ഫോളോ ചെയ്യാം

Saturday, 27 June 2026

614 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 354 دروس الحديث - വ്യഭിചാരക്കുറ്റവും ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


വ്യഭിചാരക്കുറ്റവും ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളും 

354 - عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ بْنِ مَسْعُودٍ عَنْ أَبِي هُرَيْرَةَ وَزَيْدِ بْنِ خَالِدٍ الْجُهَنِيِّ رضي الله عنهما، أَنَّهُمَا قَالا: (إنَّ رَجُلاً مِنَ الأَعْرَابِ أَتَى رَسُولَ صلى الله عليه وسلم فَقَالَ: يَا رَسُولَ اللَّهِ، أَنْشُدُك اللَّهَ إلاَّ قَضَيْتَ بَيْنَنَا بِكِتَابِ اللَّهِ. فَقَالَ الْخَصْمُ الآخَرُ - وَهُوَ أَفْقَهُ مِنْهُ - نَعَمْ، فَاقْضِ بَيْنَنَا بِكِتَابِ اللَّهِ، وَأْذَنْ لِي. فَقَالَ النَّبِيُّ صلى الله عليه وسلم: قُلْ، فَقَالَ: إنَّ ابْنِي كَانَ عَسِيفاً عَلَى هَذَا، فَزَنَى بِامْرَأَتِهِ، وَإِنِّي أُخْبِرْت أَنَّ عَلَى ابْنِي الرَّجْمَ، فَافْتَدَيْت مِنْهُ بِمِائَةِ شَاةٍ وَوَلِيدَةٍ، فَسَأَلْتُ أَهْلَ الْعِلْمِ فَأَخْبَرُونِي أَنَّمَا عَلَى ابْنِي جَلْدُ مِائَةٍ وَتَغْرِيبُ عَامٍ، وَأَنَّ عَلَى امْرَأَةِ هَذَا الرَّجْمَ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: وَاَلَّذِي نَفْسِي بِيَدِهِ لأَقْضِيَنَّ بَيْنَكُمَا بِكِتَابِ اللَّهِ، الْوَلِيدَةُ وَالْغَنَمُ رَدٌّ عَلَيْك وَعَلَى ابْنِك جَلْدُ مِائَةٍ وَتَغْرِيبُ عَامٍ. وَاغْدُ يَا أُنَيْسُ - لِرَجُلٍ مِنْ أَسْلَمَ - عَلَى امْرَأَةِ هَذَا، فَإِنْ اعْتَرَفَتْ فَارْجُمْهَا، فَغَدَا عَلَيْهَا، فَاعْتَرَفَتْ، فَأَمَرَ بِهَا رَسُولُ اللَّهِ صلى الله عليه وسلم فَرُجِمَتْ) .
العَسيفُ: الأَجيرُ. أهـ

ഉബൈദുല്ലാഹി ബ്നു അബ്ദില്ലാഹി ബ്നു ഉത്ബത് ബ്നു മസ്ഊദ്, അബൂഹുറൈറ رضي الله عنه, സൈദ് ബിൻ ഖാലിദ് അൽ ജുഹനി رضي الله عنه എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; അവരിരുവരും പറഞ്ഞു: "ഒരു ഗ്രാമീണ അറബി അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വന്ന് പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹുവിനെ മുൻനിർത്തി ഞാൻ അവിടുത്തോട് അപേക്ഷിക്കുകയാണ്, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം (നിയമം) അനുസരിച്ച് മാത്രം വിധി കൽപ്പിക്കണം.' അപ്പോൾ മറ്റേ കക്ഷി -അവൻ ഇയാളേക്കാൾ വിവരമുള്ളവനായിരുന്നു- പറഞ്ഞു: 'അതേ, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് വിധി പറയുക; എനിക്ക് സംസാരിക്കാൻ അനുവാദം നൽകിയാലും.'

 അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: 'നീ സംസാരിച്ചോളൂ.' അവൻ പറഞ്ഞു: 'തീർച്ചയായും എന്‍റെ മകൻ ഇയാളുടെ അടുക്കൽ ഒരു കൂലിക്കാരനായി (ജോലിക്കാരനായി) ജോലി ചെയ്യുകയായിരുന്നു. അങ്ങനെയവൻ ഇയാളുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്‍റെ മകന് കല്ലെറിഞ്ഞു കൊല്ലൽ ആണ് ശിക്ഷയെന്ന് എന്നോട് പറയപ്പെട്ടു. അതിനാൽ ഞാൻ അതിന് പകരമായി (പ്രായശ്ചിത്തമായി) നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും നൽകി അവനെ ഒഴിവാക്കിയെടുത്തു. പിന്നീട് ഞാൻ വിവരമുള്ളവരോട് (പണ്ഡിതന്മാരോട്) ചോദിച്ചപ്പോൾ, എന്‍റെ മകനുള്ള ശിക്ഷ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണെന്നും, ഇയാളുടെ ഭാര്യക്കുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലലുമാണെന്നുമാണ് അവർ എനിക്ക് പറഞ്ഞുതന്നത്.'

 അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: 'എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും ഞാൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് തന്നെ വിധി കൽപ്പിക്കാം. നീ നൽകിയ അടിമപ്പെണ്ണും ആടുകളും നിനക്ക് തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണ് (ആ നഷ്ടപരിഹാരം നിലനിൽക്കില്ല). നിന്‍റെ മകന് നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ് ശിക്ഷ. ഹേ ഉനൈസ് (അസ്‌ലം ഗോത്രക്കാരനായ ഒരു വ്യക്തി)! നീ നാളെ രാവിലെ ഇയാളുടെ ഭാര്യയുടെ അടുക്കലേക്ക് പോവുക. അവൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലുക.'

 അങ്ങനെ പിറ്റേന്ന് രാവിലെ ഉനൈസ് رضي الله عنه അവളുടെ അടുക്കലേക്ക് പോവുകയും അവൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കൽപ്പിച്ചതനുസരിച്ച് അവളെ കല്ലെറിഞ്ഞു കൊന്നു (റജ്മ് ചെയ്യപ്പെട്ടു)."

  • عَسِيف: കൂലിക്കാരൻ / ജോലിക്കാരൻ.

  • أَنْشُدُك اللَّهَ: ഞാൻ അല്ലാഹുവിനെ മുൻനിർത്തി അവിടുത്തോട് ചോദിക്കുന്നു / അപേക്ഷിക്കുന്നു.

  • وَلِيدَةٍ: അടിമപ്പെണ്ണ്.

  • رَدٌّ عَلَيْك: അത് നിനക്ക് തന്നെ മടക്കി നൽകേണ്ടതാണ്.

  • تَغْرِيبُ عَامٍ: ഒരു വർഷത്തേക്ക് നാടുകടത്തൽ.

വിവരണം

  നബി صلى الله عليه وسلم അല്ലാഹു കൽപ്പിച്ചതുപോലെ അവന്‍റെ പരിധികളും ശിക്ഷാനിയമങ്ങളും നടപ്പിലാക്കുന്ന ആളായിരുന്നു. അവിടുന്ന് ജനങ്ങളെ നിയമങ്ങളും അവ എങ്ങനെ പ്രായോഗികമാക്കണമെന്നും പഠിപ്പിക്കുകയും, അവരുടെ ധാരണാപിശകുകൾ തിരുത്തിക്കൊടുക്കുകയും, നിയമനിർമ്മാണം അല്ലാഹുവിങ്കൽ നിന്ന് മാത്രമുള്ളതാണെന്ന് അവർക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുമായിരുന്നു.

  ഈ ഹദീസിൽ അബൂഹുറൈറ رضي الله عنه, സൈദ് ബിൻ ഖാലിദ് رضي الله عنه എന്നിവർ വിവരിക്കുന്നു: രണ്ടുപേർ തമ്മിലുള്ള ഒരു തർക്കവുമായി അവർ വിധി തീർപ്പാക്കാനായി റസൂൽ صلى الله عليه وسلم യുടെ അടുക്കൽ വന്നു. അതിൽ ഒരാൾ പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് വിധി കൽപ്പിച്ചാലും." അതായത്, അല്ലാഹു തന്‍റെ അടിമകളുടെ മേൽ നിശ്ചയിച്ചിട്ടുള്ള നിയമമനുസരിച്ച് വിധി പറയുക. അപ്പോൾ മറ്റേ കക്ഷി പറഞ്ഞു: "അതേ അല്ലാഹുവിന്‍റെ റസൂലേ, അവിടുന്ന് ഞങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ച് വിധി പറയുക; സംസാരിക്കാൻ എനിക്ക് അനുവാദം നൽകിയാലും." ഇയാൾ രണ്ടുപേരിലും വെച്ച് കൂടുതൽ വിവരമുള്ളവനും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ളവനുമായിരുന്നു. സംസാരിക്കുന്നതിന് മുൻപ് അനുവാദം ചോദിച്ചതുപോലുള്ള നല്ല മര്യാദ കൊണ്ടോ, അല്ലെങ്കിൽ ഈ സംഭവം അതിന്‍റെ യഥാർത്ഥ രൂപത്തിൽ വിവരിച്ചതുകൊണ്ടോ, അതുമല്ലെങ്കിൽ ജന്മനാ തന്നെയുള്ള വിവേകം കൊണ്ടോ ആണ് ഇയാൾ കൂടുതൽ വിവരമുള്ളവനായി മാറിയത്.

 തുടർന്ന് സംസാരിക്കാൻ നബി صلى الله عليه وسلم അനുവാദം നൽകിയപ്പോൾ അവൻ പറഞ്ഞു: "എന്‍റെ ഈ എതിർകക്ഷിയുടെ അടുക്കൽ എന്‍റെ മകൻ ഒരു കൂലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെയവൻ ഇയാളുടെ ഭാര്യയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. അപ്പോൾ ജനങ്ങൾ എന്നോട് പറഞ്ഞു: വ്യഭിചാരക്കുറ്റത്തിന് എന്‍റെ മകനുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലലാണെന്ന്. തുടർന്ന് ഞാൻ അതിൽ നിന്ന് എന്‍റെ മകനെ ഒഴിവാക്കാനായി (പ്രായശ്ചിത്തമായി) നൂറ് ആടുകളെയും എനിക്കുള്ള ഒരു അടിമപ്പെണ്ണിനെയും ഇയാൾക്ക് നൽകി." ഒരു തുക നൽകിയാൽ മറ്റേ കക്ഷിക്ക് കുറ്റം മാപ്പാക്കാൻ അധികാരമുണ്ടെന്നും അതയാളുടെ അവകാശമാണെന്നുമാണ് ഈ പിതാവ് തെറ്റിദ്ധരിച്ചത്.

 തുടർന്ന് ആ പിതാവ് പറഞ്ഞു: അദ്ദേഹം നബി صلى الله عليه وسلم യുടെ കാലത്ത് ഫത്‌വ നൽകാൻ അറിവുള്ള പണ്ഡിതന്മാരോട് ഇതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി. (ജനങ്ങൾക് ദീൻ പഠിപ്പിച്ചു കൊടുക്കാനായി അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم സ്വഹാബാക്കളെ വിവിധ നാടുകളിലേക്ക് നിയോഗിക്കാറുണ്ടായിരുന്നു). അപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു: അവന്‍റെ മകൻ അവിവാഹിതനായതുകൊണ്ട് അവനുള്ള ശിക്ഷ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ്. കല്ലെറിഞ്ഞു കൊല്ലൽ ഇയാളുടെ ഭാര്യക്കുള്ള ശിക്ഷ മാത്രമാണ്.

 ഇത് കേട്ടപ്പോൾ നബി صلى الله عليه وسلم അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അരുളി: "എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈയ്യിലാണോ അവൻ തന്നെയാണ സത്യം, തീർച്ചയായും ഞാൻ നിങ്ങൾക്കിടയിൽ അല്ലാഹുവിന്‍റെ ഗ്രന്ഥം അനുസരിച്ച് തന്നെ വിധി കൽപ്പിക്കാം." നീ നൽകിയ നൂറ് ആടുകളും അടിമപ്പെണ്ണും നിനക്ക് തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണ്; കാരണം അത് നൽകിയത് അല്ലാഹുവിന്‍റെ നിയമത്തിന് അനുസൃതമായ രീതിയല്ല. തുടർന്ന് അവിവാഹിതനായ ആ വ്യഭിചാരിയെ നൂറ് ചാട്ടവാറടിക്കാനും കുറ്റം നടന്ന നാട്ടിൽ നിന്ന് ഒരു വർഷത്തേക്ക് നാടുകടത്താനും അവിടുന്ന് കൽപ്പിച്ചു.

  ശേഷം അവിടുന്ന് 'ഉനൈസ് അൽ അസ്‌ലമി'യോട് മറ്റേയാളുടെ ഭാര്യയുടെ അടുക്കലേക്ക് പോകാൻ കൽപ്പിച്ചു. അവൾ കുറ്റം സമ്മതിക്കുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞു കൊല്ലുക (കാരണം അവൾ വിവാഹിതയാണ്.). അങ്ങനെ ഉനൈസ് رضي الله عنه അവളുടെ അടുത്ത് ചെന്ന് ചോദിച്ചപ്പോൾ അവൾ വ്യഭിചാരക്കുറ്റം സമ്മതിച്ചു. തുടർന്ന് അവിടുത്തെ കൽപ്പനപ്രകാരം അവൾ റജ്മ് ചെയ്യപ്പെട്ടു.

  ഈ സംഭവത്തിൽ പറഞ്ഞിട്ടുള്ള നാടുകടത്തലും കല്ലെറിഞ്ഞു കൊല്ലലും വിശുദ്ധ ഖുർആനിൽ നേരിട്ട് എഴുതപ്പെട്ട വചനങ്ങളായി ഇല്ല. എങ്കിലും അല്ലാഹുവിന്‍റെ നിയമത്തിന്‍റെ ഭാഗമായ 'സുന്നത്ത്' (പ്രവാചക ചര്യ) വഴി സ്ഥിരപ്പെട്ട നിയമങ്ങളാണവ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അറിവില്ലായ്മയും ഗ്രാമീണ പരുക്കൻ സ്വഭാവവും കാരണം, സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കാത്ത നബി صلى الله عليه وسلم യോട്  "അല്ലാഹുവിന്‍റെ ഗ്രന്ഥമനുസരിച്ചേ വിധി പറയാവൂ" എന്ന് ആ ഗ്രാമീണന്‍ പറഞ്ഞിട്ടും നബി صلى الله عليه وسلم അവനോട് കോപിക്കുകയോ വെറുപ്പ് കാണിക്കുകയോ ചെയ്തില്ല.

2- ജ്ഞാനികളോടും വലിയവരോടുമുള്ള മര്യാദ ഈ ഹദീസില്‍ കാണാം. സംസാരിക്കുന്നതിന് മുൻപ് അനുവാദം ചോദിച്ച രണ്ടാമത്തെ കക്ഷിയുടെ പ്രവർത്തനം ഉന്നതമായ മര്യാദയെയും വിവേകത്തെയും കാണിക്കുന്നു. 

3- വ്യഭിചാരത്തിനുള്ള ഇസ്‌ലാമിക ശിക്ഷാനിയമം: വിവാഹിതനായ വ്യക്തി (المحصن) നിയമപരമായ വിവാഹബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അവന്‍ വ്യഭിചരിക്കുകയും ചെയ്‌താല്‍ മരണപ്പെടുന്നത് വരെ കല്ലെറിയലാണ് (റജ്മ്) ശിക്ഷ. കാരണം ഭാര്യയുള്ള അവന് തെറ്റിലേക്ക് പോകാൻ ന്യായമായ ഒഴിവുകഴിവുകളില്ല.

4- വിവാഹം കഴിക്കാത്ത ആളാണ് (غير المحصن) വ്യഭിചരിച്ചതെങ്കിൽ നൂറ് ചാട്ടവാറടിയും ഒരു വർഷത്തെ നാടുകടത്തലുമാണ് ശിക്ഷ. 

5- അല്ലാഹുവിന്‍റെ പരിധികളിൽ വിട്ടുവീഴ്ചയോ ഒത്തുതീർപ്പോ ഇല്ല. വ്യഭിചാരം പോലുള്ള അല്ലാഹുവിന്‍റെ അവകാശങ്ങളിൽ പെട്ട ശിക്ഷാനിയമങ്ങളിൽ സാമ്പത്തികമായോ അല്ലാതെയോ ഒത്തുതീർപ്പ് നടത്താൻ ആർക്കും അവകാശമില്ല. അത്തരം തെറ്റായ വിധികൾ അസാധുവാണ്.

6- ശിക്ഷ ഒഴിവാക്കാൻ പണം വാങ്ങുന്നത് ഹറാമാണ്.

7- ശിക്ഷ നടപ്പാക്കാതിരിക്കാൻ വേണ്ടി പ്രതിഫലമായി വാങ്ങുന്ന പണമോ സമ്പത്തോ അന്യായമായി ധനം സമ്പാദിക്കലാണ്. അതുകൊണ്ട് തന്നെയാണ് ആ പിതാവ് നൽകിയ ആടുകളെയും അടിമപ്പെണ്ണിനെയും തിരിച്ചുനൽകാൻ നബി صلى الله عليه وسلم കൽപ്പിച്ചത്.

8- അറിവില്ലായ്മ കൊണ്ടുള്ള തെറ്റുകൾക്ക് ശിക്ഷയില്ല, പഠിപ്പിക്കുകയാണ് വേണ്ടത്.

9- വ്യഭിചാരത്തിന് പകരമായി ധനം നൽകി മകനെ രക്ഷിക്കാം എന്ന് കരുതിയ പിതാവിനെ നബി صلى الله عليه وسلم ശിക്ഷിച്ചില്ല; കാരണം അയാൾ അത് അറിവില്ലായ്മ കൊണ്ട് ചെയ്തതാണ്. പകരം നബി صلى الله عليه وسلم അയാളെ ശരിയായ നിയമം പഠിപ്പിക്കുകയും അയാളുടെ സമ്പത്ത് തിരികെ നൽകുകയുമാണുണ്ടായത്.

10- ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണാധികാരിക്ക് മാത്രമാണ്. വ്യക്തികൾക്ക് അതിന് അവകാശമില്ല.

11- ശിക്ഷ നടപ്പാക്കാൻ ഭരണാധികാരിക്ക് വിശ്വസ്തനായ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. 

12- വ്യഭിചാരത്തിൽ പങ്കാളിയായ ഒരാൾ കുറ്റം സമ്മതിക്കുകയും മറ്റേയാൾ സമ്മതിക്കാതിരിക്കുകയും ചെയ്താൽ പോലും, കുറ്റം സമ്മതിച്ച വ്യക്തിയുടെ മേൽ ശിക്ഷ നടപ്പാക്കണം.

13- നബി صلى الله عليه وسلم ജീവിച്ചിരുന്ന കാലത്ത് തന്നെ, അവിടുത്തെ നിർദ്ദേശപ്രകാരം വിവിധ നാടുകളിൽ സ്വഹാബികൾ ജനങ്ങൾക്ക് മതാധ്യാപനങ്ങളും ഫത്‌വകളും നൽകിയിരുന്നു.

14- ഒരു കാര്യത്തിന്‍റെ ഗൗരവം വ്യക്തമാക്കാനും അത് ഉറപ്പിച്ചു പറയാനും ആവശ്യപ്പെടാതെ തന്നെ അല്ലാഹുവിന്‍റെ നാമത്തിൽ സത്യം ചെയ്ത് സംസാരിക്കാവുന്നതാണ്.





613 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 353 دروس الحديث - പ്രതികാര നടപടിയുടെ പരിധികളും തുല്യനീതിയും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


പ്രതികാര നടപടിയുടെ പരിധികളും തുല്യനീതിയും

كتابُ الحُدودِ

ശിക്ഷാനിയമങ്ങള്‍

353 - عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: (قَدِمَ نَاسٌ مِنْ عُكْلٍ -أَوْ عُرَيْنَةَ- فَاجْتَوَوُا الْمَدِينَةَ، فَأَمَرَ لَهُمْ النَّبِيُّ صلى الله عليه وسلم بِلِقَاحٍ، وَأَمَرَهُمْ أَنْ يَشْرَبُوا مِنْ أَبْوَالِهَا وَأَلْبَانِهَا فَانْطَلَقُوا. فَلَمَّا صَحُّوا قَتَلُوا رَاعِيَ النَّبِيِّ صلى الله عليه وسلم وَاسْتَاقُوا النَّعَمَ، فَجَاءَ الْخَبَرُ فِي أَوَّلِ النَّهَارِ، فَبَعَثَ فِي آثَارِهِمْ. فَلَمَّا ارْتَفَعَ النَّهَارُ جِيءَ بِهِمْ، فَأَمَرَ بِهِمْ: فَقُطِّعَتْ أَيْدِيهمْ وَأَرْجُلُهُمْ مِنْ خِلافٍ، وَسُمِرَتْ أَعْيُنُهُمْ، وَتُرِكُوا فِي الْحَرَّةِ يَسْتَسْقُونَ، فَلا يُسْقَوْنَ. قَالَ أَبُو قِلابَةَ: فَهَؤُلاءِ سَرَقُوا وَقَتَلُوا وَكَفَرُوا بَعْدَ إيمَانِهِمْ، وَحَارَبُوا اللَّهَ وَرَسُولَهُ). أَخْرَجَهُ الْجَمَاعَةُ. 

അനസു ബ്നു മാലിക് رضي الله عنه നിവേദനം ചെയ്യുന്നു: "ഉക്ൽ അല്ലെങ്കിൽ ഉറൈന ഗോത്രത്തിൽപ്പെട്ട ചില ആളുകൾ മദീനയിൽ വന്നു. എന്നാൽ മദീനയിലെ കാലാവസ്ഥ അവർക്ക് അസുഖകരമായി തോന്നി. "അപ്പോൾ നബി صلى الله عليه وسلم അവർക്ക് കറവയുള്ള (പാൽ തരുന്ന) ഒട്ടകങ്ങളെ നൽകാൻ കൽപ്പിക്കുകയും, അവയുടെ മൂത്രത്തിൽ നിന്നും പാലിൽ നിന്നും കുടിക്കാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ അവർ (ആ ഒട്ടകങ്ങളുമായി അവ മേയുന്ന സ്ഥലത്തേക്ക്) പുറപ്പെട്ടു." 

 അവർക്ക് രോഗശമനം ലഭിച്ച് ആരോഗ്യം തിരിച്ചുകിട്ടിയപ്പോൾ, അവർ നബി صلى الله عليه وسلم യുടെ ഇടയനെ കൊലപ്പെടുത്തുകയും ഒട്ടകങ്ങളെ ഓടിച്ചുകൊണ്ടുപോവുകയും ചെയ്തു. പകലിലെ ആദ്യസമയത്ത് (രാവിലെ) തന്നെ ഈ വാർത്ത നബി صلى الله عليه وسلم ക്ക് ലഭിച്ചു. അവിടുന്ന് അവരുടെ പിന്നാലെ ആളുകളെ നിയോഗിച്ചു. ഉച്ചയോടടുത്തപ്പോൾ അവരെ പിടികൂടി കൊണ്ടുവരപ്പെട്ടു. അപ്പോൾ നബി صلى الله عليه وسلم (അവര്‍ക്ക് ശിക്ഷ നല്‍കാന്‍) കൽപ്പിച്ചു: അവരുടെ കൈകളും കാലുകളും എതിർദിശകളിൽ നിന്നായി മുറിക്കപ്പെട്ടു, അവരുടെ കണ്ണുകൾ ചൂടുള്ള ആണികൾ കൊണ്ട് കുത്തിപ്പൊട്ടിക്കപ്പെട്ടു (കണ്ണുകളിൽ ഇരുമ്പ് അണികൾ കയറ്റപ്പെട്ടു). പിന്നീട് അവർ വെള്ളത്തിനായി കെഞ്ചിക്കൊണ്ട് കരിങ്കല്ലുകൾ നിറഞ്ഞ മദീനയിലെ ചൂടുള്ള പ്രദേശത്ത് (الْحَرَّة) ഉപേക്ഷിക്കപ്പെട്ടു; എന്നാൽ അവർക്ക് വെള്ളം നൽകപ്പെട്ടതുമില്ല."

 അബൂ ഖിലാബ رحمه الله പറഞ്ഞു: "തീർച്ചയായും ഇവർ മോഷ്ടിക്കുകയും, കൊലപ്പെടുത്തുകയും, വിശ്വസിച്ചതിന് ശേഷം അവിശ്വാസികളാവുകയും (മുർതദ്ദാവുക), അല്ലാഹുവോടും അവന്‍റെ റസൂലിനോടും യുദ്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്."

(ഇത് ജമാഅത്ത് -ബുഖാരിയും മുസ്‌ലിമും ഉൾപ്പെടെയുള്ള പ്രമുഖ ഹദീസ് പണ്ഡിതന്മാർ- ഉദ്ധരിച്ചതാണ്).

اجْتَوَيْتَ البِلادَ إِذا كرهْتَها وإِنْ كانتْ مُوافِقَةً. واسْتَوْبَأْتَها إِذا لم تُوَافِقْكَ. 

"ഒരു നാട് നിനക്ക് അനുയോജ്യമാണെങ്കിൽ പോലും നീയതിനെ വെറുക്കുമ്പോഴാണ് اجْتَوَيْتَ البِلادَ എന്ന് പറയുക. എന്നാൽ ആ നാട് നിന്‍റെ ആരോഗ്യത്തിനോ പ്രകൃതിക്കോ യോജിക്കാതെ വരുമ്പോഴാണ് (അവിടുത്തെ അന്തരീക്ഷം നിനക്ക് രോഗമുണ്ടാക്കുമ്പോഴാണ്) 'اسْتَوْبَأْتَها'  എന്ന് പറയുക."

  • عُكْل: ഒരു അദ്നാനി ഗോത്രം.

  • عُرَيْنة: ഒരു ഖഹ്ത്വാനി ഗോത്രം.

  • فَاجْتَوَوُا الْمَدِينَةَ: ഉദരസംബന്ധമായ രോഗം ബാധിച്ചതു കാരണം അവർക്ക് മദീനയിലെ കാലാവസ്ഥ അസുഖകരമായി തോന്നി/അവർക്ക് മദീന വെറുപ്പായി.

  • لِقَاح: പാൽ തരുന്ന ഒട്ടകം.

  • النَّعَم: നാൽക്കാലികൾ, ഇവിടെ ഉദ്ദേശിക്കുന്നത് ഒട്ടകങ്ങളാണ്.

  • من خِلافٍ: മാറ്റിമാറ്റി മുറിക്കുക; അതായത് വലതു കൈയും ഇടതു കാലും മുറിക്കുക.

  • سُمِرَتْ أَعْيُنُهُمْ: തീയിൽ ചുട്ടുപഴുപ്പിച്ച ഇരുമ്പ് ആണികൾ (അല്ലെങ്കിൽ കമ്പികൾ) കൊണ്ട് അവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു.

  • الْحَرَّة: കറുത്ത കരിങ്കല്ലുകൾ നിറഞ്ഞ പ്രദേശം.

  • يَسْتَسْقُونَ: അവർ കുടിക്കാൻ വെള്ളം ചോദിക്കുന്നു/വെള്ളത്തിനായി കെഞ്ചുന്നു.

വിവരണം

 വഞ്ചന എന്നത് നേരായ പ്രകൃതിയുള്ള മനുഷ്യർ വെറുക്കുന്ന വളരെ നീചമായ ഒരു സ്വഭാവമാണ്. ഇനി ആ വഞ്ചനയോടൊപ്പം കൊലപാതകവും കവർച്ചയും കൂടിയായാൽ അതിന്‍റെ തിന്മയും അപമാനവും ഇരട്ടിയാകുന്നു. അത് ചെയ്തവൻ ഏറ്റവും കഠിനവും ക്രൂരവുമായ ശിക്ഷക്ക് അർഹനാവുകയും ചെയ്യും.

  ഈ ഹദീസിൽ അനസ് رضي الله عنه വിവരിക്കുന്നു: ഉക്ൽ അല്ലെങ്കില്‍ ഉറൈന ഗോത്രങ്ങളിൽ പെട്ട ചില ആളുകൾ നബി صلى الله عليه وسلم യുടെ അടുക്കൽ മദീനയിൽ വന്നു. (ഇതിൽ ഉക്ൽ എന്നത് ഒരു അറബി ഗോത്രവും, ഉറൈന എന്നത് ബജീല ഗോത്രത്തിലെ ഒരു ശാഖയുമാണ്). അവർ തൗഹീദിന്‍റെ വചനം ഉച്ചരിക്കുകയും ഇസ്‌ലാം പുറമേക്ക് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മദീനയിലെ താമസം അവർക്ക് പ്രയാസകരമായി തോന്നി. കാരണം വയറിനെ ബാധിച്ച  ഒരു രോഗം (ഉദരരോഗം) അവർക്കുണ്ടായിരുന്നു. അവർ പറഞ്ഞു: "അല്ലാഹുവിന്‍റെ പ്രവാചകരെ, ഞങ്ങൾ കന്നുകാലികളെയും ഒട്ടകങ്ങളെയും വളർത്തി ജീവിക്കുന്നവരാണ്; അല്ലാതെ കൃഷി ചെയ്ത് ജീവിക്കുന്ന ഗ്രാമീണരല്ല." മദീനയിലെ അന്തരീക്ഷവും വായുവും അവർക്ക് ഒട്ടും യോജിച്ചതുമില്ല.

 അതിനാൽ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അവർക്കായി ഏതാനും ഒട്ടകങ്ങളെയും (മൂന്ന് മുതൽ പത്ത് വരെയുള്ള ഒട്ടകങ്ങൾ) ഒരു ഇടയനെയും നൽകാൻ കൽപ്പിച്ചു. ആ ഒട്ടകങ്ങളുമായി പുറത്തുപോയി അവയുടെ പാലും മൂത്രവും കുടിക്കാൻ അവിടുന്ന് അവരോട് നിർദ്ദേശിച്ചു. ആ കാലഘട്ടത്തിൽ ഒട്ടകങ്ങൾ മദീനക്ക് പുറത്താണ് മേയാറുണ്ടായിരുന്നത്. റസൂൽ صلى الله عليه وسلم അവരെ അയച്ച ആ ഒട്ടകങ്ങളെ നോക്കാൻ 'യസാർ അൽ-നൂബി' എന്ന് പേരുള്ള ഒരു ഇടയൻ ഉണ്ടായിരുന്നു.

 അങ്ങനെ അവർ പുറപ്പെട്ടു. അവർ കറുത്ത കരിങ്കല്ലുകൾ നിറഞ്ഞ മദീനയിലെ 'الْحَرَّة' എന്ന പ്രദേശത്ത് എത്തി. അവരുടെ രോഗമെല്ലാം മാറി, ശരീരത്തിന് ആരോഗ്യവും ഉന്മേഷവും വെച്ചു. ഒട്ടകപ്പാലും മൂത്രവും കുടിച്ചതോടെ അവരുടെ മുഖത്തെ വിളർച്ച മാറി സ്വാഭാവിക നിറം തിരിച്ചുകിട്ടി. എന്നാൽ ഇതിനുശേഷം അവർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയി അവിശ്വാസികളായി (മുർതദ്ദ്). അവർ നബി صلى الله عليه وسلم യുടെ ഇടയനായ യസാറിനെ കൊലപ്പെടുത്തുകയും അവന്‍റെ മൃതദേഹത്തോട് ക്രൂരത കാണിക്കുകയും ചെയ്തു. അവർ ഒട്ടകങ്ങളെയും കൊണ്ട് കടന്നുകളയാൻ ശ്രമിച്ചപ്പോൾ യസാർ അവരെ പിന്തുടർന്ന് തടയാൻ ശ്രമിച്ചു. അപ്പോൾ അവർ അയാളോട് യുദ്ധം ചെയ്യുകയും അയാളുടെ കൈയും കാലും മുറിച്ചുമാറ്റുകയും ചെയ്തു. മാത്രമല്ല, അയാളുടെ നാവിലും കണ്ണിലും മുള്ളുകൾ തറച്ചുകയറ്റി ക്രൂരമായി കൊലപ്പെടുത്തി.

  ഈ വാർത്ത നബി صلى الله عليه وسلم ക്ക് ലഭിച്ചപ്പോൾ, അവിടുന്ന് അവർക്ക് പിന്നാലെ ആളുകളെ അയച്ചു. അവർ ആ അക്രമികളെ പിടികൂടി കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അവരെ ശിക്ഷിക്കാൻ കൽപ്പിച്ചു. അങ്ങനെ അവരുടെ കണ്ണുകൾ തീയിൽ ചുട്ടുപഴുപ്പിച്ച ആണികൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു, അവരുടെ കൈകാലുകൾ മുറിച്ചുമാറ്റി. തുടർന്ന് അവര്‍ ചെയ്ത വഞ്ചനക്കുള്ള പ്രതിഫലമായും നബി صلى الله عليه وسلم യുടെ ഇടയനോട് ചെയ്ത ക്രൂരതക്കുള്ള പ്രതികാരമായും അവരെ ഹർറഃ പ്രദേശത്ത് അങ്ങനെ തന്നെ ഉപേക്ഷിച്ചു; അവർ അവിടെക്കിടന്ന് മരണപ്പെട്ടു.

  ഖതാദ ബിൻ ദിആമ رحمه الله പറഞ്ഞു: "ഇതിനുശേഷം നബി صلى الله عليه وسلم സദഖ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, മൃതദേഹത്തെ വികൃതമാക്കല്‍ കർശനമായി വിലക്കുകയും ചെയ്തിരുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്." എന്നാൽ ഈ വികൃതമാക്കൽ 'പ്രതികാര നടപടിയുടെ' ഭാഗമായിട്ടാണെങ്കിൽ അതിൽ വിലക്കില്ല. കാരണം അല്ലാഹു തആലാ കൽപ്പിച്ചിട്ടുണ്ട്: "നിങ്ങൾ ശിക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് നൽകപ്പെട്ട ശിക്ഷക്ക് തുല്യമായ ശിക്ഷ നൽകുക." (സൂറത്തുന്നഹ്‌ൽ: 126).

 ഇടയനെ കൊലപ്പെടുത്തിയവരോട് നബി صلى الله عليه وسلم ചെയ്തത് ഇതുതന്നെയാണ്; അവർ ആ ഇടയനോട് എന്ത് ക്രൂരതയാണോ ചെയ്തത്, അതിന് സമാനമായ ശിക്ഷ തന്നെയാണ് അവിടുന്ന് അവർക്കും നൽകിയത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- വഞ്ചന കാണിക്കുന്നതിനെതിരെയുള്ള ശക്തമായ താക്കീതും, വഞ്ചകരുടെ ഒടുക്കം വളരെ ദാരുണമായിരിക്കുമെന്നതിനുള്ള തെളിവും ഇതിലുണ്ട്.

2- ഒരാൾ ചെയ്യുന്ന കുറ്റത്തിന്‍റെയോ ക്രൂരതയുടെയോ വ്യാപ്തിക്കും അളവിനും അനുസരിച്ചായിരിക്കണം അവനുള്ള ശിക്ഷ നിശ്ചയിക്കേണ്ടത് എന്ന നിയമം ഇതിൽ നിന്ന് മനസ്സിലാക്കാം.

3- രോഗശമനത്തിനായി ഒട്ടകത്തിന്‍റെ പാലും മൂത്രവും ഔഷധമായി ഉപയോഗിക്കുന്നത് (ഇസ്‌ലാമിക നിയമപ്രകാരം) അനുവദനീയമാണ്.

4- ഒരു കുറ്റവാളി ഇരയോട് എത്രത്തോളം ക്രൂരത കാണിച്ചോ, അതിന് സമാനമായ രീതിയിൽ തന്നെ അവനോടും പ്രതികാരം ചെയ്യാം. ഇടയന്‍റെ കൈകാലുകൾ മുറിക്കുകയും കണ്ണിൽ മുള്ളുതറക്കുകയും ചെയ്തതുകൊണ്ടാണ് നബി صلى الله عليه وسلم അവർക്കും അതേ ശിക്ഷ നൽകിയത്.

5- യുദ്ധങ്ങളിലോ സാധാരണ സാഹചര്യങ്ങളിലോ ശത്രുക്കളുടെ അവയവങ്ങൾ മുറിച്ചുമാറ്റി മൃതദേഹങ്ങളെ വികൃതമാക്കുന്നത് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. എന്നാൽ, ശത്രുക്കൾ ആദ്യം അങ്ങനെ ചെയ്താൽ പ്രതികാരമായി അവർക്കെതിരെ ഇത് ചെയ്യാവുന്നതാണ്.

6- ശിക്ഷ നടപ്പാക്കേണ്ടതും കുറ്റവാളികളെ പിടികൂടേണ്ടതും വ്യക്തികളല്ല, മറിച്ച് രാജ്യത്തെ ഭരണാധികാരിയോ നീതിന്യായ വ്യവസ്ഥയോ ആയിരിക്കണം.



612 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 352 دروس الحديث - ആത്മഹത്യയുടെ അനന്തര ഫലം

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ആത്മഹത്യയുടെ അനന്തര ഫലം 

352 - عَنْ الْحَسَنِ بْنِ أَبِي الْحَسَنِ الْبَصْرِيِّ رحمه الله تعالى قَالَ: حَدَّثَنَا جُنْدُبٌ فِي هَذَا الْمَسْجِدِ، وَمَا نَسِينَا مِنْهُ حَدِيثاً، وَمَا نَخْشَى أَنْ يَكُونَ جُنْدُبٌ كَذَبَ عَلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ فَجَزِعَ، فَأَخَذَ سِكِّيناً فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ. قَالَ اللَّهُ عَزَّ وَجَلَّ: عَبْدِي بَادَرَنِي بِنَفْسِهِ، حَرَّمْت عَلَيْهِ الْجَنَّةَ). 

ഹസൻ ബസരി رحمه الله പ്രസ്താവിക്കുന്നു: "ജുൻദുബ് رضي الله عنه ഈ മസ്ജിദിൽ വെച്ചാണ് ഞങ്ങൾക്ക് ഈ ഹദീസ് പറഞ്ഞുതന്നത്. അതിൽ നിന്നൊരു ഹദീസും ഞങ്ങൾ മറന്നുപോയിട്ടില്ല. ജുൻദുബ് رضي الله عنه അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ പേരിൽ കള്ളം പറയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുമില്ല. അദ്ദേഹം (ജുൻദുബ് رضي الله عنه) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: 'നിങ്ങൾക്ക് മുൻപ് കഴിഞ്ഞുപോയ ഒരു ജനവിഭാഗത്തിൽ പെട്ട ഒരാൾക്ക് ഒരു മുറിവുണ്ടായിരുന്നു. എന്നാൽ ആ വേദനയിൽ അവൻ അക്ഷമനായി. തുടർന്ന് അവൻ ഒരു കത്തിയെടുത്ത് തന്‍റെ കൈ മുറിച്ചുകളഞ്ഞു. പിന്നീട് അവന്‍റെ മരണം സംഭവിക്കുന്നത് വരെ ആ ചോര വാർച്ച നിന്നതേയില്ല. അപ്പോൾ പ്രതാപശാലിയും പരമോന്നതനുമായ അല്ലാഹു കൽപ്പിച്ചു: എന്‍റെ അടിമ തന്‍റെ ജീവന്‍റെ കാര്യത്തിൽ എന്നേക്കാൾ ധൃതികൂട്ടി (സ്വയം ജീവനൊടുക്കി), അതിനാൽ ഞാൻ അവന്‍റെ മേൽ സ്വർഗ്ഗം ഹറാമാക്കി (വിലക്കി)യിരിക്കുന്നു.'"

  • فَحَزَّ يَدَهُ: അവൻ തന്‍റെ കൈ മുറിച്ചു.

  • فَمَا رَقَأَ الدَّمُ: അവൻ മരണപ്പെടുന്നത് വരെ അവന്‍റെ രക്തം ഒലിക്കുന്നത് നിന്നില്ല (ചോര വാർച്ച നിലച്ചില്ല).

വിവരണം

  ഈ ഹദീസിൽ നബി صلى الله عليه وسلم മുൻകാല സമൂഹങ്ങളിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനെക്കുറിച്ച് വിവരിക്കുന്നു. അയാൾക്ക് ഒരു മുറിവുണ്ടായിരുന്നു, എന്നാൽ ആ വേദനയിൽ അവൻ അക്ഷമനായി. അതായത്, തനിക്കുണ്ടായ ആപത്തിൽ അവൻ ക്ഷമ കൈക്കൊള്ളുകയും അതിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതീക്ഷ കൈവിടുകയും ചെയ്തു. തുടർന്ന് അവൻ ഒരു കത്തിയെടുത്ത് തന്‍റെ കൈ മുറിച്ചുകളഞ്ഞു. തന്മൂലം ചോര വാർന്നുപോവുകയും മരണം സംഭവിക്കുന്നത് വരെ അത് നിലക്കാതിരിക്കുകയും ചെയ്തു.

 അപ്പോൾ അല്ലാഹു കൽപ്പിച്ചു: "എന്‍റെ അടിമ തന്‍റെ ജീവന്‍റെ കാര്യത്തിൽ എന്നേക്കാൾ ധൃതികൂട്ടി, അതിനാൽ ഞാൻ അവന്‍റെ മേൽ സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു."

 ഇത് മരണത്തിന് ധൃതികൂട്ടിയതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ്. കാരണം, ഒരാൾ സ്വയം ജീവനൊടുക്കുന്നത് വഴി അയാൾക്ക് അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച ആയുസ്സിനേക്കാൾ വേഗത്തിൽ മരിക്കാൻ സാധിക്കുകയില്ല; എങ്കിലും ബാഹ്യമായി അങ്ങനെ തോന്നിക്കുന്നത് കൊണ്ടാണ് 'ധൃതികൂട്ടി' എന്ന് പ്രയോഗിച്ചത്. അവൻ ഈ ശിക്ഷക്ക് അർഹനായത്, അവന്‍റെ ആയുസ്സ് എപ്പോൾ അവസാനിക്കുമെന്ന് അല്ലാഹു അവന് വെളിപ്പെടുത്തി കൊടുത്തിട്ടുണ്ടായിരുന്നില്ല എന്നതിനാലാണ്. എന്നിട്ടും അവൻ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചു. അല്ലാഹുവിനോടുള്ള ഈ അനുസരണക്കേട് കാരണമാണ് അവൻ ശിക്ഷക്ക് അർഹനായത്.

 "ഞാൻ അവന്‍റെ മേൽ സ്വർഗ്ഗം ഹറാമാക്കിയിരിക്കുന്നു" എന്ന പ്രസ്താവനയുടെ അർത്ഥത്തെക്കുറിച്ച് (പണ്ഡിതന്മാർക്കിടയിൽ) പല അഭിപ്രായങ്ങൾ പറയപ്പെട്ടിട്ടുണ്ട്:

  1. സ്വയം ജീവനൊടുക്കുക എന്ന ആ പ്രവർത്തിയെ അവൻ (ഹലാലായ ഒന്നായി) അനുവദനീയമാക്കി കണ്ടിരുന്നു, തന്മൂലം അവൻ കാഫിറായി (അവിശ്വാസിയായി) മാറി.

  2. അവൻ അടിസ്ഥാനപരമായിത്തന്നെ ഒരു കാഫിർ (അവിശ്വാസി) ആയിരുന്നു. അവന്‍റെ കുഫ്റിന് പുറമെ ഈ പാപം കൂടി ചെയ്തത് വഴി അവന് ശിക്ഷ വർദ്ധിപ്പിക്കപ്പെടുകയാണുണ്ടായത്.

  3. സ്വർഗ്ഗം ആദ്യഘട്ടത്തിൽ അവന് വിലക്കപ്പെട്ടു എന്നാണ് ഇതിന്‍റെ അർത്ഥം. അതായത്, മുൻകടന്നുപോയ സജ്ജനങ്ങളോടൊപ്പം ആദ്യമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് അവന് തടയപ്പെട്ടു, അല്ലെങ്കിൽ തൗഹീദുള്ള പാപികൾ നരകത്തിൽ ശിക്ഷിക്കപ്പെട്ട് പിന്നീട് പുറത്തുവരുന്നതുവരെയുള്ള ഒരു പ്രത്യേക കാലയളവിലേക്ക് അവന് സ്വർഗ്ഗം നിഷിദ്ധമാക്കപ്പെട്ടു.

  ആത്മഹത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. അത് അവന് കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
 
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സ്വന്തം ജീവനാകട്ടെ മറ്റുള്ളവരുടെ ജീവനാകട്ടെ, അതിനെ ഇല്ലാതാക്കൽ (കൊലപ്പെടുത്തൽ) കടുത്ത ഹറാമാണ്.

2- അല്ലാഹു നിശ്ചയിച്ചിട്ടുള്ള അവകാശങ്ങളും പരിധികളും കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഇതിലുണ്ട്.

3- അല്ലാഹുവിന് തന്‍റെ സൃഷ്ടികളോടുള്ള വലിയ കാരുണ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്; കാരണം അവൻ സ്വന്തം ജീവനൊടുക്കുന്നത് അവർക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. തീർച്ചയായും മനുഷ്യശരീരങ്ങളും ജീവനുകളും അല്ലാഹുവിന്‍റെ മാത്രം ഉടമസ്ഥതയിലുള്ളതാണ്.

4- നന്മയും ഗുണപാഠവും അടങ്ങിയിട്ടുള്ള മുൻകാല സമൂഹങ്ങളുടെ ചരിത്രങ്ങൾ ജനങ്ങളോട് വിവരിക്കുന്നത് അനുയോജ്യമായ കാര്യമാണ്.

5- വിപത്തുകളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ ക്ഷമ കൈക്കൊള്ളുന്നതിന്‍റെ ശ്രേഷ്ഠത ഇതിൽ വ്യക്തമാകുന്നു.

6- ശാരീരിക വേദനകളിലും പ്രയാസങ്ങളിലും ആകുലപ്പെടുകയോ അക്ഷമ കാണിക്കുകയോ ചെയ്യരുത്. കാരണം അത് അതിനേക്കാൾ കഠിനമായ മറ്റൊരു വിപത്തിലേക്ക് നയിച്ചേക്കാം.

7- മരണത്തിലേക്കോ ആത്മഹത്യയിലേക്കോ നയിക്കുന്ന സാഹചര്യങ്ങളും കാരണങ്ങളും ഉണ്ടാക്കുന്നതിൽ നിന്നും, അതിലേക്ക് ചെന്നെത്തിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഉള്ള വിലക്കും ഇതിലുണ്ട്.


611 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 351 دروس الحديث - സ്വയം പ്രതിരോധവും ഇസ്‌ലാമിക വിധിയും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


സ്വയം പ്രതിരോധവും 

ഇസ്‌ലാമിക വിധിയും 

351 - عَنْ عِمْرَانَ بْنِ حُصَيْنٍ رضي الله عنه (أَنَّ رَجُلاً عَضَّ يَدَ رَجُلٍ، فَنَزَعَ يَدَهُ مِنْ فِيهِ، فَوَقَعَتْ ثَنِيَّتُهُ، فَاخْتَصَمَا إلَى النَّبِيِّ صلى الله عليه وسلم فَقَالَ: يَعَضُّ أَحَدُكُمْ أَخَاهُ كَمَا يَعَضُّ الْفَحْلُ، لا دِيَةَ لَك).

ഇംറാനു ബ്നുല്‍ ഹുസ്വൈൻ رضي الله عنه നിവേദനം: "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്‍റെ കൈയിൽ കടിച്ചു. അപ്പോൾ (കടിയേറ്റയാൾ) തന്‍റെ കൈ അവന്‍റെ വായിൽ നിന്ന് ശക്തിയായി വലിച്ച് ഊരി. അപ്പോൾ അവന്‍റെ (കടിച്ചയാളുടെ) മുൻപല്ല് തെറിച്ചുപോയി. തുടർന്ന് അവർ രണ്ടുപേരും തർക്കപരിഹാരത്തിനായി നബി صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'ഒരു ഒട്ടകം കടിക്കുന്നത് പോലെ നിങ്ങളിലൊരാൾ തന്‍റെ സഹോദരനെ കടിക്കുകയോ? നിനക്ക് യാതൊരു ദിയയുമില്ല (നിന്‍റെ പല്ലിന് നഷ്ടപരിഹാരമില്ല).'"

വിവരണം

 ഒരു മനുഷ്യൻ മറ്റൊരാളെ അക്രമിക്കുകയും അയാളുടെ കൈയിൽ കടിക്കുകയും ചെയ്തു. അപ്പോൾ കടിയേറ്റയാൾ കടിച്ചവന്‍റെ വായിൽ നിന്ന് തന്‍റെ കൈ ശക്തിയായി വലിച്ച് ഊരി. ഈ പ്രക്രിയയിൽ കടിച്ചയാളുടെ രണ്ട് മുൻപല്ലുകൾ കൊഴിഞ്ഞുപോയി. തുടർന്ന് അവർ രണ്ടുപേരും തർക്കപരിഹാരത്തിനായി നബി صلى الله عليه وسلم യുടെ അടുക്കലേക്ക് പോയി.

 കടിച്ചയാൾ കൊഴിഞ്ഞുപോയ തന്‍റെ രണ്ട് മുൻപല്ലുകൾക്ക് നഷ്ടപരിഹാരം (ദിയ) ആവശ്യപ്പെട്ടപ്പോൾ, കടിയേറ്റയാൾ തന്‍റെ കൈയെ അയാളുടെ പല്ലുകളിൽ നിന്ന് രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് പറഞ്ഞ് സ്വയം പ്രതിരോധിച്ചു. അപ്പോൾ പരാതിക്കാരനായ കടിച്ചയാളെ നബി صلى الله عليه وسلم ശക്തമായി ശകാരിച്ചു; മൃഗങ്ങൾ ചെയ്യുന്നതുപോലെയുള്ള ഇത്തരം ക്രൂരതകൾ അവൻ എങ്ങനെയാണ് ചെയ്യുന്നത്? അവിടുന്ന് ചോദിച്ചു: "നിങ്ങളിലൊരാൾ ഒട്ടകത്തെ പോലെ തന്‍റെ സഹോദരനെ കടിക്കുകയോ, എന്നിട്ട് അതിന് ശേഷം അക്രമം കാണിച്ച തന്‍റെ പല്ലുകൾക്ക് നഷ്ടപരിഹാരം ചോദിച്ച് വരികയോ?"

 തുടർന്ന് അവിടുന്ന് വിധി പ്രസ്താവിച്ചു: ഇതിന് "നിനക്ക് യാതൊരു നഷ്ടപരിഹാരവുമില്ല."

 ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: "ഭൂരിപക്ഷം പണ്ഡിതന്മാരും ഈ സംഭവത്തിന്‍റെ ബാഹ്യാർത്ഥത്തെ പ്രമാണമാക്കിക്കൊണ്ട് ഇങ്ങനെ വിധിച്ചിരിക്കുന്നു: കടിയേറ്റ വ്യക്തിയുടെ മേൽ പ്രതികാര നടപടിയോ നഷ്ടപരിഹാരമോ (ദിയ) നിർബന്ധമില്ല. കാരണം കടിച്ചവൻ ഒരു അക്രമകാരിയുടെ പദവിയിലാണ്. ഒരാൾ മറ്റൊരാളെ കൊല്ലാനായി വാളൂരി വന്നാൽ, അപരൻ സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആ വാളൂരി വന്നവനെ കൊലപ്പെടുത്തിയാൽ അവന്‍റെ മേൽ യാതൊരു കുറ്റവുമില്ലെന്ന പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തെയും അവർ ഇതിന് തെളിവായി സ്വീകരിക്കുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. തന്‍റെ കൈ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കടിച്ചവന്‍റെ പല്ല് പോയതിന് കടിയേറ്റയാൾ ഉത്തരവാദിയല്ല.

 പണ്ഡിതന്മാർ പറയുന്നു: കടിയേറ്റയാൾ കടിച്ചവനെ മറ്റൊരു ശരീരഭാഗത്ത് പരുക്കേൽപ്പിച്ചാൽ പോലും അയാൾക്കൊന്നും ബാധ്യതയാകില്ല. എന്നാൽ അക്രമകാരിയുടെ അവകാശം ഇല്ലാതാകണമെങ്കിൽ (അതായത് പല്ല് പോയതിന് നഷ്ടപരിഹാരം നൽകാതിരിക്കണമെങ്കിൽ) ചില നിബന്ധനകളുണ്ട്; കടിയേറ്റയാൾക്ക് വേദന അനുഭവപ്പെട്ടിട്ടുണ്ടാകണം, കൂടാതെ കടിച്ചവന്‍റെ കവിളത്തോ താടിയെല്ലിലോ അടിച്ച് വായ തുറപ്പിക്കുന്നത് പോലുള്ള മറ്റ് ലളിതമായ മാർഗ്ഗങ്ങളിലൂടെ കൈ മോചിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുമായിരിക്കണം. കൂടുതൽ ലളിതമായ മാർഗ്ഗത്തിലൂടെ കൈ മോചിപ്പിക്കാൻ സാധിക്കുമായിരുന്നിട്ടും, അത് ചെയ്യാതെ മനഃപൂർവ്വം കഠിനമായ മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ കടിച്ചവന്‍റെ പല്ലിന്‍റെ നഷ്ടപരിഹാരം ഇല്ലാതാവുകയില്ല (അതിന് പിഴ നൽകേണ്ടി വരും). (ഫത്ഹുല്‍ ബാരി 12/221)

 ഒരാൾക്ക് കോപം ഉണ്ടായാൽ അത് പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കണം. കാരണം കോപം കാരണമാണ് ഇവിടെ കോപിച്ചവന്‍റെ മുൻപല്ല് കൊഴിഞ്ഞുപോയത്. കോപത്തിന് അടിപ്പെടാതിരുന്നെങ്കിൽ അയാൾക്ക് ഈ നാശം സംഭവിക്കുമായിരുന്നില്ല. 

ഹാഫിള് ഇബ്നു ഹജർ رحمه الله പറയുന്നു: (ഈ സംഭവത്തിൽ യഅ്‌ലാ رضي الله عنه തന്‍റെ കൂലിക്കാരനോട് കോപിക്കുകയും അയാളെ അടിക്കുകയും ചെയ്തു. അപ്പോൾ കൂലിക്കാരൻ സ്വയം പ്രതിരോധിച്ചപ്പോൾ യഅ്‌ലാ അയാളെ കടിച്ചു. കൂലിക്കാരൻ കൈ വലിച്ച് ഊരിയപ്പോൾ കടിച്ച യഅ്‌ലായുടെ മുൻപല്ല് കൊഴിഞ്ഞുപോയി). ഈ സംഭവത്തിന്‍റെ വ്യക്തമായ രൂപം സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം. യഅ്‌ലാ رضي الله عنه പറഞ്ഞു: "എനിക്ക് ഒരു ജോലിക്കാരൻ ഉണ്ടായിരുന്നു. അവൻ ഒരാളുമായി വഴക്കിട്ടു. അപ്പോൾ അവരിലൊരാൾ മറ്റേയാളുടെ കൈയിൽ കടിച്ചു." (ഹദീസ് നിവേദകനായ) അത്വാഅ് പറഞ്ഞു: "അവരിൽ ആരാണ് മറ്റേയാളെ കടിച്ചതെന്ന് സ്വഫ്‌വാൻ എന്നോട് കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു, പക്ഷേ ഞാനത് മറന്നുപോയി." യഅ്‌ലാ رضي الله عنه തുടരുന്നു: "അപ്പോൾ കടിയേറ്റയാൾ കടിച്ചവന്‍റെ വായിൽ നിന്ന് തന്‍റെ കൈ ശക്തിയായി വലിച്ച് ഊരി. ആ വലിച്ച ഊരലിൽ കടിച്ചവന്‍റെ മുൻപല്ലുകളിൽ ഒന്ന് കൊഴിഞ്ഞുപോന്നു. തുടർന്ന് അവർ രണ്ടുപേരും നബി صلى الله عليه وسلم യുടെ അടുക്കൽ വന്നു. അപ്പോൾ അവിടുന്ന് ആ പല്ലിന്‍റെ നഷ്ടപരിഹാരം ഇല്ലാതാക്കി (അതിന് പിഴയില്ലെന്ന് വിധിച്ച് തള്ളി)." 

  അത്വാഅ് പറഞ്ഞു: "നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞതായാണ് എന്‍റെ ഓർമ്മ: 'ഒരു കുതിരയോ ഒട്ടകമോ ചവച്ചരക്കുന്നത് പോലെ നിന്‍റെ വായിൽ കിടന്ന് ചവച്ചരക്കാൻ അവൻ തന്‍റെ കൈ നിന്‍റെ വായിൽ തന്നെ ഇട്ടേച്ചു തരണമെന്നാണോ നീ വിചാരിച്ചത്?!'" (സ്വഹീഹുല്‍ ബുഖാരി: 4417)

  ഈ സംഭവത്തില്‍ ജോലിക്കാരനുമായി വഴക്കിട്ടത് യഅ്‌ലാ رضي الله عنه ആണ്. എന്നാല്‍ അദ്ദേഹം ഹദീസില്‍ പറഞ്ഞിരിക്കുന്നത് ഒരു മനുഷ്യന്‍ എന്നാണ്.  ഒരാൾക്ക് താൻ ലജ്ജിക്കുന്നതോ അഭിമാനക്ഷതമുണ്ടാക്കുന്നതോ ആയ ഒരു സംഭവം വിവരിക്കേണ്ടി വരുമ്പോൾ, അത് താനാണ് ചെയ്തതെന്ന് നേരിട്ട് പറയാതെ 'ഒരാൾ അല്ലെങ്കിൽ ഒരു മനുഷ്യൻ അങ്ങനെ ചെയ്തു' എന്ന് പരോക്ഷമായി പറയാവുന്നതാണ്. ഈ സംഭവത്തിൽ യഅ്‌ലാ യഅ്‌ലാ رضي الله عنه സ്വന്തം പേര് പറയാതെയാണ് സംസാരിച്ചത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- കുറ്റകൃത്യങ്ങളും തർക്കങ്ങളും തീർപ്പു കൽപ്പിക്കുന്നതിനായി  ഭരണാധികാരിയുടെയോ ന്യായാധിപന്‍റെയോ അടുക്കലേക്ക് കൊണ്ടുപോകണം.വ്യക്തികൾ സ്വയം പ്രതികാരം ചെയ്യാൻ പാടില്ല.

2- ഒരാൾ മറ്റൊരാളുടെ കൈയിൽ കടിക്കുകയും, അപ്പോൾ കടിയേറ്റയാൾ കൈ വലിച്ച് ഊരുന്നതിനിടയിൽ കടിച്ചയാളുടെ പല്ലുകളോ അതിൽ ചിലതോ കൊഴിഞ്ഞുപോവുകയോ ചെയ്താൽ, അതിന് കടിയേറ്റയാളുടെ മേൽ പ്രതികാര നടപടിയോ നഷ്ടപരിഹാരമോ (ദിയ) ഉണ്ടാകുന്നതല്ല. ഇത് സ്വയം പ്രതിരോധമായാണ് കണക്കാക്കുക. 


3- മനുഷ്യനോ മൃഗങ്ങളോ ഒരാളെ ആക്രമിക്കാൻ വരുമ്പോൾ, സ്വന്തം ജീവനോ, മാനത്തിനോ, കുടുംബത്തിനോ, സ്വത്തിനോ വേണ്ടി സ്വയം പ്രതിരോധിക്കുകയും, ആ പ്രതിരോധത്തിനിടയിൽ അക്രമകാരിക്ക് പരുക്കേൽക്കുകയോ അവൻ കൊല്ലപ്പെടുകയോ ചെയ്താൽ പ്രതിരോധിച്ചയാളുടെ മേൽ യാതൊരു കുറ്റമോ പിഴയോ ഇല്ല എന്ന പൊതുനിയമത്തിന് ഈ ഹദീസ് തെളിവാണ്. കാരണം, സംരക്ഷിക്കാൻ തനിക്ക് ബാധ്യതയുള്ളതിനെയാണ് അയാൾ പ്രതിരോധിച്ചത്. 

4- പണ്ഡിതന്മാർ ഈ ഹദീസിന്‍റെയും ഇതിന് സമാനമായ മറ്റ് പ്രമാണങ്ങളുടെയും വിധി നിബന്ധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതായത്, അക്രമകാരിയെ തടയാൻ സാധിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗത്തിൽ തുടങ്ങി, ഘട്ടം ഘട്ടമായി മാത്രമേ പ്രതിരോധത്തിന്‍റെ തീവ്രത കൂട്ടാവൂ (ലളിതമായ മാർഗ്ഗത്തിലൂടെ അക്രമം തടയാൻ കഴിയുമെങ്കിൽ അതിലൂടെ മാത്രമേ പ്രതിരോധിക്കാവൂ).

5- മനുഷ്യന്‍റെ ഇത്തരം മോശം പ്രവർത്തികളെ മൃഗങ്ങളുടെ പ്രവർത്തികളോട് ഉപമിച്ചത്, ആ പ്രവൃത്തിയോട് ജനങ്ങൾക്ക് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാൻ വേണ്ടിയാണ്.

6- അക്രമകാരിയുടെ അക്രമത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അവന്‍റെ ജീവനോ അവയവങ്ങൾക്കോ കേടുപാടുകൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെങ്കിൽ, അത് ചെയ്യുന്നത് മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പിഴയില്ല. (ഇതിൽ പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും വിശദീകരണങ്ങളുമുണ്ട്.)




Friday, 26 June 2026

610 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 350 دروس الحديث - മനപ്പൂര്‍വ്വമാല്ലാത്ത കൊലപാതകവും അതിനുള്ള നഷ്ടപരിഹാരവും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


മനപ്പൂര്‍വ്വമാല്ലാത്ത കൊലപാതകവും അതിനുള്ള നഷ്ടപരിഹാരവും  

350 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: (اقْتَتَلَتْ امْرَأَتَانِ مِنْ هُذَيْلٍ. فَرَمَتْ إحْدَاهُمَا الأُخْرَى بِحَجَرٍ، فَقَتَلَتْهَا وَمَا فِي بَطْنِهَا فَاخْتَصَمُوا إلَى النَّبِيِّ صلى الله عليه وسلم فَقَضَى رَسُولُ اللَّهِ صلى الله عليه وسلم: أَنَّ دِيَةَ جَنِينِهَا غُرَّةٌ - عَبْدٌ، أَوْ وَلِيدَةٌ - وَقَضَى بِدِيَةِ الْمَرْأَةِ عَلَى عَاقِلَتِهَا، وَوَرَّثَهَا وَلَدَهَا وَمَنْ مَعَهُمْ، فَقَامَ حَمَلُ بْنُ النَّابِغَةِ الْهُذَلِيُّ، فَقَالَ: يَا رَسُولَ اللَّهِ، كَيْفَ أَغْرَمُ مَنْ لاشَرِبَ وَلا أَكَلَ، وَلا نَطَقَ وَلا اسْتَهَلَّ، فَمِثْلُ ذَلِكَ يُطَلُّ؟ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: إنَّمَا هُوَ مِنْ إخْوَانِ الْكُهَّانِ) مِنْ أَجْلِ سَجْعِهِ الَّذِي سَجَعَ.

അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: "ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കിട്ടു. അതിലൊരാൾ മറ്റേയാൾക്ക് നേരെ കല്ലെറിഞ്ഞു. അത് അവരെയും അവരുടെ ഗർഭസ്ഥ ശിശുവിനെയും കൊലപ്പെടുത്തി. തുടർന്ന് അവർ ഈ വിഷയം നബി صلى الله عليه وسلم യുടെ അടുക്കലേക്ക് തർക്കപരിഹാരത്തിനായി കൊണ്ടുവന്നു. അപ്പോൾ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വിധി പ്രസ്താവിച്ചു: അവളുടെ ഗർഭസ്ഥ ശിശുവിന്‍റെ നഷ്ടപരിഹാരം (ദിയ) ഒരു 'غُرَّةٌ' (ഒരു അടിമയോ അല്ലെങ്കിൽ അടിമസ്ത്രീയോ) ആണ്. വധിക്കപ്പെട്ട സ്ത്രീയുടെ നഷ്ടപരിഹാരം (ദിയ) കുറ്റക്കാരിയായ സ്ത്രീയുടെ പിതൃവഴിയുള്ള ബന്ധുക്കൾ ('عَاقِلَة') നൽകണമെന്നും അവിടുന്ന് വിധിച്ചു. വധിക്കപ്പെട്ട സ്ത്രീയുടെ അനന്തരാവകാശം അവളുടെ മക്കൾക്കും അവരുടെ കൂടെയുള്ളവർക്കുമായി നിശ്ചയിച്ചു നൽകുകയും ചെയ്തു. 

 അപ്പോൾ ഹമലുബ്നുന്നാബിഗ അൽഹുദലീ എഴുന്നേറ്റു നിന്ന് ചോദിച്ചു: 'അല്ലാഹുവിന്‍റെ റസൂലേ, കുടിക്കുകയോ തിന്നുകയോ ചെയ്യാത്ത, സംസാരിക്കുകയോ പ്രസവസമയത്ത് ശബ്ദമുണ്ടാക്കുകയോ ചെയ്യാത്തതിന് ഞാൻ എങ്ങനെയാണ് നഷ്ടപരിഹാരം നൽകുക? അങ്ങനെയുള്ളത് വെറുതെ വിടേണ്ടതല്ലേ (അതിന് നഷ്ടപരിഹാരം ഇല്ലാതാക്കുകയല്ലേ വേണ്ടത്)?' അപ്പോൾ റസൂൽ صلى الله عليه وسلم പറഞ്ഞു: 'ഇവൻ ജ്യോത്സ്യന്മാരുടെ സഹോദരന്മാരിൽ പെട്ടവൻ മാത്രമാണ്.' അദ്ദേഹം പ്രാവർത്തികമാക്കിയ ആ പ്രാസമുള്ള സംസാരം കാരണമാണ് നബി صلى الله عليه وسلم അങ്ങനെ പറഞ്ഞത്."

  • عاقِلَتها: നഷ്ടപരിഹാരം (ദിയ) നൽകാൻ ബാധ്യസ്ഥരായ ബന്ധുക്കളാണ് 'عاقِلَة'.

  • ولااستَهَلَ: 'ഇസ്തിഹ്ലാൽ' എന്നാൽ (കുട്ടി ജനിക്കുന്ന സമയത്ത്) ശബ്ദം ഉയർത്തുക (കരയുക) എന്നാണ് അർത്ഥം. ഇവിടെ ഉദ്ദേശിക്കുന്നത് കുട്ടി ജീവനോടെ ജനിച്ചതിന് തെളിവായി ശബ്ദമുണ്ടാക്കിയില്ല എന്നതാണ്.

  • يُطَلُّ: നഷ്ടപ്പെട്ടുപോവുക, റദ്ദാക്കപ്പെടുക (അതായത്, നഷ്ടപരിഹാരം നൽകാതെ വെറുതെ വിടുക).

  • السَجْع: വാചകങ്ങളുടെ അവസാന ഭാഗങ്ങൾ ഒരേ പ്രാസത്തിൽ (Rhyming) അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുന്ന രീതിക്കാണ് 'സജ്അ്' എന്ന് പറയുന്നത്.

വിവരണം

 അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്ന ഈ ഹദീസിൽ ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കിട്ട സംഭവം വിവരിക്കുന്നു. അതിൽ ഒരാൾ -അതായത് ഉമ്മു അഫീഫ് ബിൻത് മസ്റൂഹ്- മറ്റേയാളുടെ -അതായത് മുലൈക ബിൻത് ഉവൈമിറിന്‍റെ- നേരെ സാധാരണ ഗതിയിൽ മരണം സംഭവിക്കാനിടയില്ലാത്ത ഒരു കല്ലെറിഞ്ഞു. അത് ഗർഭിണിയായിരുന്ന അവളുടെ വയറ്റിൽ കൊള്ളുകയും, തന്മൂലം അവരും അവരുടെ വയറ്റിലുണ്ടായിരുന്ന ഗർഭസ്ഥ ശിശുവും മരണപ്പെട്ടു.

 തുടർന്ന് അവർ ഈ വിഷയം തർക്കപരിഹാരത്തിനായി നബി صلى الله عليه وسلم യുടെ അടുക്കലേക്ക് കൊണ്ടുവന്നു. അപ്പോൾ കുറ്റക്കാരിയായ സ്ത്രീയുടെമേൽ, ഗർഭം അലസാൻ കാരണമായതിന് ശിശുവിന്‍റെ നഷ്ടപരിഹാരമായി (ദിയ) ഒരു 'غُرَّةٌ' -ഒരു അടിമയോ അല്ലെങ്കിൽ അടിമസ്ത്രീയോ- നൽകാൻ അവിടുന്ന് വിധി പ്രസ്താവിച്ചു. 

  അതോടൊപ്പം ഈ നഷ്ടപരിഹാര തുക (ദിയ) വധിക്കപ്പെട്ട സ്ത്രീയുടെ മരണശേഷമുള്ള അവളുടെ അനന്തരാവകാശ സ്വത്തായതിനാൽ, അവളുടെ മക്കള്‍ക്കും അവരുടെ കൂടെയുള്ള മറ്റ് അനന്തരാവകാശികള്‍ക്കും ഉള്ളതാണെന്നും അറിയിക്കപ്പെട്ടു. 

 ഇത് കേട്ടപ്പോൾ കുറ്റക്കാരിയായ സ്ത്രീയുടെ ഭർത്താവ് (മറ്റ് ചില രിവായത്തുകളിൽ അവരുടെ പിതാവോ അല്ലെങ്കിൽ പിതൃവ്യനോ ആണെന്നും വന്നിട്ടുണ്ട്) -അദ്ദേഹം സ്വഹാബിയായ ഹമലു ബിൻ മാലിക് ബിൻ അന്നാബിഗ അൽഹുദലീ رضي الله عنه ആണ്- ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, കുടിക്കുകയോ തിന്നുകയോ ചെയ്യാത്ത, സംസാരിക്കുകയോ പ്രസവസമയത്ത് ശബ്ദമുണ്ടാക്കി കരയുകയോ ചെയ്യാത്ത ഒന്നിന് ഞാൻ എങ്ങനെയാണ് പിഴ നൽകുക?" അതായത്, പ്രസവിക്കപ്പെടുകയോ ഈ ദുന്‍യാവിലെ ജീവിതം കാണുകയോ ചെയ്യാത്ത ഒരു കുട്ടിക്ക് ഞങ്ങൾ എങ്ങനെയാണ് നഷ്ടപരിഹാരം നൽകുക എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. തുടർന്ന് അദ്ദേഹം പറഞ്ഞു: "അങ്ങനെയുള്ളത് വെറുതെ വിടേണ്ടതല്ലേ (അതിന് നഷ്ടപരിഹാരം ഇല്ലാതാക്കുകയല്ലേ വേണ്ടത്)?"

 അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "ഇവൻ ജ്യോത്സ്യന്മാരുടെ സഹോദരന്മാരിൽ പെട്ടവൻ മാത്രമാണ്."

 സത്യത്തെ നിഷേധിക്കാനും അസത്യത്തെ സ്ഥാപിക്കാനും വേണ്ടി ജ്യോത്സ്യന്മാർ തങ്ങളുടെ സംസാരം പ്രാസഭംഗി വരുത്തി അലങ്കരിക്കാറുള്ളതുപോലെ ഇദ്ദേഹവും സംസാരിച്ചതുകൊണ്ടാണ് നബി صلى الله عليه وسلم അങ്ങനെ ഉപമിച്ചത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-  ഈ ഹദീസ് ഇസ്‌ലാമിക നിയമത്തിലെ മൂന്നാമത്തെ തരം കൊലപാതകമായ കൊല്ലണമെന്ന പൂർണ്ണ ഉദ്ദേശമില്ലാതെയുള്ള വധം എന്നതിനുള്ള അടിസ്ഥാന രേഖയാണ്. സാധാരണ ഗതിയിൽ മരണം സംഭവിക്കാനിടയില്ലാത്ത ചെറിയ കല്ല്, ചെറിയ വടി തുടങ്ങിയവ ഉപയോഗിച്ച് ഒരാളെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുകയും, എന്നാൽ അത് മരണത്തിൽ കലാശിക്കുകയും ചെയ്യുന്നതിനെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം കൊലപാതകങ്ങളുടെ വിധി: കുറ്റക്കാരന് വധശിക്ഷ നൽകില്ല, പകരം കഠിനമായ നഷ്ടപരിഹാരം (ദിയ) ചുമത്തപ്പെടും.

2- അർദ്ധ കൊലപാതകം, അതുപോലെ അബദ്ധത്തിലുള്ള കൊലപാതകം എന്നിവയുടെ നഷ്ടപരിഹാര തുക (ദിയ) നൽകേണ്ടത് കുറ്റക്കാരന്‍റെ പിതൃവഴിയുള്ള പുരുഷ ബന്ധുക്കൾ ആണ്. അവർ അനന്തരാവകാശികൾ അല്ലെങ്കിൽ പോലും അടുത്തവരും അകന്നവരുമായ പിതൃവഴിയുള്ള മുഴുവൻ പുരുഷ ബന്ധുക്കളും ഇതിൽ ഉൾപ്പെടുന്നു.

3- ആക്രമണം കാരണം ഗർഭപാത്രത്തിൽ വെച്ച് മരണപ്പെടുകയും പിന്നീട് പുറത്തുവരികയും ചെയ്യുന്ന ശിശുവിന്‍റെ നഷ്ടപരിഹാരം (ദിയ) ഒരു ഒരു അടിമയോ അല്ലെങ്കിൽ അടിമസ്ത്രീയോ ആണ്. ഈ നഷ്ടപരിഹാരത്തിന്‍റെ മൂല്യം അഞ്ച് ഒട്ടകങ്ങൾക്ക് തുല്യമാണെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ നിശ്ചയിച്ചിട്ടുണ്ട്.

4- ഈ നഷ്ടപരിഹാര തുക (ദിയ) മരണപ്പെട്ട ശിശുവിന്‍റെ അനന്തരാവകാശികൾക്കുള്ള സ്വത്തായി (അനന്തരസ്വത്ത്) മാറുന്നതാണ്. കാരണം അത് ആ ജീവന് പകരമായി ലഭിച്ചതാണ്. ഇതിൽ ബന്ധുക്കൾക്ക് യാതൊരു അവകാശവുമില്ല.

5- കുറ്റകൃത്യങ്ങളും തർക്കങ്ങളും പരിഹാരത്തിനായി ഭരണാധികാരിയുടെയോ ന്യായാധിപന്‍റെയോ അടുക്കലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഏതൊരു സമൂഹത്തിലും ക്രമസമാധാനം നിലനിർത്താൻ തർക്കങ്ങൾ ഔദ്യോഗിക നിയമസംവിധാനത്തിന് വിടണമെന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

6- അവിശ്വാസികളുടെ വാചകങ്ങളോടും ശൈലികളോടും സാദൃശ്യം പുലർത്തുന്നതിനെ ഈ ഹദീസ് എതിർക്കുന്നു.

7- സത്യത്തെ പ്രതിരോധിക്കാനും എതിർക്കാനും വേണ്ടി കൃത്രിമമായി ഉണ്ടാക്കിപ്പറയുന്ന പ്രാസമുള്ള വാചകങ്ങൾ (സജ്അ്) ആക്ഷേപാർഹമാണ്. എന്നാൽ യാതൊരു കൃത്രിമത്വവുമില്ലാതെ സ്വാഭാവികമായി വരുന്ന പ്രാസമുള്ള സംസാരങ്ങൾ ഈ വിലക്കിൽ ഉൾപ്പെടുന്നില്ല.

8- ഇസ്‌ലാം മനുഷ്യജീവന് വലിയ വില കൽപ്പിക്കുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന, ദുന്‍യാവിലേക്ക് ജനിച്ചുവീണിട്ടില്ലാത്ത ഒരു ശിശുവിനെപ്പോലും ഒരു സ്വതന്ത്ര ജീവനായി മതം പരിഗണിക്കുന്നുണ്ട്. അതിന്മേൽ നടക്കുന്ന അതിക്രമങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം (അഞ്ച് ഒട്ടകങ്ങൾക്ക് തുല്യമായ തുക) നിശ്ചയിച്ചതിലൂടെ ഗർഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ഇസ്‌ലാം സംരക്ഷിക്കുന്നു.





Thursday, 25 June 2026

609 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 349 دروس الحديث - ഗര്‍ഭസ്ഥ ശിശുവിനെ അപായപ്പെടുത്തിയാല്‍ ഉള്ള പ്രതിക്രിയ

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


ഗര്‍ഭസ്ഥ ശിശുവിനെ അപായപ്പെടുത്തിയാല്‍ ഉള്ള പ്രതിക്രിയ 

349 - عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه أَنَّهُ اسْتَشَارَ النَّاسَ فِي إمْلاصِ الْمَرْأَةِ، فَقَالَ الْمُغِيرَةُ بْنُ شُعْبَةَ: (شَهِدْت النَّبِيَّ صلى الله عليه وسلم قَضَى فِيهِ بِغُرَّةٍ - عَبْدٍ أَوْ أَمَةٍ - فَقَالَ: لَتَأْتِيَنَّ بِمَنْ يَشْهَدُ مَعَك، فَشَهِدَ مَعَهُ مُحَمَّدُ بْنُ مَسْلَمَةَ)، إمْلاصُ الْمَرْأَةِ: أَنْ تُلْقيَ جنينَها مَيْتاً. أهـ

ഉമറു ബ്നുൽ ഖത്താബ് رضي الله عنه സ്ത്രീയുടെ ഗർഭഛിദ്രത്തെക്കുറിച്ച് (അല്ലെങ്കിൽ അകാലത്തിൽ പ്രസവിക്കുന്നതിനെക്കുറിച്ച്) ജനങ്ങളോട് കൂടിയാലോചിച്ചതായി നിവേദനം ചെയ്യുന്നു. അപ്പോൾ മുഗീറത്തു ബ്നു ശുഅ്ബ رضي الله عنه പറഞ്ഞു: "പ്രവാചകൻ صلى الله عليه وسلم ഇതിൽ ഒരു 'غُرَّة' (അതായത് ഒരു അടിമയെയോ അടിമസ്ത്രീയെയോ) നൽകാൻ വിധിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്." അപ്പോൾ ഉമർ رضي الله عنه പറഞ്ഞു: "നിന്നോടൊപ്പം സാക്ഷ്യം വഹിക്കുന്ന മറ്റൊരാളെക്കൂടി നീ കൊണ്ടുവരണം." അങ്ങനെ മുഹമ്മദു ബ്നു മസ്‌ലമ അദ്ദേഹത്തോടൊപ്പം സാക്ഷ്യം വഹിച്ചു. إمْلاصُ الْمَرْأَةِ എന്നാല്‍ ഒരു സ്ത്രീ തന്‍റെ ഗർഭസ്ഥ ശിശുവിനെ മരിച്ച നിലയിൽ പ്രസവിക്കുക എന്നാണ്. 

  • إمْلاصُ الْمَرْأَةِ : ഒരു സ്ത്രീ തന്‍റെ ഗർഭസ്ഥ ശിശുവിനെ മരിച്ച നിലയിൽ പ്രസവിക്കുക  (അല്ലെങ്കിൽ) ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ സമയമാകുന്നതിന് മുമ്പ് പ്രസവിക്കുക എന്നതാണ് ഇതിന്‍റെ അര്‍ഥം.

  • غُرَّةٍ : അടിമയോ അടിമസ്ത്രീയോ.

വിവരണം

അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ആയിരുന്നു സ്വഹാബികളുടെ ജീവിതത്തിൽ പുതുതായി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും സംഭവങ്ങളിലും അവരുടെ ആശ്രയം. അവർക്ക് അറിയാത്ത കാര്യങ്ങൾ അദ്ദേഹം അവരെ പഠിപ്പിക്കുകയും, അവർക്ക് അഭിപ്രായ വ്യതാസങ്ങള്‍ ഉണ്ടായ കാര്യങ്ങളിൽ അവർക്കിടയിൽ തീർപ്പുകൽപ്പിക്കുകയും, അല്ലാഹു റസൂല്‍ صلى الله عليه وسلم ക്ക് കാണിച്ചുകൊടുത്തതനുസരിച്ച് അവർക്കിടയിൽ വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

 ഈ ഹദീസിലൂടെ അബൂഹുറൈറ رضي الله عنه വിവരിക്കുന്നു: ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ തമ്മിൽ വഴക്കുണ്ടായി. അതിൽ ഒരാൾ (മസ്റൂഹിന്‍റെ മകൾ ഉമ്മു അഫീഫ്) മറ്റേ സ്ത്രീക്ക് നേരെ (ഉവൈമിറിന്‍റെ മകൾ മുലൈക) ഒരു കല്ലെടുത്തെറിഞ്ഞു. ആ കല്ല് ഗർഭിണിയായിരുന്ന അവരുടെ വയറ്റിൽ കൊള്ളുകയും, അങ്ങനെ ആ ഗർഭസ്ഥ ശിശു മരണപ്പെടുകയും ചെയ്തു. തുടർന്ന് അവർ ഈ വിഷയം തർക്കിക്കുകയും നബി صلى الله عليه وسلم യുടെ അടുക്കൽ വിധിതേടി വരികയും ചെയ്തു.

  അപ്പോൾ ആ കുറ്റക്കാരിയായ സ്ത്രീയുടെ മേൽ, അവർ ഗർഭം അലസിപ്പിക്കാൻ കാരണമായ ആ ശിശുവിന് പകരമായി ഒരു 'غُرَّةٍ ' (ഒരു അടിമയെയോ അടിമസ്ത്രീയെയോ) നഷ്ടപരിഹാരമായി (ദിയ) നൽകാൻ റസൂല്‍ صلى الله عليه وسلم വിധിച്ചു. 

 'غُرَّةٍ ' എന്ന വാക്കിന്‍റെ യഥാർത്ഥ അർത്ഥം മുഖത്തെ വെളുപ്പ് (അല്ലെങ്കിൽ തിളക്കം) എന്നാണ്, പിന്നീട് അത് മുഴുവൻ ശരീരത്തെയും ഉദ്ദേശിച്ച് ഉപയോഗിക്കാൻ തുടങ്ങി.

 ഇത് കേട്ടപ്പോൾ ആ സ്ത്രീയുടെ ഭർത്താവ് (സ്വഹാബിയായ ഹമൽ ബിൻ മാലിക് ബിൻ അന്നാബിഗ അൽഹുദലി رضي الله عنه ചോദിച്ചു: "അല്ലാഹുവിന്‍റെ റസൂലേ, കുടിക്കുകയോ തിന്നുകയോ ചെയ്യാത്ത, മിണ്ടുകയോ പ്രസവസമയത്ത് കരയുകയോ (ശബ്ദമുണ്ടാക്കുകയോ) ചെയ്യാത്ത ഒരാൾക്ക് വേണ്ടി ഞാൻ എങ്ങനെയാണ് പിഴ നൽകുക?! അതായത്, ജനിക്കുകയോ ജീവിതം കാണുകയോ ചെയ്യാത്ത ഒരാൾക്ക് വേണ്ടി ഞങ്ങൾ എങ്ങനെയാണ് നഷ്ടപരിഹാരം നൽകുക?!" തുടർന്ന് അദ്ദേഹം പറഞ്ഞു: "അങ്ങനെയുള്ളവരുടെ രക്തം വെറുതെ കളയേണ്ടതാണ് (അതിന് നഷ്ടപരിഹാരം നൽകേണ്ടതില്ല)."

 അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "ഇവൻ ജ്യോത്സ്യന്മാരുടെ സഹോദരന്മാരിൽ പെട്ടവൻ തന്നെയാണ്." തങ്ങളുടെ വാചകക്കസർത്തുകൾ കൊണ്ട് അസത്യത്തെ അലങ്കരിക്കുകയും, അതുവഴി സത്യത്തെ തള്ളിക്കളയുകയും അസത്യത്തെ സ്ഥാപിക്കുകയും ചെയ്യുന്ന ജ്യോത്സ്യന്മാരുടെ സംസാരരീതിയോട് ഇയാളുടെ സംസാരത്തിന് സാദൃശ്യമുള്ളതിനാലാണ് പ്രവാചകൻ അങ്ങനെ പറഞ്ഞത്. 

 ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും അദൃശ്യകാര്യങ്ങളും തങ്ങൾക്ക് അറിയാമെന്ന് വാദിക്കുന്നവരാണ് ജ്യോത്സ്യന്മാർ (കാഹിൻ). ജനങ്ങൾക്കിടയിൽ അസത്യം പ്രചരിപ്പിക്കുന്നതിനായി അവർ ഇത്തരം പ്രാസമുള്ള (താളത്തിലുള്ള) വാക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്.

 ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: ഒരാള്‍ ഗര്‍ഭിണിയുടെ വയറില്‍ അടിക്കുകയും, ആ അടി കാരണം കുഞ്ഞ് ഗർഭഛിദ്രം സംഭവിക്കുകയും ചെയ്താൽ, അതിന്മേൽ അയാൾ നഷ്ടപരിഹാരം (ദിയ) നൽകേണ്ടതുണ്ട്. അത് ഒരു അടിമയോ അടിമസ്ത്രീയോ ആയ 'غُرَّة' ആണ്; അതായത് അതിന്‍റെ മാതാവിന്‍റെ ദിയയുടെ പത്തിലൊന്നാണ് (അഥവാ അഞ്ച് ഒട്ടകങ്ങൾ). കാരണം, ഒരു സ്ത്രീയുടെ ദിയ എന്നത് അമ്പത് ഒട്ടകങ്ങളാണ്, ഇത് പുരുഷന്‍റെ ദിയയുടെ (നൂറ് ഒട്ടകങ്ങൾ) പകുതിയാണ്.

 ഇനി ഇതിന്‍റെ മൂല്യത്തിലേക്ക് നോക്കുകയാണെങ്കിൽ, നിലവിൽ അത് ഒരു ലക്ഷം (റിയാൽ) ആണെങ്കിൽ, മാതാവിന്‍റെ മൂല്യത്തിന്‍റെ പത്തിലൊന്നാണ് അയാൾ നൽകേണ്ടത്. അതായത് മാതാപിതാക്കൾ മാപ്പുനൽകിയിട്ടില്ലെങ്കിൽ അവർക്കായി (അവകാശികൾക്ക്) ഏകദേശം അയ്യായിരം (റിയാൽ) നൽകണം.

 കൂടാതെ, ഗർഭസ്ഥ ശിശുവിൽ ജീവൻ ഊതപ്പെട്ടിട്ടുണ്ടായിരുന്നെങ്കിൽ (നാല് മാസത്തിന് മുകളിലാണെങ്കിൽ) ആ ഗർഭം അലസിയതിന് അയാൾ പ്രായശ്ചിത്തവും (കഫ്ഫാറ) നൽകേണ്ടതുണ്ട്. അതിൽ ജീവൻ ഊതപ്പെട്ടിരുന്നതിനാൽ, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിച്ചുകൊണ്ട് അയാൾ പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അതിന് സാധിക്കാത്തപക്ഷം തുടർച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കണം; കാരണം ഇതൊരു കൊലപാതകമാണ്, ഇതിനെ 'شبه العمد' (അർദ്ധ-ആസൂത്രിത കൊലപാതകം) എന്ന് വിളിക്കുന്നു.

  എന്നാൽ, കുഞ്ഞിന് രൂപഘടന ആയിട്ടില്ലെങ്കിൽ (അതായത് നാല് മാസത്തിന് താഴെയാണെങ്കിൽ), അതിൽ പ്രായശ്ചിത്തം (കഫ്ഫാറ) നൽകേണ്ടതില്ല. മറിച്ച് ഒരു അടിമയോ അടിമസ്ത്രീയോ ആയ 'غُرَّة' (നഷ്ടപരിഹാരം) മാത്രം നൽകിയാൽ മതിയാകും. (official website)

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അതിക്രമം കാരണം ഗർഭസ്ഥ ശിശു മരിച്ച നിലയിലാണ് പുറത്തുവരുന്നതെങ്കിൽ, അതിനുള്ള നഷ്ടപരിഹാരം (ദിയ) ഒരു അടിമയോ അടിമസ്ത്രീയോ ആണ്. എന്നാൽ ജീവനോടെ പുറത്തുവരുകയും, അതിക്രമം കാരണം പിന്നീട് മരണപ്പെടുകയുമാണെങ്കിൽ അതിൽ പൂർണ്ണമായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.

2- സത്യവും ശരിയുമായ കാര്യങ്ങൾ കണ്ടെത്തുന്നതിനായി അറിവുള്ളവരുമായും ബുദ്ധിയുള്ളവരുമായും കൂടിയാലോചന നടത്തുക എന്നത് അനിവാര്യമാണ്.

3- വിഷയങ്ങളിൽ കാര്യങ്ങൾ ബോധ്യപ്പെടലും (വ്യക്തത വരുത്തലും) വാർത്തകളുടെ കൃത്യത ഉറപ്പുവരുത്താൻ ആവശ്യപ്പെടലും.

4- ചില പ്രത്യേക അറിവുകൾ വലിയ പണ്ഡിതന്മാർക്ക് (അല്ലെങ്കിൽ നേതാക്കൾക്ക്) അറിയാതെ പോവുകയും, അവരേക്കാൾ താഴെയുള്ളവർക്ക് അത് അറിയാൻ സാധിക്കുകയും ചെയ്യും എന്നതിനൊരു തെളിവ്.

5- വ്യക്തമായ പ്രമാണമുള്ള (ഖുർആൻ അല്ലെങ്കിൽ ഹദീസ്) കാര്യങ്ങളിൽ സ്വന്തം അഭിപ്രായപ്രകടനത്തിന് (ഇജ്തിഹാദ്) പ്രസക്തിയില്ല എന്നതിനുള്ള തെളിവ് ഈ ഹദീസിലുണ്ട്.

6- ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ട്, അതിനാൽ അതിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനെ അതിക്രമിക്കുന്നവർ ശിക്ഷിക്കപ്പെടേണ്ടതുമാണ്.




Tuesday, 23 June 2026

608 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 348 دروس الحديث - മക്കയില്‍ കൊലപാതകം പാടില്ല

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


മക്കയില്‍ കൊലപാതകം പാടില്ല 

348 - عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: (لَمَّا فَتَحَ اللَّهُ تَعَالَى عَلَى رَسُولِهِ صلى الله عليه وسلم مَكَّةَ قَتَلَتْ هُذَيْلٌ رَجُلاً مِنْ بَنِي لَيْثٍ بِقَتِيلٍ كَانَ لَهُمْ فِي الْجَاهِلِيَّةِ، فَقَامَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ: إنَّ اللَّهَ عَزَّ وَجَلَّ قَدْ حَبَسَ عَنْ مَكَّةَ الْفِيلَ، وَسَلَّطَ عَلَيْهَا رَسُولَهُ وَالْمُؤْمِنِينَ، وَإِنَّهَا لَمْ تَحِلَّ لأَحَدٍ كَانَ قَبْلِي، وَلا تَحِلُّ لأَحَدٍ بَعْدِي، وَإِنَّمَا أُحِلَّتْ لِي سَاعَةً مِنْ نَهَارٍ، وَإِنَّهَا سَاعَتِي هَذِهِ: حَرَامٌ، لا يُعْضَدُ شَجَرُهَا، وَلا يُخْتَلَى خَلاهَا، وَلا يُعْضَدُ شَوْكُهَا، وَلا تُلْتَقَطُ سَاقِطَتُهَا إلاَّ لِمُنْشِدٍ. وَمَنْ قُتِلَ لَهُ قَتِيلٌ: فَهُوَ بِخَيْرِ النَّظَرَيْنِ: إمَّا أَنْ يَقْتُلَ، وَإِمَّا أَنْ يُودِيَ، فَقَامَ رَجُلٌ مِنْ أَهْلِ الْيَمَنِ - يُقَالُ لَهُ: أَبُو شَاهٍ فَقَالَ: يَا رَسُولَ اللَّهِ، اُكْتُبُوا لِي فَقَالَ رَسُولُ اللَّهِ صلى الله عليه وسلم:  اُكْتُبُوا لأَبِي شَاهٍ، ثُمَّ قَامَ الْعَبَّاسُ فَقَالَ: يَا رَسُولَ اللَّهِ، إلاَّ الاَّذْخِرَ، فَإِنَّا نَجْعَلُهُ فِي بُيُوتِنَا وَقُبُورِنَا. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: إلاَّ الإِذْخِرَ) .

അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: (അല്ലാഹു തന്‍റെ റസൂല്‍ صلى الله عليه وسلم ക്ക് മക്ക വിജയം നൽകിയപ്പോൾ, ജാഹിലിയ്യത്ത് കാലത്ത് തങ്ങൾക്കുണ്ടായിരുന്ന ഒരു കൊലപാതകത്തിന് പ്രതികാരമായി ഹുദൈൽ ഗോത്രക്കാർ ബനൂ ലൈഥ് ഗോത്രത്തിലെ ഒരു മനുഷ്യനെ കൊലപ്പെടുത്തി. അപ്പോൾ റസൂല്‍ صلى الله عليه وسلم എഴുന്നേറ്റു നിന്ന് ഇപ്രകാരം പ്രഖ്യാപിച്ചു: "തീർച്ചയായും സർവ്വശക്തനും മഹത്വമുള്ളവനുമായ അല്ലാഹു മക്കയിൽ നിന്ന് ആനയെ തടഞ്ഞുനിർത്തുകയും, തന്‍റെ റസൂലിനും സത്യവിശ്വാസികൾക്കും അതിന്‍റെ മേൽ അധികാരം നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അത് എനിക്ക് മുമ്പുള്ള ഒരാൾക്കും അനുവദനീയമായിരുന്നിട്ടില്ല (അത് പവിത്രമാണ്, അതിന്‍റെ പവിത്രതക്ക് വിരുദ്ധമായ കാര്യങ്ങള്‍ അനുവദനീയമല്ല), എനിക്ക് ശേഷമുള്ള ഒരാൾക്കും അത് അനുവദനീയമാവുകയുമില്ല. എനിക്ക് തന്നെ പകലിന്‍റെ ഒരു ചെറിയ സമയത്തേക്ക് മാത്രമാണ് അത് (ശിക്ഷാനടപടി) അനുവദിക്കപ്പെട്ടത്. തീർച്ചയായും എന്‍റെ ഈ സമയത്ത് അത് പവിത്രമാണ് (ഹറാം); അതിലെ മരങ്ങൾ മുറിക്കപ്പെടാൻ പാടില്ല, അതിലെ പച്ചപ്പുല്ലുകൾ പറിച്ചെടുക്കാൻ പാടില്ല, അതിലെ മുള്ളുകൾ വെട്ടാൻ പാടില്ല, വഴിയിൽ വീണുകിടക്കുന്ന വസ്തുക്കൾ അത് ഉടമസ്ഥനെ അറിയിച്ചു കൊടുക്കുന്നതിന് (പരസ്യപ്പെടുത്തുന്നതിന്) അല്ലാതെ മറ്റാർക്കും എടുക്കാൻ പാടില്ല. ആരുടെയെങ്കിലും ആൾ കൊല്ലപ്പെട്ടാൽ, അയാൾക്ക് ഏറ്റവും നല്ല രണ്ട് കാര്യങ്ങളിൽ ഒന്നിൽ തീരുമാനമെടുക്കാം: ഒന്നുകിൽ (പ്രതികാരമായി) കൊലപ്പെടുത്താം, അല്ലെങ്കിൽ രക്തപ്പണം (ദിയ) വാങ്ങാം." അപ്പോൾ യമൻകാരിൽ പെട്ട അബൂ ഷാഹ് എന്ന് വിളിക്കപ്പെടുന്ന ഒരാൾ എഴുന്നേറ്റു നിന്ന് പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഇത് എനിക്ക് എഴുതിത്തന്നാലും." അപ്പോൾ റസൂല്‍  صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ അബൂ ഷാഹിന് ഇത് എഴുതിക്കൊടുക്കുക." പിന്നീട് അബ്ബാസ് رضي الله عنه എഴുന്നേറ്റു നിന്ന് പറഞ്ഞു: "അല്ലാഹുവിന്‍റെ റസൂലേ, ഇദ്ഖിർ എന്ന പുല്ല് ഒഴികെ; കാരണം ഞങ്ങൾ അത് ഞങ്ങളുടെ വീടുകളിലും ഖബറുകളിലും ഉപയോഗിക്കാറുണ്ട്." അപ്പോൾ റസൂല്‍ صلى الله عليه وسلم പറഞ്ഞു: "ഇദ്ഖിർ ഒഴികെ (അത് അനുവദനീയമാണ്)").

  • لا يُعْضَدُ: മുറിക്കപ്പെടാൻ പാടില്ല.

  • لا يُخْتَلَى خَلاها: ഖലാഅ് എന്നാൽ പച്ചപ്പുല്ല് എന്നാണ് അർത്ഥം; അതായത് അത് വെട്ടിമാറ്റാന്‍ പാടില്ല.

  • لِمُنْشِد: കളഞ്ഞുകിട്ടിയ വസ്തുവിനെക്കുറിച്ച് (ഉടമസ്ഥനെ കണ്ടെത്താൻ) പരസ്യപ്പെടുത്തുന്നവൻ.

  • بِخَيْرِ النَّظَرَيْنِ: രക്തപ്പണം (ദിയ) വാങ്ങുക അല്ലെങ്കിൽ പ്രതികാര ശിക്ഷ (ഖിസാസ്) നടപ്പാക്കുക എന്നിവയിൽ ഏറ്റവും നല്ലത് സ്വീകരിക്കുക.

  • أَنْ يُودِيَ: കൊലയാളിയോ അദ്ദേഹത്തിന്‍റെ ബന്ധുക്കളോ കൊല്ലപ്പെട്ടവന്‍റെ ബന്ധുക്കൾക്ക് രക്തപ്പണം നൽകുക എന്നത്.

  • الإِذخَر: സുഗന്ധമുള്ള ഒരുതരം പുല്ല്.


ഇദ്ഖിർ പുല്ല്




വിവരണം

 ജാഹിലിയ്യാ കാലത്ത് ജനങ്ങൾ പരസ്പരം വഴികേടുകളിലാണ് ജീവിച്ചിരുന്നത്. വിവിധ തരത്തിലുള്ള അക്രമങ്ങളും അന്യായമായ രക്തച്ചൊരിച്ചിലുകളും അവർ നിയമവിധേയമാക്കിയിരുന്നു. എന്നാൽ ഇസ്‌ലാം കടന്നുവരികയും എല്ലാത്തരം അക്രമങ്ങളെയും ഹറാമാക്കുകയും (നിരോധിക്കുകയും) അന്യായമായി രക്തം ചിന്തുന്നതിനെ ശക്തമായി വിലക്കുകയും ചെയ്തു.

  ഈ ഹദീസിലൂടെ അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: ഹിജ്റ എട്ടാം വർഷം മക്ക വിജയവർഷത്തിൽ, ജാഹിലിയ്യാ കാലത്ത് തങ്ങളിൽപ്പെട്ട ഒരാളെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഖുസാഅത്ത് ഗോത്രക്കാർ ബനൂ ലൈഥ് ഗോത്രത്തിലെ ഒരു മനുഷ്യനെ കൊലപ്പെടുത്തി. ഈ വിവരം നബി صلى الله عليه وسلم അറിഞ്ഞപ്പോൾ, അവിടുന്ന് തന്‍റെ ഒട്ടകപ്പുറത്തിരുന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നബി صلى الله عليه وسلم നബിയായി നിയോഗിക്കപ്പെടുന്നതിന് നാൽപത് വർഷം മുമ്പ്, അബിസീനിയക്കാരനായ അബ്‌റഹത്ത് കഅ്ബ പൊളിക്കാൻ ശ്രമിച്ച ദിവസം, അല്ലാഹു മക്കയിൽ വെച്ചുള്ള കൊലപാതകത്തെ അല്ലെങ്കിൽ ആനയെ തടഞ്ഞുനിർത്തിയ കാര്യം അവിടുന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുള്ള സംഭവിമാണിത്: {ആനക്കാരുടെ ആളുകളിൽ നിന്‍റെ രക്ഷിതാവ് എന്താണ് ചെയ്തതെന്ന് നീ കണ്ടില്ലേ?}. അവർ മക്കക്ക് സമീപമുള്ള താഴ്‌വരയിൽ എത്തിയപ്പോൾ അല്ലാഹു അവർക്ക് നേരെ കൂട്ടംകൂട്ടമായി പക്ഷികളെ അയക്കുകയും, ആ പക്ഷികൾ അവർക്ക് മേൽ കല്ലുകൾ വർഷിച്ച് അവരെ നശിപ്പിക്കുകയും ചെയ്തു.

മക്കയില്‍ വെച്ചുള്ള കൊലപാതകത്തിന്‍റെ പവിത്രതയും ഗൗരവവും വ്യക്തമാക്കാനാണ് നബ് صلى الله عليه وسلم തന്‍റെ പ്രസംഗത്തിൽ സ്വഹാബികൾക്ക് ആനക്കലാപത്തിന്‍റെ സംഭവം ഓർമ്മിപ്പിച്ചു കൊടുത്തത്. കാരണം, അക്കാലത്ത് മക്കയിലുണ്ടായിരുന്നവർ അവിശ്വാസികളായിരുന്നിട്ട് കൂടി അല്ലാഹു മക്കയെ സംരക്ഷിച്ചുവെങ്കിൽ, ഇസ്‌ലാമിന് ശേഷം അതിലെ നിവാസികളുടെ പവിത്രത എത്രയോ വലുതാണ്!

 എന്നാൽ അല്ലാഹു തന്‍റെ നബിക്കും സ്വഹാബികൾക്കും മക്കക്കാരുടെ മേൽ അധികാരം നൽകി. നബി صلى الله عليه وسلم തന്‍റെ അനുചരന്മാരോടൊപ്പം മക്ക കീഴടക്കാൻ പ്രവേശിച്ച ആ ഒരു നിശ്ചിത സമയത്ത് മാത്രമാണ് അവിടെ യുദ്ധം അനുവദനീയമാക്കപ്പെട്ടത്. പിന്നീട് അതിന്‍റെ പവിത്രത മുമ്പുണ്ടായിരുന്നതുപോലെ തന്നെ മടങ്ങിവന്നു. അവിടുത്തേക്ക് മുമ്പ് ഒരാൾക്കും അത് അനുവദനീയമായിരുന്നിട്ടില്ല, അവിടുത്തേക്ക് ശേഷം ഒരാൾക്കും അത് അനുവദനീയമാവുകയുമില്ല. കാരണം മക്കയുടെ പവിത്രത എന്നത് വളരെ പുരാതനമായ കാര്യവും മുൻകാല നിയമവുമാണ്. അത് നബി صلى الله عليه وسلم പുതുതായി ഉണ്ടാക്കിയതോ അവിടുത്തെ ശരീഅത്തിന് മാത്രം പ്രത്യേകതയുള്ളതോ ആയ ഒന്നല്ല. മക്ക വിജയത്തിന് ശേഷം അതിന്‍റെ പവിത്രത അതിലേക്ക് തന്നെ മടങ്ങിവന്നു.

 പിന്നീട് മക്കയിലെ വലിയ മരങ്ങളോ ചെറിയ മരങ്ങളോ അല്ലെങ്കിൽ പച്ചപ്പുല്ലുകളോ ആയ സസ്യങ്ങൾ ഒന്നും തന്നെ മുറിക്കാൻ പാടില്ലെന്ന് നബി صلى الله عليه وسلم വിലക്കി. എന്നാൽ ജനങ്ങളുടെ ആവശ്യാനുസരണം 'ഇദ്ഖിർ' എന്ന പുല്ലിനെ ഇതിൽ നിന്ന് ഒഴിവാക്കി. അത് പുല്ല് വർഗ്ഗത്തിൽ പെട്ട, വീതിയുള്ള ഇലകളുള്ള, നാരങ്ങയുടെ സുഗന്ധമുള്ള ഒരു സസ്യമാണ്. അതിന്‍റെ പൂക്കൾ ചായ പോലെ തിളപ്പിച്ചു കുടിക്കാൻ ഉപയോഗിക്കാറുണ്ട്. വിറകിന് പകരം തീ കത്തിക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്. ജനങ്ങൾ തങ്ങളുടെ വീടുകളുടെ മേൽക്കൂര മേയുന്നതിനും അതുപോലെ തങ്ങളുടെ ഖബറുകൾക്ക് മുകളിൽ വെക്കുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. അതിനാൽ ഇത് മുറിക്കുന്നതിനുള്ള വിലക്കിൽ നിന്ന് നബി صلى الله عليه وسلم ഇതിനെ ഒഴിവാക്കി നൽകി.

 ബുഖാരിയിലും മുസ്‌ലിമിലും വന്നിട്ടുള്ളതുപോലെ, ഇദ്ഖിർ പുല്ലിന് ഇളവ് ചോദിച്ചത് നബി صلى الله عليه وسلم യുടെ പിതൃവ്യനായ അബ്ബാസ് رضي الله عنه ആയിരുന്നു. അദ്ദേഹം അങ്ങേയറ്റത്തെ വിനയത്തോടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. നബി صلى الله عليه وسلم നൽകിയ ഈ ഇളവ് അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് എത്തിച്ചതായിരുന്നു. "അതിലെ മുള്ളുകൾ വെട്ടാൻ പാടില്ല" എന്ന നബി വചനത്തിന്‍റെ അർത്ഥം അവ മുറിച്ചെടുക്കരുത് എന്നാണ്. ഉപദ്രവകാരിയല്ലാത്ത മുള്ളുകളുടെ കാര്യം ഇതാണെങ്കിൽ, ഉപദ്രവമില്ലാത്ത മറ്റു സസ്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ ഉപദ്രവമുണ്ടാക്കുന്നവയെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു; ഉപദ്രവമുണ്ടാക്കുന്നു എന്ന കാരണത്താൽ ഹറമിൽ വെച്ച് അഞ്ച് തരം ഉപദ്രവകാരികളായ ജീവികളെ കൊല്ലാൻ അനുവാദമുള്ളതുപോലെ, ഉപദ്രവകാരികളായ സസ്യങ്ങളെ മുറിക്കുന്നതും അനുവദനീയമാണ്.

 വഴിയിൽ വീണുകിടക്കുന്ന വസ്തുക്കൾ അത് ഉടമസ്ഥനെ അറിയിച്ചു കൊടുക്കുന്നവൻ അല്ലാതെ മറ്റാരും എടുക്കാൻ പാടില്ലെന്നും അവിടുന്ന് വിലക്കി. അതായത് മക്കയിൽ വെച്ച് ഒരാളുടെ കയ്യിൽ നിന്നും വീണുപോയ ഒരു വസ്തുവും ആരും എടുക്കരുത്, മറിച്ച് അത് അവിടെത്തന്നെ ഉപേക്ഷിക്കണം. എങ്കിലേ ഉടമസ്ഥൻ മടങ്ങിവരുമ്പോൾ അത് കണ്ടെത്താൻ സാധിക്കൂ. അതിനെക്കുറിച്ച് പരസ്യമായി വിളിച്ചുപറഞ്ഞ് ഉടമസ്ഥനെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്കല്ലാതെ അത് എടുക്കാൻ അനുവാദമില്ല.

 അഹ്മദ് റിപ്പോർട്ട് ചെയ്ത അബൂ ശുറൈഹ് رضي الله عنه വിന്‍റെ നിവേദനത്തിൽ ഇങ്ങനെയുണ്ട്: ഖുസാഅത്ത് ഗോത്രക്കാർ വധിച്ച ബനൂ ലൈഥ് ഗോത്രക്കാരന്‍റെ രക്തപ്പണം നബി صلى الله عليه وسلم തന്നെയാണ് നൽകിയത്. 

 ഈ സന്ദർഭത്തിലാണ് യമൻകാരനായ അബൂ ഷാഹ് എന്ന വ്യക്തി കടന്നുവന്നത്. തനിക്ക് ഉപകാരപ്പെടുന്ന ചില നബിചര്യകൾ (സുന്നത്തുകൾ) എഴുതിത്തരണമെന്ന് അദ്ദേഹം നബി صلى الله عليه وسلم യോട് ആവശ്യപ്പെട്ടു. അപ്പോൾ നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ അബൂ ഫുലാന് (അബൂ ഷാഹിന്) ഇത് എഴുതിക്കൊടുക്കുക." 

 ആകാശഭൂമികൾ സൃഷ്ടിച്ച ദിവസം മുതൽക്കേ അല്ലാഹു മക്കയെ പവിത്രമാക്കിയതാണെന്ന് നബി صلى الله عليه وسلم അറിയിച്ചു. അതിന്‍റെ പവിത്രത എന്നത് വളരെ പുരാതനമായ കാര്യവും മുൻകാല നിയമവുമാണ്. അത് നബി صلى الله عليه وسلم പുതുതായി ഉണ്ടാക്കിയതോ അവിടുത്തെ ശരീഅത്തിന് മാത്രം പ്രത്യേകതയുള്ളതോ ആയ ഒന്നല്ല. അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോൾ തന്നെ മക്കയുടെ മണ്ണും പവിത്രമായിട്ടാണ് സൃഷ്ടിച്ചത് എന്നും ഇതിനർത്ഥം വരാം. ഈ പവിത്രത ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്നതും ശാശ്വതവുമാണ്. ബുഖാരിയിലും മുസ്‌ലിമിലും അബ്ദുല്ലാഹിബ്നു സൈദ് رضي الله عنه നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരമുണ്ട്: നബി صلى الله عليه وسلم പറഞ്ഞു: "തീർച്ചയായും ഇബ്റാഹീം നബി മക്കയെ പവിത്രമാക്കുകയും അതിലെ താമസക്കാർക്കായി പ്രാർത്ഥിക്കുകയും ചെയ്തു." ഈ രണ്ട് ഹദീസുകളെയും ഇപ്രകാരം ഒന്നിപ്പിക്കാം: ആകാശഭൂമികൾ സൃഷ്ടിച്ച ദിവസം മുതൽക്കേ മക്കയുടെ പവിത്രത സ്ഥിരപ്പെട്ടതായിരുന്നു, പിന്നീട് അതിന്‍റെ പവിത്രത മറഞ്ഞുപോവുകയും ഇബ്റാഹീം നബിയുടെ കാലം വരെ അത് മറഞ്ഞുതന്നെ കിടക്കുകയും ചെയ്തു. ഇബ്റാഹീം നബി അത് വെളിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക മാത്രമാണ് ഉണ്ടായത്, അല്ലാതെ അദ്ദേഹം അത് പുതുതായി തുടങ്ങിയതല്ല. അല്ലെങ്കിൽ പവിത്രതയെ ഇബ്റാഹീം നബിയിലേക്ക് ചേർത്തത് അത് ജനങ്ങളിലേക്ക് എത്തിച്ചു കൊടുത്തവൻ എന്ന നിലക്കാണ്. കാരണം നിയമങ്ങളും വിധികളും നൽകുന്ന യഥാർത്ഥ വിധികർത്താവ് അല്ലാഹുവാണ്, നബിമാര്‍ അത് എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്. നിയമങ്ങൾ നൽകിയവൻ എന്ന നിലക്ക് അത് അല്ലാഹുവിലേക്ക് ചേർക്കപ്പെടുന്നതുപോലെ തന്നെ, നബിമാരിലൂടെ അത് കേൾക്കുകയും അവരുടെ നാവിലൂടെ അത് വിശദീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ അത് നബിമാരിലേക്കും ചേർക്കപ്പെടാം.

  തനിക്ക് മുമ്പ് ഒരാൾക്കും ഈ പവിത്രമായ നാട്ടിൽ യുദ്ധം അനുവദനീയമായിട്ടില്ലെന്ന് നബി صلى الله عليه وسلم അറിയിച്ചു. സർവ്വശക്തനായ അല്ലാഹു അവിടുത്തേക്ക് മാത്രമാണ് അതിൽ പ്രത്യേകത നൽകിയത്. അതും പകലിന്‍റെ ഒരു നിശ്ചിത സമയത്തേക്ക് (മക്ക വിജയദിവസം) മാത്രമാണ് അവിടുത്തേക്ക് അത് അനുവദിക്കപ്പെട്ടത്. അതിന് ശേഷം ഖിയാമത്ത് നാൾ വരെ അത് ഹറാമായി (പവിത്രമായി) തുടരും. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ആകാശഭൂമികളുടെ സൃഷ്ടിപ്പ് മുതൽക്കേ അല്ലാഹു മക്കയെ അതീവ പവിത്രമായ ഇടമായി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ പവിത്രത ഖിയാമത്ത് നാൾ വരെ നിലനിൽക്കുന്നതുമാണ്.

2- നബി صلى الله عليه وسلم ക്ക് മക്ക വിജയദിവസം പകലിന്‍റെ ഒരു ചെറിയ സമയത്തേക്ക് മാത്രമാണ് അവിടെ യുദ്ധം ചെയ്യാൻ അല്ലാഹു അനുവാദം നൽകിയത്. അതൊഴിച്ചാൽ ഒരാൾക്കും അവിടെ രക്തച്ചൊരിച്ചിൽ അനുവദനീയമല്ല.

3- മക്ക ഇനി ഒരിക്കലും സത്യനിഷേധത്തിന്‍റെ നാടായി (ദാറുൽ കുഫ്‌ർ) മാറില്ല എന്ന ശുഭവാർത്ത ഈ ഹദീസിലുണ്ട്.

4- ഹറമിന്‍റെ അതിർത്തിക്കുള്ളിൽ തനിയെ മുളച്ചുണ്ടാകുന്ന മരങ്ങളോ മുള്ളുകളോ വെട്ടാനോ പച്ചപ്പുല്ലുകൾ പറിച്ചെടുക്കാനോ പാടില്ല. എന്നാൽ മനുഷ്യൻ നട്ടുപിടിപ്പിച്ച സസ്യങ്ങൾ, കന്നുകാലികളെ മേയ്ക്കൽ, ഉണങ്ങി മുറിഞ്ഞുവീണവ എന്നിവ അനുവദനീയമാണ്.

5- ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തി 'ഇദ്ഖിർ' പുല്ല് മുറിക്കുന്നതിന് നബി صلى الله عليه وسلم പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. ഉപദ്രവകാരികളായ സസ്യങ്ങളെയും ജീവികളെയും ഹറമിൽ വെച്ച് നീക്കം ചെയ്യാവുന്നതാണ്.

6- സാധാരണ സ്ഥലങ്ങളിൽ കളഞ്ഞുകിട്ടുന്ന വസ്തുക്കൾ നിശ്ചിതകാലം പരസ്യപ്പെടുത്തിയ ശേഷം സ്വന്തമാക്കാൻ നിയമമുണ്ടെങ്കിൽ, മക്കയിൽ അതിന് അനുവാദമില്ല. ജീവിതാവസാനം വരെ അതിന്‍റെ ഉടമസ്ഥനെ കണ്ടെത്താൻ വേണ്ടി പരസ്യപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് മാത്രമേ അത് കൈക്കലാക്കാൻ അനുവാദമുള്ളൂ. അല്ലാത്തവർ അത് അവിടെത്തന്നെ വിടേണ്ടതാണ്.

7- ഇസ്‌ലാമിക വിജ്ഞാനവും പ്രവാചകചര്യകളും (സുന്നത്ത്) എഴുതി രേഖപ്പെടുത്തി വെക്കുന്നത് അനുവദനീയവും പുണ്യകരവുമാണ്. ഇത് അറിവ് നഷ്ടപ്പെട്ടുപോകാതെ വരുംതലമുറക്കായി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു

8- ഇസ്‌ലാം അന്യായമായ രക്തച്ചൊരിച്ചിലുകളെയും ജാഹിലിയ്യാ കാലത്തെ ഗോത്രപ്പകകളെയും കർശനമായി നിരോധിച്ചു.

9- അബ്‌റഹത്തിന്‍റെ ആനപ്പടയിൽ നിന്നും മറ്റ് ശത്രുക്കളിൽ നിന്നും മക്കയെ കാത്തുസൂക്ഷിച്ചതുപോലെ, തന്‍റെ ദീനിനെയും അതിന്‍റെ പവിത്രതകളെയും സംരക്ഷിക്കുക എന്നത് അല്ലാഹുവിന്‍റെ തീരുമാനമാണ്.

10- ജനങ്ങളുടെ പൊതുനന്മ മുൻനിർത്തി ഇളവുകൾക്ക് വേണ്ടിയോ സംശയനിവാരണത്തിന് വേണ്ടിയോ പണ്ഡിതന്മാരോടും ഭരണാധികാരികളോടും വിനയപൂർവ്വം സംസാരിക്കാമെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.




623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...