الأربعون النووية-حديث: 23
സുപ്രധാന പ്രവാചകോപദേശങ്ങള്‍
عَنْ أَبِي مَالِكٍ الْحَارِثِ بْنِ
عَاصِمٍ الْأَشْعَرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "الطَّهُورُ شَطْرُ الْإِيمَانِ، وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ،
وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلَآنِ -أَوْ: تَمْلَأُ- مَا بَيْنَ
السَّمَاءِ وَالْأَرْضِ، وَالصَّلَاةُ نُورٌ، وَالصَّدَقَةُ بُرْهَانٌ،
وَالصَّبْرُ ضِيَاءٌ، وَالْقُرْآنُ حُجَّةٌ لَك أَوْ عَلَيْك، كُلُّ النَّاسِ
يَغْدُو، فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا".
رَوَاهُ
مُسْلِمٌ [رقم:223].
അബൂ മാലിക് അല്‍ഹാരിസ് ബ്നു ആസ്വിം അല്‍ അശ് അരി رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: ശുദ്ധീകരണം ഈമാനിന്‍റെ പകുതിയാകുന്നു, الْحَمْدُ لِلَّهِ തുലാസില്‍ (ഭാരം) നിറക്കുന്നതും, سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ എന്നിവ -അല്ലെങ്കില്‍ അവയില്‍ ഒന്ന്- ആകാശ ഭൂമിക്കിടയില്‍ നിറക്കുന്നവയാണ്. നമസ്കാരം പ്രകാശമാണ്, ദാനം പ്രമാണമാണ്, ക്ഷമ വെളിച്ചമാണ്, ക്വുര്‍ആന്‍ ഒന്നുകില്‍ താങ്കള്‍ക്ക് അല്ലെങ്കില്‍ താങ്കള്‍ക്കെതിരില്‍ ഉള്ള തെളിവാണ്. എല്ലാ ജനങ്ങളും പ്രഭാതത്തില്‍ യാത്രയാകുന്നു, അങ്ങനെ അവന്‍ അവന്‍റെ ആത്മാവിനെ വില്‍ക്കുന്നു. ഒന്നുകില്‍ അവന്‍ അതിനെ മോചിപ്പിക്കും, അല്ലെങ്കില്‍ അതിനെ നാശത്തിലാക്കും.
വിവരണം
ഇത് മഹത്വമേറിയ ഒരു ഹദീസ് ആണ്. ഇസ്‌ലാമിലെ പ്രധാനപ്പെട്ട വിഷയങ്ങളുടെ മഹത്വങ്ങളും പ്രാധാന്യങ്ങളും ഈ ഹദീസ് അറിയിക്കുന്നു. ഒരു മുസ്‌ലിമിന് രണ്ട് ലോകത്തിനും ആവശ്യമുള്ള കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നു.
ശുദ്ധീകരണം
ഇസ്‌ലാം ശുദ്ധിക്കും ശുദ്ധീകരണത്തിനും വളരെയേറെ പ്രാധാന്യം നല്‍കുന്നു. അഞ്ച് നേരത്തെ നമസ്കാരത്തിന് മുമ്പായി നിര്‍ബന്ധമായും അംഗ ശുദ്ധി വരുത്താന്‍ ഇസ്‌ലാം കല്‍പിച്ചിട്ടുണ്ട്. ശുദ്ധീകരണമില്ലാതെ നമസ്കാരം സ്വീകാര്യമാവുകയില്ല.
വുദ്വൂഅ' പരിപൂര്‍ണ്ണമായി എടുക്കാന്‍ നമുക്ക് കഴിയണം. അതിന്‍റെ പ്രതിഫലം വളരെ വലിയതാണ് എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്.
അല്‍ഹംദുലില്ലാഹ്
അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
ഈ വചനം നന്‍മ തിന്മ തൂക്കുമ്പോള്‍ നന്മയുടെ തുലാസില്‍ ഭാരം നിറക്കും.
അല്ലാഹു ആണ് സര്‍വ്വ സ്തുതിക്കും അര്‍ഹന്‍ എന്നാണിതിന്‍റെ പൊരുള്‍.
ഒരു അടിമ അല്ലാഹുവിനെ സ്തുതിക്കുമ്പോള്‍ അല്ലാഹു അവന് വലിയ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും ചെയ്യുമെന്ന് ഹദീസിലുണ്ട്. ഏതൊരു നല്ല അവസ്ഥക്കും അല്ലാഹുവിനെ സ്തുതിക്കാന്‍ നമുക്ക് സാധിക്കണം. അത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുന്നതാണ്. പാപങ്ങള്‍ പോറുക്കപ്പെടാനും ഇത് സഹായിക്കും.
സുബ്ഹാനല്ലാഹ്- അല്‍ഹംദുലില്ലാഹ്
ഈ രണ്ട് വചനങ്ങള്‍ മഹത്വമേറിയതാണ്. ഇവ രണ്ടും അല്ലെങ്കില്‍ ഇവയില്‍ ഒന്ന് ആകാശ ഭൂമിക്കിടയില്‍ നന്‍മ കൊണ്ട് നിറക്കും.
പറയാന്‍ എളുപ്പമുള്ളതും അല്ലാഹുവിന് പ്രിയങ്കരമായതും തുലാസില്‍ ഭാരം കൂടിയതുമായ വചനങ്ങളില്‍ പെട്ടതാണ് سُبْحَانَ اللَّهِ. അല്ലാഹുവിന്‍റെ പരിശുദ്ധിയെ വാഴ്ത്തലാണ് ഇതിന്‍റെ അര്‍ത്ഥം. അല്ലാഹു എല്ലാ ന്യൂനതകളില്‍ നിന്നും കുരവുകളില്‍ നിന്നും മുക്തനും പരിപൂര്‍ണ്ണനും പരിശുദ്ധനുമാണ്.
നമസ്കാരം പ്രകാശമാണ്
നമസ്കാരം പ്രധാനപ്പെട്ട ആരാധനയാണ്. ആരെങ്കിലും മനപ്പൂര്‍വ്വം അത് ഉപേക്ഷിച്ചാല്‍ അവന്‍ സത്യനിഷേധിയായിത്തീരും.
സമയ ബന്ധിതമായി നടപ്പിലാക്കപ്പെടേണ്ട ആരാധനയാണ് നമസ്കാരം.
നമസ്കാരം മനുഷ്യനെ തിന്മകളില്‍ നിന്നും മ്ലേച്ഛ കാര്യങ്ങളില്‍ നിന്നും അകറ്റും. മാത്രമല്ല തിന്മകളില്‍ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുകയും ചെയ്യും.
ദാനം പ്രമാണമാണ്
ഇസ്‌ലാമില്‍ ദാനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.
ഒരാള്‍ക്ക് നരകത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രധാനപ്പെട്ട കാര്യമാണ് ദാനം. ദാനം നന്മകള്‍ വര്‍ധിപ്പിക്കുകയും വിപത്തുകളെ തടുക്കുകയും ചെയ്യും.
വിശ്വാസികളും കപടന്മാരും തമ്മിലുള്ള വ്യത്യാസം ഈ കാര്യത്തിലൂടെ പ്രകടമാകും.
തന്‍റെ സമ്പത്ത് ഏതൊന്നില്‍ ചിലവഴിച്ചു എന്ന ചോദ്യം പരലോകത്തുണ്ട്. ദാനം ചെയ്യുന്നവര്‍ക്ക് പരലോകത്ത് ദാനം വലിയൊരു തെളിവായിരിക്കും.
ക്ഷമ
ക്ഷമ ജീവിതത്തില്‍ അത്യാവശ്യമാണ്. ക്ഷമ മൂന്ന് വിധമാണ്:
1- അല്ലാഹുവിന്‍റെ വിധിയില്‍ ഉള്ള ക്ഷമ
2- നന്‍മ ചെയ്യുന്ന വിഷയത്തില്‍ ഉള്ള ക്ഷമ
3- തിന്മയില്‍ നിന്ന് അകന്നു നില്‍ക്കുമ്പോഴുള്ള ക്ഷമ
ക്ഷമ അല്ലാഹു ഇഷ്ടപ്പെടുന്ന ഒരു സ്വഭാവ ഗുണമാണ്. ക്ഷമിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്.
ഒരു ചെറിയ മുള്ള് തറക്കുമ്പോള്‍ വരെ ക്ഷമിച്ചാല്‍ അതിലൂടെ പാപങ്ങള്‍ മായ്ക്കപ്പെടും എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
ക്വുര്‍ആന്‍
വിശുദ്ധ ക്വുര്‍ആന്‍ മാനവര്‍ക്കുള്ള വിശുദ്ധ ഗ്രന്ഥമാണ്.
എങ്ങനെ ജീവിക്കണം എന്നും ജീവിതത്തില്‍ എന്തൊക്കെ ചെയ്യണമെന്നും വിശുദ്ധക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഒരു വിശ്വാസിക്ക് ക്വുര്‍ ആനുമായി വലിയ ബന്ധം ഉണ്ടായിരിക്കണം എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു.
ക്വുര്‍ആന്‍ മനുഷ്യന് വലിയൊരു തെളിവാണ്. പരലോകത്തില്‍ ഞാന്‍ ക്വുര്‍ആന്‍ അനുസരിച്ചാണ് ജീവിച്ചത് എന്ന് നല്ല ആളുകള്‍ക്ക് തെളിവ് കാണിക്കാം. എന്നാല്‍ ക്വുര്‍ആനിനെ അവഗണിച്ച് ജീവിച്ചവര്‍ക്ക് എതിരായ തെളിവായിരിക്കും ക്വുര്‍ആന്‍ എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്.
ക്വുര്‍ആനിന്‍റെ ആളുകള്‍ അല്ലാഹുവിന്‍റെ പ്രത്യേകക്കാര്‍ ആണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
ജനങ്ങളൊക്കെ രാവിലെ അവരവരുടെ കാര്യങ്ങള്‍ക്ക് അവരുടെ സഞ്ചാരം തുടരുന്നു. അവര്‍ അവരുടെ സ്വന്തത്തെ വിവിധ കാര്യങ്ങളില്‍ ചിലവഴിക്കുന്നു. ചിലര്‍ സ്വന്തത്തെ നന്മയില്‍ നടത്തുന്നു. മറ്റു ചിലര്‍ തിന്മയിലും. സ്വന്തത്തെ നന്മയില്‍ നടത്തുന്നവര്‍ അവരുടെ ശരീരത്തെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നവരാകുന്നു. എന്നാല്‍ തിന്മയില്‍ ഇടപെടുന്നവര്‍ അവരുടെ സ്വന്തത്തെ നാശത്തിലാക്കുകയും ചെയ്യുന്നു.
No comments:
Post a Comment