ഫോളോ ചെയ്യാം

Saturday, 5 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 169 دروس الحديث - പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥന


 പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥന

عَنْ عَبْدِ اللهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، أَنَّهُ كَانَ يَقُولُ: اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى.- رواه مسلم

അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي اللَّهُ عنه നിവേദനം. അല്ലാഹുവേ ഞാന്‍ നിന്നോട് ഹുദയും (സന്‍മാര്‍ഗ്ഗവും) തക്വ്'വയും (സൂക്ഷ്മതാ ബോധവും) ചാരിത്ര്യവും ഐശ്വര്യവും ചോദിക്കുന്നു എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയാറുണ്ടായിരുന്നു.

വിവരണം

നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ധാരാളം പ്രാര്‍ത്ഥനകള്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട് ചില പ്രാര്‍ത്ഥനകള്‍ നബി  صَلَّى اللَّهُ عَلَيْهِ وَسَلَّمَ പതിവായി പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു

പ്രാര്‍ത്ഥനകള്‍ നമുക്ക് അത്യാവശ്യമാണെന്നും പ്രാര്‍ത്ഥിക്കാതിരിക്കുന്ന അവസ്ഥ നമുക്കുണ്ടായിക്കൂടെന്നും മുമ്പ് നാം വിശദീകരിച്ചിട്ടുണ്ട്.

വളരെ പ്രധാനപ്പെട്ടതും എപ്പോഴും നമുക്ക് ആവശ്യമുള്ളതുമായ നാല് കാര്യങ്ങളാണ് ഈ ഹദീസിലുള്ളത്.

ജാമിഅ് ആയ പ്രാര്‍ത്ഥനയാണ് ഇത്. അഥവാ കുറഞ്ഞ പദങ്ങളില്‍ ധാരാളം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയാണിത്. ഇത് നാം മനഃപ്പഠമാക്കുകയും നമ്മുടെ ജീവിതത്തില്‍ പതിവാക്കുകയും ചെയ്യണം. രണ്ട് ലോകത്തിനും ആവശ്യമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രാര്‍ത്ഥന.

ഹുദ الهدى

മാര്‍ഗ്ഗദര്‍ശനം എന്നാണ് ഹുദയുടെ അര്‍ത്ഥം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗദര്‍ശനം നമുക്ക് ഏപ്പോഴും ആവശ്യമാണ്. മത കാര്യങ്ങളിലെ ഹിദായത്തും ഭൗതിക കാര്യങ്ങളിലെ മാര്‍ഗ്ഗ ദര്‍ശനവും അല്ലാഹുവില്‍ നിന്ന് ലഭിക്കേണ്ടതാണ്.

അല്ലാഹുവിന്‍റെ ഹുദ ലഭിക്കുന്നവര്‍ക്ക് രണ്ട് ലോകത്തും വിജയങ്ങള്‍ ഉണ്ടായിരിക്കും.

തക്വ്'വ التُّقى

നന്‍മകള്‍ ചെയ്യാന്‍ അവസരങ്ങളുണ്ടാവുകയും തിന്‍മകളില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകലുമാണ് തക്വ്വ. ചെറുതും വലുതുമായ എല്ലാ പാപങ്ങളില്‍ നിന്നും വിട്ടു നിന്ന് മുഴുവന്‍ നന്‍മകളും ചെയ്യലുമാണ് തക്വ്വ. ചുറ്റും തിന്‍മകള്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ പാപങ്ങളില്‍ നിന്നുള്ള സുരക്ഷ നമുക്ക് അത്യാവശ്യമാണ്. ഈ സുരക്ഷക്ക് ആവശ്യമായ തക്വ്വയാണ് നാം ഈ പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് ചോദിക്കുന്നത്.

മുള്ളുള്ള വഴിയിലൂടെ നടക്കുമ്പോള്‍ മുള്ള് ശരീരത്തില്‍ കൊള്ളാതിരിക്കാന്‍ നാം ജാഗ്രത കാണിക്കുന്നതിനേക്കാള്‍ തിന്‍മ വരാതിരിക്കാന്‍ ജീവിതത്തില്‍ നാം ജാഗ്രത കാണിക്കണം.

ചാരിത്ര്യം العفاف

 വാക്കിലും പ്രവര്‍ത്തനത്തിലും അനുവദനീയമല്ലാത്തവയില്‍ നിന്ന് മാറി നില്‍ക്കലാണ് ഇത്. സംശുദ്ധമായ ജീവിതമാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദേഹേച്ഛകള്‍ പോലെയുള്ളവക്ക് വഴങ്ങാതെ ജീവിക്കണമെങ്കില്‍ ഈ ചാരിത്ര്യ ബോധം ഉണ്ടായിരിക്കണം. വ്യഭിചാരം പോലെയുള്ളവ ചാരിത്ര്യം നഷ്ടപ്പെടുത്തുന്ന പ്രധാന കാര്യങ്ങളാണ്. നോട്ടം കൊണ്ടുള്ളതും, സ്പര്‍ശനം മൂലമുള്ളതും, കേള്‍വി മൂലമുള്ളതുമായ വ്യഭിചാരങ്ങളെല്ലാം ഇതിന്‍റെ പരിധിയില്‍ വരും.

ഐശ്വര്യം الغنى

മാനസികമായും, സാമ്പത്തികമായുമുള്ള ഐശ്വര്യം ഇതില്‍ പെടുന്നു. മാനസികമായിട്ടുള്ള ഐശ്വര്യമാണ് സാമ്പത്തികമായ ഐശ്വര്യത്തേക്കാള്‍ ഉത്തമം. ധാരാളം പണമുണ്ടെങ്കിലും മനസ്സിന് സമാധാനമില്ലെങ്കില്‍ ആ സമ്പത്ത് കൊണ്ട് അര്‍ഹിച്ച ഫലം ലഭിക്കുകയില്ല.



അല്ലാഹു നല്‍കിയത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും അടിമ അതില്‍ ഐശ്വര്യം കണ്ടെത്തുന്നവനാകണം. അപ്പോള്‍ അവന്‍റെ ജീവിതം സന്തോഷ പൂര്‍ണ്ണമാകും.

അബ്ദുറഹ്മാന്‍ നാസ്വിര്‍ അസ്സിഅ്ദി رحمه اللَّهُ പറഞ്ഞു: ഈ പ്രാര്‍ത്ഥന ഏറ്റവും ഉപകാരപ്രദവും ധാരാളം ആശയങ്ങള്‍ സംഗമിക്കുന്നതുമാണ്. ദുന്‍യാവിന്‍റേയും മതത്തിന്‍റേയും നന്‍മകള്‍ ചോദിക്കല്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. നിശ്ചയം ഹുദാ ഉപകാരപ്രദമായ അറിവും, തക്വ്'വ സല്‍കര്‍മവും അല്ലാഹുവും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യും വിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിക്കലുമാണ്. അവ കൊണ്ട് ദീന്‍ നന്നാകും. നിശ്ചയം മതം ഉപകാരപ്രദമായ അറിവുകളും സത്യമായ വിവരങ്ങളുമാണ്. അതാണ് ഹുദാ. അല്ലാഹുവിനേയും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യേയും അനുസരിച്ച് കര്‍മം ചെയ്യല്‍ ആണ് തക്വ്'വ. (ബഹ്ജതു ക്വുലൂബില്‍ അബ്റാര്‍:249)

ഈ പ്രാര്‍ത്ഥനയില്‍ പറയപ്പെട്ട എല്ലാ കാര്യങ്ങളും ജീവിതത്തില്‍ നമുക്ക് അത്യന്താപേക്ഷിതമാണ്. അവ ലഭിക്കാന്‍ അല്ലാഹുവിനോട് നാം പ്രാര്‍ത്ഥിക്കുകയും ജീവിതത്തില്‍ അവ നിലനിര്‍ത്താനാവശ്യമായ കരുതലുകള്‍ നാം ചെയ്യുകയും വേണം.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...