ഫോളോ ചെയ്യാം

Thursday, 26 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 251 دروس الحديث - നീ ഭൂമിയില്‍ സ്ഥിരതാമസക്കാരനല്ല

 

الأربعون النووية-حديث: 40


നീ ഭൂമിയില്‍ സ്ഥിരതാമസക്കാരനല്ല

عَنْ ابْن عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: أَخَذَ رَسُولُ اللَّهِ صلى الله عليه وسلم  بِمَنْكِبِي، وَقَالَ: "كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ". 

وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك.

رَوَاهُ الْبُخَارِيُّ [رقم:6416].  

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم എന്‍റെ തോളില്‍ പിടിച്ചു, എന്നിട്ട് പറഞ്ഞു: നീ ദുന്‍യാവില്‍ ഒരു അപരിചിതനെ പോലെ അല്ലെങ്കില്‍ ഒരു വഴി യാത്രക്കാരനെ പോലെ കഴിയുക. 
    ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്നു: നീ വൈകുന്നേരമായാല്‍ ഒരു പ്രഭാതം പ്രതീക്ഷിക്കരുത്, നീ പ്രഭാതമായാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നീ നിന്‍റെ ആരോഗ്യ കാലത്ത് രോഗ കാലത്തേക്കുള്ളത് ചെയ്യുക, നിന്‍റെ ജീവിത കാലത്ത് മരണത്തിലേക്കുള്ളതും ചെയ്യുക. 

വിവരണം

 أمسك പിടിച്ചു

 بمنكبي എന്‍റെ തോളില്‍

◙ غريب അപരിചിതന്‍

 عابر سبيل യാത്രക്കാരന്‍


    റസൂല്‍ صلى الله عليه وسلم യുടെ സാരവത്തായ ഉപദേശങ്ങളില്‍ പെട്ടതാണ് ഈ വചനം. വളരെ കുറഞ്ഞ വാക്കില്‍ എത്ര ആശയങ്ങളാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നത്!!. 
    അബ്ദുല്ലാഹി ബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا യുടെ തോളത്ത് കൈ വെച്ചാണ് റസൂല്‍ صلى الله عليه وسلم ഈ ഉപദേശം നല്‍കുന്നത്. ഇത് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا യോട് റസൂല്‍ صلى الله عليه وسلم ക്കുള്ള സ്നേഹത്തെ അറിയിക്കുന്നു. ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا ഉപദേശം നന്നായി ശ്രദ്ധിക്കാനും കൂടി വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. 
    ഉപദേശിക്കുന്നവര്‍ ഇത്തരം ശൈലികള്‍ സ്വീകരിക്കുന്നത് ആളുകള്‍ ഉപദേശത്തിന് കൂടുതല്‍ വില കല്‍പിക്കാന്‍ കാരണമാകും. 
 
   ഈ ലോകത്തെ ജീവിതത്തിന്‍റെ നശ്വരതയെ കുറിച്ചാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. വളരെ ക്ഷണികമായ കാലയളവാണ് ഈ ജീവിതത്തിനുള്ളത്. ഇവിടെ ആര്‍ക്കും സ്ഥിര താമസം ഇല്ല എന്ന് ഹദീസ് അറിയിക്കുന്നു. അത് കൊണ്ട് തന്നെ ദുന്‍യാവില്‍ ജീവിക്കേണ്ടത് ഒരു അപരിചിതനെ പോലെയോ അല്ലെങ്കില്‍ വഴിയാത്രക്കാരനെ പോലെയോ ആണ്. 
    അപരിചിതനും, വഴിയാത്രക്കാരനും സ്ഥിരം നില്‍ക്കാന്‍ വരുന്നവരല്ല. അവരുടെ ആവശ്യം കഴിഞ്ഞ് തിരിച്ച് പോകുന്നവരാണ്. 
    ഒരു അപരിചിതന്‍ ഒരു നാട്ടിലെത്തിയാല്‍ അവന്‍ അവിടെയുള്ള ആളുകളോട് മത്സരിക്കാനും മറ്റും നില്‍ക്കില്ല. അവന്‍റെ കാര്യങ്ങളില്‍ തികഞ്ഞ ലക്ഷ്യ ബോധം അവനുണ്ടായിരിക്കും. അത് പോലെ ഈ ദുന്‍യാവില്‍ നന്ന് തിരിച്ച് പോകേണ്ടവരാണ് നാം എന്ന ബോധം നമുക്ക് ഉണ്ടായിരിക്കണം. 
    ഭൗതിക വിരക്തിയും, ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹങ്ങള്‍ ചുരുക്കലും ഒരാളുടെ ജീവിതത്തില്‍ ആവശ്യമായതാണ്. പരലോകത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഹദീസ് അറിയിക്കുന്നു. 

    റസൂല്‍ صلى الله عليه وسلم യുടെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയാറുണ്ടായിരുന്ന കാര്യമാണ് ഹദീസിന്‍റെ രണ്ടാം ഭാഗത്തുള്ളത്. അത്: 
    നീ വൈകുന്നേരമായാല്‍ ഒരു പ്രഭാതം പ്രതീക്ഷിക്കരുത്, നീ പ്രഭാതമായാല്‍ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നീ നിന്‍റെ ആരോഗ്യ കാലത്ത് രോഗ കാലത്തേക്കുള്ളത് ചെയ്യുക, നിന്‍റെ ജീവിത കാലത്ത് മരണത്തിലേക്കുള്ളതും ചെയ്യുക. 

 ഇതിലും നമ്മുടെ ജീവിതത്തിന്‍റെ നൈമിഷികതയെ ബോധ്യപ്പെടുത്തുന്നു. എപ്പോഴും നമ്മുടെ കൂടെ മരണമുണ്ടെന്നും ജീവിതം അവസാനിപ്പിച്ച് ഇവിടെ നിന്ന് യാത്ര പോകേണ്ടവരാണ് എന്ന ചിന്ത കൂടെയുണ്ടാകണമെന്നും ഈ ഉപദേശത്തില്‍ ഉള്‍ക്കൊള്ളുന്നു. 

    ഒരു വൈകുന്നേരമായാല്‍ അടുത്ത പ്രഭാതം നമുക്കുണ്ടെന്ന് നമ്മളാരും കാത്തിരിക്കേണ്ട എന്നും,  പ്രഭാതത്തിനു ശേഷം ഒരു വൈകുന്നേരത്തേയും പ്രതീക്ഷിക്കേണ്ടതില്ല എന്നുമാണ് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا പറയുന്നത്. കുറെ കാലം ജീവിക്കുമെന്ന ധാരണ വേണ്ടെന്നും, നാളേക്കുള്ള ഭൗതികമായ തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ വൃതാവിലാകുമെന്നും ഉള്ള അറിയിപ്പാണത്. 
    ജീവിതത്തില്‍ പരമാവധി നന്മകള്‍ ചെയ്‌താല്‍ അത് ജീവിത യാത്രയില്‍ ഉപയോഗപ്പെടും എന്ന് കൂടി ഈ ഉപദേശത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. 

    അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹമാണ് നമ്മുടെ ആരോഗ്യവും ആരോഗ്യത്തോടെയുള്ള നമ്മുടെ ജീവിതവും. ഇവ രണ്ടും നന്നായി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണം. അവ നന്മയിലാണ് വിനിയോഗിക്കേണ്ടത്. ആരോഗ്യം എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാമെന്നും ജീവിതം പൊടുന്നനെ അവസാനിക്കുമെന്നും ആയതിനാല്‍ ആരോഗ്യ കാലത്ത് ആരോഗ്യമില്ലാത്ത കാലത്തേക്കുള്ളതും ജീവിതത്തില്‍ മരണത്തിന് ശേഷമുള്ള ജീവിതത്തിലേക്കുള്ളതുമായ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ വേണമെന്നും ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا അറിയിക്കുന്നു.
  ആരോഗ്യ കാലത്ത് ധാരാളം നന്മകള്‍ ചെയ്യണം. കാരണം രോഗമുള്ളപ്പോള്‍ നന്മകള്‍ ചെയ്യുന്നതിന് പ്രയാസങ്ങളായിരിക്കും. രോഗ കാലത്തെ കര്‍മങ്ങളിലുള്ള കുറവുകള്‍ നികത്തുന്ന വിധം ആരോഗ്യ കാലത്ത് നന്മകളില്‍ മുന്നേറണം എന്ന അറിയിപ്പാണ് ഹദീസില്‍ ഉള്ളത്.
    മരണം വന്നെത്തിയാല്‍ പിന്നെ നമുക്ക് കര്‍മങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ അവസാനിക്കും. മരണ ശേഷം രക്ഷപ്പെടണമെങ്കില്‍ നാം ജീവിതത്തില്‍ ധാരാളം നന്മകള്‍ സമ്പാദിക്കണം. അതിനാണ് മുന്‍‌തൂക്കം നല്‍കേണ്ടത്. ഇതാണ് ഈ ഹദീസിന്‍റെ രത്നച്ചുരുക്കം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
  • ദുന്‍യാവില്‍ വിരക്തിയുണ്ടാകണം എന്ന് ഈ ഹദീസ് അറിയിക്കുന്നു. 
  • ഈ ജീവിതം ശാശ്വതമല്ല എന്നും പരലോകമാണ്‌ ശാശ്വതം എന്നും പഠിപ്പിക്കുന്നു.
  • ജീവിതത്തില്‍ കൈവരുന്ന സന്ദര്‍ഭങ്ങളും അവസരങ്ങളും നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണം എന്ന് ഈ ഉപദേശങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
  • സമയം നന്നായി ഉപയോഗിക്കണം എന്നും അത് പാഴാക്കരുതെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.
  • ഭൗതിക ജീവിതത്തിന് ആവശ്യമായ വിഭവങ്ങള്‍ നേടിയെടുക്കുന്നതിനും ഭൗതിക സുഖങ്ങള്‍ ആസ്വദിക്കുന്നതിനും എതിരല്ല ഈ ഉപദേശങ്ങള്‍. എന്നാല്‍ ഭൗതിക ജീവിതവും ആതിലെ അലങ്കാരങ്ങളുമാകരുത് നമ്മുടെ ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം എന്ന കാര്യമാണ് ഉണര്‍ത്തുന്നത്. 
  • പരലോകം ആഗ്രഹിച്ച് ആരെങ്കിലും ഈ ലോക ജീവിതത്തില്‍ പ്രവര്‍ത്തിച്ചാല്‍ അവന്‍റെ ഹൃദയത്തില്‍ ഐശ്വര്യം ഉണ്ടാവുകയും ഭൗതിക സുഖങ്ങള്‍ അവന് വന്നെത്തുകയും ചെയ്യുമെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...