
തിന്മകളെ തടുക്കുക
عن أبي سعيد الخدري رضي
الله عنه قال: سمعت رسول الله صلى الله عليه وسلم يقول: «مَنْ رَأَى مِنْكُمْ
مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ،
فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ» -رواه مسلم
അബൂസഈദില്‍ ഖുദ്'രി رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു.. ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അവന്‍ അതിനെ തന്‍റെ കൈ കൊണ്ട് തടുക്കട്ടെ, അതിനവന് സാധിക്കുന്നില്ലെങ്കില്‍ അവന്‍റെ നാവ് കൊണ്ട് (അതിനെ) തടുക്കട്ടെ, അതിനും അവന് സാധിക്കുന്നില്ലെങ്കില്‍ അവന്‍റെ ഹൃദയം കൊണ്ട് (തടുക്കട്ടെ), അത് ഈമാനിന്‍റെ ഏറ്റവും ദുര്‍ബലമായ കാര്യമാണ്.
വിവരണം
തിന്‍മയെ എതിര്‍ക്കേണ്ട ഘട്ടങ്ങള്‍ വിശദീകരിക്കുന്നതാണ് ഈ ഹദീസ്.
നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്.
തിന്‍മകള്‍ വെളിവായാല്‍ അവയെ എതിര്‍ക്കല്‍ നിര്‍ബന്ധമാണ്. ആ സന്ദര്‍ഭത്തില്‍ മിണ്ടാതിരിക്കാന്‍ പാടില്ല.
തിന്‍മകള്‍ കണ്ടാല്‍ അതിനെ മാറ്റുവാന്‍ വേണ്ട കാരണങ്ങളെ സ്വീകരിക്കല്‍ അനിവാര്യമാണ്. അത് വാക്കാകാം, പ്രവര്‍ത്തനമാകാം, നമ്മുടെ നിലപാടാകാം.
തിന്‍മ വിരോധിക്കുമ്പോള്‍ ഓരോരുത്തരുടേയും കഴിവിനനുസരിച്ച് അത് ചെയ്യാന്‍ മതം അനുവാദം നല്‍കുന്നു, ഇതില്‍ ഓരോരുത്തരുടേയും സാഹചര്യങ്ങളെ ശരീഅത്ത് പരിഗണിക്കുന്നു.
തന്‍റെ കീഴിലുള്ളവര്‍ തിന്‍മകളിലേര്‍പ്പെട്ടാല്‍ അവരെ അതില്‍ നിന്ന് കൈ പിടിച്ച് മാറ്റി നിര്‍ത്തണം.
തിന്‍മയെ എതിര്‍ക്കുമ്പോള്‍ നാം പാലിക്കേണ്ട മര്യാദകളുണ്ട്. നല്ല ശൈലിയിലും ഉപദേശ മനസ്സോടെയും ഗുണകാംക്ഷയോടുമായിരിക്കണം തിന്‍മകളെ എതിര്‍ക്കേണ്ടത്. ആളുകളുടെ മുമ്പില്‍ വെച്ച് തിന്‍മകളെ എതിര്‍ക്കുമ്പോള്‍ ആളുകളുടെ അഭിമാനത്തിന് ക്ഷതം ഏല്‍ക്കുന്നുണ്ടോ എന്ന് നോക്കണം.
സ്വകാര്യമായി പറയേണ്ടത് പരസ്യപ്പെടുത്തി പറഞ്ഞുകൂടാ. നന്നാകണം എന്ന ലക്ഷ്യത്തോടെയായിരിക്കണം തിന്‍മകളെ എതിര്‍ക്കേണ്ടത്, അല്ലാതെ തെറ്റു ചെയ്യുന്നവന്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോകുന്ന വിധമുള്ള ഇടപെടലുകള്‍ അല്ല വേണ്ടത്.
തിന്‍മയെ എതിര്‍ക്കുന്നതിന്‍റെ ഏറ്റവും ഉയര്‍ന്ന ഘട്ടം കൈ കൊണ്ട് തിന്‍മയെ എതിര്‍ക്കുന്നതാണ്. ഇത് തിന്‍മയെ വ്യക്തമാക്കി കൊടുക്കലും ഗുണകാംക്ഷയുമാണ്. കൈക്കൊണ്ട് എതിര്‍ക്കുക എന്നാല്‍ അവനെ ഭയപ്പെടുത്തലോ വേദനിപ്പിക്കലോ അല്ല എന്ന് മനസ്സിലാക്കണം. കൈക്കൊണ്ട് തടുക്കാന്‍ സാധിക്കില്ലെങ്കില്‍ നാവ് കൊണ്ട് എതിര്‍ക്കണം. തിന്‍മയുടെ അനന്തരഫലങ്ങളും ദൂഷ്യ വശങ്ങളും പറഞ്ഞ് തിന്‍മയില്‍ നിന്ന് ഒഴിവാക്കലാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്.
ഈ രണ്ട് ഘട്ടങ്ങള്‍ക്കും അശക്തനായ ഒരാള്‍ ഹൃദയം കൊണ്ട് ആ തിന്‍മയെ വെറുക്കണം.
തിന്‍മയെ കൈക്കൊണ്ടും നാവ് കൊണ്ടും ഹൃദയം കൊണ്ടും തടുക്കല്‍ ഈമാനില്‍ പെട്ട കാര്യമാണ്. ഹൃദയം കൊണ്ട് തിന്‍മയെ തടുക്കല്‍ ഈ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും ദുര്‍ബലമായതാണ്.
ഹൃദയം കൊണ്ട് തിന്‍മയെ എതിര്‍ക്കല്‍ രണ്ട് കാര്യങ്ങളിലൂടെ ചുരുക്കി മനസ്സിലാക്കാം.
1- ആ തിന്‍മയെ ഹൃദയം കൊണ്ട് വെറുക്കല്‍. തിന്‍മ ചെയ്യുന്ന ആള്‍ക്ക് ആ വെറുപ്പ് മനസ്സിലാകുന്ന വിധമായിരിക്കണം അത്.
2- ആ തിന്‍മയുള്ള സ്ഥലത്ത് നിന്ന് മാറിപ്പോകല്‍.
തിന്‍മയെ എതിര്‍ക്കുമ്പോള്‍ എതിര്‍ക്കുന്നവരില്‍ ഉണ്ടാകേണ്ട നിബന്ധനകള്‍.
1- തക്വ് വ
2- വിജ്ഞാനം
3- ജനങ്ങളോടുള്ള മാന്യമായ സമീപനം.
4- ക്ഷമയും വിവേകവും.
തിന്‍മയെ എതിര്‍ക്കുന്നതിന്‍റെ നാല് ഘട്ടങ്ങള്‍:
1- ആ തിന്‍മ ഇല്ലാതാവുകയും നന്‍മ പകരം ഉണ്ടാവുകയും ചെയ്യല്‍
2- ആ തിന്‍മ പൂര്‍ണ്ണമായി ഇല്ലാതായില്ലെങ്കിലും അതില്‍ കുറവ് സംഭവിക്കല്‍.
3- തിന്‍മയെ എതിര്‍ത്തപ്പോള്‍ അത് പോലുള്ള തിന്‍മ വീണ്ടും ഉണ്ടാകല്‍.
4- തിന്‍മയെ എതിര്‍ത്തപ്പോള്‍ അതിനേക്കാള്‍ ഗുരുതരമായ തിന്‍മകള്‍ പ്രകടമാകല്‍.
ഈ ഘട്ടങ്ങള്‍ മനസ്സിലാക്കി വേണം തിന്‍മയെ എതിര്‍ക്കാന്‍. എതിര്‍ക്കുമ്പോള്‍ വ്യത്യസ്ഥ ശൈലിയും രീതിയും സ്വീകരിക്കുന്നത് അഭികാമ്യമാണ്.
No comments:
Post a Comment