عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو محمد، تقي الدين (المتوفى: 600هـ)
പിതാവല്ലാത്തവരിലേക്ക് തന്നെ ചേര്‍ത്ത് പറയുന്നതിന്‍റെ വിധി
336 - عَنْ أَبِي ذَرٍّ رضي الله عنه: أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ (لَيْسَ مِنْ رَجُلٍ ادَّعَى لِغَيْرِ أَبِيهِ - وَهُوَ يَعْلَمُهُ - إلاَّ كَفَرَ. وَمَنْ ادَّعَى مَا لَيْسَ لَهُ: فَلَيْسَ مِنَّا، وَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ وَمَنْ دَعَا رَجُلاً بِالْكُفْرِ، أَوْ قَالَ: عَدُوَّ اللَّهِ، وَلَيْسَ كَذَلِكَ، إلاَّ حَارَ عَلَيْهِ) .
അബൂദർറ് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: (തന്‍റെ പിതാവല്ലാത്ത ഒരാളിലേക്ക് -അയാൾ സ്വന്തം പിതാവല്ലെന്ന് അറിഞ്ഞുകൊണ്ട്- ഒരാൾ സ്വയം ചേർത്തുവിളിച്ചാൽ അവൻ കുഫ്‌റിൽ (സത്യനിഷേധത്തിൽ) അകപ്പെടാതിരിക്കില്ല. തനിക്കില്ലാത്ത ഒന്നിനെക്കുറിച്ച് അത് തന്‍റെതാണെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല, അവൻ നരകത്തിൽ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ. ആരെങ്കിലും ഒരാളെ 'കാഫിർ' (സത്യനിഷേധി) എന്ന് വിളിക്കുകയോ, അല്ലെങ്കിൽ 'അല്ലാഹുവിന്‍റെ ശത്രു' എന്ന് പറയുകയോ ചെയ്യുകയും, എന്നാൽ അയാൾ അങ്ങനെ അല്ലാതിരിക്കുകയും ചെയ്താൽ, ആ വിളി അത് പറഞ്ഞവനിലേക്ക് തന്നെ മടങ്ങുന്നതാണ്).
ولْيَتَبَوَّأْ: അവൻ ഒരു താവളം അഥവാ ഇരിപ്പിടം സ്വീകരിക്കട്ടെ.
حَارَ عَلَيْهِ: അവനിലേക്ക് തന്നെ മടങ്ങി.
തന്‍റെ യഥാർത്ഥ പിതാവിനെ മനഃപൂർവ്വം അവഗണിച്ചുകൊണ്ട്, മറ്റൊരാളാണ് തന്‍റെ പിതാവെന്ന് മനപ്പൂര്‍വം വാദിക്കുന്നതിനെതിരെ നബി صلى الله عليه وسلم കടുത്ത മുന്നറിയിപ്പാണ് നൽകുന്നത്. സ്വന്തം പിതാവിന്‍റെ പദവി കുറഞ്ഞതോ അന്തസ്സ് ഇല്ലാത്തതോ ആണെന്ന് കരുതി, അതിൽ അപകർഷതാബോധം തോന്നുന്ന അഹങ്കാരികളും വിവരമില്ലാത്തവരുമാണ് ഇങ്ങനെയുള്ള നികൃഷ്ടമായ പ്രവർത്തികൾ ചെയ്യാറുള്ളത്.
ഇതിന്‍റെ ഗൗരവം വളരെ വലിയതാണ്. സ്വന്തം പിതാവ് തനിക്ക് ചെയ്തുതന്ന നന്മകളോടുള്ള കടുത്ത നന്ദികേടാണത്.
ഇത്തരക്കാരെ ഈ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടിയാണ് കടുത്ത ഭാഷയിൽ 'കുഫ്‌റ്' എന്ന് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ തൗബ (പശ്ചാത്താപം) ചെയ്യുകയോ അല്ലാഹു പൊറുത്തു കൊടുക്കുകയോ ചെയ്താൽ ശിക്ഷ ഒഴിവാക്കപ്പെടുന്നതാണ്.
ഒരാൾക്ക് തന്‍റെ യഥാർത്ഥ പിതാവ് ആരാണെന്ന് കൃത്യമായി അറിയാമെങ്കിൽ മാത്രമേ ഈ കുറ്റം ബാധകമാകൂ. അറിവില്ലാതെ സംഭവിക്കുന്ന പിഴവുകൾക്ക് ഈ ശിക്ഷയില്ല.
തനിക്ക് അവകാശമില്ലാത്ത ഒരു ജനതയിലേക്ക് താൻ അവരിൽ പെട്ടവനാണെന്ന് വ്യാജമായി ചേർന്നു നിൽക്കുകയോ, അല്ലെങ്കിൽ തനിക്കില്ലാത്ത ധനം, പദവി, അവകാശങ്ങൾ, അറിവ്, യോഗ്യതകൾ എന്നിവ തനിക്കുണ്ടെന്ന് കള്ളം പറയുകയോ ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണിത്. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി ഇല്ലാത്ത ഗുണങ്ങൾ തനിക്കുണ്ടെന്ന് കാണിച്ച് വഞ്ചിക്കുന്നവരോട് നബി صلى الله عليه وسلم അങ്ങേയറ്റം ദേഷ്യപ്പെടുകയും "അവൻ നമ്മിൽ പെട്ടവനല്ല" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെയുള്ളവൻ നരകത്തിൽ തന്‍റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ എന്നാണ് നബി صلى الله عليه وسلم അറിയിച്ചത്. കാരണം അവൻ നരകാവകാശികളുടെ പ്രവർത്തിയാണ് ചെയ്തത്.
ഒരു മുസ്‌ലിമിനെ 'കാഫിർ' (സത്യനിഷേധി) എന്നോ, 'ജൂതൻ', 'ക്രിസ്ത്യാനി' എന്നോ, അല്ലെങ്കിൽ 'അല്ലാഹുവിന്‍റെ ശത്രു' എന്നോ വിളിക്കുന്നതിന്‍റെ ഭവിഷ്യത്ത് വളരെ വലുതാണ്.
ആർക്കെതിരെയാണോ ഈ ആരോപണം ഉന്നയിച്ചത്, അയാൾ അങ്ങനെ അല്ലെങ്കിൽ, ആ ദുഷിച്ച വിളിയും വിശേഷണവും അത് പറഞ്ഞവനിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നതാണ്. കാരണം അത്തരം മോശം വാക്കുകൾ പറയാൻ മാത്രം ദുഷിച്ച മനസ്സിന് ഉടമയായതു കൊണ്ട് ആ വിളിക്ക് ഏറ്റവും അർഹൻ അത് പറഞ്ഞവൻ തന്നെയാണ്.
ഈ മൂന്ന് വൻപാപങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രവർത്തിക്കുന്നവർക്ക് തന്നെ കഠിനമായ ശിക്ഷയുണ്ടെങ്കിൽ, ഇവ മൂന്നും ഒരാളിൽ ഒത്തുചേർന്നാൽ അവന്‍റെ അവസ്ഥ എത്രമാത്രം ഭയാനകമായിരിക്കും എന്ന് ഈ ഹദീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
1- ഒരാൾ തന്‍റെ യഥാർത്ഥ പിതാവല്ലാത്ത മറ്റൊരാളിലേക്ക് പരമ്പര ചേർക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
2- ഒരാൾ തനിക്ക് യാതൊരു കുടുംബബന്ധവുമില്ലാത്ത ഒരു ജനതയിലേക്ക് തന്നെ ചേർത്തുപറയുന്നത് നരകശിക്ഷക്കുള്ള കാരണങ്ങളിൽ പെട്ടതാണ്.
3- വൻപാപങ്ങളെ 'കുഫ്‌റ്' (സത്യനിഷേധം) എന്ന് വിശേഷിപ്പിക്കാം എന്നും, അത്തരം കാര്യങ്ങൾ പൂർണ്ണമായ ഈമാനിന് (വിശ്വാസത്തിന്) വിരുദ്ധമാണെന്നും മനസ്സിലാക്കാം.
4- തന്‍റെ അറിയപ്പെടുന്ന പരമ്പരയെ നിഷേധിക്കുന്നതും മറ്റൊരാളിലേക്ക് പരമ്പര ചേർക്കുന്നതും ഹറാമാണെന്നതിന് (നിഷിദ്ധമാണെന്നതിന്) ഇതിൽ തെളിവുണ്ട്. അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും; കുടുംബ പരമ്പരകൾ നഷ്ടപ്പെടുക, വിവാഹം കഴിക്കാൻ പാടില്ലാത്തവരും (മഹ്‌റം) അല്ലാത്തവരും തമ്മിൽ കലരുക, കുടുംബബന്ധങ്ങൾ മുറിയുക തുടങ്ങിയവ അതിൽ പെട്ടതാണ്.
5- ഇത് 'മനപ്പൂര്‍വ്വം' ചെയ്യുക എന്നത് ഒരു നിബന്ധനയാക്കിയിരിക്കുന്നു. കാരണം നൂറ്റാണ്ടുകൾ കഴിഞ്ഞുപോകുമ്പോഴും പിതാക്കന്മാരുടെ പരമ്പര നീണ്ടുപോകുമ്പോഴും അതിൽ തെറ്റുകളും അറിവില്ലായ്മയും സംഭവിച്ചേക്കാം. അല്ലാഹു ഒരാളോടും അവന്‍റെ കഴിവിന് അപ്പുറമുള്ളത് കൽപിക്കുകയില്ല, മറവി മൂലവും അബദ്ധം മൂലവും സംഭവിക്കുന്നതിൽ അവൻ ശിക്ഷിക്കുകയുമില്ല.
6- "തനിക്കില്ലാത്ത ഒന്നിനെക്കുറിച്ച് അത് തന്‍റെതാണെന്ന് വാദിച്ചവൻ" എന്ന പ്രസ്താവനയിൽ എല്ലാത്തരം വ്യാജ അവകാശവാദങ്ങളും ഉൾപ്പെടുന്നു. അത് കുടുംബ പരമ്പരയോ, ധനമോ, അറിവോ, തൊഴിലോ മറ്റെന്തെങ്കിലുമോ ആകട്ടെ. കള്ളം പറഞ്ഞുകൊണ്ട് ഒരാൾ എന്തൊന്നാണോ അവകാശപ്പെടുന്നത്, അവൻ നരകാവകാശികളിൽ പെട്ടവനാണ്, അതിനാൽ അവൻ നരകത്തിൽ തന്‍റെ സ്ഥാനം തെരഞ്ഞെടുത്തുകൊള്ളട്ടെ.
7- ഒരു മുസ്‌ലിമിന് എതിരെ കുഫ്‌റോ (സത്യനിഷേധം), ഫിസ്ഖോ (തെമ്മാടിത്തരമോ) ആരോപിക്കുകയോ, അല്ലെങ്കിൽ അവന്‍റെ ഈമാൻ നിഷേധിക്കുകയോ ചെയ്യുന്നവനെക്കുറിച്ചാണ് മൂന്നാമത്തെ താക്കീത്. ആരോപിക്കപ്പെട്ടവനേക്കാൾ ആ വിശേഷണത്തിന് അർഹൻ അത് പറഞ്ഞവൻ തന്നെയാണ്. കാരണം ആ പറഞ്ഞത് പറയപ്പെട്ടവനില്‍ ഇല്ലെങ്കില്‍ പറഞ്ഞവനിലേക്ക് തന്നെ മടങ്ങുന്നതാണ്. പ്രതിഫലം അവൻ ചെയ്ത പ്രവർത്തിയുടെ ഇനം തന്നെയാണ്.
8- മതപരമായ തെളിവുകളോ വ്യക്തവും സ്പഷ്ടവുമായ കുഫ്‌റോ ഇല്ലാതെ ജനങ്ങളെ കാഫിറാക്കുന്നതിൽ നിന്ന് ജാഗ്രത കൈക്കൊള്ളേണ്ടതുണ്ട്. കാരണം ഒരാളെ കാഫിറാക്കുന്നതും മതത്തിൽ നിന്ന് പുറത്താക്കുന്നതും അങ്ങേയറ്റം അപകടം നിറഞ്ഞ കാര്യമാണ്.
9- ഇതിന്‍റെ അർത്ഥം, മിഖ്ദാദു ബ്നുല്‍ അസ്‌വദിനെപ്പോലെ (വളർത്തുപിതാവിലേക്ക് ചേർത്ത്) തന്‍റെ പിതാവല്ലാത്ത മറ്റൊരാളിലേക്ക് ചേർക്കപ്പെട്ട് പ്രശസ്തനായവൻ ഈ കഠിനമായ ശിക്ഷയിൽ ഉൾപ്പെടുമെന്നല്ല. മറിച്ച്, അറിഞ്ഞുകൊണ്ട്, മനഃപൂർവ്വം, സ്വന്തം ഇഷ്ടപ്രകാരം തന്‍റെ യഥാർത്ഥ പിതാവിന്‍റെ പരമ്പരയിൽ നിന്ന് മാറി മറ്റൊരാളിലേക്ക് പരമ്പര മാറ്റുന്നവനാണ് ഇതിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

No comments:
Post a Comment