الأربعون النووية-حديث: 25
നന്മകള്‍ ദാനമാണ്
عَنْ أَبِي ذَرٍّ رضي الله عنه أَيْضًا، "أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ
الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ،
وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ. قَالَ: أَوَلَيْسَ قَدْ جَعَلَ اللَّهُ
لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ
تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ
صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ، وَفِي
بُضْعِ أَحَدِكُمْ صَدَقَةٌ. قَالُوا: يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا
شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: أَرَأَيْتُمْ لَوْ وَضَعَهَا فِي
حَرَامٍ أَكَانَ عَلَيْهِ وِزْرٌ؟ فَكَذَلِكَ إذَا وَضَعَهَا فِي الْحَلَالِ، كَانَ
لَهُ أَجْرٌ".
رَوَاهُ
مُسْلِمٌ [رقم:1006].
അബൂദര്‍ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم യുടെ സ്വഹാബികളില്‍ പെട്ട ചിലര്‍ നബി صلى الله عليه وسلم യോട് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... ധനികര്‍ പ്രതിഫലങ്ങളെല്ലാം കൊണ്ടുപോയിരിക്കുന്നു.. ഞങ്ങള്‍ നമസ്കരിക്കുന്ന പോലെ അവര്‍ നമസ്കരിക്കുകയും, ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്ന പോലെ അവര്‍ നോമ്പെടുക്കുകയും അവരുടെ സമ്പത്തില്‍ അവശേഷിക്കുന്നവ അവര്‍ ദാനം ചെയ്യുകയും ചെയ്യുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ ഒന്നും നല്‍കിയിട്ടില്ലേ? നിശ്ചയം എല്ലാ തസ്ബീഹും (സബ്ഹാനല്ലാഹ്) സ്വദഖയാണ്. എല്ലാ തക്ബീറും (അല്ലാഹു അക്ബര്‍) സ്വദഖയാണ്, എല്ലാ തഹ്മീദും (അല്‍ഹംദുലില്ലാഹ്) സ്വദഖയാണ്, എല്ലാ തഹ്ലീലും (ലാഇലാഹ ഇല്ലല്ലാഹ്) സ്വദഖയാണ്. നന്‍മ കല്‍പിക്കല്‍ സ്വദഖയാണ്, തിന്‍മ വിരോധിക്കല്‍ സ്വദഖയാണ്. നിങ്ങളില്‍ ഒരാളുടെ ലൈംഗിക ബന്ധത്തില്‍ പോലും ധര്‍മമുണ്ട്. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ.. ഞങ്ങളില്‍ ഒരാള്‍ തന്‍റെ വികാരം ശമിപ്പിക്കുന്നത്തിലും അവന് പ്രതിഫലമുണ്ടോ? റസൂല്‍ صلى الله عليه وسلم പറഞ്ഞു: അവന്‍ തന്‍റെ വികാരം ശമിപ്പിക്കാന്‍ ഹറാമായതില്‍ പോയാല്‍ അവന് അത് പാപമല്ലേ.. എന്താണ് നിങ്ങളുടെ അഭിപ്രായം? അപ്രകാരം അത് ഹലാലായതില്‍ ആയാല്‍ അതിന് പ്രതിഫലവുമുണ്ട്.
വിവരണം
സ്വഹാബികള്‍ നന്മയുടെ കാര്യത്തില്‍ വളരെ ഉത്സാഹമുള്ളവരായിരുന്നു. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ നന്‍മ അവര്‍ക്കുണ്ടാകണം എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. പാവങ്ങളായ സ്വഹാബികള്‍ ധനികരായ സ്വഹാബിമാരെ കണ്ട് വിഷമിച്ചു, കാരണം ധനികരായ സ്വഹാബിമാര്‍ എല്ലാ നന്മകളിലും സജീവരായിരുന്നു, മാത്രമല്ല അവരുടെ ധനത്തില്‍ നിന്നും നല്ല മാര്‍ഗ്ഗത്തില്‍ അവര്‍ ദാനം ചെയ്യുകയും ചെയ്യുമായിരുന്നു. ദരിദ്രരായ സ്വഹാബിമാര്‍ക്ക് ദാനം ചെയ്യുന്നതിന്‍റെ മഹത്വം ലഭിക്കില്ലല്ലോ എന്ന വിഷമമായിരുന്നു അവര്‍ക്ക്. ഈ കാര്യം അവര്‍ റസൂല്‍ صلى الله عليه وسلم യെ അറിയിക്കുകയായിരുന്നു. ഞങ്ങളേക്കാള്‍ അധികം പ്രതിഫലം അവര്‍ക്കല്ലേ ലഭിക്കുക എന്നതാണ് അവര്‍ പറഞ്ഞത്.
ഇത് അവര്‍ അസൂയ കൊണ്ട് പറയുന്നതല്ല, മറിച്ച് നന്മയിലുള്ള ഉത്സാഹം കൊണ്ടും ധാരാളം പ്രതിഫലം അവര്‍ക്കും ലഭിക്കണമെന്നുമുള്ള ആഗ്രഹം കൊണ്ടുമാണ്.
ധനികരായ ആളുകള്‍ അവരുടെ ധനത്തില്‍ നിന്ന് അത്യാവശ്യ ചിലവുകള്‍ കഴിച്ച് ബാക്കിയുള്ളതില്‍ നിന്ന് ചിലവഴിക്കുന്നവരാണ് എന്നാണ് അവര്‍ പറഞ്ഞത്. അതാണ് ശരിയായ ദാനം. അവരുടെ അത്യാവശ്യങ്ങള്‍ കഴിഞ്ഞതിന്‍റെ ശേഷമുള്ളത് ആണ് ചിലവഴിക്കേണ്ടത്.തന്‍റെയും തനിക്ക് കീഴിലുള്ളവരുടെയും അത്യാവശ്യ ചിലവുകള്‍ പ്രധാനമാണ്. അത് പരിഗണിക്കാതെയുള്ള ദാനം മക്റൂഹ് ആണ്. അത് ചിലപ്പോള്‍ ഹറാമും ആകും എന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
അവരെ സമാശ്വസിപ്പിക്കുന്ന മറുപടിയാണ് റസൂല്‍ صلى الله عليه وسلم നല്‍കിയത്. നിങ്ങള്‍ക്കും ദാനം ചെയ്യാനുള്ളത് അല്ലാഹു നല്‍കിയിട്ടില്ലേ എന്ന ചോദ്യത്തില്‍ എല്ലാവര്‍ക്കും ദാനം ചെയ്യാന്‍ സാധിക്കും എന്ന് മനസ്സിലാക്കാം. ധനം കൊണ്ട് മാത്രമല്ല ദാനം, മറിച്ച് വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും എല്ലാം സ്വദഖയുണ്ട് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. അവക്കൊക്കയൂം ദാനത്തിന്‍റെ തുല്യ പ്രതിഫലം ലഭിക്കും എന്നാണ് ഹദീസ് വ്യക്തമാക്കുന്നത്.
ഈ ഹദീസ് റസൂല്‍ صلى الله عليه وسلم അറിയിച്ച ദാനത്തിന്‍റെ പ്രതിഫലത്തിന് തുല്യമായ കാര്യങ്ങള്‍ :
- തസ്ബീഹ് (سبحان الله)
- തക്ബീര്‍ (الله أكبر)
- തഹ്മീദ് (الحمد لله)
- തഹ്ലീല്‍ (لا إله إلا الله)
- നന്‍മ കല്‍പിക്കല്‍
- തിന്‍മ വിരോധിക്കല്‍
- അനുവദനീയമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍.
ഒരാള്‍ തന്‍റെ വികാരം ശമിപ്പിക്കുന്നതില്‍ പോലും പ്രതിഫലമുണ്ടോ എന്ന് സ്വഹാബികള്‍ സംശയം ചോദിച്ചു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത്: ലൈംഗിക ബന്ധം ഹറാമായ വഴിയില്‍ ആണെങ്കില്‍ അത് പാപമാണെന്നും അതിന് ശിക്ഷയുണ്ടെന്നും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ എന്നാണ്.
അത് പാപമാണെങ്കില്‍ ഹലാലായ വിധം അത് ചെയ്യുന്നു എങ്കില്‍ അതിന് പ്രതിഫലം ഉണ്ടെന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നത്.
ഇസ്‌ലാം നല്ല കാര്യങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്ന് ഹദീസ് പഠിപ്പിക്കുന്നു. മാത്രമല്ല ചില കര്‍മങ്ങള്‍ക്ക് മറ്റു ചില കര്‍മങ്ങളുടെ പ്രതിഫലവും നല്‍കുമെന്ന് അറിയിക്കുന്നു.
സമൂഹത്തിലെ എല്ലാ തലത്തിലുള്ള ആളുകള്‍ക്കും പദവികളില്‍ ഒപ്പമെത്താനുള്ള വഴികള്‍ ഇസ്‌ലാം നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്. ധനികനായാല്‍ കൂടുതല്‍ പദവികള്‍ ലഭിക്കും, ദാരിദ്രനായാല്‍ പദവികള്‍ കുറയും എന്നിങ്ങനെയുള്ള ഏറ്റക്കുറച്ചിലുകള്‍ ഇസ്‌ലാമില്‍ഇല്ല. എല്ലാവര്‍ക്കും ഉന്നത പദവികളില്‍ എത്താന്‍ കഴിയും. അതിന് വേണ്ടത് സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിക്കലാണ്. അത് എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്നവയുമാണ്.
ഇസ്‌ലാമില്‍ ഓരോ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ നിയ്യത്ത് (ഉദ്ദേശം) നന്നാക്കിയാല്‍ അതിന് പ്രതിഫലമുണ്ട്. ഒരാള്‍ ചെയ്യുന്ന ദൈനംദിന കാര്യങ്ങള്‍ പോലും പ്രതിഫലാര്‍ഹാമായി മാറും എന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്.
No comments:
Post a Comment