ഫോളോ ചെയ്യാം

Friday, 4 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 168 دروس الحديث - അല്ലാഹുവിന്‍റെ ശാപം ലഭിക്കുന്നവര്‍


 അല്ലാഹുവിന്‍റെ ശാപം ലഭിക്കുന്നവര്‍

عَنْ أَبِي الطُّفَيْلِ، قَالَ: قُلْنَا لِعَلِيِّ بْنِ أَبِي طَالِبٍ، أَخْبِرْنَا بِشَيْءٍ أَسَرَّهُ إِلَيْكَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: مَا أَسَرَّ إِلَيَّ شَيْئًا كَتَمَهُ النَّاسَ، وَلَكِنِّي سَمِعْتُهُ يَقُولُ: لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللهِ، وَلَعَنَ اللَّهُ مَنْ آوَى مُحْدِثًا، وَلَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ ، وَلَعَنَ اللَّهُ مَنْ غَيَّرَ الْمَنَارَ -رواه مسلم

അബുത്ത്വുഫൈല്‍ رضي اللَّهُ عنه (ആമിറു ബ്നു വാസില) പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ താങ്കളോട് രഹസ്യമാക്കിയതായ ഒരു കാര്യം ഞങ്ങള്‍ക്ക് അറിയിച്ച് തന്നാലും എന്ന് ഞങ്ങള്‍ അലിയ്യു ബ്നു അബീത്വാലിബിനോട് ചോദിച്ചു. അപ്പോള്‍ അലി رضي اللَّهُ عنه പറഞ്ഞു: ജനങ്ങളോട് മറച്ച് വെച്ചതായ ഒരു കാര്യവും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ എന്നോട് രഹസ്യം പറഞ്ഞിട്ടില്ല. അല്ലാഹു അല്ലാത്തവര്‍ക്ക് ബലി അറുത്തവനെ അല്ലാഹു ശപിക്കട്ടെ എന്നും, മതത്തില്‍ പുതിയ കാര്യങ്ങള്‍ ഉണ്ടക്കുന്നവനെ (ബിദ്അത്തുകാരനെ) അല്ലാഹു ശപിക്കട്ടെ എന്നും, തന്‍റെ മാതാപിതാക്കളെ ശപിച്ചവനെ അല്ലാഹു ശപിക്കട്ടെ എന്നും, ഭൂമിയുടെ അതിരടയാളങ്ങളില്‍ മാറ്റം വരുത്തിയവനെ അല്ലാഹു ശപിക്കട്ടെ എന്നും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.

വിവരണം

    അഹ്ലു ബൈത്തില്‍ പെട്ടവരോട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ഏതെങ്കിലും കാര്യം പ്രത്യേകം പഠിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് സ്വഹാബികള്‍ അലി رضي اللَّهُ عنه വിനോട് ചോദിച്ചത്. അങ്ങനെ പ്രത്യേക വിവരങ്ങള്‍ ഒന്നും ഇല്ല എന്ന് അലി رضي اللَّهُ عنه മറുപടി കൊടുക്കുകയുണ്ടായി.

    നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി അലി رضي اللَّهُ عنه കേട്ടതായ ഒരു കാര്യം അവര്‍ക്ക് അറിയിച്ച് കൊടുക്കുന്നതാണ് ഈ ഹദീസില്‍ ഉള്ളത്. അലി رضي اللَّهُ عنه തന്‍റെ വാളുറയില്‍ സൂക്ഷിച്ചിരുന്ന ഒരു ഏടില്‍ എഴുതി വെച്ചിരുന്നതായ കാര്യമാണ് അവര്‍ക്ക് പറഞ്ഞ് കൊടുത്തത്.

    നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മതത്തിന്‍റെ എല്ലാ കാര്യങ്ങളും എല്ലാ ജനങ്ങള്‍ക്കും പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. കുറേ രഹസ്യങ്ങള്‍ ആര്‍ക്കെങ്കിലും പകര്‍ന്ന് നല്‍കിയല്ല നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ വിടവാങ്ങിയത്. സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.

    അലി رضي اللَّهُ عنه ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ധാരാളം വസ്വിയ്യത്തുകള്‍ രഹസ്യമായി അറിയിച്ചിട്ടുണ്ടെന്ന് ശിയാക്കളെ പോലെയുള്ള പിഴച്ച കക്ഷികള്‍ വിശ്വസിക്കുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഇതിലൂടെ അലി رضي اللَّهُ عنه നല്‍കുന്നത്.

    اللعنة എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അകറ്റട്ടെ എന്ന പ്രാര്‍ത്ഥനയാണ്. അല്ലാഹുവിന്‍റെ ശാപം കിട്ടിയാല്‍ പിന്നെ അവന് ഇഹത്തിലും പരത്തിലും ഗുണമില്ലാത്തവനായി മാറും.

അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി ബലി അറുക്കല്‍

    മരണപ്പെട്ടു പോയ നബിമാര്‍ക്കോ ഔലിയാക്കള്‍ക്കോ മറ്റോ ബറകത്ത് ആഗ്രഹിച്ച് കൊണ്ട് ബലി അറുക്കുന്നത് പോലെയുള്ളതാണ് ഇത്. ബലി ആരാധനയാണ്, അത് അല്ലാഹുവിന്‍റെ പേരില്‍ മാത്രമേ അറുക്കാന്‍ പാടുള്ളൂ. സൃഷ്ടികളെ തൃപ്തിപ്പെടുത്താനും അവരില്‍ പ്രതീക്ഷയര്‍പ്പിച്ചും അവരില്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുമെന്ന് വിചാരിച്ചും ബലി അറുത്താല്‍ അത് ശിര്‍ക്കായ കാര്യമാണ്.

    അവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.

    ബിദ്അത്തുകാരന് അഭയം കൊടുക്കുന്നതും സംരക്ഷിക്കുന്നതും അല്ലാഹുവിന്‍റെ ശാപത്തിന് കാരണമായ കാര്യമാണ്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ശാപ പ്രാര്‍ത്ഥന അവര്‍ക്കുണ്ട്.

    ബിദ്അത്ത് ഉണ്ടാക്കല്‍ വലിയ പാപമാണ്. ബിദ്അത്തുണ്ടാക്കുന്നവരില്‍ നിന്ന് വിശ്വാസികള്‍ വിട്ടു നില്‍ക്കണം. ബിദ്അത്തുകാരോട് കടുത്ത നിലപാടായിരിക്കണം വിശ്വാസികള്‍ക്കെന്ന് സലഫുകളായ പണ്ഡിതന്‍മാര്‍ നമ്മെ അറിയിച്ചിട്ടുണ്ട്.

    മതിത്തില്‍ പുത്തനാചാരങ്ങള്‍ ഉണ്ടാക്കുന്ന ആളുകള്‍ക്ക് അഭയം കൊടുക്കുന്നതും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതുമെല്ലാം തെറ്റാണെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ശാപ പ്രാര്‍ത്ഥനയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മതത്തിലില്ലാത്ത കാര്യങ്ങള്‍ അതിലേക്ക് കടത്തിക്കൂട്ടുന്നതിന്‍റെ ഗൗരവം വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം.

    ബിദ്അത്തുണ്ടാക്കുന്നവര്‍ക്കും ബിദ്അത്തുണ്ടാക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കും അല്ലാഹുവിന്‍റേയും മലക്കുകളുടേയും മുഴുവന്‍ മനുഷ്യരുടേയും ശാപമുണ്ട് എന്ന് വേറെ ഹദീസില്‍ വന്നിട്ടുണ്ട്.

    മാതാപിതാക്കളെ സ്നേഹിക്കലും ആദരിക്കലും ഇസ്ലാം നിര്‍ബന്ധമക്കിയ കാര്യമാണ്. അവരോട് 'ഛെ' എന്ന് പോലും പറയാന്‍ പാടില്ല. അവരെ ശപിക്കലും അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കലും വലിയ പാപമാണ്. മറ്റുള്ളവര്‍ അവരെ തെറി വിളിക്കാന്‍ ഇടവരുത്തുന്ന കാര്യങ്ങളും മക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ല.  അങ്ങനെ ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെ ശാപമുണ്ടാകട്ടെ എന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രാര്‍ത്ഥിച്ചിരിക്കുന്നത്.

    ഭൂമിയിലെ അതിരുകളില്‍ മാറ്റം വരുത്തുന്നവര്‍ക്കെതിരെയാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ അടുത്ത ശാപ പ്രാര്‍ത്ഥന. ഇത് വലിയ കുറ്റമാണെന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. പല ആളുകളും ഗൗരവം നല്‍കാത്ത വിഷയം കൂടിയാണിത്. ഭൂമിയില്‍ ആളുകള്‍ നിര്‍ണ്ണയിച്ച അതിര്‍ വരമ്പുകളില്‍ അന്യായമായി മാറ്റം ഉണ്ടാക്കല്‍ ഒരു നിലക്കും നമ്മില്‍ ഉണ്ടാവാന്‍ പാടില്ല. അവര്‍ നാളെ അത്തരം കാര്യങ്ങളുടെ പാപഭാരവുമായി വരുന്നതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...