ഫോളോ ചെയ്യാം

Wednesday, 16 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 180 دروس الحديث - ക്വബ്റുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍




 ക്വബ്റുമായി ബന്ധപ്പെട്ട് 

അറിയേണ്ട കാര്യങ്ങള്‍

عَنْ أَبِي مَرْثَدٍ الْغَنَوِيِّ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: لاَ تُصَلُّوا إِلَى الْقُبُورِ، وَلاَ تَجْلِسُوا عَلَيْهَا.- رواه مسلم

അബൂ മര്‍ഥദില്‍ ഗനവിയ്യ് رَضي اللَّهُ عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങള്‍ ക്വബ്റുകളിലേക്ക് നമസ്കരിക്കരുത്, അതിന്‍ മേല്‍ ഇരിക്കുകയും അരുത്.

വിവരണം


ക്വബ്റിലേക്ക് തിരിഞ്ഞ് നമസ്കരിക്കരുതെന്നും ക്വബ്റിന് മേല്‍ ഇരിക്കരുതെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു.

ക്വബ്റിലേക്ക് തിരിഞ്ഞ് നമസ്കരിക്കല്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  വിരോധിച്ച കാര്യമാണ്. ക്വബ്റുകളുമായി ബന്ധപ്പെട്ടാണ് സമൂഹത്തില്‍ ധാരാളം ശിര്‍ക്കന്‍ ആചാരങ്ങള്‍ കടന്നു വന്നത്. അത്തരം മാര്‍ഗ്ഗങ്ങളെയൊന്നാകെ അടച്ചു കളയുന്നതാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ഈ വിലക്ക്.

ക്വബ്റിന്‍ മേല്‍ ഇരിക്കരുതെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം അതിലുള്ള ആളുകളെ നിന്ദിക്കാതിരിക്കാനാണ്. ക്വബ്റുകളുടെ വിഷയത്തില്‍ ആദരവ് അമിതമാവാനും, നിന്ദിക്കാനും പാടില്ല എന്നാണ് ഇതില്‍ നിന്ന് പഠിക്കാനുള്ളത്.

ജൂത-ക്രിസ്ത്യാനികള്‍ അവരിലെ നബിമാരുടേയും സജ്ജനങ്ങളുടേയും ക്വബ്റുകളെ ആരാധനാ കേന്ദ്രമാക്കി മാറ്റിയിരുന്നു. അത് പോലെ ക്വബ്റുകളെ പള്ളികളാക്കല്‍ അത്യന്ധം അപകടവും ശാപം ലഭിക്കാന്‍ കാരണമാകുന്നതുമാണ്.

ക്വബ്റുകളിലേക്ക് തിരിഞ്ഞ് നമസ്കരിക്കാനും ക്വബ്റിടങ്ങളെ നമസ്കാര സ്ഥലമായി മാറ്റാനും പാടില്ല എന്ന് ഇസ്ലാം കൃത്യമായി പഠിപ്പിക്കുന്നു.

ഇസ്ലാം ക്വബ്ര്‍ ആരാധനക്ക് എതിരാണ്. ക്വബ്ര്‍ കെട്ടിപ്പൊക്കുന്നതും അതിന്‍ മേല്‍ കുമ്മായമിടുന്നതും അതിന്‍ മേല്‍ എഴുതുന്നതുമെല്ലാം വിലക്കില്‍ പെടുന്നു. ഭൂരിഭാഗം മുസ്ലീംകളും ശ്രദ്ധിക്കാതെ പോകുന്നതോ അജ്ഞത നടിക്കുന്നതോ ആയ വിഷയങ്ങളാണിത്.

മക്വ്ബറയുള്ള പള്ളിയില്‍ നമസ്കരിച്ചാല്‍ നമസ്കാരം ശരിയാവുകയില്ല എന്ന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ നമ്മെ അറിയിച്ച കാര്യമാണ്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ വിലക്ക് കൃത്യമായി വന്നത് കൊണ്ടും വന്‍ പാപങ്ങളില്‍ പെട്ടതായത് കൊണ്ടുമാണത്.

ക്വബ്റിലേക്ക് തിരിഞ്ഞുള്ള നമസ്കാരവും ക്വബ്റിടത്തിലുള്ള നമസ്കാരവും അവിടെ ക്വുര്‍ആന്‍ പാരായണം ചെയ്യലും ശിര്‍ക്കിലേക്കുള്ള മാര്‍ഗ്ഗങ്ങളില്‍ പെട്ടതാണ്. ക്വബ്റളികളോട് പ്രാര്‍ത്ഥിക്കുന്നത് കൊടിയ ശിര്‍ക്കും അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപവുമാകുന്നു.

ഇസ്ലാമില്‍ ക്വബ്റുമായി ബന്ധപ്പെട്ടു സ്ഥിരപ്പെട്ടു വന്ന കാര്യം ക്വബ്ര്‍ സന്ദര്‍ശനവും ക്വബ്റിലുള്ളവര്‍ക്ക് വേണ്ടി സലാം പറയലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലുമാണ്. അവരോട് പ്രാര്‍ത്ഥിക്കാന്‍ ഒരിക്കലും പാടുള്ളതല്ല.

മക്വ്ബറകളില്‍ അതിലുള്ളവരുടെ സാമീപ്യവും ബറക്കത്തും ആഗ്രഹിച്ച് കൊണ്ട് ത്വവാഫ് ചെയ്താല്‍ അത് വലിയ ശിര്‍ക്കാണ്. അത് ചെയ്യുന്നവര്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്നതാണ്.

ക്വബ്റില്‍ നിന്നും ക്വബ്റാളിയില്‍ നിന്നും ബറക്കത്ത് പ്രതീക്ഷിക്കലും അവര്‍ തങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിക്കലും ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളാണ്, അവക്ക് ഇസ്ലാമില്‍ ഒരു പിന്‍ബലവുമില്ല. മാത്രമല്ല ജൂത ക്രിസ്ത്യാനികളുടെ ചര്യയുമാണത്.

ഇസ്ലാമിലേക്ക് അത്തരം ആചാരങ്ങളും ശിര്‍ക്കന്‍ വിശ്വാസങ്ങളും കടത്തി കൂട്ടിയത് ശിയാക്കളെ പോലുള്ള പിഴച്ച കക്ഷികളാണ്.

ക്വബ്റുമായി ബന്ധപ്പെട്ട് ധാരാളം താക്കീതുകള്‍ ഉണ്ടായിട്ടും, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കൃത്യമായി അവ അറിയിച്ചിട്ടും അവയെല്ലാം അവഗണിച്ച് പൗരോഹിത്യം നടത്തുന്ന കള്ള പ്രചാരണങ്ങളില്‍ വിശ്വാസി സമൂഹം അകപ്പെട്ട് പോയിക്കൂടാ. കൃത്യമായ ബോധവത്കരണത്തിലൂടെയും പ്രബോധനത്തിലൂടെയും ആളുകള്‍ക്ക് സത്യം പഠിപ്പിച്ച് കൊടുക്കാന്‍ നാം പരിശ്രമിക്കണം.

ക്വബ്റുമായി ബന്ധപ്പെട്ടു വന്ന വിലക്കുകള്‍ ചുരുക്കി മനസ്സിലാക്കാം.

1- ക്വബ്റുകളെ പള്ളിയാക്കല്‍.
2- ക്വബ്റിന് മേല്‍ എടുപ്പുകള്‍ ഉണ്ടാക്കല്‍.
3- ക്വബ്റിന്‍ മേല്‍ കുമ്മായമിടലും അലങ്കരിക്കലും.
4- ക്വബ്റിനടുത്ത് നമസ്കരിക്കല്‍.
5- ക്വബ്റിലേക്ക് തിരിഞ്ഞ് നമസ്കരിക്കല്‍.
6- ക്വബ്റിനടുത്തും, ക്വബ്റാളിക്ക് വേണ്ടിയും ബലി അറുക്കല്‍.
7- സ്ത്രീകള്‍ ക്വബ്ര്‍ സന്ദര്‍ശിക്കല്‍.
8- ക്വബ്റിനടുത്ത് വിളക്ക് കത്തിക്കല്‍.
9- ക്വബ്റിന് ഛായം പൂശലും അവിടെ സുഗന്ധം ഉപയോഗിക്കലും.
10- ക്വബ്റിനെ പുതപ്പിക്കല്‍.
11- ക്വബ്റിനെ ത്വവാഫ് ചെയ്യല്‍.
12- ക്വബ്റിനെ കൊണ്ട് ബറക്കത്തെടുക്കലും അവിടെ ഭജനമിരിക്കലും.
13- ക്വബ്റിന്‍ മേല്‍ തടവല്‍.
14- ക്വബ്റിന്‍ മേല്‍ ഇരിക്കല്‍.
15- ക്വബ്റിനെ നിന്ദിക്കലും അതിന്‍ മേല്‍ ചവിട്ടലും.
16- ക്വബ്റിന്‍ മേല്‍ എഴുതല്‍.
17-ക്വബ്റുകളില്‍ ചാരി ഇരിക്കല്‍.
18- ക്വബ്റുകള്‍ ലക്ഷ്യം വെച്ച് യാത്ര ചെയ്യല്‍.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...