അനര്‍ഹമായി
ഭൂമി കൈവശപ്പെടുത്തിയാല്‍..
عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ قَالَ: «مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ، فَقَدْ
أَوْجَبَ اللهُ لَهُ النَّارَ، وَحَرَّمَ عَلَيْهِ الْجَنَّةَ» فَقَالَ لَهُ رَجُلٌ:
وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللهِ؟ قَالَ: «وَإِنْ قَضِيبًا مِنْ أَرَاكٍ» رواه مسلم
അബൂഉമാമ رضي اللهُ عنه നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ തെറ്റായ സത്യം ചെയ്ത് ഒരു മുസ്ലിമിന്‍റെ അവകാശം കൈവശപ്പെടുത്തുകയാണെങ്കില്‍, അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അത് വളരെ നിസ്സാരമായ കാര്യമാണെങ്കില്‍ പോലും? നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അതെ, ഒരു അറാക്കിന്‍റെ കമ്പാണെങ്കിലും.
വിവരണം
മറ്റുള്ളവരുടെ അവകാശങ്ങള്‍ അനര്‍ഹമായി കൈവശപ്പെടുത്താന്‍ ഒരാള്‍ക്കും അനുവാദമില്ല. അത് ഒരു നിസാര കാര്യമായിരുന്നാല്‍ പോലും ഗുരുതരമാണ് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ ഇതുമായി ബന്ധപ്പെട്ട് ആയത്തുകള്‍ കാണാം. അല്ലാഹു പറയുന്നു:
يَاأَيُّهَا الَّذِينَ
آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ (النساء:29)
(സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ സ്വത്തുക്കള്‍ പരസ്പരം അന്യായമായി എടുത്ത് തിന്നരുത്).
إِنَّ الَّذِينَ يَشْتَرُونَ
بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ
اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ
عَذَابٌ أَلِيمٌ- (آل عمران:77)
(അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളു തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്).
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
കളവ് പറയലും കള്ള സത്യവും വലിയ പാപമാണെന്ന് ഈ ഹദീസ് അറിയിക്കുന്നു.
ജനങ്ങളെ ഒരു നിലക്കും ദ്രോഹിക്കാന്‍ പാടില്ല. അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്താല്‍ അവന്‍ നരകാവകാശി ആയിത്തീരും.
അറിയാതെ ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ വന്ന് പോയാല്‍ പ്രശ്നമില്ല. അറിയുന്ന അവസരത്തില്‍ അതില്‍ നിന്ന് പിന്‍മാറുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും വേണം. അതോടൊപ്പം അല്ലാഹുവിനോട് തൗബ ചെയ്യുകയും ഇസ്തിഗ്ഫാര്‍ വര്‍ധിപ്പിക്കുകയും ചെയ്യണം.
ഒരു മുസ്ലിം തന്‍റെ സ്വത്തിലും മറ്റുള്ളവരുടെ സ്വത്തിലും വിശ്വസ്തനും നിര്‍ഭയനുമായിരിക്കണം. ഓരോ മുസ്ലിമും മറ്റുള്ളവരുടെ അവകാശങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്.
കള്ളസത്യങ്ങള്‍ ഒരു അവസരത്തിലും ഉപയോഗിച്ച് കൂടാ. അത് വലിയ തെറ്റാകുന്നു.
അന്യായമായി കൈവശപ്പെടുത്തിയ മറ്റുള്ളവരുടെ അവകാശങ്ങള്‍ തിരിച്ച് നല്‍കാന്‍ അത്തരക്കാര്‍ ബാധ്യസ്ഥരാണ്. സ്വന്തം പാരത്രിക ജീവിതം നല്ല നിലക്കാവാന്‍ അത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അല്ലാഹുവിന്‍റെ കോപത്തിനും നരക ശിക്ഷയ്ക്കും കാരണമാകുന്ന കാര്യമാണിത്.
അതിക്രമങ്ങള്‍ എത്ര ചെറുതായാലും അല്ലാഹുവിന്‍റെ ശിക്ഷക്ക് കാരണമാകും. ഇത്തരം ദ്രോഹങ്ങളുടെ വിഷയത്തില്‍ നാം ജാഗ്രതയുള്ളവരാകണം.
ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠം നീതിയും സത്യസന്ധതയും പുലര്‍ത്തുക എന്നതാണ്. മറ്റുള്ളവരോട് നാം എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു ഹദീസ് കൂടിയാണിത്.
പണം, ഭൂമി പോലെയുള്ള മറ്റുള്ളവരുടെ അവകാശങ്ങള്‍ എല്ലാം ഈ ഹദീസിന്‍റെ ആശയത്തില്‍ ഉള്‍പ്പെടുന്നതാണ്.
അറാക്ക് എന്നാല്‍ നാരുകളുള്ള ഒരു തരം ചെടിയാണ്. അതിന്‍റെ കമ്പുകള്‍ പല്ല് വൃത്തിയാക്കാന്‍ ബ്രഷ് ആയി ആളുകള്‍ ഉപയോഗിക്കാറുണ്ട്.
ഇതാണ്അറാക്ക് 👇


No comments:
Post a Comment