ഫോളോ ചെയ്യാം

Wednesday, 30 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 194 دروس الحديث - മനുഷ്യരില്‍ പല നിറക്കാരുള്ളത് പോലെ അവരില്‍ പല സ്വഭാവക്കാരുണ്ട്..


 


മനുഷ്യരില്‍ പല നിറക്കാരുള്ളത് പോലെ അവരില്‍ പല സ്വഭാവക്കാരുണ്ട്..

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ تَعَالَى خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ، فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ، فَجَاءَ مِنْهُمُ الأَحْمَرُ وَالأَبْيَضُ وَالأَسْوَدُ وَبَيْنَ ذَلِكَ، وَالسَّهْلُ وَالحَزْنُ وَالخَبِيثُ وَالطَّيِّبُ»- رواه الترمذي- صحيح

അബൂമൂസല്‍ അശ്അരി رضي اللَّهُ عنه വില്‍ നിന്ന് നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ആദമിനെ സൃഷ്ടിച്ചത് ഭൂമിയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള ഒരു പിടി മണ്ണില്‍ നിന്നാണ്. അങ്ങനെ ആദമിന്‍റെ സന്തതികള്‍ ഭൂമിക്കനുസരിച്ച് വിവിധ നിറങ്ങളിലും പ്രകൃതികളിലുമായി വന്നു. അവരില്‍ ചുവന്നവരും, വെളുത്തവരും, കറുത്തവരും, ഇവയ്ക്കിടയിലുള്ള നിറങ്ങളുള്ളവരും ഉണ്ടായി. അവരില്‍ സൗമ്യരും, പരുക്കന്‍മാരും, ചീത്ത ആളുകളും, നല്ലവരും, ഉണ്ടായി.


വിവരണം

മനുഷ്യന്‍റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ ഹദീസില്‍ഉള്ളത്.

അല്ലാഹു ഒരു قَبْضَة കൊണ്ടാണ് ആദം عَلَيْهِ السلام നെ സൃഷ്ടിച്ചത്. قَبْضَة എന്നാല്‍ ഒരു കൈപിടിയില്‍ ഉള്‍കൊള്ളുന്നത് എന്നാണ്.


ഭൂമിയുടെ എല്ലാ ഭാഗങ്ങളെയും -നല്ലതും ചീത്തയും- ഉഉള്‍കൊള്ളുന്ന വിധമാണ് ഒരു പിടി മണ്ണ് എടുത്തിട്ടുള്ളത്.


ഭൂമിയുടെ പ്രകൃതി പോലെ തന്നെ വിവിധ അവസ്ഥകളിലുള്ള മനുഷ്യര്‍ ഭൂമിയില്‍ ഉണ്ട് എന്നാണ് ഹദീസ് അറിയിക്കുന്നത്. വിവിധ നിറങ്ങളിലും സ്വഭാവങ്ങളിലും ഉള്ള മനുഷ്യര്‍.


മനുഷ്യരെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദം عَلَيْهِ السلام മണ്ണില്‍ നിന്നും ആണ് സൃഷ്ടിക്കപ്പെട്ടത്. സൂറത്തുല്‍ മുഅമിനൂനിലെ 12 മുതല്‍ 14 വരെയുള്ള വചനങ്ങളില്‍ അല്ലാഹു മനുഷ്യന്‍റെ സൃഷ്ടിപ്പിന്‍റെ വിവിധ ഘട്ടങ്ങളെ അറിയിക്കുന്നുണ്ട്.


മനുഷ്യന്‍ വിവിധ നിറങ്ങളിലും ദേശങ്ങളിലും ഉള്ളവനാണെങ്കിലും അല്ലാഹുവിന്‍റെ അടുക്കല്‍ എല്ലാവരും തുല്യരാണ്.


മനുഷ്യരില്‍ വിവിധ സ്വഭാവക്കാര്‍ ഉണ്ട് എന്ന് ഹദീസ് അറിയിക്കുന്നു. അതില്‍ ത്വയ്യിബ് (നല്ലത്) ആയ വിഭാഗം ആണ് സ്തുത്യര്‍ഹാരായിട്ടുള്ളത്. അഥവാ ഉന്നതരായിട്ടുള്ളത്. അതില്‍ ഉള്‍പ്പെടാനാണ് നാം പരിശ്രമിക്കേണ്ടത്. ഭൗതികമായ കെട്ടും മട്ടുമെല്ലാം ഇവിടെ തന്നെ അവസാനിപ്പിച്ച് പോകേണ്ടവരാണ് നമ്മള്‍. അല്ലാഹുവിന്‍റെ അടുക്കല്‍ എത്തുമ്പോള്‍ നല്ല മനസ്സുമായി എത്താന്‍ സാധിക്കണം. അതാവണം നമ്മുടെ ജീവിത ലക്ഷ്യം.

 


Tuesday, 29 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 193 دروس الحديث - തൗഹീദും ശിര്‍ക്കും

 


തൗഹീദും ശിര്‍ക്കും

عن جَابِر بْن عَبْدِ اللهِ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «مَنْ لَقِيَ اللهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ، وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارَ»- رواه مسلم

ജാബിര്‍ رضي اللهُ عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടു: ആരെങ്കിലും അല്ലഹുവില്‍ ഒന്നിലും പങ്കു ചേര്‍ക്കാത്തവനായി അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, ആരെങ്കിലും അവനെ പങ്കു ചേര്‍ക്കുന്നവനായി കണ്ടുമുട്ടിയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും.


വിവരണം

 തൗഹീദിന്‍റെ മഹത്വത്തേയും ശിര്‍ക്കിന്‍റെ ഗൗരവത്തേയും അറിയിക്കുന്ന ഹദീസാണിത്.

 ശിര്‍ക്ക് ചെയ്യാതെ അഥവാ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാതെ ആരെങ്കിലും മരിച്ച് പോവുകയും നാളെ റബ്ബിന്‍റെ മുന്നില്‍ വരികയും ചെയ്താല്‍ അവന്‍ സൗഭാഗ്യവാനാണ്. അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും.

 ഇനി ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ത്ത് കൊണ്ടാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വരുന്നതെങ്കില്‍ അവന്‍ നരകത്തിലും പ്രവേശിക്കും.

 അല്ലാഹുവില്‍ പങ്ക് ചേര്‍ക്കാത്തവന്‍ വന്‍പാപങ്ങള്‍ ചെയ്തവനായാലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും, അവന്‍റെ പാപങ്ങള്‍ക്ക് ഒന്നുകില്‍ ശിക്ഷ ലഭിക്കുകയോ, അല്ലെങ്കില്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയോ ചെയ്തതിന് ശേഷം അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും.

 അല്ലാഹുവില്‍ പങ്ക് ചേര്‍ത്തവന് ഭൂമിയില്‍ എന്ത് നന്‍മ ചെയ്താലും അതൊന്നും സ്വീകരിക്കപ്പെടുകയില്ല. അവന് സ്വര്‍ഗ്ഗം നിഷിദ്ധവും അവന്‍റെ അഭയ കേന്ദ്രം നരകവുമാണ്.

 ശിര്‍ക്ക് ചെയ്യുന്നവന്‍റെ കര്‍മങ്ങള്‍ എല്ലാം നിഷ്ഫലമാകും, അല്ലാഹു അവന് പൊറുത്ത് കൊടുക്കുകയില്ല, അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല, നരകം അവന്‍റെ ഭവനമായിരിക്കും, ശിര്‍ക്ക് വലിയ അക്രമമാണ്, അവരുടെ മേല്‍ അല്ലാഹുവിന്‍റെ കോപമുണ്ട്, അവര്‍ നഷ്ടക്കാരാണ്, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് തുടങ്ങി ഒരുപാട് ഭവിഷ്യത്തുകള്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നതിനുണ്ട്.

 അത് കൊണ്ട് തന്നെ ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എപ്പോഴും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്.

 ഇബ്റാഹീം  عَلَيْهِ السلام പോലും സ്വന്തത്തിനും മക്കളുടെ കാര്യത്തിലും ശിര്‍ക്കിനെ ഭയപ്പെട്ടിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആനില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അപ്പോള്‍ നാം ഈ വിഷയത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്.

 തൗഹീദ് ശരിക്ക് പഠിക്കുകയും അറിയാത്തവര്‍ക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യേണ്ടവരാണ് നാം.

 നമ്മുടെ ദഅ്വത്തിന്‍റെ മുഖ്യ അജണ്ട തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കലും, ശിര്‍ക്കില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തലുമാവണം.

 മുസ്ലിം ഉമ്മത്തിലും വിവിധ തരത്തിലുള്ള ശിര്‍ക്കന്‍ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. ക്വബ്റാരാധന, ക്വബ്റിലുള്ളവര്‍ക്ക് ബലിയര്‍പ്പിക്കല്‍, മരിച്ച് പോയവരെ വിളിച്ച് തേടല്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.


 


Monday, 28 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 192 دروس الحديث - നല്ല സ്വഭാവക്കാരും ചീത്ത സ്വഭാവക്കാരും

 


നല്ല സ്വഭാവക്കാരും 

ചീത്ത സ്വഭാവക്കാരും

عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "إِنَّ أَحَبَّكُمْ إِلَيَّ، وَأَقْرَبَكُمْ مِنِّي فِي الْآخِرَةِ مَحَاسِنُكُمْ أَخْلَاقًا، وَإِنَّ أَبْغَضَكُمْ إِلَيَّ وَأَبْعَدَكُمْ مِنِّي فِي الْآخِرَةِ مَسَاوِئُكُمْ أَخْلَاقًا، الثَّرْثَارُونَ، الْمُتَفَيْهِقُونَ الْمُتَشَدِّقُونَ"- رواه أحمد- صحيح

അബൂഥഅലബഃ അല്‍ ഖുശനി رضي اللهُ عنه വില്‍ നിന്ന് നിവേദനം: നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങളില്‍ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരും അന്ത്യദിനത്തില്‍ എന്നോട് ഏറ്റവും അടുത്തുള്ളവരും നല്ല സ്വഭാവമുള്ളവരാണ്. നിങ്ങളില്‍ എനിക്ക് ഏറ്റവും വെറുപ്പുള്ളവരും അന്ത്യദിനത്തില്‍ എന്നില്‍ നിന്ന് ഏറ്റവും ദൂരെയാകുന്നവരും മോശം സ്വഭാവമുള്ളവരാണ്. വായാടികളും, സ്വയം പ്രശംസക്കാരും, മറ്റുള്ളവരെ പരിഹസിക്കുന്ന  അഹങ്കാരികളും ആണ് അവര്.

വിവരണം

വാക്കര്‍ത്ഥം:

الثَّرْثَارُونَ:

അനാവശ്യമായി ധാരാളം സംസാരിച്ച് കൊണ്ടിരിക്കുന്നവര്‍

الْمُتَفَيْهِقُونَ: 

സ്വയം പ്രശംസക്കാര്‍

الْمُتَشَدِّقُونَ:

സംസാരത്തില്‍ പരിഹാസം കലര്‍ത്തുന്ന അഹങ്കാരികള്‍


നല്ല സ്വഭാവങ്ങളുടെ മഹത്വവും ദുഷിച്ച സ്വഭാവങ്ങളുടെ അനന്തരഫലവും അറിയിക്കുന്ന ഹദീസ് ആണിത്.


വെറുതെ അനാവശ്യമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഭവിഷ്യത്തുകള്‍ ഈ ഹദീസ് അറിയിക്കുന്നു.


ഒരു നല്ല മനുഷ്യന്‍ എപ്പോഴും ഉത്കൃഷ്ട സ്വഭാവങ്ങളുടെ ഉടമയായിരിക്കും.


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍:


ഇസ്ലാമില്‍  നല്ല സ്വഭാവത്തിന്‍റെ പ്രാധാന്യം ഈ ഹദീസ് അറിയിക്കുന്നു.


മോശം സ്വഭാവം അല്ലാഹുവിനും  മനുഷ്യനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഹദീസ് വിവരിക്കുന്നു.


അമിതമായ സംസാരം, പൊങ്ങച്ചം,  അഹങ്കാരം, അഹന്ത എന്നിവ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത ഹദീസ് വ്യക്തമാക്കുന്നു.


സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനങ്ങള്‍ നല്ല സ്വഭാവമുള്ളവര്‍ക്കാണ്, കാരണം അത് സര്‍വ്വ നന്മകളും ഉള്‍ക്കൊള്ളുന്നു.


നാം സംസാരിക്കുകയാണെങ്കില്‍ നല്ലത് സംസാരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണം. ഇത് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കല്‍പനയാണ്.


നാവിന്‍റെ അപകടങ്ങളില്‍ പെട്ടതാണ് അതിനെ സൂക്ഷിക്കാതെ ഉപയോഗിക്കല്‍. അത് കൊണ്ടാണ് മുകളില്‍ സംസാരവുമായി ബന്ധപ്പെട്ട മൂന്ന് പദങ്ങള്‍ വിവരിക്കപ്പെട്ടത്.


മനുഷ്യനെ ഏറ്റവും കൂടുതല്‍ നരകത്തിലേക്കെത്തിക്കുന്നത് അവന്‍റെ നാവും ഗുഹ്യസ്ഥാനവുമാണെന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്.


ആളുകളെ ചിരിപ്പിക്കാനും സ്വയം പ്രശംസിക്കാനും മറ്റുള്ളവരെ ഇകഴ്ത്താനുമൊക്കെ ആളുകള്‍ നിലക്കാതെ സംസാരിക്കാറുണ്ട്. അത്തരം ആളുകള്‍ ഈ ഹദീസിന്‍റെ പൊരുള്‍ മനസ്സിലാക്കണം.


കുറെ സംസാരിക്കുമ്പോള്‍ വാക്കുകളില്‍ ധാരാളം തെറ്റുകള്‍ സംഭവിക്കാനിടയുണ്ട്. അത് കൊണ്ട് തന്നെ ആവശ്യമുള്ളത് മാത്രം സംസാരിക്കുന്നവരാകണം. അതില്‍ തന്നെ സൂക്ഷ്മതയും പുലര്‍ത്തണം.


സംസാരങ്ങള്‍ അധികരിക്കുന്നത് കൊണ്ട് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും പ്രയാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഈ വിഷയം ഇത്ര ഗൗരവത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.


അന്ത്യദിനത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യോട് അടുത്ത് നില്‍ക്കാന്‍ സഹായകമാകുന്ന കാര്യമാണ് സല്‍സ്വഭാവം.


 


Sunday, 27 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 191 دروس الحديث - ലജ്ജ വിശ്വാസത്തില്‍ പെട്ടതാണ്

 


ലജ്ജ വിശ്വാസത്തില്‍ പെട്ടതാണ്

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «الحَيَاءُ مِنَ الإِيمَانِ، وَالإِيمَانُ فِي الجَنَّةِ، وَالبَذَاءُ مِنَ الجَفَاءِ، وَالجَفَاءُ فِي النَّارِ»- رواه الترمذي- صحيح

അബൂഹുറൈറ  رضي اللَّهُ عنه നിവേദനം: റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. ഈമാന്‍ സ്വര്‍ഗ്ഗത്തിലുമാണ്. എന്നാല്‍ ലജ്ജയില്ലായ്മ  തോന്നിവാസത്തില്‍ പെട്ടതും തോന്നിവാസം നരകത്തിലുമാണ്.

വിവരണം

 ലജ്ജ ഉല്‍കൃഷ്ടമായ ഗുണങ്ങളില്‍ ഒന്നാണ്, മാത്രമല്ല, അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും കൂടിയാണ്.

 ലജ്ജ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വിജയങ്ങളുണ്ടാകും.തന്‍റെ ആത്മാവിനോട് ജിഹാദ് ചെയ്യുകയും ലജ്ജ എന്ന ഗുണം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍.

    ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه اللَّهُ പറയുന്നു: ലജ്ജ ഒരു സ്വാഭാവിക ഗുണമാണോ അതോ നേടിയെടുക്കാവുന്ന ഒന്നാണോ?

ഉത്തരം: അത് രണ്ടും ആണ്. മനുഷ്യന്‍ തന്‍റെ സ്വഭാവം നന്നാക്കിയാല്‍ ലജ്ജ സ്വാഭാവികമായി ഉണ്ടാകും. അങ്ങനെ അവന്‍ ലജ്ജാശീലനാകും. ചില ആളുകളെ ആദ്യം നോക്കിയാല്‍ ലജ്ജയില്ലാത്തവരും യാതൊന്നും കാര്യമാക്കാത്തവരും ആയിരിക്കും. പിന്നീട് അവന് അല്ലാഹു വിജ്ഞാനവും ധാരണയും നല്‍കിയാല്‍ അവന്‍ ലജ്ജാശീലനായി മാറും. അവന്‍ സ്വന്തത്തെ നിയന്ത്രിക്കുകയും ആളുകള്‍ക്ക് മുമ്പില്‍ ലജ്ജയില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്യും.

മനുഷ്യനില്‍ ലജ്ജ മൂന്ന് തരത്തിലാണുണ്ടാവുക

-      അല്ലാഹുവിനോടുള്ള ലജ്ജ

-      ജനങ്ങളോടുള്ള ലജ്ജ

-      സ്വന്തത്തോടുള്ള ലജ്ജ.

    ഉമര്‍ رضي اللَّهُ عنه പറഞ്ഞു: 'ആരുടെയെങ്കിലും ലജ്ജ കുറഞ്ഞാല്‍ അവന്‍റെ ഭക്തി കുറയും. ആരുടെ ഭക്തി കുറഞ്ഞോ അവന്‍റെ ഹൃദയം മരിച്ചിരിക്കുന്നു'.

ഇബ്നുമസ്ഊദ് رضي اللَّهُ عنه പറഞ്ഞു: 'ജനങ്ങളോട് ലജ്ജ കാണിക്കാത്തവന്‍ അല്ലാഹുവോടും ലജ്ജ കാണിക്കുകയില്ല'.

ഫുദൈലുബ്നു ഇയാദ് رحمه اللَّهُ പറഞ്ഞു: 'അഞ്ച് കാര്യങ്ങള്‍ ദൗര്‍ഭാഗ്യത്തിന്‍റെ അടയാളങ്ങളാണ്. ഹൃദയം കടുത്തു പോകല്‍, കണ്ണ് വറ്റിപ്പോകല്‍, ലജ്ജയിലുള്ള കുറവ്, ദുന്‍യാവിനോടുള്ള അമിതമായ ആഗ്രഹം, ദുന്‍യാവിനോടുള്ള നീണ്ട പ്രതീക്ഷ എന്നിവയാണത്'.

ലജ്ജയുടെ ഗുണങ്ങള്‍

  • ലജ്ജ എല്ലാ നന്മകളുടെയും താക്കോല്‍ ആണ്
  • ലജ്ജ എന്നാല്‍ ഈമാന്‍ ആണ്
  • ലജ്ജ വിശ്വാസിക്ക് നല്ലൊരു അലങ്കാരമാണ്
  • അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള ഒരു സ്വഭാവമാണ്
  • സ്വര്‍ഗ്ഗത്തിലേക്ക് മനുഷ്യനെ നയിക്കുന്ന കാര്യമാണ്.
  • ഇസ്ലാമിന്‍റെ സ്വഭാവം ആണ് ലജ്ജ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്
  • എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ആണ് ലജ്ജ
  • ലജ്ജ തിന്മകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവ ഗുണമാണ്.
  • ലജ്ജ മുഴുവന്‍ നന്‍മയാണ്. ലജ്ജയില്ലെങ്കില്‍ നീ എന്ത് വേണമെങ്കിലും ചെയ്ത് കൊള്ളുക എന്ന് എല്ലാ നബിമാരും അനുയായികളെ പഠിപ്പിച്ച കാര്യമാണ്. അഥവാ ലജ്ജയില്ലാത്തവനാണ് മോശത്തരങ്ങള്‍ ചെയ്യുക എന്നാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.

 ആധുനിക കാലത്ത് ലജ്ജ എന്ന സല്‍ഗുണത്തിന് വില നല്‍കാത്ത അവസ്ഥ നമുക്ക് കാണാന്‍ സാധിക്കും.

 ലജ്ജയില്ലാതെ ആളുകള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ അവരുടെ ഈമാനിന്‍റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.

 ആളുകളെ ചിരിപ്പിക്കാനോ, തമാശയായിട്ടോ ലജ്ജയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്ന് ഉണ്ടായിക്കൂടാ.


Saturday, 26 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 190 دروس الحديث - ഐശ്വര്യമുണ്ടാകാനും ദാരിദ്ര്യമില്ലാതിരിക്കാനും

 


ഐശ്വര്യമുണ്ടാകാനും ദാരിദ്ര്യമില്ലാതിരിക്കാനും 

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: "إِنَّ اللَّهَ تَعَالَى يَقُولُ: يَا ابْنَ آدَمَ تَفَرَّغْ لِعِبَادَتِي أَمْلَأْ صَدْرَكَ غِنًى وَأَسُدَّ فَقْرَكَ، وَإِلَّا تَفْعَلْ مَلَأْتُ يَدَيْكَ شُغْلًا وَلَمْ أَسُدَّ فَقْرَكَ"- رواه الترمذي صحيح

അബൂ ഹുറൈറ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹു പറയുന്നു: അല്ലയോ ആദമിന്‍റെ പുത്രാ! നീ എന്‍റെ ആരാധനയ്ക്ക് ഒഴിഞ്ഞിരിക്കുക, എങ്കില്‍ ഞാന്‍ നിന്‍റെ ഹൃദയം ഐശ്വര്യം കൊണ്ട് നിറയ്ക്കുകയും നിന്‍റെ ദാരിദ്ര്യം ദൂരീകരിക്കുകയും ചെയ്യും. നീ അത് ചെയ്തില്ലെങ്കില്‍, ഞാന്‍ നിനക്ക് മുമ്പില്‍ തിരക്കുകള്‍  നിറയ്ക്കുകയും നിന്‍റെ ദാരിദ്ര്യം ദൂരീകരിക്കാതിരിക്കുകയും ചെയ്യും.


വിവരണം

 ക്വുദ്സിയ്യായ ഹദീസ് ആണിത്

 ആരാധനക്ക് ഒഴിഞ്ഞിരിക്കല്‍ മഹത്തുക്കളുടെ വിശേഷണമാണ്. അതിന് ധാരാളം നേട്ടങ്ങളുണ്ട്. മറ്റു കാര്യങ്ങള്‍ക്കിടയില്‍ ആരാധന ചെയ്യുക എന്നതല്ല. ആരാധനക്കായി മാത്രം സമയവും സാഹചര്യവും ഒരുക്കലാണ് ഈ ഹദീസിന്‍റെ ആശയത്തില്‍ ഉള്‍ക്കൊള്ളുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ ആരാധനകള്‍ ആത്മാര്‍ത്ഥവും പരിപൂര്‍ണ്ണവും ആയിത്തീരും.


ആരാധനക്ക് ഒഴിഞ്ഞിരിക്കുന്നതിന്‍റെ ഗുണങ്ങള്‍

  • അല്ലാഹുവുമായുള്ള അടുപ്പം വര്‍ദ്ധിക്കും
  • ഈമാനും തഖ്‌വയും വര്‍ദ്ധിക്കും
  • അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫലവും ലഭിക്കും
  • ജീവിതത്തില്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും
  • അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷ ലഭിക്കും
  • ആത്മീയവും സാമൂഹികവുമായ സംസ്കരണം കൈവരും.
  • ജീവിതത്തില്‍ ആത്മസംതൃപ്തി ഉണ്ടാകും
  • ഏത് കാര്യങ്ങളിലും ഊര്‍ജ്ജവും ആത്മവിശ്വാസവും അനുഭവപ്പെടും
  • പ്രയോജനകരമായ അറിവ് വര്‍ധിപ്പിക്കാന്‍ സാഹചര്യമുണ്ടാകും.
  • ഉപജീവന മാര്‍ഗ്ഗം വിശാലമാകും.
  • പാപമോചനവും സ്വര്‍ഗ്ഗപ്രവേശവും സാധ്യമാകും.

 ആരാധനകളുമായി ഒഴിഞ്ഞിരിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ വലിയ അനന്തര ഫലങ്ങള്‍ നാം നേരിടേണ്ടി വരും. 

അവയില്‍ പെട്ടതാണ്:


- അല്ലാഹുവില്‍ നിന്ന് അകന്ന് പോകല്‍

- തിന്മകളില്‍ അകപ്പെടല്‍

- മനസ്സിന് പ്രയാസവും കുടുസ്സതയും അനുഭവപ്പെടല്‍

- വിശ്വാസത്തില്‍ ദൗര്‍ബല്യം സംഭവിക്കല്‍

- ദാരിദ്ര്യം

- നല്ല കാര്യത്തിന് ഒഴിവില്ലാത്ത അവസ്ഥ ഉണ്ടാകല്‍ തുടങ്ങിയവ.

സലഫുകളായ മഹത്തുക്കള്‍ റമദാന്‍ പോലെ മറ്റു സന്ദര്‍ഭങ്ങളിലും ഇബാദത്തുകളില്‍ വ്യാപൃതരായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. 

റമദ്വാനില്‍ പോലും നമ്മുടെ അവസ്ഥകള്‍ എന്താണെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.

ആരാധനകള്‍ക്ക് മാത്രമായി നമ്മുടെ ആയുസ്സില്‍ സമയം നീക്കിവെക്കുന്നവരാകാന്‍ നാം ശ്രമിക്കുക. അത് ഒരിക്കലും നഷ്ടമാകാത്ത വേളകള്‍ ആകും.

 


Friday, 25 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 189 دروس الحديث - ദാനം ചെയ്യൂ... പണം കുറയില്ല .. വര്‍ധിക്കുകയെ ഉള്ളൂ..

 


ദാനം ചെയ്യൂ... 

പണം കുറയില്ല .. 

വര്‍ധിക്കുകയെ ഉള്ളൂ..

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "قَالَ اللَّهُ: أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ "-رواه البخاري

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം, അല്ലാഹുവിന്‍റെ  റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിന്‍റെ പുത്രാ (മനുഷ്യാ) നീ ചിലവഴിക്കുക, ഞാന്‍ നിനക്കായി ചിലവഴിക്കാം.


വിവരണം

 സമ്പത്ത് ചിലവഴിക്കുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ക്വുദ്സിയ്യായ ഹദീസ് ആണിത്.

 ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിച്ചാല്‍ അല്ലാഹു അവന് വേണ്ടി ചിലവഴിക്കുമെന്നാണ് അല്ലാഹു അറിയിക്കുന്നത്.

 നല്ല കാര്യങ്ങളില്‍ സമ്പത്ത് ചിലവഴിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ നഷ്ടമാവുന്നില്ല എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

 ചിലവഴിക്കുന്നവന് വീണ്ടും വീണ്ടും ധനം ലഭിക്കാനും, ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന് ധനത്തില്‍ നാശം ഉണ്ടാവാനും ഓരോ മലക്കുകള്‍ എല്ലാ ദിവസവും അല്ലാഹുവിനോട് പറയും എന്ന് ഹദീസിലുണ്ട്.

 അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മര്യാദകള്‍ പാലിച്ചായിരിക്കണം സമ്പത്ത് ചിലവഴിക്കേണ്ടത്.

 സമ്പത്ത് രഹസ്യമായിട്ടാണ് ദാനം നല്‍കേണ്ടത്. പരസ്യമാക്കി നല്‍കിയാല്‍ വലിയ നന്‍മകള്‍ ഉണ്ടാകുമെങ്കില്‍ അങ്ങനെയും ആവാം.

 ദാനം സ്വീകരിക്കുന്നവന് മനോവിഷമമുണ്ടാവുന്ന വിധത്തില്‍ ദാനം പരസ്യപ്പെടുത്താനോ, കൊടുത്തത് എടുത്ത് പറയാനോ, അവനെ ബുദ്ധിമുട്ടിക്കാനോ പാടില്ല.

 ചിലവഴിക്കുന്നതിന്‍റെ വലിപ്പത്തിലേക്കല്ല, കൊടുക്കുമ്പോള്‍ ഉള്ള ആത്മാര്‍ത്ഥതയാണ് അല്ലാഹു നോക്കുക.

 ഒരു കാരക്കയുടെ കഷ്ണം കൊടുത്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കണം എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.

 കൊടുക്കാതെ പിശുക്ക് കാണിച്ച് കെട്ടിപ്പൂട്ടി വെക്കുന്നവ സ്വന്തത്തിന് തന്നെ ദ്രോഹമാകുന്ന അവസ്ഥ വരാനുണ്ടെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.

 മരണത്തിന് ശേഷവും പ്രതിഫലം ലഭിക്കാന്‍ സഹായിക്കുന്ന വിധമുള്ള നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍ നമുക്കുണ്ടാവണം.

 നാം നല്ല മനസ്സോടെ ചിലവഴിക്കുന്ന ഏത് വസ്തുവാകട്ടെ, അതിനെ അല്ലാഹു സ്വീകരിച്ച് വളര്‍ത്തി വലിയ കുന്ന് പോലെ ആക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

 സ്വഹാബിമാര്‍ ചിലവഴിക്കുന്ന വിഷയത്തില്‍ ഏറെ മുന്‍പന്തിയി ലായിരുന്നു.

 പണക്കാരനും, പാവപ്പെട്ടവനും എല്ലാം ഈ പ്രതിഫലം നേടാന്‍ അവസരമുണ്ട്.

 നാം എന്ത് ചിലവഴിച്ചാലും അതിന് പകരമായി അല്ലാഹു വേറെ നല്‍കും എന്ന് വിശുദ്ധ ക്വുര്‍ആനിലും വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: (നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.) (സബഅ്:39)

 ഒരാള്‍ തന്‍റെ ഭാര്യക്കും, മക്കള്‍ക്കും ചിലവിന് നല്‍കിയാല്‍ അത് പോലും ദാനമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا أَنْفَقَ المُسْلِمُ نَفَقَةً عَلَى أَهْلِهِ، وَهُوَ يَحْتَسِبُهَا، كَانَتْ لَهُ صَدَقَةً»- متفق عليه

അബൂമസ്ഊദ് അല്‍അന്‍സ്വാരി رَضِيَ اللَّهُ عَنْهُ നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു മുസ്ലിം പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് തന്‍റെ കുടുംബത്തിന് മേല്‍ (എന്തെങ്കിലും) ചിലവഴിച്ചാല്‍ അത് അവന് സ്വദക്വ (ദാനം) ആയിത്തീരും. (ബുഖാരി, മുസ്ലിം)


Thursday, 24 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 188 دروس الحديث - നാല് കാര്യങ്ങളില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്

 


നാല് കാര്യങ്ങളില്‍ 

വിശ്വസിക്കല്‍ നിര്‍ബന്ധമാണ്

عَنْ عَلِيٍّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَا يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِأَرْبَعٍ: بِاللَّهِ وَحْدَهُ لَا شَرِيكَ لَهُ، وَأَنِّي رَسُولُ اللَّهِ، وَبِالْبَعْثِ بَعْدَ الْمَوْتِ، وَالْقَدَرِ ". رواه ابن ماجه- صحيح

അലി رضي اللهُ عنه നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നാലു കാര്യങ്ങളില്‍ വിശ്വസിക്കുന്നത് വരെ ഒരു അടിമയും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. അല്ലാഹു ഏകനാണെന്നും അവന് പങ്കുകാരില്ലെന്നും, ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ ആണെന്നും, മരണത്തിന് ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിലും, ക്വദറിലും (വിധിയിലും) വിശ്വസിക്കലാണത്.


വിവരണം

 ഇസ്ലാമിക വിശ്വാസ കാര്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഈ ഹദീസില്‍ അറിയിക്കപ്പെട്ടിരിക്കുന്നത്.

 ഈ നാല് കാര്യങ്ങളിലും കൃത്യമായി വിശ്വസിക്കുന്നത് വരെ ഒരാളും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. അവയിലെ ഓരോന്നും സംക്ഷിപ്തമായി നമുക്ക് മനസ്സിലാക്കാം.

അല്ലാഹുവില്‍ വിശ്വസിക്കല്‍

അല്ലാഹുവിലുള്ള വിശ്വാസത്തെ സംബന്ധിച്ച് പഠിക്കുമ്പോള്‍ നാല് കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം.

1- അല്ലാഹുവിന്‍റെ ഉണ്‍മയില്‍ (വുജൂദില്‍) ഉള്ള വിശ്വാസം.

ബുദ്ധിയും ശുദ്ധപ്രകൃതിയും പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും അല്ലാഹുവിന്‍റെ ഉണ്‍മയില്‍ സൂചന നല്‍കുന്നുണ്ട്. ഈ പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങള്‍ക്ക് പിന്നിലും അവന്‍റെ ശക്തി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ ചരാചരങ്ങള്‍ വെറുതെ ഉണ്ടായതല്ലെന്ന് അല്ലാഹു അറിയിക്കുന്നു: (അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?. (സൂറത്തുത്വൂര്‍: 35)

2- അല്ലാഹുവിന്‍റെ റുബൂബിയ്യത്തിലുള്ള വിശ്വാസം.

എല്ലാ വസ്തുക്കളേയും സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. എല്ലാ കര്യങ്ങളേയും നിയന്ത്രിക്കുന്നതും, ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും മഴ പെയ്യിക്കുന്നതും തുടങ്ങി എല്ലാ കാര്യങ്ങളും അല്ലാഹുവാണ് നടപ്പിലാക്കുന്നത്. ഈ കാര്യങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കല്‍ നമുക്ക് ബാധ്യതയാണ്.

3- അല്ലാഹുവിന്‍റെ ആരാധ്യതയിലുള്ള (ഉലൂഹിയ്യത്ത്) വിശ്വാസം.

ആരാധനകള്‍ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്ന വിശ്വാസമാണത്. ആരാധനകള്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവന്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവനായിത്തീരും. ഇതാണ് ശഹാദത്ത് കലിമയുടെ ഉള്ളടക്കം.

4- അല്ലാഹുവിന്‍റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസം. 

 ഏറ്റവും ഉന്നതമായ നാമങ്ങളുടേയും വിശേഷണങ്ങളുടേയും ഉടമ അല്ലാഹു മാത്രമാണ് എന്ന വിശ്വാസമാണത്. അല്ലാഹുവും അവന്‍റെ റസൂലും അല്ലാഹുവിന് സ്ഥിരപ്പെടുത്തിയ ഉന്നതമായ നാമങ്ങളും വിശേഷണങ്ങളും നാം അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും വേണം. അവ അല്ലാഹുവിന്‍റെ മഹത്വത്തിന് യോജിച്ച വിധമായിരിക്കണം നാം സ്ഥിരപ്പെടുത്തേണ്ടത്. അതിനെ ദുര്‍വ്യാഖ്യാനിക്കാനോ, നിഷേധിക്കാനോ, രൂപം നല്‍കാനോ നമുക്ക് പറ്റില്ല. അവ  എങ്ങനെയാണോ തെളിവുകളില്‍ വന്നത് അത് പോലെ തന്നെ നാം  വിശ്വസിക്കണം.


റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യില്‍ വിശ്വസിക്കല്‍

നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കാന്‍ നമുക്ക് കഴിയണം. ഈ വിശ്വാസം പരിപൂര്‍ണ്ണമാകാന്‍ നാം നാല് കാര്യങ്ങള്‍ ശ്രദ്ധിക്കുകയും നടപ്പിലാക്കുകയും വേണം.

1- റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ച എല്ലാ കാര്യങ്ങളേയും നാം സത്യപ്പെടുത്തുകയും അംഗീകരിക്കുകയും വേണം


2- റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ കല്‍പിച്ച എല്ലാ കാര്യങ്ങളും നാം അനുസരിക്കണം


3- റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ വിരോധിക്കുകയും ജാഗ്രത കൈക്കൊള്ളണമെന്ന് അറിയിക്കുകയും ചെയ്ത കാര്യങ്ങളില്‍ നിന്ന് നാം അകന്ന് നില്‍ക്കണം


4- റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അല്ലാഹുവിനെ ആരാധിച്ചത് എങ്ങനെയാണോ അത് പോലെ മാത്രം നമ്മളും അല്ലാഹുവിനെ ആരാധിക്കണം


ഈ നാല് കാര്യങ്ങള്‍ പരിപൂര്‍ണ്ണമായെങ്കിലേ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യിലുള്ള നമ്മുടെ വിശ്വാസം പരിപൂര്‍ണ്ണമാവുകയുള്ളൂ.


മരണ ശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കല്‍

നമുക്കെല്ലാം മരണമുണ്ട്. മരണ ശേഷം നമുക്ക് മറ്റൊരു ജീവിതവുമുണ്ട്. വിചാരണക്കായി എല്ലാവരേയും അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും എന്ന് അല്ലാഹുവും റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَഴ യും അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

  (തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,) പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു). (സൂറത്തുതഗാബുന്‍:7)  


ക്വദറില്‍ വിശ്വസിക്കല്‍

 ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ നിര്‍ണ്ണയമനുസരിച്ചാണ് നടക്കുന്നത്. എല്ലാ കാര്യങ്ങളേയും കുറിച്ചുള്ള അല്ലാഹുവിന്‍റെ മുന്‍കടന്ന ജ്ഞാനവും ഹിക്മത്തും (യുക്തിയും) അനുസരിച്ചാണ് ആ നിര്‍ണ്ണയങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. 

ക്വദറിന്‍റെ നാല് ഘട്ടങ്ങള്‍ (مراتب القدَر നാം അറിഞ്ഞിരിക്കണം. അവ:

1- എല്ലാ കാര്യങ്ങളെ കുറിച്ചും അവ ഉണ്ടാകുന്നതിന് മുമ്പേ ഉള്ള അല്ലാഹുവിന്‍റെ അറിവ്. (العلم)

2- ആ കാര്യങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി വച്ചിരിക്കുന്നു. (الكتابة)

3- അല്ലാഹുവിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചേ പ്രപഞ്ചത്തില്‍ ഏതൊരു കാര്യവും നടക്കൂ. (المشيئة)

4- അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങള്‍ അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ സൃഷ്ടിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നു. (الخلق)



Wednesday, 23 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 187 دروس الحديث - വ്യഭിചാരം ആപത്താണ്..സൂക്ഷിക്കുക

 


വ്യഭിചാരം ആപത്താണ്..സൂക്ഷിക്കുക

عن أَبي هريرة رضي الله عنه: أنَّ النبيَّ صلى الله عليه وسلم، قَالَ:كُتِبَ عَلَى ابْن آدَمَ نَصِيبُهُ مِنَ الزِّنَا مُدْرِكُ ذَلِكَ لا مَحَالَةَ: العَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ، وَاللِّسَانُ زِناهُ الكَلاَمُ، وَاليَدُ زِنَاهَا البَطْشُ، وَالرِّجْلُ زِنَاهَا الخُطَا،  والقَلْبُ يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الفَرْجُ أَوْ يُكَذِّبُهُ- رواه مسلم

അബൂഹുറൈറ رضي الله عنه വില്‍ നിന്ന്. നബി صلى الله عليه وسلم പറഞ്ഞു: ആദം സന്തതിയുടെ മേല്‍ വ്യഭിചാരത്തില്‍ നിന്നുള്ള അവന്‍റെ ഓഹരി എഴുതപ്പെട്ടിരിക്കുന്നു. അതവനെ ബാധിക്കും, അത് അസംഭവ്യമല്ല. രണ്ട് കണ്ണുകള്‍, അവയുടെ വ്യഭിചാരം നോട്ടമാണ്. രണ്ട് കാതുകള്‍, അവയുടെ വ്യഭിചാരം കേള്‍ക്കലാണ്. നാവിന്‍റെ വ്യഭിചാരം സംസാരമാണ്. കയ്യിന്‍റെ വ്യഭിചാരം പിടുത്തമാണ്. കാലിന്‍റെ വ്യഭിചാരം നടത്തമാണ്. ഹൃദയം ഇച്ഛിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അത് സത്യപ്പെടുത്തുകയോ, കളവാക്കുകയോ ചെയ്യുന്നു.

 വിവരണം

വ്യഭിചാരം എന്ന വലിയ തിന്‍മയെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് വ്യഭിചാര ത്തിന്‍റെ അംശം മനുഷ്യ ജീവിതത്തില്‍ ഉണ്ടാകാനിടയുണ്ട് എന്ന് റസൂല്‍ ഴ പറയുന്നു. എല്ലാം സൂക്ഷിക്കപ്പെടേണ്ടവയും അപകടകാരികളുമാണെന്ന് നാം മനസ്സിലാക്കണം. 

കണ്ണ് കൊണ്ടുള്ള വ്യഭിചാരം, ചെവികള്‍ കൊണ്ടുള്ള വ്യഭിചാരം, നാവ് കൊണ്ടുള്ള വ്യഭിചാരം, കൈ കൊണ്ടുള്ള വ്യഭിചാരം, കാല്‍ കൊണ്ടുള്ള വ്യഭിചാരം, ഹൃദയം കൊണ്ടുള്ള വ്യഭിചാരം, ഗുഹ്യസ്ഥാനം കൊണ്ടുള്ള വ്യഭിചാരം എന്നിങ്ങനെ വിവിധ ഇനങ്ങളായി വ്യഭിചാരത്തെ തരം തിരിക്കപ്പെട്ടിരിക്കുന്നു.

ഓരോ അവയവങ്ങളും ഓരോ നിലക്ക് വ്യഭിചാരത്തിന്‍റെ അംശത്തില്‍ പങ്ക് ചേരുന്നു. ഗുഹ്യാവയവം അതിനെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കരിക്കുന്നു.

അശ്ലീലങ്ങളിലേക്കും, അന്യസ്ത്രീകളിലേക്കും അനര്‍ഹമായി നോക്കലാണ് കണ്ണ് കൊണ്ടുള്ള വ്യഭിചാരം. അത്തരം കാര്യങ്ങളെ കേള്‍ക്കല്‍ കാതുകള്‍ കൊണ്ടുള്ള വ്യഭിചാരമാണ്.

അശ്ലീല കാര്യങ്ങള്‍ പറഞ്ഞാസ്വദിക്കല്‍ നാവ് കൊണ്ടുള്ള വ്യഭിചാരമാണ്.

അന്യസ്ത്രീകളെ തൊടലും, പിടിക്കലും കൈ കൊണ്ടുള്ള വ്യഭിചാരമാണ്.

ഇത്തരം കാര്യങ്ങളിലേക്ക് നടക്കല്‍ കാലിന്‍റെയും, അനര്‍ഹമായ ഇത്തരം കാര്യങ്ങളെ ആഗ്രഹിക്കലും, ഇച്ഛിക്കലും ഹൃദയത്തിന്‍റേയും വ്യഭിചാരമാണ്.

ഗുഹ്യസ്ഥാനം ഇതിനെയെല്ലാം ഒന്നിച്ച് നടപ്പിലാക്കുന്നു. വ്യഭിചാരവുമായി ബന്ധപ്പെട്ട ഈ ഇനങ്ങളെല്ലാം കുറ്റകരം തന്നെയാണെന്ന് നാം മനസ്സിലാക്കണം.

അല്ലാഹു പറയുന്നു:

(وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا)- الإسراء:32

(നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു).

നാം വ്യഭിചാരത്തെ സൂക്ഷിക്കണം. അതില്‍ നിന്ന്? രക്ഷ നേടാനുള്ള വഴികള്‍ സ്വീകരിക്കുകയും വേണം.

വ്യഭിചാരത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍:

1.ഈമാനിന്‍റെ കുറവും സൂക്ഷ്മതക്കുറവും.

2.ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍.

3.ദുര്‍ബലമായ മനസ്സും മനസ്സിനെ നിയന്ത്രിക്കാതിരിക്കലും.

4.അശ്ലീല സാഹിത്യവും ദൃശ്യങ്ങളും നോക്കല്‍, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന സംസാരം, സംഗീതം, ചിത്രങ്ങള്‍ ആസ്വദിക്കല്‍.

6.മോശം സുഹൃത്തുക്കള്‍.

7.ദാമ്പത്യത്തിലെ അസംതൃപ്തി.

8. മാനസികാരോഗ്യ പ്രശ്നങ്ങള്‍.

9. ലഹരിവസ്തുക്കള്‍.

ഈ കാര്യങ്ങള്‍ ഓരോന്നും മനസ്സിലാക്കി വ്യഭിചാരം വരുന്ന വഴികളെ അടക്കാന്‍ വിശ്വാസിക്ക് സാധിക്കണം.

دعوة خاصة لخريجي الجامعات السعودية- من أهل الهند

 السَّلَامُ عَلَيْكُم وَرَحْمَةُ اللهِ وَبَرَكَاتُه 


https://forms.gle/qk6o1h3kAtGKDLh67

🔗

هذه استمارة التسجيل في ملتقى خريجي الجامعات السعودية من غير السعوديين في الهند والذي سيقام بمشيئة الله تعالى في نيودلهي من 21-23 يونيو 2025

سيقام الملتقى بمشاركة كل من جامعة الملك عبدالعزيز بجدة والجامعة الإسلامية بالمدينة المنورة وجامعة القصيم، بالتعاون مع الملحقية الثقافية السعودية في الهند، وسيحضر أساتذة ومشايخ من المملكة العربية السعودية، وسيتم موافاتكم بالتفاصيل الأخرى عبر البريد الإلكتروني الخاص بكم بعد التسجيل.


Tuesday, 22 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 186 دروس الحديث - അനര്‍ഹമായ ഭൂമി കൈവശപ്പെടുത്തിയാല്‍..

 


അനര്‍ഹമായി 

ഭൂമി കൈവശപ്പെടുത്തിയാല്‍.. 

عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ، فَقَدْ أَوْجَبَ اللهُ لَهُ النَّارَ، وَحَرَّمَ عَلَيْهِ الْجَنَّةَ» فَقَالَ لَهُ رَجُلٌ: وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللهِ؟ قَالَ: «وَإِنْ قَضِيبًا مِنْ أَرَاكٍ»  رواه مسلم

അബൂഉമാമ رضي اللهُ عنه നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ തെറ്റായ സത്യം ചെയ്ത് ഒരു മുസ്ലിമിന്‍റെ അവകാശം കൈവശപ്പെടുത്തുകയാണെങ്കില്‍, അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അത് വളരെ നിസ്സാരമായ കാര്യമാണെങ്കില്‍ പോലും? നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അതെ, ഒരു അറാക്കിന്‍റെ കമ്പാണെങ്കിലും.

വിവരണം

മറ്റുള്ളവരുടെ അവകാശങ്ങള്‍ അനര്‍ഹമായി കൈവശപ്പെടുത്താന്‍ ഒരാള്‍ക്കും അനുവാദമില്ല. അത് ഒരു നിസാര കാര്യമായിരുന്നാല്‍ പോലും ഗുരുതരമാണ് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

വിശുദ്ധ ഖുര്‍ആനില്‍ ഇതുമായി ബന്ധപ്പെട്ട് ആയത്തുകള്‍ കാണാം. അല്ലാഹു പറയുന്നു:

يَاأَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ (النساء:29)

(സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ സ്വത്തുക്കള്‍ പരസ്പരം  അന്യായമായി എടുത്ത് തിന്നരുത്).

إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ- (آل عمران:77)

(അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളു തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്).


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

കളവ് പറയലും കള്ള സത്യവും വലിയ പാപമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.

ജനങ്ങളെ ഒരു നിലക്കും ദ്രോഹിക്കാന്‍ പാടില്ല. അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്താല്‍ അവന്‍ നരകാവകാശി ആയിത്തീരും.

അറിയാതെ ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ വന്ന് പോയാല്‍ പ്രശ്നമില്ല. അറിയുന്ന അവസരത്തില്‍ അതില്‍ നിന്ന് പിന്‍മാറുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും വേണം. അതോടൊപ്പം അല്ലാഹുവിനോട് തൗബ ചെയ്യുകയും ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുകയും ചെയ്യണം.

ഒരു മുസ്ലിം തന്‍റെ സ്വത്തിലും മറ്റുള്ളവരുടെ സ്വത്തിലും വിശ്വസ്തനും നിര്‍ഭയനുമായിരിക്കണം. ഓരോ മുസ്ലിമും മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്.

കള്ളസത്യങ്ങള്‍ ഒരു അവസരത്തിലും ഉപയോഗിച്ച് കൂടാ. അത് വലിയ തെറ്റാകുന്നു.

അന്യായമായി കൈവശപ്പെടുത്തിയ മറ്റുള്ളവരുടെ അവകാശങ്ങള്‍ തിരിച്ച് നല്‍കാന്‍ അത്തരക്കാര്‍ ബാധ്യസ്ഥരാണ്. സ്വന്തം പാരത്രിക ജീവിതം നല്ല നിലക്കാവാന്‍ അത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അല്ലാഹുവിന്‍റെ കോപത്തിനും നരക ശിക്ഷയ്ക്കും കാരണമാകുന്ന കാര്യമാണിത്.

അതിക്രമങ്ങള്‍ എത്ര ചെറുതായാലും അല്ലാഹുവിന്‍റെ ശിക്ഷക്ക് കാരണമാകും. ഇത്തരം ദ്രോഹങ്ങളുടെ വിഷയത്തില്‍ നാം ജാഗ്രതയുള്ളവരാകണം.

ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠം നീതിയും സത്യസന്ധതയും പുലര്‍ത്തുക എന്നതാണ്. മറ്റുള്ളവരോട് നാം എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു ഹദീസ് കൂടിയാണിത്.

പണം, ഭൂമി പോലെയുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ എല്ലാം ഈ ഹദീസിന്‍റെ ആശയത്തില്‍ ഉള്‍പ്പെടുന്നതാണ്.

അറാക്ക് എന്നാല്‍ നാരുകളുള്ള ഒരു തരം ചെടിയാണ്. അതിന്‍റെ കമ്പുകള്‍ പല്ല് വൃത്തിയാക്കാന്‍ ബ്രഷ് ആയി ആളുകള്‍ ഉപയോഗിക്കാറുണ്ട്.

ഇതാണ്അറാക്ക് 👇



 

 


623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...