ഫോളോ ചെയ്യാം

Saturday, 27 June 2026

611 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 351 دروس الحديث - സ്വയം പ്രതിരോധവും ഇസ്‌ലാമിക വിധിയും

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


സ്വയം പ്രതിരോധവും 

ഇസ്‌ലാമിക വിധിയും 

351 - عَنْ عِمْرَانَ بْنِ حُصَيْنٍ رضي الله عنه (أَنَّ رَجُلاً عَضَّ يَدَ رَجُلٍ، فَنَزَعَ يَدَهُ مِنْ فِيهِ، فَوَقَعَتْ ثَنِيَّتُهُ، فَاخْتَصَمَا إلَى النَّبِيِّ صلى الله عليه وسلم فَقَالَ: يَعَضُّ أَحَدُكُمْ أَخَاهُ كَمَا يَعَضُّ الْفَحْلُ، لا دِيَةَ لَك).

ഇംറാനു ബ്നുല്‍ ഹുസ്വൈൻ رضي الله عنه നിവേദനം: "ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്‍റെ കൈയിൽ കടിച്ചു. അപ്പോൾ (കടിയേറ്റയാൾ) തന്‍റെ കൈ അവന്‍റെ വായിൽ നിന്ന് ശക്തിയായി വലിച്ച് ഊരി. അപ്പോൾ അവന്‍റെ (കടിച്ചയാളുടെ) മുൻപല്ല് തെറിച്ചുപോയി. തുടർന്ന് അവർ രണ്ടുപേരും തർക്കപരിഹാരത്തിനായി നബി صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: 'ഒരു ഒട്ടകം കടിക്കുന്നത് പോലെ നിങ്ങളിലൊരാൾ തന്‍റെ സഹോദരനെ കടിക്കുകയോ? നിനക്ക് യാതൊരു ദിയയുമില്ല (നിന്‍റെ പല്ലിന് നഷ്ടപരിഹാരമില്ല).'"

വിവരണം

 ഒരു മനുഷ്യൻ മറ്റൊരാളെ അക്രമിക്കുകയും അയാളുടെ കൈയിൽ കടിക്കുകയും ചെയ്തു. അപ്പോൾ കടിയേറ്റയാൾ കടിച്ചവന്‍റെ വായിൽ നിന്ന് തന്‍റെ കൈ ശക്തിയായി വലിച്ച് ഊരി. ഈ പ്രക്രിയയിൽ കടിച്ചയാളുടെ രണ്ട് മുൻപല്ലുകൾ കൊഴിഞ്ഞുപോയി. തുടർന്ന് അവർ രണ്ടുപേരും തർക്കപരിഹാരത്തിനായി നബി صلى الله عليه وسلم യുടെ അടുക്കലേക്ക് പോയി.

 കടിച്ചയാൾ കൊഴിഞ്ഞുപോയ തന്‍റെ രണ്ട് മുൻപല്ലുകൾക്ക് നഷ്ടപരിഹാരം (ദിയ) ആവശ്യപ്പെട്ടപ്പോൾ, കടിയേറ്റയാൾ തന്‍റെ കൈയെ അയാളുടെ പല്ലുകളിൽ നിന്ന് രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് പറഞ്ഞ് സ്വയം പ്രതിരോധിച്ചു. അപ്പോൾ പരാതിക്കാരനായ കടിച്ചയാളെ നബി صلى الله عليه وسلم ശക്തമായി ശകാരിച്ചു; മൃഗങ്ങൾ ചെയ്യുന്നതുപോലെയുള്ള ഇത്തരം ക്രൂരതകൾ അവൻ എങ്ങനെയാണ് ചെയ്യുന്നത്? അവിടുന്ന് ചോദിച്ചു: "നിങ്ങളിലൊരാൾ ഒട്ടകത്തെ പോലെ തന്‍റെ സഹോദരനെ കടിക്കുകയോ, എന്നിട്ട് അതിന് ശേഷം അക്രമം കാണിച്ച തന്‍റെ പല്ലുകൾക്ക് നഷ്ടപരിഹാരം ചോദിച്ച് വരികയോ?"

 തുടർന്ന് അവിടുന്ന് വിധി പ്രസ്താവിച്ചു: ഇതിന് "നിനക്ക് യാതൊരു നഷ്ടപരിഹാരവുമില്ല."

 ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: "ഭൂരിപക്ഷം പണ്ഡിതന്മാരും ഈ സംഭവത്തിന്‍റെ ബാഹ്യാർത്ഥത്തെ പ്രമാണമാക്കിക്കൊണ്ട് ഇങ്ങനെ വിധിച്ചിരിക്കുന്നു: കടിയേറ്റ വ്യക്തിയുടെ മേൽ പ്രതികാര നടപടിയോ നഷ്ടപരിഹാരമോ (ദിയ) നിർബന്ധമില്ല. കാരണം കടിച്ചവൻ ഒരു അക്രമകാരിയുടെ പദവിയിലാണ്. ഒരാൾ മറ്റൊരാളെ കൊല്ലാനായി വാളൂരി വന്നാൽ, അപരൻ സ്വയം പ്രതിരോധിക്കുന്നതിനിടയിൽ ആ വാളൂരി വന്നവനെ കൊലപ്പെടുത്തിയാൽ അവന്‍റെ മേൽ യാതൊരു കുറ്റവുമില്ലെന്ന പണ്ഡിതന്മാരുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തെയും അവർ ഇതിന് തെളിവായി സ്വീകരിക്കുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. തന്‍റെ കൈ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കടിച്ചവന്‍റെ പല്ല് പോയതിന് കടിയേറ്റയാൾ ഉത്തരവാദിയല്ല.

 പണ്ഡിതന്മാർ പറയുന്നു: കടിയേറ്റയാൾ കടിച്ചവനെ മറ്റൊരു ശരീരഭാഗത്ത് പരുക്കേൽപ്പിച്ചാൽ പോലും അയാൾക്കൊന്നും ബാധ്യതയാകില്ല. എന്നാൽ അക്രമകാരിയുടെ അവകാശം ഇല്ലാതാകണമെങ്കിൽ (അതായത് പല്ല് പോയതിന് നഷ്ടപരിഹാരം നൽകാതിരിക്കണമെങ്കിൽ) ചില നിബന്ധനകളുണ്ട്; കടിയേറ്റയാൾക്ക് വേദന അനുഭവപ്പെട്ടിട്ടുണ്ടാകണം, കൂടാതെ കടിച്ചവന്‍റെ കവിളത്തോ താടിയെല്ലിലോ അടിച്ച് വായ തുറപ്പിക്കുന്നത് പോലുള്ള മറ്റ് ലളിതമായ മാർഗ്ഗങ്ങളിലൂടെ കൈ മോചിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുമായിരിക്കണം. കൂടുതൽ ലളിതമായ മാർഗ്ഗത്തിലൂടെ കൈ മോചിപ്പിക്കാൻ സാധിക്കുമായിരുന്നിട്ടും, അത് ചെയ്യാതെ മനഃപൂർവ്വം കഠിനമായ മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ കടിച്ചവന്‍റെ പല്ലിന്‍റെ നഷ്ടപരിഹാരം ഇല്ലാതാവുകയില്ല (അതിന് പിഴ നൽകേണ്ടി വരും). (ഫത്ഹുല്‍ ബാരി 12/221)

 ഒരാൾക്ക് കോപം ഉണ്ടായാൽ അത് പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കണം. കാരണം കോപം കാരണമാണ് ഇവിടെ കോപിച്ചവന്‍റെ മുൻപല്ല് കൊഴിഞ്ഞുപോയത്. കോപത്തിന് അടിപ്പെടാതിരുന്നെങ്കിൽ അയാൾക്ക് ഈ നാശം സംഭവിക്കുമായിരുന്നില്ല. 

ഹാഫിള് ഇബ്നു ഹജർ رحمه الله പറയുന്നു: (ഈ സംഭവത്തിൽ യഅ്‌ലാ رضي الله عنه തന്‍റെ കൂലിക്കാരനോട് കോപിക്കുകയും അയാളെ അടിക്കുകയും ചെയ്തു. അപ്പോൾ കൂലിക്കാരൻ സ്വയം പ്രതിരോധിച്ചപ്പോൾ യഅ്‌ലാ അയാളെ കടിച്ചു. കൂലിക്കാരൻ കൈ വലിച്ച് ഊരിയപ്പോൾ കടിച്ച യഅ്‌ലായുടെ മുൻപല്ല് കൊഴിഞ്ഞുപോയി). ഈ സംഭവത്തിന്‍റെ വ്യക്തമായ രൂപം സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണാം. യഅ്‌ലാ رضي الله عنه പറഞ്ഞു: "എനിക്ക് ഒരു ജോലിക്കാരൻ ഉണ്ടായിരുന്നു. അവൻ ഒരാളുമായി വഴക്കിട്ടു. അപ്പോൾ അവരിലൊരാൾ മറ്റേയാളുടെ കൈയിൽ കടിച്ചു." (ഹദീസ് നിവേദകനായ) അത്വാഅ് പറഞ്ഞു: "അവരിൽ ആരാണ് മറ്റേയാളെ കടിച്ചതെന്ന് സ്വഫ്‌വാൻ എന്നോട് കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നു, പക്ഷേ ഞാനത് മറന്നുപോയി." യഅ്‌ലാ رضي الله عنه തുടരുന്നു: "അപ്പോൾ കടിയേറ്റയാൾ കടിച്ചവന്‍റെ വായിൽ നിന്ന് തന്‍റെ കൈ ശക്തിയായി വലിച്ച് ഊരി. ആ വലിച്ച ഊരലിൽ കടിച്ചവന്‍റെ മുൻപല്ലുകളിൽ ഒന്ന് കൊഴിഞ്ഞുപോന്നു. തുടർന്ന് അവർ രണ്ടുപേരും നബി صلى الله عليه وسلم യുടെ അടുക്കൽ വന്നു. അപ്പോൾ അവിടുന്ന് ആ പല്ലിന്‍റെ നഷ്ടപരിഹാരം ഇല്ലാതാക്കി (അതിന് പിഴയില്ലെന്ന് വിധിച്ച് തള്ളി)." 

  അത്വാഅ് പറഞ്ഞു: "നബി صلى الله عليه وسلم ഇപ്രകാരം പറഞ്ഞതായാണ് എന്‍റെ ഓർമ്മ: 'ഒരു കുതിരയോ ഒട്ടകമോ ചവച്ചരക്കുന്നത് പോലെ നിന്‍റെ വായിൽ കിടന്ന് ചവച്ചരക്കാൻ അവൻ തന്‍റെ കൈ നിന്‍റെ വായിൽ തന്നെ ഇട്ടേച്ചു തരണമെന്നാണോ നീ വിചാരിച്ചത്?!'" (സ്വഹീഹുല്‍ ബുഖാരി: 4417)

  ഈ സംഭവത്തില്‍ ജോലിക്കാരനുമായി വഴക്കിട്ടത് യഅ്‌ലാ رضي الله عنه ആണ്. എന്നാല്‍ അദ്ദേഹം ഹദീസില്‍ പറഞ്ഞിരിക്കുന്നത് ഒരു മനുഷ്യന്‍ എന്നാണ്.  ഒരാൾക്ക് താൻ ലജ്ജിക്കുന്നതോ അഭിമാനക്ഷതമുണ്ടാക്കുന്നതോ ആയ ഒരു സംഭവം വിവരിക്കേണ്ടി വരുമ്പോൾ, അത് താനാണ് ചെയ്തതെന്ന് നേരിട്ട് പറയാതെ 'ഒരാൾ അല്ലെങ്കിൽ ഒരു മനുഷ്യൻ അങ്ങനെ ചെയ്തു' എന്ന് പരോക്ഷമായി പറയാവുന്നതാണ്. ഈ സംഭവത്തിൽ യഅ്‌ലാ യഅ്‌ലാ رضي الله عنه സ്വന്തം പേര് പറയാതെയാണ് സംസാരിച്ചത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- കുറ്റകൃത്യങ്ങളും തർക്കങ്ങളും തീർപ്പു കൽപ്പിക്കുന്നതിനായി  ഭരണാധികാരിയുടെയോ ന്യായാധിപന്‍റെയോ അടുക്കലേക്ക് കൊണ്ടുപോകണം.വ്യക്തികൾ സ്വയം പ്രതികാരം ചെയ്യാൻ പാടില്ല.

2- ഒരാൾ മറ്റൊരാളുടെ കൈയിൽ കടിക്കുകയും, അപ്പോൾ കടിയേറ്റയാൾ കൈ വലിച്ച് ഊരുന്നതിനിടയിൽ കടിച്ചയാളുടെ പല്ലുകളോ അതിൽ ചിലതോ കൊഴിഞ്ഞുപോവുകയോ ചെയ്താൽ, അതിന് കടിയേറ്റയാളുടെ മേൽ പ്രതികാര നടപടിയോ നഷ്ടപരിഹാരമോ (ദിയ) ഉണ്ടാകുന്നതല്ല. ഇത് സ്വയം പ്രതിരോധമായാണ് കണക്കാക്കുക. 


3- മനുഷ്യനോ മൃഗങ്ങളോ ഒരാളെ ആക്രമിക്കാൻ വരുമ്പോൾ, സ്വന്തം ജീവനോ, മാനത്തിനോ, കുടുംബത്തിനോ, സ്വത്തിനോ വേണ്ടി സ്വയം പ്രതിരോധിക്കുകയും, ആ പ്രതിരോധത്തിനിടയിൽ അക്രമകാരിക്ക് പരുക്കേൽക്കുകയോ അവൻ കൊല്ലപ്പെടുകയോ ചെയ്താൽ പ്രതിരോധിച്ചയാളുടെ മേൽ യാതൊരു കുറ്റമോ പിഴയോ ഇല്ല എന്ന പൊതുനിയമത്തിന് ഈ ഹദീസ് തെളിവാണ്. കാരണം, സംരക്ഷിക്കാൻ തനിക്ക് ബാധ്യതയുള്ളതിനെയാണ് അയാൾ പ്രതിരോധിച്ചത്. 

4- പണ്ഡിതന്മാർ ഈ ഹദീസിന്‍റെയും ഇതിന് സമാനമായ മറ്റ് പ്രമാണങ്ങളുടെയും വിധി നിബന്ധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതായത്, അക്രമകാരിയെ തടയാൻ സാധിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗത്തിൽ തുടങ്ങി, ഘട്ടം ഘട്ടമായി മാത്രമേ പ്രതിരോധത്തിന്‍റെ തീവ്രത കൂട്ടാവൂ (ലളിതമായ മാർഗ്ഗത്തിലൂടെ അക്രമം തടയാൻ കഴിയുമെങ്കിൽ അതിലൂടെ മാത്രമേ പ്രതിരോധിക്കാവൂ).

5- മനുഷ്യന്‍റെ ഇത്തരം മോശം പ്രവർത്തികളെ മൃഗങ്ങളുടെ പ്രവർത്തികളോട് ഉപമിച്ചത്, ആ പ്രവൃത്തിയോട് ജനങ്ങൾക്ക് വെറുപ്പും അകല്‍ച്ചയും ഉണ്ടാക്കാൻ വേണ്ടിയാണ്.

6- അക്രമകാരിയുടെ അക്രമത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ അവന്‍റെ ജീവനോ അവയവങ്ങൾക്കോ കേടുപാടുകൾ വരുത്തുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെങ്കിൽ, അത് ചെയ്യുന്നത് മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പിഴയില്ല. (ഇതിൽ പണ്ഡിതന്മാർക്കിടയിൽ അറിയപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും വിശദീകരണങ്ങളുമുണ്ട്.)




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...