ഫോളോ ചെയ്യാം

Monday, 21 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 185 دروس الحديث - ഒന്നാം സ്വഫ്ഫില്‍ നിന്ന് മാറി നില്‍ക്കുന്നവരോട്

 


ഒന്നാം സ്വഫ്ഫില്‍ നിന്ന് 

മാറി നില്‍ക്കുന്നവരോട്

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَأَى فِي أَصْحَابِهِ تَأَخُّرًا فَقَالَ لَهُمْ: «تَقَدَّمُوا فَأْتَمُّوا بِي، وَلْيَأْتَمَّ بِكُمْ مَنْ بَعْدَكُمْ، لَا يَزَالُ قَوْمٌ يَتَأَخَّرُونَ حَتَّى يُؤَخِّرَهُمُ اللهُ» - رواه مُسلِم.

അബൂസഈദില്‍ ഖുദ്'രി رضي اللهُ عنهمَ നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തന്‍റെ സ്വഹാബികള്‍ (സ്വഫ്ഫില്‍) പിന്തിനില്‍ക്കുന്നത് കണ്ടപ്പോള്‍ അവരോട് പറഞ്ഞു: നിങ്ങള്‍ മുന്നോട്ട് വന്ന് എന്‍റെ പിന്നില്‍ നിരയായി നില്‍ക്കൂ. നിങ്ങളുടെ പിന്നില്‍ വരുന്നവര്‍ നിങ്ങള്‍ക്ക് പിന്നില്‍ നിരയായി നില്‍ക്കട്ടെ. ഒരു ജനവിഭാഗം എപ്പോഴും പിന്നോട്ട് നില്‍ക്കും അവസാനം അല്ലാഹു അവരെ ആഖിറത്തിലും പിന്തിപ്പിക്കും.


വിവരണം

ഈ ഹദീസില്‍, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ചില സ്വഹാബികളെ ഒന്നാം നിരയില്‍ നിന്ന് മാറി പിന്നില്‍ നില്‍ക്കുന്നതായി കണ്ടു. അപ്പോള്‍ അവരോട് ഒന്നാം നിരയിലേക്ക് വരാന്‍  നിര്‍ദ്ദേശം നല്‍കി.


അങ്ങനെ അവര്‍ക്ക് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ പിന്തുടര്‍ന്ന് നമസ്കരിക്കാനും അവര്‍ക്ക് പിന്നിലുള്ളവര്‍ക്ക് അവരെ പിന്തുടരാനും സാധിക്കും.


ഒന്നാം സ്വഫ്ഫില്‍ നിന്ന്? പിന്തിനില്‍ക്കല്‍ പതിവാക്കുന്നവര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയുണ്ടാകും. അല്ലാഹു അവരെ പിന്തള്ളും എന്ന് ഹദീസില്‍ പറഞ്ഞിരിക്കുന്നു. ഇതിന്‍റെ അര്‍ത്ഥം താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.


അവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് പിന്നോട്ട് പോകുന്നവരാകും.


അല്ലാഹുവിന്‍റെ വലിയ അനുഗ്രഹങ്ങളില്‍ നിന്നും  ഉയര്‍ന്ന പദവികളില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും പിന്നോട്ട് പോകുന്നവരാകും.


ഇമാം ശൗകാനി رحمه اللهُ  തന്‍റെ (നൈലുല്‍ ഔതാര്‍)  എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:


(ഈ ഹദീസ് കപടവിശ്വാസികളെക്കുറിച്ചാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് സത്യവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും ഒരുപോലെ ബാധകമാണ്. ഒന്നാം സ്വഫ്ഫില്‍ നില്‍ക്കാന്‍ ഈ ഹദീസ് പ്രേരണ നല്‍കുകയും ഒന്നാമത്തെ സ്വഫ്ഫില്‍ നിന്ന്? പിന്തി നില്‍ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും  ചെയ്യുന്നു).


ഈ ഹദീസില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുന്ന ചില ഫലങ്ങള്‍ താഴെ പറയുന്നവയാണ്:


ഇമാമിനോട് അടുത്ത് നില്‍ക്കുന്നതിന്‍റെ പ്രാധാന്യം.


ഇമാം നമസ്കാരത്തില്‍ ഒരു മാതൃകയാണ്. നമസ്കരിക്കുമ്പോള്‍ പിന്നിലുള്ളവര്‍ ഇമാമിനെ മാതൃകയാക്കണം.


നമസ്കാരത്തില്‍ അച്ചടക്കവും ഇസ്ലാമിക ക്രമവും ഉണ്ടായിരിക്കണം.  ഇത് ജമാഅത്ത് നമസ്കാരത്തിന്‍റെ ചിട്ടകളില്‍ ഒന്നാണ്.


നമസ്കരിക്കുമ്പോള്‍ ഇമാമിനെ കാണാനും കേള്‍ക്കാനും സാധിക്കാത്ത പിന്നിലുള്ളവര്‍ അവരുടെ മുന്നിലുള്ളവരെ പിന്തുടരണം.


ഇമാമിനോടടുത്ത് നില്‍ക്കുന്നതിനും ഒന്നാം നിരയില്‍ നില്‍ക്കുന്നതിനും നിരവധി ഗുണങ്ങളും നേട്ടങ്ങളും ഉണ്ട്.


നമസ്കാരത്തിന്‍റെ കാര്യത്തിലും ഒന്നാം സ്വഫ്ഫിന്‍റെ വിഷയത്തിലും ഉത്സാഹിക്കണം. അതില്‍ അലസതയും അശ്രദ്ധയും ഉണ്ടാകാന്‍ പാടില്ല.


നാം നന്മകളില്‍ നിന്ന് അകന്നു നില്‍ക്കരുത് എന്ന്? ഈ ഹദീസ് പഠിപ്പിക്കുന്നു. നന്മകളില്‍ നിന്ന് അകന്നു നില്‍ക്കല്‍ പതിവാക്കിയാല്‍ അത് നമ്മെ അല്ലാഹുവില്‍ നിന്ന് അകറ്റുകയും അവന്‍റെ കോപത്തിന് കാരണമാവുകയും ചെയ്യും. പിന്നെ ജീവിതത്തില്‍ ബറകത്തുകള്‍ ഉണ്ടാവുകയില്ല.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...