عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
കുട്ടി ആരുടേതാണെന്ന തര്‍ക്കത്തിന് പരിഹാരം
332 - عَنْ عَائِشَةَ رضي الله عنها قَالَتْ: (اخْتَصَمَ سَعْدُ بْنُ أَبِي وَقَّاصٍ وَعَبْدُ بْنُ زَمْعَةَ فِي غُلامٍ. فَقَالَ سَعْدٌ: يَا رَسُولَ اللَّهِ هَذَا ابْنُ أَخِي عُتْبَةَ بْنِ أَبِي وَقَّاصٍ، عَهِدَ إلَيَّ أَنَّهُ ابْنُهُ، اُنْظُرْ إلَى شَبَهِهِ. وَقَالَ عَبْدُ بْنُ زَمْعَةَ: هَذَا أَخِي يَا رَسُولَ اللَّهِ، وُلِدَ عَلَى فِرَاشِ أَبِي مِنْ وَلِيدَتِهِ، فَنَظَرَ رَسُولُ اللَّهِ صلى الله عليه وسلم إلَى شَبَهِهِ، فَرَأَى شَبَهًا بَيِّنًا بِعُتْبَةَ فَقَالَ: هُوَ لَك يَا عَبْدُ بْنَ زَمْعَةَ، الْوَلَدُ لِلْفِرَاشِ وَلِلْعَاهِرِ الْحَجَرُ. وَاحْتَجِبِي مِنْهُ يَا سَوْدَةُ، فَلَمْ يَرَ سَوْدَةَ قَطُّ) .
ആഇഷ رضي الله عنها നിവേദനം ചെയ്യുന്നു: "ഒരു ആൺകുട്ടിയുടെ കാര്യത്തിൽ സഅ്ദ് ബ്നു അബീ വഖാസ്വും അബ്ദു ബ്നു സംഅയും തമ്മിൽ തർക്കമുണ്ടായി. അപ്പോൾ സഅ്ദ് പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, ഇത് എന്‍റെ സഹോദരൻ ഉത്ബത്ത് ബ്നു അബീ വഖാസ്വിന്‍റെ മകനാണ്. അത് തന്‍റെ മകനാണെന്ന് അദ്ദേഹം എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങേക്ക് ഇവന്‍റെ സാദൃശ്യം നോക്കാവുന്നതാണ്.' അബ്ദു ബ്നു സംഅ പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലേ, ഇവൻ എന്‍റെ സഹോദരനാണ്; എന്‍റെ പിതാവിന്‍റെ വിരിപ്പിൽ (വിവാഹബന്ധത്തിൽ) അദ്ദേഹത്തിന്‍റെ അടിമസ്ത്രീയിലാണ് ഇവൻ ജനിച്ചത്.'
അപ്പോൾ റസൂല്‍ صلى الله عليه وسلم ആ കുട്ടിയുടെ സാദൃശ്യം നോക്കി. ഉത്ബയുമായി വളരെ വ്യക്തമായ സാദൃശ്യം അവിടുന്ന് കണ്ടു. അതിനുശേഷം അവിടുന്ന് അരുളി: 'അബ്ദു ബ്നു സംഅയേ, കുട്ടി നിനക്കുള്ളതാണ് (നിന്‍റെ കുടുംബത്തിനാണ്). കുട്ടി വിരിപ്പിനുള്ളതാണ് (വിവാഹബന്ധത്തിലുള്ള ഭർത്താവിനാണ്), വ്യഭിചാരിക്ക് നിരാശയും നഷ്ടവുമാണ് (കല്ലാണ്) ഉള്ളത്.' പിന്നീട് നബി صلى الله عليه وسلم (തന്‍റെ ഭാര്യയോട്) പറഞ്ഞു: 'സൗദാ, നീ അവനിൽ നിന്ന് ഹിജാബ് പാലിക്കുക (മറയുക).' അതിനുശേഷം ആ കുട്ടി സൗദ رضي الله عنها യെ ഒരിക്കലും കണ്ടിട്ടില്ല."
وَلِيدَته: അദ്ദേഹത്തിന്‍റെ അടിമസ്ത്രീ.
وَلِلْعَاهِرِ الْحَجَرُ: വ്യഭിചാരിക്ക് നിരാശയും നഷ്ടവുമാണുള്ളത്.
ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള അജ്ഞാന കാലം) പതിവ് വ്യഭിചാരത്തിലൂടെയുള്ള കുട്ടികളെയും സ്വന്തം പരമ്പരയിലേക്ക് ചേർക്കുക എന്നതായിരുന്നു. അവർ വ്യഭിചാരത്തിനായി അടിമസ്ത്രീകളെ വാടകക്ക് എടുക്കാറുണ്ടായിരുന്നു. അങ്ങനെ ജനിക്കുന്ന കുട്ടി ഇന്നയാളുടേതാണെന്ന് മാതാവ് സമ്മതിച്ചു കഴിഞ്ഞാൽ അവർ ആ കുട്ടിയെ അയാളിലേക്ക് ചേർക്കുമായിരുന്നു. എന്നാൽ ഇസ്‌ലാം വന്നുകൊണ്ട് ഈ സമ്പ്രദായം റദ്ദാക്കുകയും, കുട്ടിയുടെ അവകാശം ശറഈയായ വിവാഹബന്ധത്തിന് (വിരിപ്പിന്) മാത്രമാക്കുകയും ചെയ്തു.
ഈ ഹദീസിൽ ഉമ്മുൽ മുഅ്മിനീൻ ആഇശ رضي الله عنها നിവേദനം ചെയ്യുന്നു: ഉത്ബത്ത് ബ്നു അബീ വഖാസ് - അദ്ദേഹം സത്യനിഷേധിയായാണ് മരണപ്പെട്ടത് എന്നാണ് പ്രബലാഭിപ്രായം- തന്‍റെ സഹോദരൻ സഅ്ദ് ബ്നു അബീ വഖാസ്വിനോട് ഒരു വസ്വിയ്യത്ത് ചെയ്തിട്ടുണ്ടായിരുന്നു. നബി صلى الله عليه وسلم യുടെ ഭാര്യയായ സൗദ رضي الله عنها യുടെ പിതാവ് സംഅത്ത് ബ്നു ഖൈസിന്‍റെ അടിമസ്ത്രീയുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും, അവളുടെ മകൻ (അബ്ദുറഹ്മാൻ ബ്നു സംഅ) തന്‍റെ മകനാണെന്നുമായിരുന്നു അത്. 'വലീദ' എന്നാൽ ജാരിയ അഥവാ ഉടമസ്ഥതയിലുള്ള അടിമസ്ത്രീ എന്നാണ് അർത്ഥം. അതിനാൽ ആ കുട്ടിയെ തന്‍റെ അടുത്തേക്ക് ചേർക്കണമെന്നും അവനെ സംരക്ഷിക്കണമെന്നും അദ്ദേഹം തന്‍റെ സഹോദരൻ സഅ്ദിനോട് വസ്വിയ്യത്ത് ചെയ്തു.
അങ്ങനെ ഹിജ്റ എട്ടാം വർഷം മക്കാ വിജയകാലമായപ്പോൾ, സഅ്ദ് ബ്നു അബീ വഖാസ് ആ കുട്ടിയെ ഏറ്റെടുത്തുകൊണ്ട് പറഞ്ഞു: "ഇവൻ എന്‍റെ സഹോദരൻ ഉത്ബയുടെ മകനാണ്. ഇവനെ തന്‍റെ കൂടെ ചേർക്കാൻ അദ്ദേഹം എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്." അപ്പോൾ അബ്ദു ബ്നു സംഅ എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു: "ഇവൻ എന്‍റെ സഹോദരനാണ്, എന്‍റെ പിതാവിന്‍റെ അടിമസ്ത്രീയുടെ മകനാണ്, അദ്ദേഹത്തിന്‍റെ വിരിപ്പിലാണ് (വിവാഹബന്ധത്തിലാണ്) ഇവൻ ജനിച്ചത്."
അങ്ങനെ അബ്ദ് ബ്നു സംഅയും സഅ്ദ് ബ്നു അബീ വഖാസ്വും തമ്മിൽ തർക്കമുണ്ടായി. തന്‍റെ സഹോദരൻ ഉത്ബ ജാഹിലിയ്യ കാലത്തെ സമ്പ്രദായമനുസരിച്ച് ഏൽപ്പിച്ച വസിയ്യത്ത് നടപ്പാക്കാനാണ് സഅ്ദ് ശ്രമിച്ചത്. ഇസ്‌ലാമിൽ അത് അസാധുവാക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം സഅ്ദ് അറിഞ്ഞിരുന്നില്ല. ജാഹിലിയ്യ കാലത്ത് ഒന്നുകിൽ ആരും അവകാശവാദം ഉന്നയിക്കാത്തതുകൊണ്ടോ, അല്ലെങ്കിൽ ആ സ്ത്രീ അത് ഉത്ബയുടേതാണെന്ന് സമ്മതിക്കാത്തതുകൊണ്ടോ ആ കുട്ടി അദ്ദേഹത്തിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ കാര്യത്തിലുള്ള തർക്കത്തിനും വഴക്കിനും ശേഷം അവർ രണ്ടുപേരും പരസ്പരം എതിർത്തുനിൽക്കുകയും നബി صلى الله عليه وسلم യുടെ അടുക്കൽ ചെന്ന് കാര്യം ധരിപ്പിക്കുകയും ചെയ്തു.
അപ്പോൾ നബി صلى الله عليه وسلم അരുളി: "അബ്ദു ബ്നു സംആ, കുട്ടി നിനക്കുള്ളതാണ്." അതായത് കുട്ടി വിരിപ്പിന്‍റെ ഉടമസ്ഥന് (ഭർത്താവിനോ അല്ലെങ്കിൽ അടിമസ്ത്രീയുടെ യജമാനനോ) ഉള്ളതാണ്. "വ്യഭിചാരിക്ക് കല്ലാണ് ഉള്ളത്" എന്നത് നിരാശയെയും നഷ്ടത്തെയും അല്ലെങ്കിൽ എറിഞ്ഞുകൊല്ലലിനെ കുറിക്കുന്ന സൂചനയാണ്. അതായത് വ്യഭിചാരിക്ക് കുട്ടിയുടെ മേൽ യാതൊരു അവകാശവുമില്ല.
തുടർന്ന് നബി صلى الله عليه وسلم തന്‍റെ ഭാര്യ സൗദ ബിൻത് സംഅയോട്, തർക്കവിഷയമായ ഈ സംഅയുടെ മകന്‍റെ മുൻപിൽ വരാതിരിക്കാനും അവർ പരസ്പരം കാണാതിരിക്കാനും ഉത്തരവിട്ടു. ഒരു പുണ്യകർമ്മമെന്ന നിലക്കും സൂക്ഷ്മതക്ക് വേണ്ടിയുമാണ് നബി صلى الله عليه وسلم അവളോട് ഇത് കൽപ്പിച്ചത്. കാരണം ബാഹ്യമായ ശരീഅത്ത് വിധിപ്രകാരം അവൻ അവളുടെ പിതാവിലേക്ക് ചേർക്കപ്പെട്ടതുകൊണ്ട് അവളുടെ സഹോദരനാണ്. എങ്കിലും, അവന് ഉത്ബത്ത് ബ്നു അബീ വഖാസ്വുമായി വളരെ വ്യക്തമായ സാദൃശ്യം കണ്ടപ്പോൾ അവൻ ഉത്ബയുടെ ബീജത്തിൽ നിന്ന് ഉണ്ടായതാണോ എന്നും, അങ്ങനെയാണെങ്കിൽ അവൻ അവൾക്ക് അന്യപുരുഷനായി മാറുമെന്നും നബി صلى الله عليه وسلم ഭയപ്പെട്ടു. അതിനാലാണ് മുൻകരുതലായി അവനോട് ഹിജാബ് പാലിക്കാൻ നബി صلى الله عليه وسلم കൽപ്പിച്ചത്. അങ്ങനെ അദ്ദേഹം അല്ലാഹുവെ കണ്ടുമുട്ടുന്നത് (മരണപ്പെടുന്നത്) വരെ സൗദ رضي الله عنها യെ പിന്നീട് കണ്ടിട്ടേയില്ല.

No comments:
Post a Comment