عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ബലിപെരുന്നാളും
ബലി കര്‍മവും
150 - عَنْ جُنْدُبِ بْنِ عَبْدِ اللَّهِ الْبَجَلِيِّ رضي الله عنه قَالَ: ((صَلَّى النَّبِيُّ صلى الله عليه وسلم يَوْمَ النَّحْرِ. ثُمَّ خَطَبَ. ثُمَّ ذَبَحَ، وَقَالَ: مَنْ ذَبَحَ قَبْلَ أَنْ يُصَلِّيَ فَلْيَذْبَحْ أُخْرَى مَكَانَهَا، وَمَنْ لَمْ يَذْبَحْ فَلْيَذْبَحْ بِاسْمِ اللَّهِ)) .
ജുൻദുബ് ഇബ്നു അബ്ദില്ല അൽ ബജലിയ്യ് رضي الله عنه നിവേദനം: അദ്ദേഹം പറഞ്ഞു: "നബി صلى الله عليه وسلم ബലിയറുക്കുന്ന ദിവസം (ഈദുൽ അദ്ഹ ദിനത്തില്‍) നമസ്കരിച്ചു. പിന്നീട് ഖുത്ബ നിർവ്വഹിച്ചു. അതിനുശേഷം ബലിയറുത്തു കൊണ്ട് പറഞ്ഞു: 'ആരെങ്കിലും നമസ്കരിക്കുന്നതിന് മുമ്പ് അറുത്താൽ, അവൻ അതിന് പകരമായി മറ്റൊന്നിനെ അറുക്കട്ടെ. ആരെങ്കിലും ഇതുവരെ അറുത്തിട്ടില്ലെങ്കിൽ, അവൻ അല്ലാഹുവിൻ്റെ നാമത്തിൽ അറുക്കട്ടെ.'"
വിവരണം
ഉദ്ഹിയ്യത്ത് (ബലിയറുക്കൽ) ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ചിഹ്നങ്ങളില്‍ ഒന്നാണ്. ഇത് ഒരു സമയബന്ധിത ഇബാദത്താണ്, അതിൻ്റെ സമയം ഈദ് നമസ്കാരത്തിനും ഖുത്ബക്കും ശേഷമാണ്.
ഈ ഹദീസിൽ, ജുൻദുബ് ഇബ്നു അബ്ദില്ലാഹ് അൽ-ബജലിയ്യ് رضي الله عنه നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم ബലിയുടെ ദിവസം ആദ്യം ഈദ് നമസ്കാരം നിർവ്വഹിച്ചു. 'യൗമുന്നഹ്‌ർ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈദുൽ അദ്ഹയാണ്; ഹാജിമാർ ആ ദിവസം അവരുടെ ഹദ്'യ് (ബലികർമ്മം) നിർവ്വഹിക്കുന്നത് കൊണ്ടാണ് അതിന് 'നഹ്‌ർ' എന്ന് പേരുവന്നത്. അത് ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ്. അവിടുത്തെ നമസ്കാരം ബാങ്കോ ഇഖാമത്തോ കൂടാതെ, മുൻപുള്ളതോ ശേഷമുള്ളതോ ആയ സുന്നത്ത് നമസ്കാരങ്ങളോ ഇല്ലാതെയായിരുന്നു.
പിന്നീട്, രണ്ടാമതായി, നബി صلى الله عليه وسلم ഈദ് ഖുത്ബ നിർവ്വഹിക്കുകയും ജനങ്ങളെ ഉപദേശിക്കുകയും ചെയ്തു. ഈദ് ഖുത്ബ നമസ്കാരത്തിന് ശേഷമാണ്, അല്ലാതെ മുൻപല്ല.
ശേഷം, മൂന്നാമതായി, അവിടുന്ന് തൻ്റെ ഉദ്ഹിയ്യത്ത് അറുത്തു. നബി صلى الله عليه وسلم നമസ്കാര സ്ഥലത്ത് വെച്ച് തന്നെയായിരുന്നു അറുത്തിരുന്നത്.
തുടർന്ന് നബി صلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ഈദ് നമസ്കാരത്തിന് മുമ്പ് അറുത്താൽ, അവൻ അതിന് പകരമായി മറ്റൊന്നിനെ അറുക്കേണ്ടതാണ്. കാരണം, നമസ്കാരത്തിന് മുമ്പ് അറുത്തത് ആരാധനാകർമ്മമോ ഉദ്ഹിയ്യത്തോ ആകുന്നില്ല. എന്നാൽ, നമസ്കാരത്തിന് മുമ്പ് അറുക്കാത്തവൻ, അവൻ നമസ്കാരത്തിന് ശേഷം "ബിസ്മില്ലാഹ്" (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞുകൊണ്ട്. അറുക്കട്ടെ, അതായത്: അവൻ അല്ലാഹുവിന് വേണ്ടി അറുക്കട്ടെ. തൻ്റെ ബലിയില്‍ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കുന്നത് തൻ്റെ ഇസ്‌ലാം പ്രകടിപ്പിക്കുന്നതിനും അല്ലാഹു അല്ലാത്തവർക്ക് വേണ്ടി അറുക്കുന്നവരുമായി വ്യത്യാസപ്പെടുന്നതിനും പിശാചിനെ നിന്ദ്യനാക്കുന്നത്തിനും അല്ലാഹുവിൻ്റെ പരിശുദ്ധ നാമം കൊണ്ട് ബറക്കത്തെടുക്കുന്നതിനും വേണ്ടിയാണ്.
ഉദ്ഹിയ്യത്തിൻ്റെ വിധി
ഉദ്ഹിയ്യത്ത് (ബലിയറുക്കൽ) സുന്നത്താണ്. അത് കഴിവുള്ളവർക്ക് പ്രബലമായ സുന്നത്താണ് (سنة مؤكدة), ഒരാൾക്ക് ബലിയറുക്കാൻ കഴിവില്ലെങ്കിൽ, അവൻ്റെ മേൽ യാതൊന്നും നിർബന്ധമില്ല.
ബലി അറുക്കുമ്പോള്‍ ബിസ്മി ചൊല്ലലും ഖിബ്'ലക്ക് നേരെ തിരിയലും
അറുക്കുമ്പോൾ 'ബിസ്മി' (അല്ലാഹുവിൻ്റെ നാമം) ചൊല്ലുന്നത് നിർബന്ധമാണ്; കാരണം അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും ഇത് കൽപ്പിച്ചിരിക്കുന്നു.
ബിസ്മി മനപ്പൂർവ്വം ഒഴിവാക്കുന്നത് അനുവദനീയമല്ല.
അറുക്കുമ്പോൾ അവൻ "ബിസ്മില്ലാഹി വല്ലാഹു അക്ബർ" എന്ന് പറയണം; ഇതാണ് സുന്നത്ത്. എന്നാൽ, "ബിസ്മില്ലാഹി" എന്ന് മാത്രം പറഞ്ഞാലും മതിയാകും.
മറന്നുകൊണ്ടോ അതല്ലെങ്കിൽ അറിവില്ലായ്മ കൊണ്ടോ അത് ഉപേക്ഷിക്കുകയാണെങ്കിൽ അതിൽ കുഴപ്പമില്ല, ആ അറുത്ത മൃഗം ഹലാലായിരിക്കും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
രണ്ട് ഈദുകളിലും ഖുത്ബ നിയമമാണ്, അത് നമസ്കാരത്തിന് ശേഷമാണ്. ബലിപെരുന്നാൾ ദിവസത്തെ ആരാധനാകർമ്മങ്ങളിൽ ക്രമം പാലിക്കേണ്ടത് നിർബന്ധമാണ്.
ഖുത്ബ സമയത്തിനും സാഹചര്യത്തിനും അനുയോജ്യമായിരിക്കണം. ഓരോ സമയത്തും സാഹചര്യത്തിലും അതിന് ചേർന്ന കാര്യങ്ങൾ ഓർമ്മിപ്പിക്കണം.
ഉദ്ഹിയ്യത്ത് അറുക്കുന്നത് ഖുത്ബക്ക് ശേഷം ചെയ്യുന്നത് ആണ് ഉത്തമം, നമസ്കാരത്തിന് ശേഷം ഖുത്ബക്ക് മുമ്പ് അറുക്കുന്നതും അനുവദനീയമാണ്.
അറുക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം സ്മരിക്കുന്നത് നിർബന്ധമാണ്.

No comments:
Post a Comment