ, അവർ നിന്നെ നിന്ദിക്കുകയും, നിന്‍റെ സംസാരത്തെ അവഗണിക്കുകയും, നിന്നോട് വിദ്വേഷം കാണിക്കുകയും ചെയ്യും.
ഒരാള്‍ക്ക് ഉന്നതനാകുവാൻ കഴിയുക അദ്ദേഹത്തിനുള്ളില്‍ ഈ രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ്:
ഒന്ന്: ജനങ്ങളുടെ കൈകളിലുളളതില്‍ ചാരിതാര്‍ത്ഥ്യമുള്ളവനാവല്‍.
രണ്ട്: മറ്റുള്ളവരില്‍ നിന്നുള്ള (ദ്രോഹങ്ങള്‍) വിട്ടുകളയുകയും ചെയ്യല്‍. അഥവാ അത്തരം ദ്രോഹങ്ങളില്‍ ക്ഷമിക്കല്‍.
മറ്റുള്ളവരുടെ കൈകളിലുള്ളതില്‍ നിന്ന് വിരക്തി കാണിച്ച്, ചാരിത്ര്യം കാണിക്കുന്നവനെ ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. അതുവഴി അവന്‍ അവരുടെ മേല്‍ പ്രതാപം നേടുകയും ചെയ്യും.
ഒരിക്കല്‍ ബസ്വറക്കാരോട് ഒരു ഗ്രാമീണന്‍ ചോദിച്ചു:
"ഈ ഗ്രാമത്തിലെ പ്രതാപശാലി ആരാണ്?"
അവര്‍ പറഞ്ഞു: "അത് ഹസന്‍ رحمه الله ആണ് .."
അയാള്‍ ചോദിച്ചു: "അദ്ദേഹം എങ്ങനെ പ്രതാപം നേടി?"
അവര്‍ പറഞ്ഞു: "മറ്റുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ അറിവ് ആവശ്യമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് അവരുടെ ഭൗതിക വിഭവങ്ങള്‍ ആവശ്യമില്ലായിരുന്നു".
ഈ ഒരു സംഭവം നമ്മുടെയെല്ലാം ജീവിതത്തില്‍ വെളിച്ചം വീശേണ്ടതാണ്.
മനുഷ്യന്‍റെ പ്രകൃതിയില്‍ പെട്ട കാര്യമാണ് അവന് മറ്റുള്ളവരുടെ ഇഷ്ടം കിട്ടാന്‍ ആഗ്രഹിക്കുക എന്നത്. എന്നാല്‍ അല്ലാഹുവിന്‍റെ ഇഷ്ടം ലഭിക്കല്‍ പ്രധാനമാണ് എന്ന് ഓരോരുത്തരും അറിയണം. മറ്റുള്ളവരുടെ ഇഷ്ടം മത വിഷയങ്ങള്‍ ശരിയായി ചെയ്യുന്നതിന് തടസ്സമാകാന്‍ പാടില്ല.
അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ലഭിക്കാന്‍ ഒരാള്‍ക്ക് ആഗ്രഹമുണ്ടാവുന്നത് തെറ്റല്ല. പക്ഷെ അത് ലഭിക്കലാവരുത് അവന്‍റെ ജീവിത ലക്ഷ്യം. ഭൗതിക കാര്യങ്ങള്‍ അവന്‍റെ മത വിഷയങ്ങള്‍ക്ക് ഒരു തരത്തിലും തടസ്സമാവുന്ന അവസ്ഥ നമുക്ക് ഉണ്ടായിക്കൂടാ. അവ നിസാരവും ക്ഷണികവുമാണ് എന്ന് നാം മനസ്സിലാക്കണം. സമ്പത്തിന് അതിന്‍റേതായ മാനം നല്‍കാന്‍ നമുക്ക് സാധിക്കണം. മതം പഠിപ്പിച്ച വിധത്തില്‍ അവയില്‍ ഇടപെടാന്‍ കഴിയുകയും വേണം.
No comments:
Post a Comment