عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ക്വബ്റിനടുത്തുള്ള
മയ്യിത്ത് നമസ്കാരം
164 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي
الله عنهما: ((أَنَّ النَّبِيَّ صلى الله عليه وسلم صَلَّى عَلَى قَبْرٍ،
بَعْدَ مَا دُفِنَ، فَكَبَّرَ عَلَيْهِ أَرْبَعاً)) .
അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നു: "നിശ്ചയം നബി صلى الله عليه وسلم ഒരാളെ ഖബറടക്കിയതിന് ശേഷം ആ ഖബറിന് അടുത്ത് നിന്ന് നമസ്കരിക്കുകയും, അതിൽ നാല് തക്ബീറുകൾ ചൊല്ലുകയും ചെയ്തു."
വിവരണം
നബി صلى الله عليه وسلم തൻ്റെ അനുചരന്മാർക്ക് നന്മ എത്തിച്ചുകൊടുക്കുന്നതിൽ അതീവ താല്പര്യമുള്ളവനായിരുന്നു.
നബി صلى الله عليه وسلم അവരെ നിരന്തരം നിരീക്ഷിക്കുകയും ഉപദേശിക്കുകയും അവർക്കായി സന്മാർഗവും വിജയവും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം കാരുണ്യവും ദയയും നിറഞ്ഞ ഉത്തമ സ്വഭാവത്തിന് ഉടമയായിരുന്നു അവിടുന്ന്. തൻ്റെ അനുചരന്മാരിൽ ആരെയെങ്കിലും കാണാതായാൽ അവരെക്കുറിച്ച് അന്വേഷിക്കാനും അവരുടെ അവസ്ഥകൾ മനസ്സിലാക്കാനും അവിടുന്ന് മറക്കാറില്ലായിരുന്നു.
അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്ന ഒരു സംഭവത്തിൽ, രാത്രിയിൽ ഖബറടക്കപ്പെട്ട ഒരാളുടെ ഖബറിന് അരികിലൂടെ നബി صلى الله عليه وسلم നടന്നുപോയി. "ഇതാര്?" എന്ന് അവിടുന്ന് ചോദിച്ചപ്പോൾ, "ഇന്ന ആളാണ്, ഇന്നലെ രാത്രിയിലാണ് ഖബറടക്കിയത്" എന്ന് അവർ മറുപടി നൽകി. അപ്പോൾ നബി صلى الله عليه وسلم ചോദിച്ചു: "എന്തുകൊണ്ട് നിങ്ങൾ എന്നെ വിവരമറിയിച്ചില്ല?" രാത്രിയിലെ ഇരുട്ടിലായതുകൊണ്ടും അങ്ങയെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടുമാണ് അറിയിക്കാതിരുന്നത് എന്ന് സ്വഹാബികൾ മറുപടി നൽകി.
നബി صلى الله عليه وسلم ആ മയ്യിത്തിന് വേണ്ടി നടത്തുന്ന നമസ്കാരം ആ മനുഷ്യന് ലഭിക്കുന്ന വലിയൊരു കാരുണ്യവും, ഖബറിലെ ഇരുട്ടിനെ ദൂരീകരിക്കുന്ന പ്രകാശവുമാണ്. അതിനാൽ തന്നെ, അവിടുന്ന് ആ ഖബറിന് അരികിൽ നിൽക്കുകയും സ്വഹാബികൾ അവിടുത്തേക്ക് പിന്നിൽ അണിനിരക്കുകയും ചെയ്തു. ഹാജറുള്ള മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നതുപോലെ നാല് തക്ബീറുകൾ ചൊല്ലി അവിടുന്ന് ആ ഖബറിന് മേൽ ജനാസ നമസ്കാരം നിർവ്വഹിച്ചു.
'ഖബറിന് മേൽ നമസ്കരിച്ചു' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഖബറിന് മുകളിൽ കയറി നിന്നു എന്നല്ല, മറിച്ച് ഖബറിന് അഭിമുഖമായി അതിനരികിൽ നിന്ന് നമസ്കരിച്ചു എന്നാണ്.
അന്ന് ആ ജമാഅത്തിൽ പങ്കെടുത്തവരിൽ കുഞ്ഞായിരുന്ന ഇബ്നു അബ്ബാസ് رضي الله عنهما യും ഉണ്ടായിരുന്നു. ഇത് കുട്ടികളെ ഇസ്‌ലാമിക നിയമങ്ങൾ പരിശീലിപ്പിക്കുന്നതിനും, ജമാഅത്തുകളിൽ പങ്കെടുപ്പിച്ച് അവർക്ക് അത് ഒരു ശീലമാക്കി മാറ്റുന്നതിനുമുള്ള വലിയൊരു പാഠമാണ് നൽകുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഒരാളെ ഖബറടക്കിയ ശേഷം അദ്ദേഹത്തിന് വേണ്ടി ഖബറിന് അരികിൽ വെച്ച് ജനാസ നമസ്കാരം നിർവ്വഹിക്കുന്നത് അനുവദനീയമാണ്.
2- ഖബറിങ്കൽ വെച്ച് നിർവ്വഹിക്കുന്ന നമസ്കാരത്തിന്‍റെ രൂപം ഹാജറുള്ള മയ്യിത്തിന് വേണ്ടി നിർവ്വഹിക്കുന്ന സാധാരണ ജനാസ നമസ്കാരം പോലെ തന്നെയാണ്.
3- തന്‍റെ അനുചരന്മാർ ഏത് സാധാരണക്കാരാണെങ്കിലും അവരെപ്പറ്റി അന്വേഷിക്കാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവിടുന്ന് കാണിച്ചിരുന്ന അതീവ താല്പര്യവും കാരുണ്യവും ഇതിൽ നിന്ന് വ്യക്തമാകുന്നു. മരിച്ച ശേഷവും അവിടുന്ന് തന്‍റെ അനുചരന്മാരോടുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
4- സാധാരണഗതിയിൽ ഖബറിസ്ഥാനിൽ വെച്ച് നമസ്കരിക്കുന്നത് വിലക്കപ്പെട്ടതാണെങ്കിലും, ജനാസ നമസ്കാരം അതിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. കാരണം ഇതിൽ റുകൂഓ സുജൂദോ ഇല്ല. അതിനാൽ അവിടെ വെച്ച് ജനാസ നമസ്കാരം നിർവ്വഹിക്കുന്നത് അനുവദനീയമാണ്.
5- അനിവാര്യമായ സാഹചര്യങ്ങളിൽ മയ്യിത്തുകൾ രാത്രിയിൽ ഖബറടക്കുന്നതിന് ഇസ്‌ലാമിക നിയമപ്രകാരം തടസ്സമില്ലെന്ന് ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം.

No comments:
Post a Comment