الأربعون النووية-حديث: 30
മതവിധികളില്‍
ഒതുങ്ങി ജീവിക്കുക
عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ
جُرْثُومِ بن نَاشِبٍ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَال: "إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ
حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ
عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا".
حَدِيثٌ
حَسَنٌ، رَوَاهُ الدَّارَقُطْنِيّ ْ"في سننه" [4/184]،
وَغَيْرُهُ.
അബൂ ഥഅ'ലബ അല്‍ഖുശനി ജുര്‍സൂമു ബ്നു നാശിബ് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ചില ഫര്‍ദ്വുകള്‍ (നിര്‍ബന്ധ കാര്യങ്ങള്‍) നിര്‍ബന്ധമാക്കിയിരിക്കുന്നു, അത് നിങ്ങള്‍ പാഴാക്കാതിരിക്കുക. അവന്‍ നിങ്ങള്‍ക്ക് ചില അതിരുകള്‍ നിശ്ചയിച്ചിരിക്കുന്നു, അത് നിങ്ങള്‍ ലംഘിക്കാതിരിക്കുക. അവന്‍ ചില കാര്യങ്ങളെ നിഷിദ്ധമാക്കിയിരിക്കുന്നു, അവ നിങ്ങള്‍ ചെയ്യാതിരിക്കുക. മറവി പറ്റാതെയും നിങ്ങള്‍ക്ക് കാരുണ്യമായും ചില കാര്യങ്ങളില്‍ അവന്‍ മൗനം പാലിച്ചിരിക്കുന്നു, നിങ്ങള്‍ അതിനെ കുറിച്ച് അന്വേഷിക്കാതിരിക്കുകയും ചെയ്യുക.
വിവരണം
വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട നാല് സുപ്രധാന കാര്യങ്ങളെ കുറിച്ചും അവയില്‍ എന്ത് നിലപാട് സ്വീകരിക്കണ,മെന്നതിനെ കുറിച്ചുമാണ് ഈ ഹദീസ് അറിയിക്കുന്നത്. അവ:
ഒന്ന്: അല്ലാഹു ചില കാര്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവ പാഴാക്കാതെ കൃത്യമായി ചെയ്യണം.
അഞ്ച് നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍, ബന്ധങ്ങള്‍ ചേര്‍ക്കല്‍ പോലെയുള്ള നിര്‍ബന്ധ കാര്യങ്ങളാണ് ഇതില്‍ പറയപ്പെട്ട ഫര്‍ദ്വുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ ഒരാള്‍ തന്‍റെ ജീവിതത്തില്‍ നിര്‍ബന്ധമായും കൃത്യമായും നടപ്പിലാക്കണം.
നാം ജീവിതത്തില്‍ നടപ്പിലാക്കേണ്ട ധാരാളം നിര്‍ബന്ധ കാര്യങ്ങള്‍ വിശുദ്ധ ക്വുര്‍ആനും തിരു സുന്നത്തും നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അവയെല്ലാം നാം മനസ്സിലാക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വേണം.
രണ്ട്: അല്ലാഹു നമ്മുടെ ജീവിതത്തില്‍ ചില അതിര്‍ വരമ്പുകള്‍ വെച്ചിട്ടുണ്ട്. അവ നാം മാനിക്കുകയും അതിനെ വിട്ടു കടക്കാതിരിക്കുകയും വേണം.
ഇസ്‌ലാമിലെ അതിര്‍ വരമ്പുകള്‍ എന്നാല്‍ അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും നിശ്ചയിച്ചവയാണ്. അല്ലാഹു നിര്‍ബന്ധമാക്കുകയും വിലക്കുകയും ചെയ്ത കാര്യങ്ങള്‍ എങ്ങനെ നടപ്പിലാക്കണം എന്ന നിബന്ധനകളും വ്യവസ്ഥകളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ഓരോന്നും എങ്ങനെയാവണം എന്ന കൃത്യമായ അധ്യാപനം ഇസ്‌ലാം നല്‍കുന്നുണ്ട്. അവയില്‍ ഒതുങ്ങി നിന്നായിരിക്കണം അവ ചെയ്യേണ്ടത്.
നമസ്കാരം നിര്‍ബന്ധമാക്കിയപ്പോള്‍ അതിന് സമയം നിശ്ചയിക്കുകയും എങ്ങനെ നമസ്കരിക്കണം എന്ന് പഠിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ശര്‍ത്വുകളും വാജിബുകളും സുനനുകളും എല്ലാം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കാര്യവും പഠിപ്പിക്കപ്പെട്ടവിധം മിതമായും സൂക്ഷ്മമായും ചെയ്യണം. ഈ കാര്യങ്ങളില്‍ അതിരു കടക്കാനോ വെട്ടിച്ചുരുക്കാനോ പാടുള്ളതല്ല.
മൂന്ന്: ചില കാര്യങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. അവയില്‍ അടുക്കാതെ അകന്ന് നില്‍ക്കാന്‍ നമുക്കാവണം.
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് നാം അടുത്ത് പോകാന്‍ പോലും പാടില്ല. ശിര്‍ക്ക്, വ്യഭിചാരം, മദ്യം, മാതാപിതാക്കളെ വേദനിപ്പിക്കല്‍, കൊലപാതകം, മോഷണം തുടങ്ങിയ ധാരാളം കാര്യങ്ങള്‍ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്. അവ വലിയ പാപങ്ങളാണെന്ന് മനസ്സിലാക്കി അവയില്‍ നിന്ന് അകന്നു നില്‍ക്കണം. അവ ചെയ്‌താല്‍ വലിയ ശിക്ഷകള്‍ക്ക് അര്‍ഹാനാകും എന്ന വിശ്വാസം ഉണ്ടാവുകയും വേണം.
നാല്: വേറെ ചില കാര്യങ്ങളില്‍ അല്ലാഹു മൗനം പാലിച്ചിട്ടുണ്ട്. അഥവാ അവയുടെ വിവരണം നമുക്ക് ലഭ്യമല്ല. അത് പറയാന്‍ മറന്നതല്ല, മറിച്ച് നമുക്ക് കാരുണ്യമായിട്ടാണ് പറയാതിരുന്നത്. അത്തരം കാര്യങ്ങളില്‍ നാം ഗവേഷണം നടത്തേണ്ടതില്ല.
നിര്‍ബന്ധ കാര്യങ്ങളും അവയുടെ അതിര്‍വരമ്പുകളും നിഷിദ്ധങ്ങളും അറിയിച്ചതോടൊപ്പം അല്ലാഹു ചില കാര്യങ്ങളെ അറിയിക്കാതെ മൗനം പാലിച്ചിട്ടുണ്ട്. അവ മറന്ന് പോയതല്ല, മറിച്ച് അടിമകള്‍ക്ക് കാരുണ്യമായിട്ടാണ് എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്.
അങ്ങനെ പറയാതെ വിട്ട്പോയ കാര്യങ്ങളില്‍ അമിതമായ ചോദ്യങ്ങളും ഗവേഷണങ്ങളും വേണ്ട എന്നാണ് മതം അറിയിക്കുന്നത്. അങ്ങനെ അവയില്‍ ചികഞ്ഞ് അന്വേഷിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അത് വിശ്വാസികള്‍ക്ക് ദോഷമായി ഭവിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. പഠിപ്പിക്കപ്പെട്ടവ അതേപടി സ്വീകരിക്കുകയാണ് യഥാര്‍ത്ഥ അടിമകള്‍ ചെയ്യേണ്ടത്.
നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അല്ലാഹു അറിയിച്ചവയില്‍ ഉണ്ട്. പറയാതെ വിട്ട് പോയവ നമുക്ക് ആവശ്യമില്ലാത്തവയാണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. മത വിഷയങ്ങളില്‍ അനാവശ്യമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് മുഖേന നാശം ഉണ്ടാകും എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
ആവശ്യമല്ലാത്ത കാര്യങ്ങളില്‍ ഇടപെടാതെ ഉപേക്ഷിക്കല്‍ ഒരാളുടെ നല്ല ഇസ്‌ലാമിന്‍റെ അടയാളമാണെന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുമുണ്ട്.
No comments:
Post a Comment