ഫോളോ ചെയ്യാം

Friday, 11 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 176 دروس الحديث - ദാജ്ജാലില്‍ നിന്ന് രക്ഷ ലഭിക്കാന്‍

 


عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ.- رواه مسلم

അബുദ്ദര്‍ദാഅ് رضي اللَّهُ عنه നിവേദനം, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരെങ്കിലും സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ പത്ത് ആയത്തുകള്‍ മനഃപ്പാഠമാക്കിയാല്‍ അവന്‍ ദജ്ജാലില്‍ നിന്ന് സംരക്ഷിക്കപ്പെടും.

വിവരണം

അവസാന കാലത്ത് ധാരാളം ഫിത്നകളുമായി പ്രത്യക്ഷപ്പെടുന്ന ആളാണ് മസീഹുദ്ദജ്ജാല്‍. ഇവന്‍റെ കുഴപ്പങ്ങളില്‍ ഭൂരിഭാഗം ആളുകളും പെട്ടു പോകും. നല്ല ഉറച്ച വിശ്വാസമില്ലാത്തവരൊക്കെ കുഴപ്പങ്ങളില്‍ പെടും.

മസീഹ് എന്ന പദത്തിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. മസീഹുദ്ദജ്ജാല്‍ എന്ന് പറയുമ്പോള്‍ വഴിപിഴച്ച കള്ളനായവന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം. 

എന്നാല്‍ ഈ പദം ഈസാ നബി عَلَيْهِ السلام ലേക്ക് ചേര്‍ത്തിപ്പറയുമ്പോള്‍ സത്യ സന്ധന്‍ എന്ന അര്‍ത്ഥമാണ് വരിക.

ദജ്ജാലിന്‍റെ ഒരു കണ്ണ് മായ്ക്കപ്പെട്ട പോലെയായതിനാലാണ് മസീഹ് എന്ന പേര്‍ വിളിക്കപ്പെടുന്നത് എന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.

അവന്‍റെ രണ്ട് കണ്ണുകള്‍ക്കിടയില്‍ കാഫിര്‍ അല്ലെങ്കില്‍ കഫറ എന്ന് അറബിയില്‍ എഴുതപ്പെട്ടിട്ടുണ്ടെന്ന് ഹദീസിലുണ്ട്. എല്ലാ മുസ്ലീംകളും അത് വായിക്കും എന്നും ഹദീസില്‍ കാണാം.

ദജ്ജാല്‍ മനുഷ്യ കുലത്തില്‍ പെട്ട ആള്‍ തന്നെയാണ്. അവന്‍ കള്ളനും, ചുവന്ന നിറമുള്ളവനും ചുരുണ്ട മുടിയുള്ളവനും വിശാലമായ നെറ്റിയുള്ളവനും ആയ യുവാവാണ്. അവന്‍റെ വലത്തേ കണ്ണ് മായ്ക്കപ്പെട്ടിരിക്കുന്നു.

അവന്‍ ഖുറാസാനില്‍ നിന്നാണ് പുറപ്പെടുക, മക്കയും മദീനയുമല്ലാത്ത എല്ലാ സ്ഥലങ്ങളിലും അവന്‍ പ്രവേശിക്കും.

ഈ ഭൂമിയില്‍ ഉണ്ടായ ഫിത്നകളില്‍ വെച്ച് ഏറ്റവും വലിയ ഫിത്നകളായിരിക്കും ദജ്ജാല്‍ ഉണ്ടാക്കുക.

ദജ്ജാല്‍ വന്ന് ചില അത്ഭുതങ്ങളൊക്കെ കാണിക്കും. വിശ്വാസികള്‍ക്ക് മാത്രം അവന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാകും.

എല്ലാ മനുഷ്യരേയും വഴിപിഴപ്പിക്കുവാന്‍ ദജ്ജാലിന് സാധിക്കുകയില്ല. ദജ്ജാലില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള വഴികള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്.

ദജ്ജാലില്‍ നിന്ന് രക്ഷ നേടാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്. നമസ്കാരത്തില്‍ അവസാനത്തെ ഇരുത്തത്തില്‍ ദജ്ജാലിന്‍റെ ഫിത്നയില്‍ നിന്ന് രക്ഷ ചോദിക്കണം എന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിരിക്കുന്നത്.

ഈ പ്രാര്‍ത്ഥന നമസ്കാരത്തിന്‍റെ അവസാന ഇരുത്തത്തില്‍ സലാമിന് മുമ്പായി നാം പതിവാക്കുക:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ المَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ المَحْيَا، وَفِتْنَةِ المَمَاتِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ المَأْثَمِ وَالمَغْرَمِ.

അല്ലാഹുവേ.. ക്വബ്ര്‍ ശിക്ഷയില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം ചോദിക്കുന്ന, മസീഹുദ്ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു, ജീവിതത്തിന്‍റെയും മരണത്തിന്‍റേയും കുഴപ്പത്തില്‍ നിന്നും ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹുവേ.. നിശ്ചയം പാപത്തില്‍ നിന്നും കടത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു.


  ഈ ഹദീസില്‍ പഠിപ്പിക്കപ്പെട്ട പോലെ സൂറത്തുല്‍ കഹ്ഫിലെ ആദ്യത്തെ 10 ആയത്തുകള്‍ മനഃപ്പാഠമാക്കിയാല്‍ അവന് ദജ്ജാലില്‍ നിന്ന് സംരക്ഷണം നല്‍കപ്പെടും. മറ്റൊരു റിപ്പോര്‍ട്ടില്‍ സൂറത്തുല്‍ കഹ്ഫിലെ അവസാനത്തെ 10 ആയത്തുകള്‍ എന്നും വന്നിട്ടുണ്ട്.


ഈസാ നബി عَلَيْهِ السلام  ന്‍റെ കൈകളാലായിരിക്കും ദജ്ജാലിന്‍റെ നാശം. ദിമശ്ക്വില്‍ ആയിരിക്കും ഈസാ നബി عَلَيْهِ السلام ഇറങ്ങുക. പിന്നീട്  ഈസാ عَلَيْهِ السلام ദജ്ജാലിനെ വകവരുത്തും എന്നാണ് ഹദീസുകളില്‍ ഉള്ളത്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...