ഫോളോ ചെയ്യാം

Wednesday, 17 December 2025

മഹ്‌റം കൂടെയില്ലാത്ത ഹജ്ജ് , ഉംറ യാത്ര

മഹ്‌റം കൂടെയില്ലാത്ത 
ഹജ്ജ് , ഉംറ യാത്ര

    ഹജ്ജ് കര്‍മ്മത്തിനായി സ്ത്രീക്ക് മഹ്‌റം നിര്‍ബന്ധമാണോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ താഴെ പറയുന്ന അഭിപ്രായവ്യത്യാസങ്ങളുണ്ട്:

ഒന്നാമത്തെ അഭിപ്രായം:
    സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമാകണമെങ്കില്‍ ഭര്‍ത്താവോ മഹ്‌റമോ കൂടെയുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഹനഫി, ഹമ്പലി മദ്ഹബുകാരുടെ അഭിപ്രായമാണിത്. 
    തെളിവ്: നബി صلى الله عليه وسلم പറഞ്ഞു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും മഹ്‌റം കൂടെയില്ലാതെ ഒരു പകലും രാത്രിയും ദൈർഘ്യമുള്ള യാത്ര ചെയ്യാന്‍ അനുവാദമില്ല" (ബുഖാരി, മുസ്ലിം). കൂടാതെ, ഇബ്‌നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്ത ഹദീസില്‍, നബി صلى الله عليه وسلم പറഞ്ഞു: "മഹ്‌റം കൂടെയില്ലാതെ ഒരു പുരുഷനും സ്ത്രീയുമായി തനിച്ചാകരുത്, മഹ്‌റം കൂടെയില്ലാതെ സ്ത്രീ യാത്ര ചെയ്യരുത്." അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു പറഞ്ഞു: "അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ ഭാര്യ ഹജ്ജിനായി പുറപ്പെട്ടിരിക്കുന്നു. ഞാന്‍ ഇന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ പേര് ചേര്‍ത്തിരിക്കുകയാണ്." അപ്പോള്‍ നബി صلى الله عليه وسلم പറഞ്ഞു: "നീ പോയി നിന്‍റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക." കാരണം: സ്ത്രീക്ക് തനിയെ വാഹനത്തില്‍ കയറാനും ഇറങ്ങാനും പ്രയാസമായിരിക്കും. അതിന് ഭര്‍ത്താവോ മഹ്‌റമോ സഹായിക്കേണ്ടതുണ്ട്.

രണ്ടാമത്തെ അഭിപ്രായം:
    ഹജ്ജ് നിര്‍ബന്ധമാകുന്നതിന് മഹ്‌റമോ ഭര്‍ത്താവോ കൂടെയുണ്ടാകണമെന്ന നിബന്ധനയില്ല. ഇത് ശാഫിഈ മദ്ഹബിലെ അഭിപ്രായമാണ്. മറിച്ച്, വിശ്വസ്തരായ സ്ത്രീകളുടെ ഒരു സംഘം കൂടെയുണ്ടായാല്‍ മതിയാകും. ഭര്‍ത്താവിനും മഹ്‌റമിനും കൂടെ വരാന്‍ സാധിക്കുമെങ്കിലും, വിശ്വസ്തരായ സ്ത്രീകളുടെ സംഘം കൂടെയുണ്ടെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാകും. ഇതാണ് ഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. കാരണം, കൂടെ ആളുകളുണ്ടാകുമ്പോൾ (സുരക്ഷിതമായ സംഘം) മോശമായ ഉദ്ദേശ്യങ്ങള്‍ തടയപ്പെടും. കൂടാതെ ഇതൊരു നിര്‍ബന്ധമായ യാത്രയാണ്. അക്രമികളായ സത്യനിഷേധികളുടെ ഇടയില്‍ അകപ്പെട്ട മുസ്‌ലിം സ്ത്രീ രക്ഷപ്പെടാന്‍ യാത്ര ചെയ്യുന്നതുപോലെ ഇതിന് മഹ്‌റം നിര്‍ബന്ധമില്ല.

മൂന്നാമത്തെ അഭിപ്രായം:
    മാലിക്കി മദ്ഹബ് പ്രകാരം ഭര്‍ത്താവോ മഹ്‌റമോ കൂടെയുണ്ടാകല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അവര്‍ ഇല്ലെങ്കിലോ, വരാന്‍ വിസമ്മതിക്കുകയോ കഴിവില്ലാത്തവരോ ആണെങ്കിലോ, 'സുരക്ഷിതമായ സംഘം'  കൂടെയുണ്ടായാല്‍ മതി. വിശ്വസ്തരായ പുരുഷന്മാരോ സ്ത്രീകളോ അടങ്ങുന്ന സംഘമാണത്. സ്ത്രീ സ്വയം സുരക്ഷിതയാണെങ്കില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കൂടുതല്‍ ഉചിതം.

    ഇബ്‌നു തൈമിയ്യ رحمه الله യുടെ അഭിപ്രായം: മഹ്‌റം ഇല്ലാത്ത സാഹചര്യത്തില്‍ സ്ത്രീക്ക് തനിക്ക് സുരക്ഷിതത്വമുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ നിര്‍ബന്ധമായ ഹജ്ജിന്  മഹ്‌റമില്ലാതെ യാത്ര ചെയ്യാവുന്നതാണ്.

ഇമാം അഹ്മദിന്റെ അഭിപ്രായം:
    ഇമാം അഹ്മദ് رحمه الله വൃദ്ധയായ സ്ത്രീയും യുവതിയും തമ്മിൽ ഇക്കാര്യത്തിൽ വേർതിരിച്ചിട്ടുണ്ട്. ഫിത്‌ന (കുഴപ്പം) ഭയപ്പെടാനില്ലാത്ത, സ്വയം കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന വൃദ്ധയായ സ്ത്രീക്ക് മഹ്‌റമില്ലാതെയും ഹജ്ജ് ചെയ്യാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റൊരു ശാഫിഈ അഭിപ്രായം:
    ശാഫിഈ മദ്ഹബിലെ തന്നെ മറ്റൊരു വിഭാഗം (ഉദാഹരണത്തിന് ഇമാം ശീറാസി 'അൽ മുഹദ്ദബിൽ' പറഞ്ഞതുപോലെ) സ്ത്രീക്ക് തനിയെ ഹജ്ജിന് പോകാവുന്നതാണ് എന്ന് അഭിപ്രായപ്പെടുന്നു. അദിയ്യ് ബിന്‍ ഹാതിം رضي الله عنه നിവേദനം ചെയ്ത ഹദീസാണ് ഇതിന് തെളിവ്. നബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞു: "...നിനക്ക് ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ, ഒരു സ്ത്രീ ഹിറയില്‍ നിന്ന് കഅ'ബ വരെ അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയപ്പെടാതെ യാത്ര ചെയ്യുന്നത് നിനക്ക് കാണാം..." (ബുഖാരി).

    ശ്രദ്ധിക്കുക: മേല്‍പറഞ്ഞ അഭിപ്രായവ്യത്യാസങ്ങളെല്ലാം നിര്‍ബന്ധമായ ഹജ്ജിന്‍റെ കാര്യത്തിലാണ്; സുന്നത്തായ ഹജ്ജിന്‍റെ കാര്യത്തിലല്ല. സുരക്ഷിതത്വം ഉറപ്പുള്ള സാഹചര്യത്തില്‍, വിശ്വസ്തരായ സംഘത്തോടൊപ്പം സ്ത്രീക്ക് ഹജ്ജിന് പോകാം എന്നതാണ് ഇതില്‍ പ്രബലമായ അഭിപ്രായം. സുരക്ഷിതത്വം എന്നത് കാലം, സ്ഥലം, യാത്രാമാർഗ്ഗം, കൂടെയുള്ളവർ, സ്ത്രീയുടെ സാഹചര്യം എന്നിവയനുസരിച്ച് മാറിക്കൊണ്ടിരിക്കും.

    മഹ്‌റം കൂടെയുണ്ടാവുക എന്നത് ഹജ്ജ് 'സ്വീകാര്യമാകുന്നതിന്‍റെ'  നിബന്ധനയല്ല, മറിച്ച് ഹജ്ജ് 'നിര്‍ബന്ധമാകുന്നതിന്‍റെ' നിബന്ധന മാത്രമാണ് (അതായത് മഹ്‌റം ഇല്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമില്ല എന്നേ ഉള്ളൂ, ചെയ്താല്‍ അത് സ്വീകാര്യമാകും).

الله أعلم

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...