പാപ്പരാകുന്ന മൂന്നാളുകള്‍
عَنْ أَبِي ذَرٍّ، عَنِ
النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ثَلاَثَةٌ لاَ يُكَلِّمُهُمُ
اللَّهُ يَوْمَ الْقِيَامَةِ، وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ
وَلَهُمْ عَذَابٌ أَلِيمٌ قَالَ: فَقَرَأَهَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ ثَلاَثَ مِرَارًا، قَالَ أَبُو ذَرٍّ: خَابُوا وَخَسِرُوا، مَنْ هُمْ
يَا رَسُولَ اللهِ؟ قَالَ: الْمُسْبِلُ، وَالْمَنَّانُ، وَالْمُنَفِّقُ سِلْعَتَهُ
بِالْحَلِفِ الْكَاذِبِ.-صحيح مسلم
അബൂദര്‍ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: മൂന്ന് വിഭാഗം ആളുകളോട് അന്ത്യദിനത്തില്‍ അല്ലാഹു സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല, അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. ഇത് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മൂന്ന് തവണ പറഞ്ഞു. അബൂദര്‍ വപറഞ്ഞു: അവര്‍ പരാജയപ്പെടുകയും നഷ്ടത്തിലാവുകയും ചെയ്തിരിക്കുന്നു. അവര്‍ ആരാണ് അല്ലാഹുവിന്‍റെ റസൂലേ..? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: വസ്ത്രം വലിച്ചിഴക്കുന്നവനും, കൊടുത്തത് എടുത്ത് പറയുന്നവനും, തന്‍റെ കച്ചവട സാധനങ്ങള്‍ കള്ള സത്യം കൊണ്ട് വിറ്റഴിക്കുന്നവനുമാണ് അവര്‍.
വിവരണം
വളരെ ഗുരുതരമായ അനന്തര ഫലങ്ങള്‍ ലഭിക്കുന്ന മൂന്ന് കാര്യങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്.
ഈ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അനന്തര ഫലങ്ങള്‍ നാലെണ്ണമാണ്
1- അന്ത്യ ദിനത്തില്‍ അല്ലാഹു അവരോട് സംസാരിക്കുകയില്ല.
2- അല്ലാഹു അവരെ നോക്കുകയില്ല.
3- അല്ലാഹു അവരെ സംസ്കരിക്കുകയില്ല.
4- അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഇത് പറഞ്ഞപ്പോള്‍ സ്വഹാബികള്‍ക്ക് ഇത് വലിയ പ്രശ്നമാണെന്ന് മനസ്സിലാക്കി അങ്ങനെ സംഭവിക്കപ്പെടുന്നവര്‍ നഷ്ടക്കാരാവുകയും പരാജിതരായിരിക്കുകയും ചെയ്തിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.
അബൂദര്‍ ജുന്‍ദുബുബ്നു ജനാദ رضي اللَّهُ عنه അവര്‍ ആരൊക്കെയാണെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോട് ചോദിച്ചു, അവര്‍:
1- നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നവന്‍
2- ദാനം കൊടുത്തത് എടുത്ത് പറയുന്നവന്‍
3- കള്ള സത്യം പറഞ്ഞ് കച്ചവട ചരക്കുകള്‍ വിറ്റഴിക്കുന്നവന്‍ ആണെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചു
الْمُسْبِلُ എന്നാല്‍ നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നവന്‍ എന്നാണര്‍ത്ഥം. പുരുഷന്‍റെ വസ്ത്രത്തിന്‍റെ പരിധി നെരിയാണി വരെയാണ്. അതിന് താഴെ വരുന്നത് الْاِسْبَال ആണ്. അത് പാടില്ലാത്തതാണ്.
എന്നാല്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് നെരിയാണിയില്‍ നിന്നും താഴേക്ക് ഒരു ചാണ്‍ കൂടി വസ്ത്രം താഴ്ത്തിയിടണം. കൂടിയാല്‍ ഒരു മുഴം വരെ താഴ്ത്തിയിടാം. അതിനേക്കാള്‍ കൂടുതല്‍ താഴ്ത്തിയിടരുതെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
നെരിയാണിക്ക് താഴെ വസ്ത്രം താഴ്ത്തിയിടല്‍ തന്നെ അഹങ്കാരമാണെന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചത്. എനിക്ക് അഹങ്കാരമില്ലാതെയാണ് ഞാന്‍ നെരിയാണിക്ക് താഴേക്ക് വസ്ത്രം താഴ്ത്തുന്നത് എന്ന് പറയാന്‍ ഒരാള്‍ക്കും കഴിയില്ല.
الْمَنَّانُ എന്നാല്‍ ഞാന്‍ നിനക്ക് ഇന്നത് ചെയ്തു തന്നു, നിനക്ക് ഇന്നത് തന്നു, ഞാന്‍ നിനക്ക് നന്‍മ ചെയ്തു എന്നിങ്ങനെ പറയലാണ്.
ഒരാള്‍ക്ക് എന്തെങ്കിലും നല്‍കുകയും പിന്നീട് അത് എടുത്ത് പറഞ്ഞ് അവനെ ബുദ്ധിമുട്ടിക്കുകയും ചെയ്യുക എന്നത് നീചമായ പ്രവൃത്തിയാണ്. കൊടുത്തതിന്‍റെ പ്രതിഫലം നഷ്ടപ്പെടുന്നതോടൊപ്പം അവന്‍ വലിയ കുറ്റക്കാരനുമാകുന്ന സാഹചര്യം ഇതിലൂടെ സംജാതമാകും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്.
നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ അവ എടുത്ത് പറഞ്ഞ് കൊണ്ടും കൊടുത്തവരെ ദ്രോഹിച്ച് കൊണ്ടും നിഷ്ഫലമാക്കരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (2:264).
തന്‍റെ കച്ചവട സാധനങ്ങള്‍ വിറ്റഴിക്കാന്‍ കള്ളങ്ങളും കള്ള സത്യങ്ങളും പറയല്‍ വലിയ പാപമാണ്. കച്ചവടത്തിലേര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ഭാഗമാണിത്.
ഇത്തരത്തില്‍ കച്ചവടം ചെയ്യുമ്പോള്‍ കച്ചവടക്കാരന്‍ നാല് ഗുരുതര പാങ്ങളില്‍ അകപ്പെടുന്നു.
1- കള്ളസത്യം.
2- ഉപഭോക്താവിനെ വഞ്ചിക്കല്‍.
3- അര്‍ഹമല്ലാത്ത സമ്പത്ത് കൈപറ്റല്‍.
4- കച്ചവടത്തില്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗ നിര്‍ദേശം പാലിക്കാതിരിക്കല്‍.
അല്ലാഹു പറയുന്നു:
(അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവ രാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്.) (ആലുഇംറാന്‍:77)
കള്ളസത്യം ജീവിതത്തിന്‍റെ ഏത് ഘട്ടങ്ങളിലും പാടില്ലാത്തതാണ്. കച്ചവടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കച്ചവട വസ്തു വേഗം വിറ്റു പോകാന്‍ വേണ്ടി ഇല്ലാത്ത ഗുണങ്ങള്‍ സത്യം ചെയ്ത് പറയപ്പെടാറുണ്ട്. കച്ചവടത്തിലെ ബറക്കത്തുകള്‍ നഷ്ടമാകാന്‍ ഇത് കാരണമാകുമെന്ന് കൂടി നാം അറിഞ്ഞിരിക്കണം.
കച്ചവടക്കാര്‍ക്കുള്ള ചില ഉപദേശങ്ങള്‍:
1- അവര്‍ ജനങ്ങളോട് ഗുണകാംക്ഷ ഉള്ളവരാവണം.
2- സത്യം മാത്രം പറയുന്നവരാകണം.
3- ജനങ്ങള്‍ നിങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിട്ട് ഖേദിക്കുന്ന അവസ്ഥ ഇല്ലാതെ സൂക്ഷിക്കണം.
4- കച്ചവടത്തില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവണം.
5- സമ്പത്തിന്‍റെ സകാത്ത് നല്‍കണം.
6- കച്ചവടത്തിന്‍റെ പേരില്‍ നിര്‍ബന്ധ ആരാധനകളില്‍ വീഴ്ച്ച വരുത്താതിരിക്കണം.
7- അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിക്കണം.
8- ചതിയും വഞ്ചനയും ഒഴിവാക്കണം.
9- നിഷിദ്ധമായ വസ്തുക്കള്‍ കച്ചവടം ചെയ്യുന്നതിനെ സൂക്ഷിക്കണം.
10- സാധനത്തിന് അമിത വില പറഞ്ഞ് അതിനോടടുത്ത വിലക്ക് സാധനങ്ങള്‍ വില്‍ക്കുന്നതിനെ സൂക്ഷിക്കണം.
11- ഒരാളുടെ കച്ചവടത്തില്‍ കയറി കച്ചവടം നടത്തരുത്.
12- അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കാതിരിക്കണം.
തുടങ്ങിയ ധാരാളം ഉപദേശങ്ങള്‍ പണ്ഡിതന്‍മാര്‍ കച്ചവടക്കാര്‍ക്കായി നല്‍കിയത് നമുക്ക് കാണാന്‍ സാധിക്കും.

No comments:
Post a Comment