ഫോളോ ചെയ്യാം

Friday, 19 June 2026

603 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 343 دروس الحديث - വധശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങള്‍

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


വധശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങള്‍ 

كتابُ القِصاصِ

ഇസ്‌ലാമിലെ പ്രതിക്രിയകള്‍

343- عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم (لا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لا إلَهَ إِلاَّ اللَّهُ وَأَنِّي رَسُولُ اللَّه إلاَّ بِإِحْدَى ثَلاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ). 

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്‍റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്‌ലിമിന്‍റെ രക്തം (ചിന്തൽ) മൂന്ന് കാര്യങ്ങളിലൊന്ന് കൊണ്ടല്ലാതെ അനുവദനീയമല്ല: വിവാഹിതനായ വ്യഭിചാരി, ജീവന് പകരം ജീവൻ, മുസ്‌ലിം സംഘത്തെ (ജമാഅത്തിനെ) വെടിഞ്ഞ് തന്‍റെ മതം ഉപേക്ഷിച്ചുപോയവൻ.

  • الثَّيِّبُ الزَّانِي : വിവാഹിതനായ വ്യഭിചാരി. വിവാഹം കഴിച്ചതിനുശേഷം വ്യഭിചാരത്തിൽ ഏർപ്പെട്ടവൻ.
  • وَالنَّفْسُ بِالنَّفْسِ : ജീവന് പകരം ജീവൻ. അക്രമപരമായും അതിക്രമമായും ഒരു ജീവനെ കൊലപ്പെടുത്തിയവനെ കൊലപ്പെടുത്തുക എന്നത്.
  • وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ : മുസ്‌ലിം കൂട്ടായ്മയെ വെടിഞ്ഞ് തന്‍റെ മതം ഉപേക്ഷിച്ചുപോയവൻ. (ഇസ്‌ലാം മതം ഉപേക്ഷിച്ചുപോയവൻ).

വിവരണം

  ഒരു മുസ്‌ലിമിന്‍റെ രക്തം മറ്റൊരു മുസ്‌ലിമിന് ഹറാമാണ് (വിശുദ്ധമാണ്). അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്നും മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു തൗഹീദുള്ള മനുഷ്യന്‍റെ രക്തം ചിന്തുന്നത് അല്ലാഹുവിന്‍റെ അവകാശം (നിയമം) കൊണ്ടല്ലാതെ അനുവദനീയമല്ല.

 ഈ ഹദീസിലൂടെ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഒരു മുസ്‌ലിമിന്‍റെ രക്തം അനുവദനീയമാകുന്ന (വധശിക്ഷ അർഹമാക്കുന്ന) കാര്യങ്ങൾ വിശദീകരിക്കുകയാണ്.  അവ മൂന്ന് കാര്യങ്ങളാണ്:

  • ഒന്നാമത്തേത്, "ജീവന് പകരം ജീവൻ": ശരീഅത്ത് അനുശാസിക്കുന്ന യാതൊരു ന്യായവുമില്ലാതെ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ, ആ കൊലയാളിയെ പ്രതികാര നടപടിയായി വധിക്കേണ്ടതാണ്.

  • രണ്ടാമത്തേത്, "വിവാഹിതനായ വ്യഭിചാരി": വിവാഹം കഴിച്ചതോ അല്ലെങ്കിൽ മുൻപ് വിവാഹിതനായിരുന്നിട്ടുള്ളതോ ആയ ഒരാൾ വ്യഭിചാരം എന്ന വൻപാപം ചെയ്യുകയും, അത് വ്യക്തമായ തെളിവുകളിലൂടെയോ (നാല് സാക്ഷികൾ) അല്ലെങ്കിൽ സ്വന്തം കുറ്റസമ്മതത്തിലൂടെയോ തെളിയുകയും ചെയ്താൽ, അയാൾ മരണപ്പെടുന്നത് വരെ എറിഞ്ഞു കൊല്ലപ്പെടേണ്ടതാണ്. ഇങ്ങനെ കൊല്ലുന്നതിന് رَجْم എന്ന് പറയുന്നു. 

  • മൂന്നാമത്തേത്, "മുസ്‌ലിം കൂട്ടായ്മയെ വെടിഞ്ഞ് തന്‍റെ മതം ഉപേക്ഷിച്ചുപോയവൻ": ഇസ്‌ലാം മതം ഉപേക്ഷിക്കുകയും, അതിൽ നിന്ന് മാറി മറ്റ് മതങ്ങളിലേക്ക് പോവുകയും ചെയ്തതിലൂടെ മുസ്‌ലിംകളുടെ കൂട്ടായ്മയെ (ജമാഅത്തിനെ) വെടിഞ്ഞ മുർതദ്ദ് (മതം വിട്ടവന്‍) ആണവൻ. മൂന്ന് ദിവസം അവനോട് പശ്ചാത്തപിക്കാൻ (മതത്തിലേക്ക് മടങ്ങാൻ) ആവശ്യപ്പെട്ടതിന് ശേഷവും അവൻ മടങ്ങിവന്നില്ലെങ്കിൽ, ഈ മതംമാറ്റം കാരണം ശിക്ഷയായി (ഹദ്ദ്) അവൻ വധിക്കപ്പെടാൻ അർഹനാണ്. എന്നാൽ അവൻ പശ്ചാത്തപിച്ചു തന്‍റെ മതത്തിലേക്ക് മടങ്ങിയാൽ അവനെ വിട്ടയക്കേണ്ടതാണ്.

  ഇസ്‌ലാമിക ശിക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ അതിന് യോഗ്യതയുള്ള ഇസ്‌ലാമിക ഭരണകൂടങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളൂ. ഓരോ വ്യക്തികള്‍ക്ക് ഇത് നടപ്പിലാക്കാന്‍ അനുവാദമില്ല.
      
 ശരീഅത്തിലെ ശിക്ഷാനടപടികൾ അല്ലാഹു തന്‍റെ ദാസന്മാരോട് കാണിക്കുന്ന കാരുണ്യത്തിന്‍റെ ഭാഗമായിട്ട് മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. അവ സൃഷ്ടികളോടുള്ള കാരുണ്യത്താലും അവർക്ക് നന്മ ചെയ്യണമെന്ന ഉദ്ദേശ്യത്താലും ഉണ്ടായതാണ്. അതിനാൽ, ജനങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കുന്നവർ അതിലൂടെ ജനങ്ങള്‍ക്ക് നന്മ ചെയ്യണമെന്നും അവരോട് കാരുണ്യം കാണിക്കണമെന്നും ഉദ്ദേശിക്കേണ്ടതുണ്ട്. ഒരു പിതാവ് തന്‍റെ കുട്ടിയെ അച്ചടക്കം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് പോലെയും, ഒരു ഡോക്ടർ രോഗിയെ ചികിത്സിച്ച് ഭേദമാക്കാൻ ഉദ്ദേശിക്കുന്നത് പോലെയും ആയിരിക്കണം അത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

1- ഹദീസിൽ പരാമർശിച്ച മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് പ്രവർത്തിക്കുന്നത് കടുത്ത നിഷിദ്ധമാണ്. അതിൽ ഏതെങ്കിലും ഒന്നിന് തുനിയുന്നവൻ വധശിക്ഷക്ക് അർഹനാകുന്നു. 

2- വധശിക്ഷക്ക് കാരണമാകുന്ന പാപങ്ങള്‍ ഇവയാണ്: 

1- വിവാഹിതനായ ഒരാള്‍ വ്യഭിചാരം ചെയ്യല്‍. 

2- ഒരു വിശ്വാസിയെ വധിക്കല്‍.

3- ഇസ്‌ലാം ഉപേക്ഷിക്കല്‍. 

3- കുറ്റവാളികളെ തടയുന്നതിനും സമൂഹത്തെ കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അല്ലാഹു ഇത്തരം ശിക്ഷാനടപടികൾ നിശ്ചയിച്ചിട്ടുള്ളത്. മനുഷ്യജീവനുകളുടെ നിലനിൽപ്പിലും സുരക്ഷയിലുമുള്ള അല്ലാഹുവിന്‍റെ കാരുണ്യമാണിത് വ്യക്തമാക്കുന്നത്. ശിർക്കിന് ശേഷം ഏറ്റവും വലിയ പാപമായി അല്ലാഹു വിലക്കിയ ജീവനെടുക്കുന്നതിനെ മാറ്റിയതും അതിനാലാണ്.

4- മതം, അഭിമാനം, വംശപരമ്പര, മനുഷ്യജീവൻ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ ഹദീസ് ഇസ്‌ലാമിക നിയമങ്ങളിലെ ഏറ്റവും മഹത്തായ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നാണ്.
5- വിവാഹം കഴിച്ച വ്യക്തി വ്യഭിചാരത്തിൽ ഏർപ്പെട്ടാൽ ഉള്ള ശിക്ഷ മരണപ്പെടുന്നത് വരെ കല്ലെറിഞ്ഞു കൊല്ലുക എന്നതാണ്. ഇതിൽ നിന്ന് വിവാഹം കഴിക്കാത്തവരുടെ ശിക്ഷ എറിഞ്ഞു കൊല്ലല്‍ അല്ലെന്നും, അത് ഖുർആൻ വ്യക്തമാക്കിയത് പോലെ ചാട്ടവാറടി ആണെന്നും മനസ്സിലാക്കാം.
6- ഒരു മുസ്‌ലിമിനെ അവൻ ആണോ പെണ്ണോ, ചെറുതോ വലുതോ ആകട്ടെ ശരിയായ (ശരീഅത്ത് അനുശാസിക്കുന്ന) കാരണമില്ലാതെ വധിക്കുന്നത് നിഷിദ്ധമാണ്. അവൻ ആദരിക്കപ്പെടേണ്ടവനും രക്തം സംരക്ഷിക്കപ്പെട്ടവനുമാണ്. അങ്ങനെയുള്ള ഒരു ജീവനെ ബോധപൂർവ്വം അതിക്രമത്തിലൂടെ കൊലപ്പെടുത്തുന്നവന് നിബന്ധനകൾക്ക് വിധേയമായി മരണശിക്ഷ  നൽകപ്പെടേണ്ടതുണ്ട്.
7- മുസ്‌ലിം ഉമ്മത്തിന്‍റെ കൂട്ടായ്മയോടൊപ്പം (ജമാഅത്ത്) നിലകൊള്ളാനും അതിൽ നിന്ന് ഭിന്നിച്ചു പോകാതിരിക്കാനുമുള്ള ശക്തമായ പ്രേരണ ഇതിലുണ്ട്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...