ഫോളോ ചെയ്യാം

Sunday, 6 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 174 دروس الحديث - നിങ്ങളുടെ പശ്ചാത്താപം അല്ലാഹുവിന് വളരെ ഇഷ്ടമാണ്

 


നിങ്ങളുടെ പശ്ചാത്താപം അല്ലാഹുവിന് വളരെ ഇഷ്ടമാണ്

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ أَحَدِكُمْ، مِنْ أَحَدِكُمْ بِضَالَّتِهِ، إِذَا وَجَدَهَا. -رواه مسلم 

അബൂ ഹുറൈറ رضي اللَّهُ عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു:  നിങ്ങളില്‍ ഒരാളുടെ പശ്ചാത്താപം കൊണ്ട് അല്ലാഹു അങ്ങേയറ്റം സന്തോഷവാനാണ്. നിങ്ങളില്‍ ഒരാളുടെ കളഞ്ഞ് പോയ വസ്തു അവന്‍ കണ്ടെത്തുമ്പോഴുള്ള സന്തോഷത്തേക്കാള്‍ ആണത്.

വിവരണം


 ഒരു അടിമ തെറ്റ് ചെയ്തിട്ട് അവനത് തെറ്റാണെന്ന് ബോധ്യമാകുന്നതോട് കൂടി തൗബ ചെയ്യണം. ഇത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒരാളുടെ ഇഷ്ടപ്പെട്ട ഒരു സാധനം നഷ്ടപ്പെടുകയും വിഷമിച്ചിരിക്കേ അത് കണ്ടെത്തുകയും ചെയ്യുമ്പോള്‍ അവന് അതിയായ സന്തോഷമുണ്ടാകുമല്ലോ? അതിനേക്കാള്‍ അല്ലാഹു അവന്‍റെ തൗബ കാരണം സന്തോഷിക്കുന്നു എന്നാണ് ഈ ഹദീസില്‍ നാം വായിച്ചത്.

നമ്മുടെ തിന്‍മകള്‍ ഇല്ലാതാക്കാന്‍ നമ്മള്‍ ധാരാളമായി തൗബയും ഇസ്തിഗ്ഫാറും ചെയ്യുകയും സല്‍ക്കര്‍മങ്ങള്‍ അധികരിപ്പിക്കുകയും വേണം.

തൗബ ചെയ്യുമ്പോള്‍ നാം അതിന്‍റെ നിബന്ധനകള്‍ അറിഞ്ഞിരിക്കണം.

തൗബയുടെ നിബന്ധനകള്‍

1- തിന്‍മയെ ഹൃദയത്തില്‍ നിന്ന് പറിച്ച് കളയണം.
2- ചെയ്ത് പോയതില്‍ ഖേദിക്കണം.
3- അതിലേക്കിനി മടങ്ങില്ലെന്ന് ദൃഢ നിശ്ചയമുണ്ടാകണം.

ഈ കാര്യങ്ങള്‍ ആല്ലാഹുവുമായി ബന്ധപ്പെട്ട പാപങ്ങളില്‍ നിന്നുള്ള തൗബയുടെ നിബന്ധനകളാണ്.

മനുഷ്യരുമായുള്ള തിന്‍മകളില്‍ നിന്ന് തൗബ ചെയ്യുമ്പോള്‍ ഈ മൂന്ന് നിബന്ധനകളും പാലിക്കണം. കൂടാതെ നാലാമത്തെ ഒരു നിബന്ധന കൂടി പാലിക്കണം. അത്:

4- മനുഷ്യരുമായുള്ള ബാധ്യതകള്‍ ശരിയാക്കണം.

സാമ്പത്തികമോ മറ്റോ ആയ ഇടപാടുകള്‍ ശരിയാക്കലും, അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോടത് പറയാന്‍ പറ്റുമെങ്കില്‍ പറഞ്ഞ് ശരിയാക്കലും വേണം.

തൗബത്തുന്‍ നസ്വൂഹ്; തൗബ ചെയ്യുകയും പിന്നെ ആ തിന്‍മയിലേക്ക് മടങ്ങാതിരിക്കുകയും ചെയ്യുമ്പോഴാണ് ശരിയാവുന്നത്.

തൗബ അതിന്‍റെ സമയം അവസാനിച്ചാല്‍ അല്ലാഹു സ്വീകരിക്കുകയില്ല. ഒരാളുടെ മരണം തൊണ്ടക്കുഴിയിലെത്തിയാല്‍ പിന്നെ അയാള്‍ക്ക് തൗബക്കുള്ള അവസരം നഷ്ടമാകും. അത് പോലെ സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതിന് മുമ്പ് ആരെങ്കിലും തൗബ ചെയ്താലും അത് സ്വീകരിക്കപ്പെടും. അതിന് ശേഷം ഒരു തൗബയും സ്വീകരിക്കപ്പെടില്ല എന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.

തൗബ ചെയ്യാനുള്ള മനസ്സ് ഉണ്ടാവല്‍ വളരെ അത്യാവശ്യമാണ്. പലപ്പോഴും തിന്‍മകളില്‍ നിന്ന് മുക്തി നേടുന്ന കാര്യം പിന്നേക്ക് മാറ്റി വെക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അത് ശരിയായ നിലപാടല്ല. മരണം എപ്പോള്‍ നമ്മെ പിടികൂടുമെന്ന് നമുക്കറിയില്ലല്ലോ..

തൗബ ചെയ്യാന്‍ നമ്മെ സഹായിക്കന്ന ചില കാര്യങ്ങള്‍

1- നമ്മില്‍ വന്ന വീഴ്ചകളെ നാം മനസ്സിലാക്കല്‍
2- അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കാന്‍ അല്ലാഹുവിലേക്ക് മുന്നിടല്‍
3- ആത്മ പരിശോധനക്ക് ധൃതി കാണിക്കല്‍
4- തിന്‍മയുള്ള സ്ഥലത്ത് നിന്ന് മനസ്സിനെ മാറ്റല്‍, അതോടൊപ്പം മോശം കൂട്ടുകെട്ടുകളെ ഒഴിവാക്കല്‍
5- തൗബ ചെയ്യുന്നതിലുള്ള നിയ്യത്ത് ഭംഗിയാക്കലും അതിനെ സത്യസന്ധമാക്കലും.
6- തിന്‍മയില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് മനസ്സിനെ ശുദ്ധീകരിക്കാന്‍ തയ്യാറാവല്‍
7- ജീവിതത്തില്‍ വന്ന് പോയ എല്ലാ തിന്‍മകള്‍ക്കും തൗബ ചെയ്യല്‍.
8- ഹലാലായ സമ്പാദ്യം മാത്രം ഭക്ഷിക്കല്‍, അനര്‍ഹമായി ഒന്നും സമ്പാദിക്കാതിരിക്കല്‍
9- ജനങ്ങളുമായി ബന്ധപ്പെട്ട തിന്‍മകളില്‍ അവരോട് പറഞ്ഞ് ശരിയാക്കേണ്ടത് അങ്ങനെ ചെയ്യലും, ഇടപാടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യല്‍
10- ധാരാളം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കല്‍.

ഈ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ തൗബ ചെയ്യാനും അത് ഭംഗിയാക്കാനും നമുക്കെല്ലാം കഴിയും.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...