ശ്രേഷ്ടമായ മൂന്ന് കാര്യങ്ങള്‍
عَنْ ثَوْبَانَ
مَوْلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ قَالَ: قَالَ
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ: «طُوبَى لِمَنْ
مَلَكَ لِسَانَهُ، وَوَسِعَهُ بَيْتُهُ، وَبَكَى عَلَى خَطِيئَتِهِ» - المعجم
الصغير للطبراني- حسن
നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ ഭൃത്യനായ (മൗലാ) സൗബാന്‍ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: തന്‍റെ നാവിനെ അധീനപ്പെടുത്തിയവനും തന്‍റെ ഭവനം വിശാലമായവനും, തന്‍റെ പാപത്തിന്‍റെ പേരില്‍ കരഞ്ഞവനും സ്വര്‍ഗ്ഗമുണ്ട്.
വിവരണം
നാവിനെ സൂക്ഷിക്കല്‍, ഫിത്നകളില്‍ നിന്ന് വിട്ടകന്ന് വീടുകളില്‍ കഴിയല്‍, ചെയ്ത് പോയ പാപങ്ങളില്‍ കരയല്‍ എന്നീ കാര്യങ്ങളുടെ പ്രാധാന്യം അറിയിക്കുന്ന ഹദീസ് ആണിത്. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ മോചിപ്പിച്ചതായ അടിമയാണ് (മൗലാ) സൗബാന്‍ رضي اللَّهُ عنه.
നാവിനെ സൂക്ഷിക്കല്‍
നാവ് ഒരു അനുഗ്രഹമാണ്. അത് നല്ലതിന് മാത്രം ഉപയോഗിക്കണം. അനാവശ്യങ്ങളിലും മോശമായ കാര്യങ്ങള്‍ സംസാരിക്കാനും നാവിനെ ഉപയോഗിക്കരുത്.
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ സംസാരിക്കുകയാണെങ്കില്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.
മനുഷ്യര്‍ നരകത്തില്‍ പോകാന്‍ കാരണമാകുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് നാവ് ആണ്.
നാവ് കൊണ്ടുള്ള വിപത്തുകള്‍
1- ശിര്‍ക്ക് സംസാരിക്കല്‍.
2- അല്ലാഹുവിന്‍റെ മതത്തില്‍ വിവരമില്ലാത്തത് പറയല്‍.
3- ഏഷണി, പരദൂഷണം, ആരോപണങ്ങള്‍ പറയല്‍.
4- കളവ് പറയല്‍.
5- അസത്യം പറയലും സത്യം പറയാതിരിക്കലും.
6- കള്ള സാക്ഷ്യം പറയല്‍.
7- വ്യഭിചാരാരോപണം പറയല്‍.
8- അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍.
9- ചീത്ത പറയലും, കളിയാക്കലും, ശകാരവും.
10-ശാപവാക്കുകള്‍ പറയല്‍
ഇത്തരം കാര്യങ്ങളില്‍ നിന്ന് നാവിനെ നാം സൂക്ഷിക്കണം.
തന്‍റെ ഭവനം അവന് വിശാലമാവുക എന്നാല്‍ അവന്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ അവനെ കൊണ്ട് മറ്റുള്ളവര്‍ക്ക് ദ്രോഹങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്ന അവസ്ഥ ഇല്ലാത്ത വിധം അവന്‍ വീട്ടില്‍ കഴിയുക എന്നതാണ് ഉദ്ദേശം. കുഴപ്പങ്ങളും ഭിന്നിപ്പുകളും ഉണ്ടാകുമ്പോള്‍ അതിലൊന്നും മോശമായി ഇടപെടാതെ തന്‍റെ വീട്ടില്‍ കഴിയലാണതിനര്‍ത്ഥം.
നാട്ടില്‍ ഫിത്നകള്‍ വ്യാപകമാകുമ്പോള്‍ അവ തന്‍റെ ദീനിനെ ബാധിക്കാതെ അവയില്‍ നിന്ന് വിട്ടകന്ന് വീടുകളില്‍ ഒതുങ്ങലും ഇതിന്‍റെ ആശയത്തില്‍ ഉള്‍ക്കൊള്ളുന്നു.
നമ്മുടെ പാപങ്ങളുടെ ആധിക്യം നമുക്കോരോരുത്തര്‍ക്കും അറിവുള്ള കാര്യമാണല്ലോ. പാപങ്ങള്‍ ധാരാളം ദൂഷ്യ ഫലങ്ങള്‍ സമ്മാനിക്കുന്നവയാണ്. വിശ്വാസി അവന്‍റെ പാപത്തിന്‍റെ വിഷയത്തില്‍ അങ്ങേയറ്റം പേടിയുള്ളവനായിരിക്കും.
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي اللَّهُ عنه പറഞ്ഞു: നിശ്ചയം ഒരു വിശ്വാസി തന്‍റെ പാപങ്ങളെ കാണുന്നത് ഇടിഞ്ഞ് വീഴുമെന്ന് അവന്‍ ഭയക്കുന്ന മലയുടെ താഴെ ഇരിക്കുന്നത് പോലെയാണ്. എന്നാല്‍ തെമ്മാടിയായിട്ടുള്ള ആള്‍ തന്‍റെ തിന്‍മകളെ തന്‍റെ മൂക്കിലിരിക്കുന്ന ഒരു ഈച്ചയെപ്പോലെ നിസാരമായാണ് കാണുക.
അഥവാ വിശ്വാസി തന്‍റെ പാപങ്ങള്‍ തന്നെ നശിപ്പിക്കുമെന്ന ഭയത്തിലും വിശ്വാസിയല്ലാത്തവന്‍ അവയെ നിസാരമായും കാണുന്നു.
വിശ്വാസി തന്‍റെ പാപങ്ങളെ ഭയക്കുന്നതിനുള്ള കാരണങ്ങള്‍:
1- എല്ലാ ചെറുതും വലുതുമായ പാപങ്ങള്‍ നാളെ അല്ലാഹു വിചാരണ ചെയ്യുന്നതാണ് എന്ന ബോധം അവനുണ്ട്.
2- താന്‍ ആരോടാണ് അനുസരണക്കേട് കാണിച്ചത് എന്ന ഭയം അവനിലുണ്ടാകുന്നതിനാല്‍ അവന് പാപങ്ങളെ ഭയമാകുന്നു.
3- അടിമ ചെറുതെന്ന് കരുതുന്ന പല തിന്‍മകളും അല്ലാഹുവിന്‍റെ അടുക്കല്‍ വലിയതാകാം എന്ന് അവന്‍ മനസ്സിലാക്കുന്നതിനാല്‍.
4- തിന്‍മകള്‍ ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെ കോപം ലഭിക്കാന്‍ കാരണമാകും എന്ന് അറിയുന്നതിനാല്‍.
5- ചെറിയതാണെന്ന് കരുതുന്ന തിന്‍മകള്‍ കൊണ്ട് ഒരു പക്ഷേ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാകാതിരിക്കാനും നരകത്തില്‍ കടക്കാനും ഇടവരാം എന്ന് അവന്‍ മനസ്സിലാക്കുന്നതിനാല്‍.
6- ഒരു പക്ഷെ തിന്‍മകള്‍ ദുര്‍മരണത്തിന് കാരണമായേക്കാം എന്ന് അവന്‍ ഭയക്കുന്നതിനാല്‍.
7- തിന്‍മകള്‍ ഹൃദയത്തില്‍ അന്ധകാരം സമ്മാനിക്കുന്നതിനാല്‍.
8- തിന്‍മകളെ നിസാരമാക്കുന്നത് വന്‍പാപത്തിലേക്ക് പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കും എന്നതിനാല്‍.
9- ഒരു തിന്‍മ മറ്റു തിന്‍മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ ഇടയുള്ളതിനാല്‍.
10- ചെറിയ തിന്‍മകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ അത് വന്‍ പാപമാകുന്നതിനാല്‍.
11- തിന്‍മകളെ നിസാരമാക്കല്‍ പശ്ചാത്താപം ഇല്ലാതാക്കുന്നതിനാല്‍.
തുടങ്ങിയ കാരണങ്ങളുടെ ഭവിഷ്യത്തുകള്‍ മനസ്സിലാക്കുന്നതിനാല്‍ വിശ്വാസി അവന്‍റെ പാപത്തിന്‍റെ പേരില്‍ കരയുന്നവനും ഭയമുള്ളവനുമായിരിക്കും.

No comments:
Post a Comment