ഫോളോ ചെയ്യാം

Sunday, 13 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 177 دروس الحديث - മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ അവരെ സഹായിക്കലും, മറ്റുള്ളവരുടെ കുറവുകള്‍ മറച്ചു വെക്കലും, അറിവ് അന്വേഷിക്കലും

 


عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ نَفَّسَ عَنْ مُسْلِمٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ، يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا حَفَّتْهُمُ الْمَلَائِكَةُ، وَنَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ، وَمَنْ أَبْطَأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ»-رواه مسلم

അബൂഹുറൈറ رضي اللهُ عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും ഒരു മുസ്ലിമിന്‍റെ ദുന്‍യാവിലെ ഒരു പ്രയാസം അകറ്റിക്കൊടുത്താല്‍ അല്ലാഹു അവന് അവന്‍റെ പരലോകത്തിലെ പ്രയാസങ്ങളില്‍ നിന്ന് ഒരു പ്രയാസം അകറ്റിക്കൊടുക്കും. ആരെങ്കിലും ഒരു മുസ്ലിമിന്‍റെ (ന്യൂനത) മറച്ചു വെച്ചാല്‍ അല്ലാഹു ദുന്‍യാവിലും പരലോകത്തിലും അവന്‍റെ (ന്യൂനത മറച്ച് വെക്കും. ആരെങ്കിലും ഞെരുക്കമുള്ള ഒരാള്‍ക്ക് (കാര്യം) എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ദുന്‍യാവിലും പരലോകത്തിലും (കാര്യങ്ങള്‍) എളുപ്പമാക്കിക്കൊടുക്കും. ഒരടിമ തന്‍റെ സഹോദരന്‍റെ കാര്യത്തില്‍ സഹായത്തിലായാല്‍ അല്ലാഹു ആ അടിമക്ക് വേണ്ട സഹായത്തിലായിരിക്കും, അറിവ് അന്വേഷിച്ച് ആരെങ്കിലും ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി അല്ലാഹു അവന് എളുപ്പമാക്കിക്കൊടുക്കും, ഒരു സംഘമാളുകള്‍ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍ പെട്ട ഒരു ഭവനത്തില്‍ ഒരുമിച്ച് കൂടുകയും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും അത് അവര്‍ക്കിടയില്‍ പരസ്പരം പഠിപ്പിക്കുകയും ചെയ്താല്‍ അവരെ മലക്കുകള്‍ വലയം ചെയ്യുകയും അവരുടെ മേല്‍ സമാധാനം ഇറങ്ങുകയും, അവരെ കാരുണ്യം പൊതിയുകയും അല്ലാഹു അവന്‍റെ അടുക്കലുള്ളവരോട് അവരെ കുറിച്ച് പറയുകയും ചെയ്യും. ആരുടെയെങ്കിലും കര്‍മം അവനെ (നന്‍മയുടെ കാര്യത്തില്‍) മന്ദഗതിയിലാക്കിയാല്‍ അവനെ അവന്‍റെ തറവാട് വേഗത്തിലാക്കുകയില്ല.

വിവരണം

 വിവിധ വിഷയങ്ങള്‍ ഈ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
1- ഒരു മുസ്ലിമിന്‍റെ ദുന്‍യാവിലെ പ്രയാസത്തെ ആരെങ്കിലും മാറ്റിക്കൊടുത്താല്‍ അല്ലാഹു അന്ത്യദിനത്തെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തെ അവന് മാറ്റിക്കൊടുക്കുന്നതാണ്
2- ഒരു മുസ്ലിമിന്‍റെ ന്യൂനത ആരെങ്കിലും മറച്ച് വെച്ച് അവന്‍റെ അഭിമാനം കാത്തുസൂക്ഷിച്ചാല്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും അവന്‍റെ ന്യൂനതകള്‍ മറച്ച് വെക്കുന്നതാണ്.
3- സാമ്പത്തിക ഞെരുക്കം കൊണ്ടോ മറ്റോ പ്രയാസമനുഭവിക്കുന്നവന് ആരെങ്കിലും എളുപ്പം നല്‍കിയാല്‍ അതിന് പകരമായി അല്ലാഹു അവന് രണ്ട് ലോകത്തും ആശ്വാസങ്ങള്‍ നല്‍കുന്നതാണ്.
4- ഒരാള്‍ തന്‍റെ സഹോദരനെ സഹായിക്കുന്നതില്‍ വ്യാപൃതനായാല്‍ അല്ലാഹു അവനെ സഹായിക്കുന്നതാണ്.
5- അറിവ് അന്വേഷിക്കുന്നതിന്‍റെ മഹത്വം വളരെ വലുതാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാകാനും, പാപങ്ങള്‍ പൊറുക്കപ്പെടാനും അത് മുഖേന വഴിയൊരുങ്ങും.
6- വിശുദ്ധ ക്വുര്‍ആന്‍ പരസ്പരം പഠിപ്പിക്കല്‍ വലിയ പുണ്യമുള്ള കാര്യമാണ്. അത് അല്ലാഹുവിന്‍റെ ഭവനത്തില്‍ വെച്ചായിരിക്കുമ്പോള്‍ അതിന്‍റെ മഹത്വം ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. മലക്കുകളുടെ സാന്നിധ്യവും സമാധാനമിറങ്ങലും കാരുണ്യം അവരെ പൊതിയലും അതിലൂടെ സംഭവിക്കും. മാത്രമല്ല അല്ലാഹു അവരെ കുറിച്ച് മലക്കുകളോട് പറയുകയും ചെയ്യും.
7- ഈ ഹദീസില്‍ വലിയ മഹത്വമുള്ള വിവിധ വിഷയങ്ങള്‍ പഠിപ്പിക്കപ്പെടുകയുണ്ടായി. ഇത്തരം നന്‍മകളില്‍ പിന്നോട്ട് നില്‍ക്കന്ന ആളുകളെ അവരുടെ തറവാട് മുന്നിലെത്തിക്കുകയില്ല എന്നാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞത്. അഥവാ തറവാട് വലിയതായത് കൊണ്ട് നന്‍മകളില്‍ മുന്നേറണമെന്നില്ല എന്നര്‍ത്ഥം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...